മഴക്കാലത്ത് മുടികൊഴിച്ചിൽ സാധാരണത്തേതിലും കൂടിയോ? കാരണങ്ങളും പരിഹാരങ്ങളും അറിയാം

ഈ മുടികൊഴിച്ചിലിനെന്താണ് ഒരു പരിഹാരം എന്ന് ചോദിക്കുന്നവരെ ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടാകും. സമ്മർദം, പോഷകാഹാരക്കുറവ്, കരുതൽ ഇല്ലായ്മ, അമിതമായി കെമിക്കലുകൾ ഉപയോഗിക്കുന്നത്, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നുതുടങ്ങി മുടികൊഴിച്ചിലിന് നിരവധി ഘടകങ്ങൾ കാരണമാകാറുണ്ട്. എന്നാൽ മഴക്കാലത്ത് മുടികൊഴിച്ചിൽ സാധാരണത്തേതിലും കൂടുതലായി അനുഭവപ്പെടുന്നതായി പരാതിപ്പെടുന്നവരുണ്ട്. അതിന്റെ കാരണങ്ങളും പരിഹാരങ്ങളും പരിശോധിക്കാം.
- ദിവസവും അമ്പതുമുതൽ നൂറുമുടിവരെ കൊഴിയുന്നത് സാധാരണമാണ്. എന്നാൽ മഴക്കാലത്ത് ഇത് ഇരുന്നൂറ്റിയമ്പതു വരെ ആയേക്കാം. ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് അന്തരീക്ഷത്തിലെ ഈർപ്പമാണ്. അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നതിനനുസരിച്ച് മുടി ഹൈഡ്രജനെ കൂടുതൽ വലിച്ചെടുക്കാൻ കാരണമാകും. ഇത് അമിതമാകുന്നത് മുടി പൊട്ടാനും കൊഴിയാനും കാരണമാകും. മഴക്കാലത്ത് ഈർപ്പവും നനവും നിൽക്കുന്നത് തലയോട്ടിയിൽ ബാക്ടീരിയയും പൂപ്പലും കൂടുതൽ വളരാൻ കാരണമാവും. ഇത് താരൻ പെരുകാനും പേൻ വളരാനും കാരണമാവുകയും രോമകൂപങ്ങളിൽ വീക്കം വരാനും മുടികൊഴിയാനും ഇടയാക്കും.
- അന്തരീക്ഷത്തിലെ ഈർപ്പം തലയോട്ടിയിലെ സ്വാഭാവിക എണ്ണയും പോഷകങ്ങളും നഷ്ടപ്പെടുത്തുകയും വരണ്ടതാക്കുകയും ചെയ്യും. ഇത് മുടിയുടെ വേരുകളെ ദുർബലമാക്കുകയും പെട്ടെന്ന് പൊട്ടാനും മുടികൊഴിച്ചിൽ കൂടാനും ഇടയാക്കുകയും ചെയ്യും.
- മഴവെള്ളം പൊതുവേ പ്രശ്നമല്ലെങ്കിലും മലിനീകരിക്കപ്പെടുന്ന ഘടകങ്ങളുമായി കൂടിച്ചേരുമ്പോൾ അതിന് അസിഡിക് സ്വഭാവം കൈവരും. ഇവ തലയോട്ടിയിൽ വന്ന് അടിയുകയും തലചൊറിച്ചിലിനും മുടി വരളാനും കാരണമാവുകയും മുടികൊഴിയാനിടയാക്കുകയും ചെയ്യും.
- ഇവ കൂടാതെ മുടി ഉണക്കാൻ നിരന്തരം ഹീറ്റ് സ്റ്റൈലിങ് ഉപകരണങ്ങൾ ഉപയോഗിക്കുന്നതും അടിക്കടി മുടി കളർ ചെയ്യുന്നതും പോഷകാഹാരക്കുറവും സമ്മർദവും മറ്റ് രോഗങ്ങളുമൊക്കെ മുടികൊഴിച്ചിലിലേക്ക് നയിക്കാം.
പരിഹാരങ്ങൾ
- മുടിയിലെ നനവ് നീക്കാനും ചുരുട്ടാനും സ്റ്റൈലിങ്ങിനുമൊക്കെ ഹെയർ ഡ്രയറും കേളിങ് അയേണും സ്ട്രെയ്റ്റ്നറുമൊക്കെ ഉപയോഗിക്കുന്നത് മുടിയെ വരണ്ടതാക്കുകയും പെട്ടെന്ന് പൊട്ടാനിടയാക്കുകയും ചെയ്യും. അതിനാൽ മഴക്കാലത്ത് ഇവയുടെ ഉപയോഗം കുറയ്ക്കാം.
- നനഞ്ഞ മുടികെട്ടിവെക്കാതിരിക്കുക എന്നതാണ് മറ്റൊരു പ്രധാനകാര്യം. നനവോടെ മുടികെട്ടി വെക്കുന്നത് മുടി വലിയാനും അറ്റം പൊട്ടാനും കാരണമാകും. മുടികെട്ടിവെക്കും മുമ്പ് നനവ് പോയെന്ന് ഉറപ്പുവരുത്തുക. ശേഷം കെട്ടിവെക്കുമ്പോൾ മുറുകാതിരിക്കാനും ശ്രദ്ധിക്കണം.
- മുടിയിൽ എണ്ണതേച്ച് മസാജ് ചെയ്യുന്നത് ശിരോചർമത്തിൽ രക്തചംക്രമണം കൂട്ടാനും മുടി കരുത്താർന്നതാക്കാനും സഹായിക്കും. കൂടാതെ മുടി ദിവസവും കഴുകാനും ശ്രദ്ധിക്കുന്നതിലൂടെ ചെളിയും സ്വാഭാവിക എണ്ണയും അടിയുന്നത് ഒഴിവാക്കാം. അധികം വീര്യമില്ലാത്ത ഷാംപൂ ഉപയോഗിച്ച് ആഴ്ചയിൽ രണ്ടുതവണ കഴുകുകയും വേണം.
- വലിയ പല്ലുകൾ ഉള്ള ചീർപ്പ് ഉപയോഗിക്കുന്നതും മുടികൊഴിച്ചിൽ കുറയ്ക്കാൻ നല്ലതാണ്. ഇതിലൂടെ മുടി പൊട്ടാതിരിക്കും. കൂടാതെ അണുബാധ പകരാതിരിക്കാൻ സ്വന്തമായി ഉപയോഗിക്കുന്ന ചീർപ്പ് മറ്റുള്ളവർക്ക് പങ്കുവെക്കാതിരിക്കേണ്ടതും നിർബന്ധമാണ്.
- ഇതുകൂടാതെ പോഷകം നിറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരാനും ശ്രമിക്കണം. സമ്മർദമുള്ള സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുകയും വേണം.
- മറ്റുപലരോഗങ്ങളുമായി ബന്ധപ്പെട്ടും മുടികൊഴിച്ചിൽ കാണാം എന്നതുകൊണ്ട് അസാധാരണമായ രീതിയിൽ മുടികൊഴിച്ചിൽ പ്രകടമായാൽ വിദഗ്ധ നിർദേശം തേടാനും മടികാണിക്കരുത്.
Content Highlights: Combat monsoon hair fall with effective remedies