ഉപയോഗിച്ചാലും ഇല്ലെങ്കിലും 500 രൂപ പ്രീമിയം അടയ്ക്കണം, കാരുണ്യയിലും കല്ലുകടി | പരമ്പര-03

മെഡിസെപ്പ് മാത്രമല്ല പൊതുജനത്തിന് പ്രയോജനം ചെയ്തിരുന്ന സര്‍ക്കാരിന്റെ കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ നടത്തിപ്പ് പോലും വളരെ പരിതാപകരമാണെന്നതാണ് വസ്തുത. പക്ഷേ, മെഡിസെപ്പിന് അതില്‍ നിന്ന് വ്യത്യാസമുണ്ട്. അതിന്റെ ഘടന തന്നെ സങ്കീര്‍ണമാണ്. മാത്രമല്ല, വേണ്ട എന്നുണ്ടെങ്കില്‍ ചേരാതിരിക്കാനുള്ള അവകാശം ജീവനക്കാര്‍ക്കോ പെന്‍ഷന്‍കാര്‍ക്കോ ഇല്ല. മറ്റ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലെല്ലാം തന്നെ വേണ്ടെന്നുണ്ടെങ്കില്‍ അങ്ങനെ ചെയ്യാനുള്ള അവകാശം ഉപഭോക്താക്കള്‍ക്കുണ്ട്. മെഡിസെപ്പിലാകട്ടെ ജീവനക്കാരും പെന്‍ഷന്‍കാരും അത് ഉപയോഗിച്ചാലും ഇല്ലെങ്കിലും 500 രൂപ പ്രീമിയം അടയ്ക്കുക തന്നെ വേണം. മാത്രമല്ല എത്ര രൂപ ശമ്പളം വാങ്ങുന്നവര്‍ ആയാലും പ്രീമിയം തുക ഒന്നുതന്നെ. പെന്‍ഷനായവരുടെ കാര്യവും അങ്ങനെ തന്നെ.
ഇന്‍ഷുറന്‍സ് കമ്പനിക്ക് മെഡിസെപ്പിന്റെ നടത്തിപ്പ് നഷ്ടമാണെങ്കില്‍ അക്കാര്യം വ്യക്തമാക്കേണ്ടതല്ലെ. എന്നാല്‍ സര്‍ക്കാരും ഇന്‍ഷുറന്‍സ് കമ്പനിയും തമ്മിലുള്ള കരാര്‍ പോലും ഇതുവരെ പുറത്ത് വിട്ടിട്ടില്ല എന്നാണ് ജീവനക്കാരുടെ സംഘടനകള്‍ ആരോപിക്കുന്നത്. നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് വ്യക്തമായ മറുപടി സര്‍ക്കാര്‍ നല്‍കിയില്ല. മാത്രമല്ല ഇരുകൂട്ടരും ഒപ്പിട്ട കരാര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന വിവരങ്ങളും പുറത്തുവന്നു.
Content Highlights: medisep government employees health insurance crisis