സലൂണിൽ മുടിവെട്ടുന്നതിനിടെ തല മസാജ് ചെയ്തു, പിന്നാലെ മസ്തിഷ്കാഘാതം; കാരണമാകുന്നതെന്ത്?

സലൂണിൽ മുടിവെട്ടുന്നയാൾ യുവാവിന്റെ തല മസാജ് ചെയ്തത് മസ്തിഷ്കാഘാതത്തിലേക്ക് നയിച്ച വാർത്ത പുറത്തുവന്നിരുന്നു. വൈറ്റ് ഫീൽഡിലുള്ള സലൂണിൽ മുടിവെട്ടിക്കാനെത്തിയ ബല്ലാരി സ്വദേശിയായ മുപ്പതുകാരനാണ് ഗുരുതരാവസ്ഥയിലായത്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിൽ മസ്തിഷ്കാഘാതം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. മുടിവെട്ടിയയാൾ മസാജ് ചെയ്യുന്നതിനിടെ കഴുത്തുപിടിച്ച് ബലമായി വെട്ടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ശേഷം താമസസ്ഥലത്തേക്ക് തിരിച്ചെത്തിയപ്പോഴേക്കും സംസാരിക്കാൻ കഴിയാതാവുകയും ചെയ്തു. നേരത്തേ ഹെയർവാഷിനായി ബ്യൂട്ടിപാർലറിൽ എത്തിയ അമ്പതുകാരിക്കും സമാനമായ അവസ്ഥ സ്ഥിരീകരിച്ചിരുന്നു. ബ്യൂട്ടിപാർലർ സ്ട്രോക്ക് സിൻഡ്രോം എന്നാണ് ഈയവസ്ഥയ്ക്ക് പറയുന്നത്.
എന്താണ് ബ്യൂട്ടിപാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രം?
ബ്യൂട്ടിപാര്‍ലറുകളില്‍ മാത്രമല്ല സലൂണുകളില്‍ ഉള്‍പ്പെടെ മുടി വെട്ടുന്നതിനിടയില്‍ കഴുത്ത് വല്ലാതെ പുറകിലേക്ക് വലിക്കുന്നത് കാണാറുണ്ട്. ഷേവ് ചെയ്യുന്ന സമയത്തൊക്കെ റേസര്‍ വച്ച് താടിയുടെ അടിഭാഗം ഷേവ് ചെയ്യുമ്പോള്‍ കഴുത്ത് നന്നായി പുറകിലേക്ക് തിരിക്കാറുണ്ട്. അതുപോലെതന്നെ ചിലയിടങ്ങളില്‍ മുടിവെട്ടുന്നതിനിടെ കഴുത്ത് പ്രത്യേകതരത്തില്‍ പൊട്ടിക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിലാണ് ബ്യൂട്ടിപാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രം എന്ന അവസ്ഥ സംഭവിക്കുന്നത്. അപൂർവമായി സ്ട്രോക്കിനും ഈ അവസ്ഥ കാരണമാകാം.
കഴുത്തിലെ നാലു രക്തക്കുഴലുകളാണ് പ്രധാനമായും ബ്രെയിനിലേക്ക് രക്തം പ്രവഹിക്കുന്നത്. മുമ്പിലുള്ള രക്തക്കുഴലുകളെ കരോട്ടിക് ആര്‍ട്ടറീസ് എന്നും പുറകിലുള്ളവയെ വെര്‍ട്ടിബ്രല്‍ ആര്‍ട്ടറീസ് എന്നുമാണ് വിളിക്കുന്നത്. കഴുത്തിന്റെ കശേരുക്കള്‍ക്കിടയിലുള്ള ചെറിയ ദ്വാരത്തിലൂടെയാണ് വെര്‍ട്ടിബ്രല്‍ ആര്‍ട്ടറീസ് തലയോട്ടിക്കുള്ളിലൂടെ തലച്ചോറിലേക്ക് പ്രവേശിക്കുന്നത്. സലൂണുകളില്‍ നിന്ന് കഴുത്ത് വല്ലാതെ പുറകിലേക്ക് തിരിക്കുമ്പോള്‍ വെര്‍ട്ടിബ്രല്‍ ആര്‍ട്ടറിയുടെ ഭിത്തികളില്‍ വിള്ളലുണ്ടാവാം. തുടര്‍ന്ന് താല്‍ക്കാലികമായി രക്തയോട്ടം കുറയുന്നു. അതുവഴി തുടക്കത്തിൽ ചെറിയ തലചുറ്റലും ഛര്‍ദിയുമാണ് ഉണ്ടാവുക.
പക്ഷേ അടുത്ത ദിവസം രക്തയോട്ടത്തിന്റെ തോത് നന്നേ കുറയുകയും നടക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുക, വീഴാന്‍ പോവുക, കുഴഞ്ഞുപോവുക, ഉമിനീര് തരിപ്പില്‍ കയറുക തുടങ്ങിയവ സംഭവിക്കുന്നു. സമാനമായാണ് കഴുത്ത് വലത്തോട്ടും ഇടത്തോട്ടും തിരിച്ചുകൊണ്ട് തീവ്രമായ ചില മസാജുകള്‍ ചെയ്യുമ്പോഴും സംഭവിക്കുന്നത്. കരോട്ടിക് ആര്‍ട്ടറിയുടെ ഭിത്തികളില്‍ വിള്ളലുണ്ടായി ഇതേപോലെ രക്തയോട്ടം നിലയ്ക്കാനുള്ള സാധ്യതയുണ്ട്.
ലക്ഷണങ്ങള്‍
- തലകറക്കം
- ഛര്‍ദി
- കഴുത്തിന് വേദന
- സംസാരിക്കുമ്പോള്‍ വ്യക്തമാവാതിരിക്കുക.
- കാഴ്ച മങ്ങല്‍
- നടക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുക
- ഒരുവശം തരിപ്പ് അനുഭവപ്പെടുക
- വെള്ളം കുടിക്കുമ്പോള്‍ തരിപ്പില്‍ പോവുക
- മൂക്കുകൊണ്ട് സംസാരിക്കുന്ന പോലെ അനുഭവപ്പെടുക
കൃത്യസമയത്ത് ചികിത്സിക്കാതിരിക്കുക വഴി വെര്‍ട്ടിബ്രല്‍ ആര്‍ട്ടറി പൂര്‍ണമായും ബ്ലോക്ക് ആവുകയും രോഗിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും കോമയിലേക്ക് പോകാനുമുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ചിലരില്‍ ഒരു വെര്‍ട്ടിബ്രല്‍ ആര്‍ട്ടറി ജന്മനാ ചുരുങ്ങിയിരിക്കാം. ആ ഭാഗത്ത് വീണ്ടും ക്ഷതമേല്‍ക്കുമ്പോള്‍ മേല്‍പ്പറഞ്ഞ അവസ്ഥകളിലേക്ക് പോയേക്കാം. പ്രായമുള്ളവരും സ്‌പോണ്ടിലോസിസ് രോഗികളുമൊക്കെ കൂടുതല്‍ ശ്രദ്ധിക്കേണ്ട വിഭാഗക്കാരാണ്.
ചികിത്സ
തലകറക്കം, ഛര്‍ദി, ഒപ്പം കഴുത്തിന് വേദന എന്നീ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ വിദഗ്ധ ചികിത്സ തേടണം. എം.ആര്‍ ആന്‍ജിയോഗ്രാം ടെസ്റ്റ്, സി.ടി ആന്‍ജിയോഗ്രാം ടെസ്റ്റ് എന്നിവ ചെയ്ത് ഭിത്തിയില്‍ വിള്ളലുണ്ടോ എന്ന് പരിശോധിക്കണം. ശേഷം രക്തം കട്ടപിടിക്കാതിരിക്കാനുള്ള ചികിത്സ ആരംഭിക്കും. മരുന്നുകള്‍ ഉപയോഗിച്ചും ഇന്‍ജെക്ഷന്‍ ചികിത്സയുമുണ്ട്. അല്ലാതെ ആന്‍ജിയോപ്ലാസ്റ്റി പോലുള്ളവയും വേണ്ടി വന്നേക്കാം. നേരത്തേ കണ്ടെത്തിയാല്‍ അത്രയും നല്ലത്. ഗുരുതരാവസ്ഥയില്‍ എത്തും മുന്‍പായാല്‍ ഒന്നോ രണ്ടോ ആഴ്ച്ചത്തെ ചികിത്സയില്‍ രോഗമുക്തി നേടാം.
പരിഹാരം
സലൂണുകളില്‍ പരിശീലനം ഇല്ലാത്ത തൊഴിലാളികള്‍ കഴുത്ത് പൊട്ടിക്കുകയും മറ്റും ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. കഴുത്ത് പുറകിലേക്ക് തിരിക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കുക, തീവ്രമായ മസാജുകളും മറ്റും ചെയ്യാതിരിക്കുക എന്നിവയാണ് പ്രധാനം. ഇത്തരം അപകടസാധ്യതകളെക്കുറിച്ച് സലൂണിലെ ജീവനക്കാര്‍ക്ക് പരിശീലനം ലഭിച്ചിരിക്കണം. പരിശീലനം ലഭിച്ച ജീവനക്കാര്‍ ഇത്തരം സാഹസങ്ങള്‍ക്ക് മുതിരാറില്ല. കഴുത്ത് വല്ലാതെ പുറകിലേക്ക് തിരിക്കുന്നു എന്നു തോന്നിയാല്‍ സ്വയം അത്തരം മസാജുകള്‍ നിരസിക്കാം. ജീവനക്കാര്‍ക്ക് കൃത്യമായ ബോധവത്ക്കരണം നല്‍കേണ്ടത് അനിവാര്യമാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്
ഡോ. വി.ജി. പ്രദീപ് കുമാര്‍
സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്
Content Highlights: man suffers stroke after barbers massage, beauty parlour stroke syndrome