വിയർപ്പുനാറ്റമകറ്റാനും രോഗപ്രതിരോധത്തിനും മികച്ച മാർഗം; ഗുണത്തിൽ വമ്പനാണ് ചെറുനാരങ്ങ

വലിപ്പം കുറവാണെങ്കിലും ചെറുനാരങ്ങ ഗുണത്തിൽ വമ്പനാണ്. ആരോഗ്യസംരക്ഷണത്തിനും ചർമസംരക്ഷണത്തിനും വേണ്ടതെല്ലാം ചെറുനാരങ്ങയിലുണ്ട്.
- വിറ്റാമിൻ സി-യുടെ ഉയർന്ന സ്രോതസ്സാണ് നാരങ്ങ. ഒരു നാരങ്ങയിൽ നിന്ന് 18 mg വിറ്റാമിൻ-സി ലഭിക്കും. ഇരുമ്പിന്റെ ആഗിരണത്തിനും കൊളാജൻ ഉത്പാദനം വർധിപ്പിച്ച് മുറിവുണക്കാനും സഹായിക്കുന്നത് വിറ്റാമിൻ-സിയാണ്. ചർമത്തിന്റെ ആരോഗ്യത്തിൽ പ്രധാനമാണ് കൊളാജൻ.
- രോഗപ്രതിരോധശേഷി മികച്ചതാക്കാനും വിറ്റാമിൻ-സി നല്ലതാണ്.
- നാരങ്ങയിലെ സിട്രിക് ആസിഡ് വൃക്കയിലെ കല്ലിന്റെ രൂപീകരണം കുറയ്ക്കാൻ സഹായിക്കുന്നു.
- ഇതിലെ ഫ്ളേവനോയിഡ്, ക്വർസെറ്റിൻ, അസ്കോർബിക് എന്നിവയടങ്ങിയ സംയുക്തങ്ങൾ പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ തടയാൻ ശേഷിയുള്ളതാണ്.
- പൊട്ടാസ്യം അടങ്ങിയതിനാൽ രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. എന്നാൽ വൃക്കരോഗികൾ നാരങ്ങ ഒഴിവാക്കണം.
- ഉപ്പിട്ട നാരങ്ങാവെള്ളം കുടിക്കുന്നത് വിയർപ്പിലൂടെ നഷ്ടമാകുന്ന ലവണങ്ങൾ വീണ്ടെടുക്കാൻ സഹായിക്കും.
- ഇടയ്ക്ക് ലൈംടീ കുടിക്കുന്നത് നല്ലതാണ്. കട്ടൻചായയിലെ ഫ്ളേവനോയിഡുകളും ചെറുനാരങ്ങയും ചേരുന്നത് ആന്റി ഓക്സിഡന്റ് ഗുണം വർധിക്കാൻ സഹായിക്കും. മാത്രമല്ല നാരങ്ങയിലെ പെക്ടിൻ കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും പഞ്ചസാരയുടെ ആഗിരണം കുറയ്ക്കുകയും ചെയ്യും.
- തേനിലെ ഇരുമ്പിന്റെ ആഗിരണം ത്വരിതപ്പെടുത്താൻ അൽപം നാരങ്ങാനീര് ചേർത്ത് കഴിക്കുന്നത് നല്ലതാണ്.
- മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ രാവിലെ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കാം. ഇത് വയറ്റിലെ മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കും.
- താരൻ പ്രതിരോധിക്കാനും നാരങ്ങ നല്ലതാണ്, അൽപം നാരങ്ങാനീരും തേങ്ങാപ്പാലും തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച ശേഷം കഴുകിക്കളയാം.
- നാരങ്ങാനീര് ചേർത്ത വെള്ളത്തിൽ കുളിക്കുന്നത് വിയർപ്പുനാറ്റം അകറ്റാൻ നല്ലതാണ്.
- വെള്ളത്തിലോ സാലഡിലോ മറ്റ് ഭക്ഷണപദാർഥങ്ങളിലോ ചേർത്തല്ലാതെ നാരങ്ങാനീര് ഉപയോഗിക്കുന്നത് അസിഡിറ്റിക്ക് ഇടയാക്കും.
- അമിതമായി നാരങ്ങ കഴിക്കുന്നത് കരളിന് ദോഷം ചെയ്യും. നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ എന്നിവയ്ക്ക് കാരണമാകും.
കോട്ടയ്ക്കൽ അൽമാസ് ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യനാണ് ലേഖിക
Content Highlights: lemon nutrition facts and health benefits