വൃക്കകളിലെ സിസ്റ്റുകൾ ഉപദ്രവകരമാകുന്നത് എപ്പോൾ? ലക്ഷണങ്ങൾ എന്തെല്ലാം?

ഇപ്പോൾ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അവസ്ഥയാണ് വൃക്കകളിലെ സിസ്റ്റ് (ഇത് ദ്രാവകം ഉള്ള മുഴകളാണ്). പലപ്പോഴും യാദൃശ്ചികമായാണ് ഈ അവസ്ഥ കണ്ടുപിടിക്കുന്നത്. പ്രധാനമായി അൾട്രാ സൗണ്ട് സ്കാനിംഗ് ചെയ്യുന്നതിലൂടെയാണ് ഇത്തരത്തിൽ വൃക്കകളിലെ സിസ്റ്റുകൾ കണ്ടുപിടിക്കുന്നത്. വൃക്കകളിൽ സിസ്റ്റുണ്ടെന്ന് അറിയുന്ന വേളയിൽ രോഗിക്ക് പലവിധത്തിലുള്ള ആശങ്കകളും ആകുലതകളും ഉണ്ടാകുന്നു. നമ്മൾ മനസ്സിലാക്കേണ്ട വസ്തുത എന്തെന്നാൽ 90% സിസ്റ്റുകളും പ്രശ്നമുള്ളതല്ല. അപൂർവ്വമായി മാത്രം ചില സിസ്റ്റുകൾ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു.
വൃക്കകളിലെ സിസ്റ്റുകൾ ഉപദ്രവകരമാകുന്നത് എപ്പോൾ? എന്തുകൊണ്ട്?
സ്കാനിങ്ങിലൂടെ എത്ര മുഴകൾ ഉണ്ടെന്ന് മനസ്സിലാക്കാം. അതിനോടൊപ്പം മുഴകൾക്കുള്ളിലെ ദ്രാവകം തെളിഞ്ഞതാണെങ്കിൽ 90% അവ ഉപദ്രവകാരിയല്ല. നേരെമറിച്ച് കലങ്ങിയതോ, രക്തമയമുള്ളതോ, മുഴയുടെ ഭിത്തിയിൽ calcification ഉണ്ടെങ്കിലോ അവ ചില പ്രശ്നങ്ങൾ വരുത്താം. ഏതു പ്രായത്തിലാണ് മുഴകൾ കണ്ടുപിടിക്കുന്നത് എന്നത് പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ്. ചെറിയ പ്രായത്തിൽ മുഴ കണ്ടു പിടിക്കുന്നത് ഒരു പ്രശ്നത്തിന് കാരണമാകാം.
60 വയസ്സിനു മുകളിലുള്ള ഒരു വ്യക്തിക്ക് അൾട്രാസൗണ്ട് സ്കാനിംഗിൽ ഒരു മുഴ ഉണ്ടെങ്കിൽ അത് സാധാരണ ഒരു അവസ്ഥയായി കണക്കാക്കാം, ഇവ പേടിക്കേണ്ടതായിട്ടില്ല. നേരെമറിച്ച് ഇരു വൃക്കകളിലും ഒന്നിലധികം മുഴകൾ കണ്ടു വരികയാണെങ്കിൽ അത് ചിലപ്പോൾ Autosomal Dominant Polycystic kidney Disease (ADPKD) എന്ന രോഗമാകാം.
രോഗലക്ഷണങ്ങൾ എന്തെല്ലാം?
യാദൃശ്ചികമായി സ്കാനിംഗിലൂടെ കണ്ടുപിടിക്കുന്ന ഭൂരിഭാഗ മുഴകളും യാതൊരു പ്രശ്നവും ഉണ്ടാക്കില്ല. വയറുവേദന, ഉയർന്ന രക്തസമ്മർദ്ദം, വൃക്കകൾക്ക് തകരാറ്, ക്രിയാറ്റിനിന്റെ അളവ് കൂടുക, മൂത്രത്തിന് ചുവന്ന നിറം വരിക, പനി, കുളിർ തുടങ്ങിയ രോഗ ലക്ഷണങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. പാരമ്പര്യമായും വൃക്കകളിലെ മുഴകൾ കണ്ടുവരാം.
ഗർഭിണികളിൽ സ്കാൻ ചെയ്യുമ്പോൾ ചിലരിൽ, ഗർഭസ്ഥ ശിശുവിന്റെ വൃക്കകളിൽ മുഴകൾ ഉള്ളതായി കണ്ടുവരാറുണ്ട്. ഇത്തരത്തിൽ ഒരു വൃക്കയിൽ മാത്രം മുഴ ഉണ്ടെങ്കിൽ അത് Dysplastic or multi cystic Kidney എന്ന അസുഖമാകാം. കുഞ്ഞുങ്ങളിൽ രണ്ടു വൃക്കകളിലും സിസ്റ്റ് ഉണ്ടെങ്കിൽ വൃക്ക തകരാറിന് കാരണമാവുകയും ചിലപ്പോൾ ഡയാലിസിസ് ചെയ്യേണ്ടതായും വരാം. 5 - 10 വയസ്സ് പ്രായമുള്ളവരിൽ ആണെങ്കിൽ അത് Autosomal Recessive Polycystic Kidney Disease (ARPKD) എന്ന അവസ്ഥയാകാം. ഈ സാഹചര്യത്തിൽ വൃക്കകളിൽ മാത്രമല്ല കരളിലും മുഴകൾ ഉണ്ടാകാം. മറ്റൊരു അവസ്ഥയാണ് Medullary Cystic Kidney Disease, വൃക്കകളുടെ വലിപ്പം കുറഞ്ഞ് പല മുഴകൾ ഉണ്ടാകുന്നു. കൂടാതെ വൃക്കകളുടെ നടുക്കുള്ള ഭാഗത്തായിരിക്കും മുഴകൾ കാണുന്നത്. ഈ അവസ്ഥയുണ്ടെങ്കിൽ കുഞ്ഞുങ്ങൾക്ക് അളവിൽ കൂടുതൽ മൂത്രം പോകും. ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞ് അനീമിയ വരാം, ക്രിയാറ്റിനിൻ കൂടുതലാകാം, ക്ഷീണം, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് Medullary Cystic Kidney Disease ന്റെ ലക്ഷണങ്ങൾ.
ചിലപ്പോൾ കിഡ്നി സിസ്റ്റ് ഉള്ളവരിൽ മുഖക്കുരുവും ശരീരത്തിൽ പാടുകളും ഉണ്ടാകാം. ഇത് Tuberous sclerosis എന്ന അസുഖം ആകാം. ഇവരിൽ ചിലപ്പോൾ ജന്നി (Seizure / fits) എന്നിവ വരാനുള്ള സാദ്ധ്യതകൾ കൂടുതലാണ്.
20- 50 വയസ്സ് പ്രായമുള്ളവരിലാണ് പോളിസിസ്റ്റിക് കിഡ്നി ഡിസീസ് കണ്ടുവരുന്നത്. ഇവരിൽ ഒന്നോ രണ്ടോ വൃക്കകളിൽ രണ്ടിൽ കൂടുതൽ മുഴകൾ കണ്ടുവരാം. ഇങ്ങനെയുള്ളവരിൽ ഉയർന്ന രക്തസമ്മർദ്ദം, ക്രിയാറ്റിനിന്റെ അളവ് കൂടുതൽ പിന്നെ പാരമ്പര്യമായി രോഗമുള്ളവരും ആയിരിക്കാം. പോളിസിസ്റ്റിക് കിഡ്നി ഡിസീസ് ഉള്ള ചില ആളുകളിൽ ഭാവിയിൽ വൃക്ക തകരാർ ഉണ്ടാകാം. 60 - 70 വയസ്സിനു ശേഷം ഉണ്ടാകുന്ന മുഴകൾ അർബുദം പോലെ അനാരോഗ്യകരമായ ഒന്നാകാം. മുഴകളുടെ ഉള്ളിലെ ദ്രാവകത്തിനെ ആശ്രയിച്ചാണ് ഇത് നിർണയിക്കുന്നത്. ഇതിന് ചിലപ്പോൾ അൾട്രാസൗണ്ട് അല്ലാതെ Contrast സിടി സ്കാൻ അല്ലെങ്കിൽ എം ആർ ഐ സ്കാനിന്റെ ആവശ്യം വന്നേക്കാം. എന്നാൽ ഈ പ്രായക്കാരിൽ 90% വും സാധാരണയായി കാണുന്ന മുഴയാകാം. ഇത് നിർണയിക്കുന്നതിനായി കൃത്യമായ തുടർപരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണ്.
വൃക്കകളിൽ മുഴകൾ ഉണ്ടാകുമ്പോഴുള്ള മറ്റു ലക്ഷണങ്ങൾ എന്തൊക്കെ?
മൂത്രത്തിൽ അണുബാധ, മുഴകളിൽ അണുബാധ, പനി, വിറയൽ, വയറുവേദന, മൂത്രത്തിൽ കല്ലുകൾ എന്നീ ലക്ഷണങ്ങൾ ഉണ്ടാകാം. ഇരു വൃക്കകളിലും ഒന്നിലധികം മുഴകൾ ഉണ്ടെങ്കിൽ രക്തസമ്മർദ്ദവും ക്രിയാറ്റിനിന്റെ അളവും കൂടുതലായി വരാം. ഇവർക്കും ഭാവിയിൽ വൃക്ക തകരാറിന് സാധ്യതയുണ്ട്. ചിലരിൽ വൃക്കകളിൽ മുഴ വരുമ്പോൾ മുഖക്കുരു, ജന്നി തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകാം.
ചികിത്സാ രീതികൾ
ഒരു മുഴയാണുള്ളതെങ്കിൽ അതിന് പ്രത്യേകം ചികിത്സ ആവശ്യമില്ല. എന്നാൽ, കൃത്യമായ ഇടവേളകളിൽ തുടർ പരിശോധന നടത്തുക. ഇരു വൃക്കകളിലും ഒന്നിലധികം മുഴകൾ ഉണ്ടെങ്കിൽ അവയുടെ വലിപ്പം കുറയ്ക്കുന്നതിനായി ധാരാളമായി വെള്ളം കുടിക്കുക. സാധാരണ വൃക്ക രോഗികൾ അമിതമായി വെള്ളം കുടിക്കരുതെന്നാണ് പറയാറുള്ളത്. എന്നാൽ, പോളിസിസ്റ്റിക് കിഡ്നി ഡിസീസ് ഉള്ളവരിൽ വെള്ളം ധാരാളമായി കുടിക്കുമ്പോൾ Anti diuretic ഹോർമോണിന്റെ അളവ് കുറഞ്ഞ് മുഴയുടെ വലിപ്പം കുറയുന്നു. ഇതു കൂടാതെ Anti diuretic ഹോർമോണിന്റെ അളവ് കുറയ്ക്കുന്നതിനായി നിരവധി മരുന്നുകളും ലഭ്യമാണ്.
ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ച് രോഗലക്ഷണങ്ങൾ ഏതെങ്കിലും ഉണ്ടെങ്കിലോ, രോഗപരമ്പര്യം ഉണ്ടെങ്കിലോ എത്രയും പെട്ടെന്ന് ഒരു നെഫ്രോളജിസ്റ്റിനെ കണ്ട് രോഗനിർണയം നടത്തി ആവശ്യമെങ്കിൽ ചികിത്സ ആരംഭിക്കേണ്ടതായി വരാം.
പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ആണ് ലേഖകൻ.
Content Highlights: Understand kidney cysts: their commonality, when they`re serious, symptoms like pain & high BP, and treatment