മാസംതോറും 100 കേസുകൾ, ‘ജെൻസീ’ തലമുറയിലെ എച്ച്ഐവി വ്യാപന തോത് മുൻവർഷങ്ങളിലേക്കാൾ കൂടുതൽ

#ഡോ. ടി. ജയകൃഷ്ണൻ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഡിസംബർ ഒന്നിന് എയ്ഡ്സ് ദിനം പ്രമാണിച്ച് കേരള എയ്ഡ്സ് കൺട്രോൾ സൊസെറ്റി പുറത്തുവിട്ട കണക്കുകൾപ്രകാരം കേരളത്തിൽ 15 തൊട്ട് 24 വയസ്സുവരെയുള്ള ചെറുപ്പക്കാരായ ‘ജെൻസീ’ തലമുറയിലെ എച്ച്ഐവി (ഹ്യൂമൻ ഇമ്യൂണോഡെഫിഷ്യൻസി വൈറസ്) വ്യാപനത്തോത് മുൻവർഷങ്ങളിലെക്കാൾ കൂടുന്നതായി കാണുന്നുണ്ട്. 2022-ൽ ആകെ രോഗാണുബാധിതരിൽ ഈ പ്രായത്തിലുള്ളവർ ഒൻപതു ശതമാനമായിരുന്നത് ഇപ്പോൾ 15 ശതമാനമായി വളർന്നിട്ടുണ്ട്. ഇത് സൂചന നൽകുന്നത് കേരളീയരിൽ വളരെ ചെറുപ്പത്തിൽത്തന്നെ ലൈംഗികപ്രവർത്തനങ്ങളിലോ കുത്തിവെക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിലോ ഏർപ്പെടുന്നുവെന്നതും അതിന്റെ തോത് കൂടുന്നുവെന്നുമാണ്. 

മുൻവർഷങ്ങളിൽ ബഹുഭൂരിപക്ഷവും എച്ച്ഐവി. പകരുന്നതിനുകാരണം ഒന്നിൽക്കൂടുതൽ എതിർലിംഗത്തിൽപ്പെട്ട ലൈംഗികപങ്കാളികളായിരുന്നുവെങ്കിൽ ഇപ്പോഴത് കുറഞ്ഞിട്ടുണ്ട്. പകരം നാലിലൊന്നും (25 ശതമാനം) സ്വവർഗലൈംഗികതയിലൂടെ പകർന്നുകിട്ടിയതാണ് എന്നാണ് സൂചനകൾ.

യുവാക്കളിലെ മയക്കുമരുന്നുപയോഗം കൂടിവരുന്നുവെന്ന് തെളിയിക്കുന്നവിധത്തിൽ എച്ച്ഐവി ബാധിതരിൽ 8.1 ശതമാനത്തോളംപേർക്ക് മയക്കുമരുന്നുപയോഗത്തിന് സൂചികൾ പങ്കിട്ടതുമൂലം രോഗാണുപകർന്നതാണ്. മുൻകാലങ്ങളിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ സ്ഥിതിയിതായിരുന്നു.

മാസംതോറും നൂറ്

ഈ വർഷം ഇതുവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ മാസംതോറും ശരാശരി 100 കേസുകൾ കേരളത്തിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജില്ല തിരിച്ചുള്ള കണക്കുകളിൽ എറണാകുളം ജില്ലയിൽനിന്നാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് (850). തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ അഞ്ഞൂറിനുമുകളിലും കോഴിക്കോട്ട് നാനൂറ്റിനാല്പതുമാണ് ഈ വർഷത്തെ പുതിയ കേസുകൾ. ഇതിനൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത് ഇവിടങ്ങളിലെ ജനസംഖ്യയിലെ ചെറുപ്പക്കാരായ അതിഥിത്തൊഴിലാളികളുടെ പെരുപ്പമാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികൾ കേരളത്തിന്റെ തൊഴിൽരംഗത്തു മാത്രമല്ല കാർഷിക, വ്യവസായ, വ്യാപാരമേഖലകളെ ചലിപ്പിക്കുന്ന സാമ്പത്തികശക്തികൂടിയായി വളർന്നിരിക്കയാണ്. ഇങ്ങനെ എത്തുന്ന ലക്ഷക്കണക്കിന് കുടിയേറ്റത്തൊഴിലാളികളിൽ ഭൂരിഭാഗവും ചെറുപ്രായത്തിലുള്ളവരാണ്.

ജനങ്ങളുടെ കൂടിയതോതിലുള്ള യാത്രകളും പുറത്തേക്കും അകത്തേക്കുമുള്ള കുടിയേറ്റങ്ങളും രോഗപ്പകർച്ചകളുടെ തുറന്ന സാധ്യതയാണ്. ഇപ്പോൾത്തന്നെ ധാരാളം കുടിയേറ്റത്തൊഴിലാളികളായ ചെറുപ്പക്കാർക്ക്‌ തൊഴിലിടങ്ങളിൽ അപകടത്തിൽപ്പെട്ട് പരിക്കേൽക്കുകയും വേണ്ടസമയത്ത് ശരിയായ ചികിത്സ ലഭിക്കാത്തതിനാൽ മരിക്കുകയുംചെയ്യുന്നുണ്ട്. പലർക്കും കേരളത്തിൽ വന്ന് ഇവിടെനിന്ന് എലിപ്പനിയും ഡെങ്കിപ്പനിയും പിടിെപടുന്നുമുണ്ട്. ഒപ്പംതന്നെ രോഗവാഹകരായി വന്ന് ഇവിടെ മലമ്പനിയും മന്തുരോഗവും കോളറയും പകർത്തുന്നുമുണ്ട്. മലമ്പനിയോ കോളറയോ എയ്‌ഡ്സോ ബാധിച്ച് ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്നവർ അവിടങ്ങളിൽനിന്നു രക്ഷപ്പെട്ടുപോകുന്നതും ഒറ്റപ്പെട്ട സംഭവങ്ങളല്ല. തൊഴിൽ രേഖകളോ ശരിയായ മേൽവിലാസമോ ഇല്ലാത്തതിനാൽ ഇവരിൽ പലരെയും പിന്നെ കണ്ടെത്തി ചികിത്സിക്കാനും പ്രയാസമാണ്.

മുൻകാലത്ത് ലൈംഗികത്തൊഴിലാളികളെയും സ്വവർഗലൈംഗികത ശീലമാക്കിയവരെയും ദീർഘദൂര ട്രക്ക് ഡ്രൈവർമാരെയും കേന്ദ്രീകരിച്ച് നടത്തിയ എച്ച്ഐവി വിരുദ്ധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഇനി ചെറുപ്പക്കാരെയും അതിഥിത്തൊഴിലാളികളെയും കേന്ദ്രീകരിച്ച് നടത്തേണ്ടതുണ്ട് എന്നാണിത്‌ അർഥമാക്കുന്നത്.

വേണം കാംപെയ്നുകൾ

ഇപ്പോൾ നടക്കുന്ന മയക്കുമരുന്നിനെതിരായ കാംപെയ്‌നുകൾ എച്ച്ഐവി വിരുദ്ധ കാംപെയ്‌നുകളുമായി സംയോജിപ്പിച്ച് നടത്തണം. ദേശീയ എയ്ഡ്സ് നിയന്ത്രണ പരിപാടിയുടെഭാഗമായി, കുത്തിവെക്കുന്ന മയക്കുമരുന്നിന് അടിമപ്പെട്ടവർക്കുപകരം വായിലൂടെ ലഹരിനൽകിയുള്ള എയ്ഡ്സ് കാംപെയ്‌ൻ വർഷങ്ങളായി നടത്തിവരുന്നുണ്ട്.

സാമാന്യവിദ്യാഭ്യാസം കുറവായ അതിഥിത്തൊഴിലാളികളിൽ പലർക്കും ഭാഷാപ്രശ്നങ്ങൾകാരണം ആരോഗ്യസന്ദേശങ്ങൾ മനസ്സിലാക്കാൻ വിഷമമായിരിക്കും. ചികിത്സയ്ക്കു പലപ്പോഴും ദ്വിഭാഷി സഹായം വേണ്ടിവന്നേക്കും. സൗജന്യമായ എച്ച്ഐവി ടെസ്റ്റിങ് സെന്ററുകളുടെ ലഭ്യതയെക്കുറിച്ച് ഇവർക്ക് വിവരമില്ല. രോഗസാധ്യതയുണ്ടെന്ന് സംശയിച്ചാലും തൊഴിൽനഷ്ടം ഉണ്ടാകുമെന്ന ഭയത്തിൽ ടെസ്റ്റുകൾ ചെയ്യാൻ തയ്യാറാവില്ല. പോസിറ്റീവ് ആയാൽ ജോലിസ്ഥലത്തുനിന്നുമാത്രമല്ല കൂടെയുള്ളവർപോലും തള്ളിപ്പറയാനാണ് സാധ്യത. ടെസ്റ്റ് ചെയ്ത് ചികിത്സ തുടങ്ങിയാലും ജില്ലകൾ മാറുമ്പോൾ തുടർചികിത്സ ഉറപ്പാക്കാനാകാത്ത അവസ്ഥ നിലവിലുണ്ട്.

അതിനാൽ ബഹുഭാഷാടിസ്ഥാനത്തിലുള്ള എച്ച്ഐവി ബോധവത്കരണം സോഷ്യൽമീഡിയ അടക്കം വീഡിയോ, ഓഡിയോ സന്ദേശങ്ങൾ ഉപയോഗിച്ച് നടത്തണം. ഇവരിൽ 100 ശതമാനംപേരും ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ള മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒരു സാധ്യതയായി കാണണം. തൊഴിൽക്യാമ്പുകൾ, താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ കോണ്ടം വിതരണ/വിൽപ്പനയന്ത്രങ്ങൾ സ്ഥാപിക്കണം. കുടിയേറ്റത്തൊഴിലാളികളെ ഉൾപ്പെടുത്തി, അവരുടെ ഭാഷയിലും സംസ്കാരത്തിലും ആശയവിനിമയം നടത്തി, പരിശോധനയും ചികിത്സയും എളുപ്പമാക്കി, തൊഴിലുടമകളെയും സമൂഹസംഘടനകളെയും ഉൾപ്പെടുത്തി പ്രവർത്തിച്ചാൽ എച്ച്‌ഐവിയെ നിയന്ത്രിക്കുന്നത് കൂടുതൽ എളുപ്പമാകും.

വ്യക്തികളെ നിർബന്ധിത എച്ച്ഐവി ടെസ്റ്റിങ്ങിന് വിധേയമാക്കുന്നത് ധാർമികതയ്ക്ക് നിരക്കുന്നതല്ല. അതിനാൽ റിസ്ക് ബിഹേവിയറുകൾ ഉള്ളവരെ സ്വമേധയാ ടെസ്റ്റ്‌ ചെയ്യാൻ പ്രേരിപ്പിക്കണം. ഇതിനായി സംസ്ഥാനത്ത് ജില്ലാ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട താലൂക്ക് ആശുപത്രികളിലുമായി 88 ജ്യോതിസ് കേന്ദ്രങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്. ആന്റി റിട്രോവൈറൽ ചികിത്സകൾക്കായി മെഡിക്കൽകോളേജുകളടക്കം 15 ഉഷസ് കേന്ദ്രങ്ങൾ പ്രവർത്തിച്ചുവരുന്നുണ്ട്. പുറമേ, ലൈംഗികരോഗങ്ങൾ ചികിത്സിക്കാനായി 23 പുലരി കേന്ദ്രങ്ങളുമുണ്ട്. സൗജന്യസേവനങ്ങൾ കിട്ടുന്ന ഇവയുമായി ഇവരെ ബന്ധിപ്പിക്കണം.

(പൊതുജനാരോഗ്യവിദഗ്ധനും കോഴിക്കോട് കെഎംസിടി മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയുമാണ് ലേഖകൻ)

Content Highlights: Alarming rise in HIV among Kerala`s youth (Gen Z) and migrant workers. Learn about the causes and what needs to be done to curb the spread.