വുഹാനിൽനിന്നെത്തിയ ആ വൈറസിനെ കേരളത്തിൽ ആദ്യം സ്ഥിരീകരിച്ചിട്ട് അഞ്ച് വർഷം; ഓർമയിൽ ഒരു മഹാമാരിക്കാലം

മാസ്‌ക്കിട്ടാല്‍ പേടിച്ചോടുന്ന, സോപ്പിട്ടാല്‍ മാഞ്ഞുപോവുന്ന ഒരു കുഞ്ഞുവൈറസ് ലോകത്തെയൊന്നാകെ തലകീഴായ് മറിച്ചിട്ട ഒരു രോഗകാലം. നാടും നഗരവും ആളനക്കമില്ലാതായിപ്പോയ ലോക്ഡൗണ്‍ ദിനങ്ങള്‍. മലയാളി യുട്യൂബ് ചാനലുകളേക്കുറിച്ചും 'ബക്കറ്റ് ചിക്കനെ'ക്കുറിച്ചും ആഴത്തില്‍ പഠിച്ച സമയം. ഒറ്റദിവസംകൊണ്ട് എല്ലാവരും വീടിനുള്ളില്‍ അടക്കപ്പെട്ട, പുറത്തിറങ്ങുന്നവരെ കുറ്റവാളികളായി കണ്ട ദിനങ്ങൾ.
രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ചത് കേരളത്തിലായിരുന്നു- 2020 ജനുവരി 30-ന്. കേരളത്തില്‍ കോവിഡ് സ്ഥീരീകരിച്ച് ഒരുവര്‍ഷത്തിനുശേഷം 2021 ഡിസംബര്‍ ആവുമ്പോഴേക്കും സര്‍ക്കാര്‍ കണക്കുപ്രകാരം 42579 പേരാണ് കോവിഡ് ബാധിച്ചോ അതിനെ തുടര്‍ന്നുണ്ടായ ശാരീരിക അവശതകളെ തുടര്‍ന്നോ മരിച്ചു. പിന്നീടും കൊറോണ വൈറസിന് വകഭേദങ്ങളുണ്ടായി, മരണങ്ങളും ഏറെയുണ്ടായി. ഇപ്പോഴും അത് പൂർണമായും നമ്മെ വിട്ടുപോയിട്ടുമില്ല.
ചൈനയിലെ വുഹാനില്‍നിന്ന് സഞ്ചരിച്ച് ഇങ്ങ് കേരളത്തിലെത്തിയ വൈറസിനെ തൃശ്ശൂരില്‍ ആദ്യമായി സ്ഥിരീകരിച്ച ദിവസമായിരുന്നു 2020 ജനുവരി 30. തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനിയിലായിരുന്നു വൈറസ് സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാനില്‍നിന്ന് മടങ്ങിയെത്തിയതായിരുന്നു കുട്ടി. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. വുഹാനില്‍നിന്ന് തിരിച്ചെത്തിയ 20 പേരുടെ സാമ്പിളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ ഒരാള്‍ക്കായിരുന്നു സ്ഥിരീകരണം. അപ്പോഴേക്കും കൊറോണ വൈറസ് ഇന്ത്യയടക്കം 19 രാജ്യങ്ങളിലേക്ക് പടര്‍ന്നിരുന്നു.
രോഗം സ്ഥിരീകരിച്ച് രണ്ട് മാസം പിന്നിടുമ്പോഴേക്കും രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 500 ആയിരുന്നു. 11 പേര്‍ മരിക്കുകയും ചെയ്തു. അങ്ങനെ 2020 മാര്‍ച്ച് 24-ന് പ്രധാനമന്ത്രി നരേന്ദ്രമോദി 21 ദിവസത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചു. 21 ദിവസം അടച്ചിട്ടില്ലെങ്കില്‍ രാജ്യം 21 വര്‍ഷം പിന്നിലേക്ക് തള്ളപ്പെടുമെന്ന് പറഞ്ഞ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ടായിരുന്നു ലോക്ഡൗണ്‍ പ്രഖ്യാപനം. ആരും നിരത്തിലിറങ്ങരുതെന്ന് സൂചിപ്പിക്കാന്‍ 'കോയീ റോഡ് പര്‍ നാ നികലേ' എന്ന ബോർഡ് പിടിച്ചുകൊണ്ടായിരുന്നു ലോക്ഡൗണ്‍ പ്രഖ്യാപനം. ഇത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയെങ്കിലും പോളിയോ വാക്‌സിന് ശേഷം ഏറ്റവും വലിയ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ക്കും പിന്നീട് ലോകം സാക്ഷിയായി.
അഞ്ചുവര്‍ഷത്തിനിപ്പുറം മാസ്‌കും സാനിറ്റൈസറുമെല്ലാം നമ്മള്‍ ഉപേക്ഷിച്ചെങ്കിലും 2024-ൽ മാത്രം ഏറ്റവും കൂടുതല്‍ കോവിഡ് മരണം കേരളത്തിലാണുണ്ടായിരിക്കുന്നതെന്ന റിപ്പോര്‍ട്ടാണ് നമുക്ക് മുന്‍പിലുള്ളത്. കേരളത്തില്‍ കഴിഞ്ഞവര്‍ഷം 5597 പേര്‍ക്ക് കോവിഡ് ബാധിച്ചുവെന്നും 66 പേര്‍ മരിച്ചെന്നുമാണ് കേന്ദ്രത്തിന്റെ കണക്ക്.
Content Highlights: Five years after India`s first COVID-19 case was confirmed in Kerala