പനിയെപ്പോലെ മഞ്ഞപ്പിത്തവും രോഗലക്ഷണമാണ്, ചികിത്സ വൈകുന്നത് ആപത്ത്

Representative Image| Photo: Canva.com
Representative Image| Photo: Canva.com

പനിയെപ്പോലെ തന്നെ മഞ്ഞപ്പിത്തവും ഒരു രോഗമല്ല രോഗലക്ഷണമാണ്. കാണുന്നതെല്ലാം മഞ്ഞ ആയി തോന്നുന്ന കാഴ്ചയെ ബാധിക്കുന്ന ഒന്നല്ല മറിച്ച് ശരീരത്തിലെ സകലതും സ്വാംശീകരിച്ച് ശുദ്ധീകരിക്കുന്ന കരളിനെയാണ് മഞ്ഞപ്പിത്തം ബാധിക്കുന്നത്. രക്തത്തിലെ ബിലിറൂബിൻ പ്രോസസ്സ് ചെയ്യാൻ കരളിന് കഴിയാതെ വരുമ്പോഴാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്. 

കേരളത്തിൽ ഈ വർഷം ജൂൺ വരെ 5474 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്, 38 പേർ മരണപ്പെടുകയും ചെയ്തു. ഇത്രയും ഉയർന്ന നിരക്കിൽ മഞ്ഞപ്പിത്തം ഇതിന് മുമ്പ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മലിന ജലം, ശുദ്ധമല്ലാത്ത ഭക്ഷണം എന്നിവയാണ് ഈ രോഗ വ്യാപനത്തിന് കാരണമായി കണക്കാക്കുന്നത്. കൂടാതെ വ്യക്തിശുചിത്വമില്ലായ്മ, അമിത മദ്യപാനം, ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ വൈറസ്, പിത്താശയക്കല്ലുകൾ അങ്ങനെ നിരവധി കാരണങ്ങൾ രോഗബാധക്ക് കാരണമാകാം.

നവജാത ശിശുക്കൾ മുതൽ പ്രായമായവരിൽ വരെ ആർക്കും ഇത് ബാധിക്കാം. കരളിൻ്റെ പ്രവർത്തനത്തിലെ പ്രശ്നങ്ങളാണ് ഇതിന് കാരണം, ഹെപ്പറ്റൈറ്റിസ് (വൈറൽ, ആൽക്കഹോളിക്, ഓട്ടോഇമ്മ്യൂൺ), സിറോസിസ്, കരൾ കാൻസർ തുടങ്ങിയവയെല്ലാം കരളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. പിത്താശയക്കല്ലുകൾ, കോളിസിസ്റ്റൈറ്റിസ് പോലുള്ള പിത്തസഞ്ചി സംബന്ധമായ തകരാറുകൾ പിത്തനാളത്തെ തടസ്സപ്പെടുത്തുകയും, അതുവഴി ബിലിറൂബിൻ ശരീരത്തിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു.

ചുവന്ന രക്താണുക്കളുടെ അമിതമായ തകർച്ചയുണ്ടാകുന്ന ഹീമോലിറ്റിക് അനീമിയയും മഞ്ഞപ്പിത്തത്തിന് കാരണമാകുന്നു, കാരണം അതുവഴി ബിലിറൂബിന്റെ ഉത്പാദനം വളരെയധികം വർദ്ധിക്കുന്നു. ശരീരത്തിലെ ബിലിറൂബിൻ കൃത്യമായി പ്രോസസ് ചെയ്യപ്പെടാതെ രക്തത്തിൽ ഇതിൻ്റെ അളവ് ഉയരുമ്പോഴാണ് കണ്ണുകളും, ത്വക്കും മഞ്ഞ നിറം കാണിക്കുന്നത്. നവജാത ശിശുക്കളിൽ കണ്ടുവരുന്ന ബിലിയറി അട്രേഷ്യ എന്ന അപൂർവ രോഗാവസ്ഥക്ക് കാരണം പിത്തനാളികൾ  ജനന സമയത്ത് തന്നെ ഇല്ലാത്തതോ തടസ്സപ്പെട്ടതോ ആയിരിക്കാം. 

മഞ്ഞപ്പിത്തം സംഭവിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ

1. ഹെപ്പറ്റൈറ്റിസ് – വൈറസ് മൂലമുള്ള കരളിന്റെ അണുബാധ
എ, ബി, സി, ഡി, ഇ എന്നീ അഞ്ച് പ്രധാന ഹെപ്പറ്റൈറ്റിസ് വൈറസുകളുണ്ട്.
2. പിത്താശയക്കല്ല്
3. കരളിന്റെ രോഗങ്ങൾ
4. കുഞ്ഞുങ്ങളിൽ ന്യൂബോൺ ജോണ്ടിസ് – ജനനശേഷം ചില ദിവസങ്ങൾക്കുള്ളിൽ സാധാരണയായി കാണപ്പെടുന്നു
5. ഹെമറ്റോളജിക്  അസുഖങ്ങൾ

ഹെപ്പറ്റൈറ്റിസ് എ,ഇ

മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിലൂടെയാണ് ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ സാധാരണയായി ഉണ്ടാകുന്നത്. ഹെപ്പറ്റൈറ്റിസ് എ വൈറസ് (HAV) രോഗബാധിതരുടെ മലത്തിൽ കാണപ്പെടുന്നു, ഇത് മിക്കപ്പോഴും മലിനമായ വെള്ളമോ ഭക്ഷണമോ കഴിക്കുന്നതിലൂടെയാണ് പകരുന്നത്.  അണുബാധകൾ പലപ്പോഴും നേരിയ തോതിൽ മാത്രമേ കാണപ്പെടുന്നുള്ളൂ, മിക്ക ആളുകളും പൂർണ്ണമായി സുഖം പ്രാപിക്കുകയും കൂടുതൽ HAV അണുബാധകളിൽ നിന്ന് പ്രതിരോധശേഷി നിലനിർത്തുകയും ചെയ്യുന്നു. എന്നിരുന്നാലും, HAV അണുബാധകൾ ഗുരുതരവും ജീവന് ഭീഷണിയുമാകാം. ലോകത്തിലെ മോശം ശുചിത്വമുള്ള പ്രദേശങ്ങളിലെ മിക്ക  ആളുകളിലും ഈ വൈറസ് ബാധിച്ചിട്ടുണ്ട്.

ഹെപ്പറ്റൈറ്റിസ് ഇ വൈറസ് (HEV) മൂലമുണ്ടാകുന്ന കരളിന്റെ വീക്കം ആണ് ഹെപ്പറ്റൈറ്റിസ് ഇ. ഇ വൈറസ് രോഗബാധിതരുടെ മലത്തിലൂടെ പുറത്തുവരുന്നു, തുടർന്ന്  മലിനമായ കുടിവെള്ളത്തിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്. അണുബാധ സാധാരണയായി സ്വയം ഭേദമാവുകയും 2–6 ആഴ്ചകൾക്കുള്ളിൽ പരിഹരിക്കപ്പെടുകയും ചെയ്യുന്നു. ഫുൾമിനന്റ് ഹെപ്പറ്റൈറ്റിസ് (അക്യൂട്ട് ലിവർ ഫെയിലർ) എന്നറിയപ്പെടുന്ന ഒരു ഗുരുതരമായ രോഗം ഇടയ്ക്കിടെ വികസിക്കുന്നു, ഇത് മാരകമായേക്കാം.

HAV തടയാൻ സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ ലഭ്യമാണ്. ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ഉറപ്പാക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് എ, ഇ (Hepatitis A, E) രോഗബാധ തടയാൻ കഴിയും. പ്രത്യേകിച്ചും യാത്രാവേളകളിൽ വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നുള്ള ഭക്ഷണം, വെള്ളം എന്നിവ ഒഴിവാക്കേണ്ടതാണ്.ഈ രോഗങ്ങൾ വരാതെ ഇരിക്കാൻ ഉള്ള വാക്‌സിൻ ലഭ്യമാണ് 

ഹെപ്പറ്റൈറ്റിസ് ബി,സി,ഡി

വൈറൽ ഹെപ്പറ്റൈറ്റിസിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്നതും സങ്കീർണ്ണതകൾ നിറഞ്ഞതും ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) എന്നിവയാണ്. രോഗബാധിതരായ ആളുകളുടെ രക്തം, മറ്റു ശരീരസ്രവങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ രോഗങ്ങൾ പ്രധാനമായും പകരുന്നത്. രോഗിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവർക്കും രോഗബാധിതയായ അമ്മയിൽ നിന്നു കുഞ്ഞുങ്ങളിലേക്കും ഈ രോഗം പകരാവുന്നതാണ്. ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) എന്നിവ ചില രോഗികളിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന ക്രോണിക് ഹെപ്പറ്റൈറ്റിസ് (Chronic Hepatitis) എന്ന അസുഖത്തിന് കാരണമാവുകയും കാലക്രമേണ ഇവ സിറോസിസ് (Cirrhosis), ലിവർ കാൻസർ (Liver cancer) തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾ ഉടലെടുക്കാൻ നിമിത്തമാവുകയും ചെയ്യുന്നു.

ഹെപ്പറ്റൈറ്റിസ് ബി (Hepatitis B) രോഗികളെ മാത്രം ബാധിക്കുന്ന വൈറസാണ് ഹെപ്പറ്റൈറ്റിസ് ഡി (Hepatitis D) വൈറസ്. ഒരുമിച്ചുള്ള ഹെപ്പറ്റൈറ്റിസ് ബി - ഡി (Hepatitis B - D) രോഗബാധ (Co-infection / Super infection) വളരെ തീവ്രതയുള്ളതും സങ്കീർണ്ണവുമാണ്.

ഹെപ്പറ്റൈറ്റിസ് ബി, സി (Hepatitis B, C) രോഗങ്ങൾ പ്രതിരോധിക്കുന്നതിന് താഴെ പറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കണം

  • രക്തവുമായി സമ്പർക്കത്തിൽ വരുന്ന ഉപകരണങ്ങൾ (സൂചികൾ, ആശുപത്രി ഉപകരണങ്ങൾ എന്നിവ) ഒരിക്കൽ മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പുവരുത്തുക.
  • ഷേവിംഗ് സെറ്റ്, ബ്ലേഡ്, ടൂത്ത് ബ്രഷ് എന്നിവ പങ്കുവയ്ക്കാതിരിക്കുക.
  • ടാറ്റു, അക്യുപങ്ക്ചർ (tattoo, acupuncture) തുടങ്ങിയവ സുരക്ഷിതമായ സ്ഥലങ്ങളിൽ നിന്നു മാത്രം സ്വീകരിക്കുക.
  • സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ മാത്രം ഏർപ്പെടുക.

ഹെപ്പറ്റൈറ്റിസ് ബി വാക്സിനുകൾ എച്ച്ഡിവി അണുബാധയിൽ നിന്ന് സംരക്ഷണം നൽകുന്നു. ഹെപ്പറ്റൈറ്റിസ് ബി വാക്‌സിൻ HBV വൈറസ് അണുബാധയിൽ നിന്ന് 95% വരെ സംരക്ഷണം കൊടുക്കും. മഞ്ഞപ്പിത്തം സംശയിക്കുന്നവർ പൊടിക്കൈ പ്രയോഗത്തിന് നിൽക്കാതെ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.  

മഞ്ഞപ്പിത്ത ചികിത്സ അതിൻ്റെ കാരണത്തെ അടിസ്ഥാനപ്പെടുത്തി വ്യത്യസ്തമാണ്. ആൻ്റി വൈറൽ മരുന്നുകളും, ബ്ലഡ് ട്രാൻസ്ഫ്യുഷൻ, അത്യാവശ്യ ഘട്ടത്തിൽ ലിവർ ട്രാൻസ്‌പ്ലാൻ്റ്, ഫോട്ടോതെറാപ്പി എന്നിവയും ഉപയോഗിക്കുന്നു.

ലിവർ ഫങ്ഷൻ ടെസ്റ്റ്, കംപ്ലീറ്റ് ബ്ലഡ് കൗണ്ട്, ബിലിറൂബിൻ ലെവൽ ടെസ്റ്റ് എന്നിവയും അത്യാവശ്യമെങ്കിൽ അൾട്രസൗണ്ട്, സി ടി സ്കാൻ, എം ആർ ഐ എന്നിവയും ഉപയോഗിക്കുന്നു. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചവർ കൊഴുപ്പുള്ളതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുകയും‌ ധാരാളം വെള്ളംകുടിക്കുകയും വേണം.

മഞ്ഞപ്പിത്തം വരാതിരിക്കാൻ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം?

തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, പഴം, പച്ചക്കറികൾ എന്നിവ കഴുകി മാത്രം ഉപയോഗിക്കുക, വാക്സിനേഷൻ എടുക്കുക, കിണറുകൾ ഉള്ളവർ അത് ക്ലോറിൻ ഉപയോഗിച്ച് വൃത്തിയാക്കുക, വൃത്തിഹീനമായ ചുറ്റുപാടുകളിൽ നിന്ന് ആഹാരം കഴിക്കാതിരിക്കുക, വിശ്രമിക്കുക, രോഗലക്ഷണങ്ങളെ അവഗണിക്കാതെ ഉടനെ ചികിത്സ തേടുക.

തയ്യാറാക്കിയത്

ഡോ. ​ഗായത്രി ആർ നായർ
കമ്മ്യൂണിറ്റി മെഡിസിൻ
അമൃത ഹോസ്പിറ്റൽ
കൊച്ചി

 

Content Highlights: Understanding Jaundice: Causes, Symptoms, Diagnosis, and Treatment Options