ലക്ഷണങ്ങൾ പ്രകടമാകില്ല, തലച്ചോറിനേയും ബാധിച്ചേക്കും; എന്താണ് ജാപ്പനീസ് മസ്തിഷ്കജ്വരം?പകരുന്നതെങ്ങനെ?

#ഡോ. ജയകൃഷ്ണൻ ടി.
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

കേരളത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ 2026 ജനുവരിമുതൽ മേയ്‌വരെ ജാപ്പനീസ് മസ്തിഷ്കജ്വരത്തിനെതിരേ ജെഇ വാക്സിൻ-‘ക്യാച്ച് അപ്പ്’ കാംപെയ്‌ൻ നടത്തുകയാണ്. കാംപെയിനിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ഈ രോഗത്തെക്കുറിച്ച് അധികം അറിവില്ലാത്ത രക്ഷിതാക്കൾക്കും കുട്ടികൾക്കും സാധാരണക്കാർക്കും ജാപ്പനീസ് മസ്തിഷ്കജ്വരത്തെക്കുറിച്ച്‌ അവബോധമുണ്ടാക്കണം. അതിനാണ്‌ ഈ ചെറുകുറിപ്പ്.

എന്താണ് ജാപ്പനീസ് മസ്തിഷ്കജ്വരം

സാധാരണയായി പനിയോടൊപ്പം ബോധക്ഷയമോ അപസ്മാരലക്ഷണങ്ങളോ ഉണ്ടാക്കുന്ന രോഗങ്ങൾ മസ്തിഷ്കത്തെ ബാധിക്കുന്ന വൈറസ്ബാധമൂലമാണ് ഉണ്ടാകുന്നത്. അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം എന്നാണ് ഇവ അറിയപ്പെടുന്നത്. ഇതിൽ 20 ശതമാനംവരെ ജാപ്പനീസ് ജ്വരം വൈറസ്‌മൂലമാകാം. ഇന്ത്യയും ചൈനയുമടക്കമുള്ള 24 രാജ്യങ്ങളിൽ ഇത്‌ റിപ്പോർട്ട്ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ 1996 ഫെബ്രുവരിയിൽ കുട്ടനാട്ടിലാണ് ഇതിന്റെ വ്യാപനം ആദ്യമായി റിപ്പോർട്ടുചെയ്തത്. ശേഷം എല്ലാവർഷവും വിവിധ ജില്ലകളിൽ കേസുകൾ റിപ്പോർട്ട്ചെയ്യപ്പെടുകയും അവരിൽ ചിലർ മരിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ 85 ശതമാനവും കുട്ടികളായിരിക്കും. പനി, തലവേദന, ഓക്കാനം, ഛർദി, ക്ഷീണം, ബോധക്ഷയം, അപസ്മാരലക്ഷണങ്ങൾ ഇവയൊക്കെയാണ് രോഗലക്ഷണങ്ങൾ. ഇവരിൽ മൂന്നിലൊന്ന്‌ പേർക്കെങ്കിലും വൈറസ് തലച്ചോറിനെ ബാധിക്കാനും 30 ശതമാനത്തോളം മരിക്കാനും സാധ്യതയുണ്ട്.

തലച്ചോറിനെ ബാധിച്ചവർക്ക് പിന്നീട്‌ മാറാത്ത നാഡീവൈകല്യങ്ങൾക്കും കാരണമാകും. രോഗബാധയുണ്ടായവരിൽ ആയിരംപേരിൽ 25 മുതൽ ഒരാൾക്കുമാത്രമാണ് എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടാകുക. ബാക്കിയുള്ളവർക്ക്‌ ഒരു രോഗലക്ഷണവും പുറത്തുകാണിക്കാതെ ഭേദമാകും. കണ്ടെത്തുന്ന രോഗികൾ മഞ്ഞുമലയുടെ അറ്റംമാത്രമാണ്.

പകരുന്നതെങ്ങനെ

ജാപ്പനീസ് ജ്വരത്തിന്റെ വൈറസുകൾ സ്വാഭാവികമായിത്തന്നെ ചിലതരം ദേശാടനപ്പക്ഷികൾ, കൊറ്റികൾ, കുളക്കോഴികൾ, കന്നുകാലികൾ എന്നിവയുടെ ശരീരത്തിലുള്ളതാണ്. പന്നികളിൽ വൈറസ് അനേകമിരട്ടിയായി പെരുകും. ക്യൂലക്സ് വർഗത്തിൽപ്പെട്ട പ്രത്യേകതരം കൊതുകുകൾവഴിയാണ് ഇവ പകരുന്നത്.

ഈ കൊതുകുകൾ പെരുകുന്നത് കൂടുതലും നെൽപ്പാടങ്ങളിലും ചപ്പുചവറുകൾ അടിഞ്ഞ വെള്ളക്കെട്ടുകളിലുമാണ്.

ഇവ പൊതുവേ മൃഗങ്ങളുടെയും പക്ഷികളുടെയും രക്തപാനം ഇഷ്ടപ്പെടുന്നവയാണ്. ഐസിഎംആറിന്റെ നേതൃത്വത്തിൽ കേരളത്തിൽ കുറച്ചുവർഷംമുൻപ്‌ നടത്തിയ പഠനത്തിൽ, ശരാശരി 16 ശതമാനംപേർക്ക് ഈ വൈറസിനെതിരേ ആൻറിബോഡികൾ കിട്ടിയതായി കണ്ടെത്തിയിരുന്നു. അതിനർഥം ഈ വൈറസ് ഇവിടെ നമ്മളറിയാതെ കൊതുകുകൾവഴി പകരുന്നുെണ്ടന്നാണ്.

പ്രതിരോധമെങ്ങനെ

ഏതൊരു മാസ് വാക്സിനേഷൻ പരിപാടിയും വിജയിക്കണമെങ്കിൽ സംശയങ്ങളുടെ നിഴലുകൾക്ക് പുറത്ത് വെളിച്ചത്താവണം.

ഇപ്പോൾ ദേശീയ പ്രതിരോധപരിപാടിയുടെ ഭാഗമായി വിവിധഘട്ടങ്ങളിലായി 22 സംസ്ഥാനങ്ങളിലായി 335 ജില്ലകളിൽ കുട്ടികൾക്ക് രണ്ട്ഡോസ് ജെഇ വാക്സിൻ നൽകിവരുന്നുണ്ട്. (9 മാസത്തിലും ഒന്നരവയസ്സിനും രണ്ടിനും ഇടയിൽ)

2006 മുതൽ ഈ വാക്സിനുകൾ കേരളത്തിൽ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ നൽകിവരുന്നുമുണ്ട്. 2005മുതൽ സർക്കാരിന്റെ നേതൃത്വത്തിൽത്തന്നെ ചൈനയിലെ ചെംഗ്ഡു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രൊഡക് ട് നിർമിച്ച വാക്സിൻ എസ് എ 14_ 14 -2 (live vaccine) ഇറക്കുമതിചെയ്താണ് ആവശ്യമനുസരിച്ച് ഉപയോഗിച്ച് വന്നത്.

2014-ൽ ഇന്ത്യൻ സ്വകാര്യ കമ്പനിയായ ഭാരത് ബയോടെക് ഇന്ത്യയിലെ രോഗികളിൽനിന്നെടുത്ത് വികസിപ്പിച്ച കോലാർ സ്‌ട്രെയിൻ ജെഇ വാക്സിന് JEN VAC സർക്കാർ ലൈസൻസ് അംഗീകാരം നൽകിയതിനുശേഷം ഇപ്പോൾ പല ജില്ലകളിലും ഈ വാക്സിനും ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. ഇത് 0.5മില്ലി വീതം പേശികളിൽ രണ്ട് ഡോസ് കുത്തിവെക്കുന്നതാണ്. ഈ വാക്സിനാണ് ഇപ്പോൾ കേരളത്തിൽ കാംപെയിൻ യിനുവേണ്ടി ഉപയോഗിക്കുന്നത്.

ഇന്ത്യയിൽ നടത്തപ്പെട്ട പരീക്ഷണ റിപ്പോർട്ടുകൾപ്രകാരം ഈ വാക്സിൻ നൽകിയവരിൽ ചൈനീസ് നിർമിതി വാക്സിനെ അപേക്ഷിച്ച് ശരീരത്തിൽ പ്രതിരോധവസ്തുകളായ ആൻറിബോഡികൾ കൂടുതൽ അളവിൽ ഉത്പാദിപ്പിക്കുന്നതായും അവ കൂടുതൽ വർഷങ്ങൾ നീണ്ടുനിൽക്കുന്നതായും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതിന് പരീക്ഷണഘട്ടത്തിലോ തുടർന്നോ തീവ്രപാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നാണ് ലഭ്യമാകുന്ന വിവരം. വാക്സിൻ എടുത്തവരിൽ പാർശ്വഫലങ്ങൾ രണ്ടുദിവസത്തിനുള്ളിൽ പ്രത്യക്ഷപ്പെടുകയും 48 മണിക്കൂറിനുള്ളിൽ ഭേദമാകുകയും ചെയ്യും.

രോഗപ്രതിരോധപ്രവർത്തനങ്ങൾ സുതാര്യതയോടെ, ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിച്ച് വിശ്വാസം ആർജിച്ച് നടത്തുമ്പോൾ മാത്രമേ സ്വാതന്ത്ര്യ ബോധത്തോടെയുള്ള ആളുകളുടെ സ്വീകാര്യതയും കൂടുകയുള്ളൂ. അങ്ങനെ മാത്രമേ രോഗപ്രതിരോധ പ്രവർത്തനങ്ങൾ വിജയകരമാകൂ.

(കോഴിക്കോട്ട് കെഎംസിടി മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം തലവനാണ് ലേഖകൻ)

Content Highlights: Learn about the Japanese Encephalitis (JE) vaccination campaign in Kozhikode & Malappuram, Kerala.