അമ്മയുടെ മരണത്തിനു പിന്നാലെ ആ റിയാലിറ്റി ഷോയിൽ വച്ച് പാനിക് അറ്റാക്ക് ഉണ്ടായി- ജാൻവി കപൂർ‌

ശ്രീദേവി, ജാൻവി കപൂർ | Photos: instagram.com/sridevi.kapoor/?hl=en
ശ്രീദേവി, ജാൻവി കപൂർ | Photos: instagram.com/sridevi.kapoor/?hl=en

മാനസികാരോ​ഗ്യപ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറയുന്ന സെലിബ്രിറ്റികൾ നിരവധിയാണ്. വിഷാദരോ​ഗത്തെ അതിജീവിച്ചതിനേക്കുറിച്ച് ദീപിക പദുക്കോണും ഉത്കണ്ഠാരോ​ഗത്തിലൂടെ കടന്നുപോയതിനേക്കുറിച്ച് ആലിയ ഭട്ടും തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പാനിക് അറ്റാക്കിനെ നേരിട്ടതിനേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടി ജാൻവി കപൂർ. ഒരു പൊതുപരിപാടിക്കിടെ പാനിക് അറ്റാക്ക് ഉണ്ടായതിനേക്കുറിച്ചാണ് ജാൻവി തുറന്നുപറഞ്ഞിരിക്കുന്നത്. 

ഒരു ഡാൻസ് റിയാലിറ്റി ഷോയ്ക്കിടെ നടന്ന സംഭവത്തേക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. അമ്മയുടെ മരണത്തിനു പിന്നാലെയായിരുന്നു അത്. റിയാലിറ്റി ഷോ സംഘാടകർ സർപ്രൈസായി അമ്മയ്ക്ക് ആദരമായി സമർപ്പിച്ച വീഡിയോക്കിടെയാണ് പാനിക് അറ്റാക്ക് ഉണ്ടായതെന്നും നടി പറഞ്ഞു. 

ദ‍‍ഡക് എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിക്ക് പോയപ്പോഴാണ് സംഭവം. അമ്മയെ ഓർമിപ്പിക്കുന്ന എന്തിൽ നിന്നും തന്റെ ടീം തന്നെ സംരക്ഷിച്ചു നിർത്തുമായിരുന്നു. എന്നാൽ ഈ ഷോയുടെ സംഘാടകർ വീ‍ഡിയോയുടെ കാര്യം തന്നോട് പറഞ്ഞില്ല. അമ്മയുടെ ​ഗാനങ്ങളും വോയ്സോവറും വച്ച് കുട്ടികൾ നൃത്തം ചെയ്യുന്ന പരിപാടിയായിരുന്നു. അത് മനോഹരവുമായിരുന്നു. പക്ഷേ താൻ അതിന് അപ്പോള്‍
തയ്യാറായിരുന്നില്ല. കണ്ടയുടൻ പാനിക് അറ്റാക്ക് ഉണ്ടാവുകയും ശ്വാസമെടുക്കാൻ കഴിയാതാവുകയും ചെയ്തു. സ്റ്റേജിന് പുറകിലേക്ക് ഉടൻ ഓടുകയായിരുന്നുവെന്നും ജാൻവി പറയുന്നു. 

പിന്നീട് ഷോയുടെ സംഘാടകർ വീ‍ഡിയോയിൽ നിന്ന് ആ ഭാ​ഗം എഡിറ്റ് ചെയ്തുനീക്കി താൻ ചിരിക്കുകയും കൈകൊട്ടുകയും ചെയ്യുന്ന സന്തോഷം നിറഞ്ഞ നിമിഷങ്ങൾ മാത്രം ഉൾപ്പെടുത്തി. എന്നാൽ ജനങ്ങൾ അതുകണ്ടതോടെ തന്നെ തെറ്റിദ്ധരിക്കുകയാണ് ചെയ്തതെന്നും ജാൻവി പറഞ്ഞു. 

എന്താണ് പാനിക് അറ്റാക്ക്?

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൊടുന്നനെ സംഭവിക്കുന്ന, ഏതാനും മിനിറ്റുമാത്രം നീണ്ടുനിൽക്കുന്ന തീവ്രമായ ഉത്കണ്ഠയാണ് ‘പാനിക് അറ്റാക്ക്.’ താഴെപ്പറയുന്ന ലക്ഷണങ്ങളിൽ നാലെണ്ണമെങ്കിലും ഇവര്‍ക്കുണ്ടാകും.

  • അമിതമായ നെഞ്ചിടിപ്പ്
  • നെഞ്ചുവേദനയോ നെഞ്ചിന്റെ ഭാഗത്ത് അസ്വസ്ഥതയോ.
  • ശരീരം വിയർത്തൊലിക്കുന്ന അവസ്ഥ
  • ശ്വാസംമുട്ടൽ
  • കൈകാലുകൾ വിറയ്ക്കുക
  • വിരലുകളുടെ അറ്റം തണുത്ത് മരവിക്കുക
  • വയറ്റിൽ തീവ്രമായ എരിച്ചിൽ
  • തലചുറ്റൽ, തലയ്ക്ക് മന്ദത
  • കണ്ണിൽ ഇരുട്ടുകയറുന്ന അവസ്ഥ
  • തൊണ്ടയിൽനിന്ന് വെള്ളമിറക്കാൻ ബുദ്ധിമുട്ട്
  • ഇപ്പോൾ വീണ് മരിച്ചുപോകുമെന്ന തോന്നൽ
  • മനസ്സിന്റെ സമനില തെറ്റിപ്പോകുമെന്നതരത്തിലുള്ള വെപ്രാളം.

സാധാരണഗതിയിൽ 10 മുതൽ 15 മിനിറ്റ് നേരം മാത്രമേ ഈ പ്രയാസം നീണ്ടുനിൽക്കാറുള്ളൂ. അതുകഴിഞ്ഞ് സ്വാഭാവികമായി ഇതിന്റെ തീവ്രത കുറഞ്ഞുവന്ന് അവസാനിക്കും. എന്നാൽ, ഈ അവസ്ഥയുടെ ലക്ഷണങ്ങൾ പലതും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾക്ക് സമാനമായതുകൊണ്ടുതന്നെ ഇത് അനുഭവപ്പെടുന്ന ആളുകൾ വല്ലാതെ ഭയപ്പെട്ടുപോകും.

ഒരു മാസക്കാലമെങ്കിലും തുടർച്ചയായി പാനിക് അറ്റാക്ക് ആവർത്തിച്ചുവരുന്ന അവസ്ഥയെയാണ് ‘പാനിക് ഡിസോഡർ’ എന്നു വിശേഷിപ്പിക്കുന്നത്. സമൂഹത്തിൽ ഏകദേശം മൂന്നു ശതമാനത്തോളം ആളുകൾക്ക് പാനിക് ഡിസോഡർ ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നുമുണ്ട്.

പാരമ്പര്യമായി ഉത്കണ്ഠരോഗങ്ങളുള്ള കുടുംബങ്ങളിൽ ജനിക്കുന്ന വ്യക്തികളിൽ പാനിക് ഡിസോഡർ കൂടുതലായി കണ്ടുവരാറുണ്ട്. ചെറുപ്രായത്തിൽ വളരെ തീവ്രമായ സമ്മർദസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളിലും ഇതു കൂടുതലായി കണ്ടുവരാറുണ്ട്. പാനിക് ഡിസോഡറുള്ള വ്യക്തികളുടെ തലച്ചോറിൽ സെറട്ടോണിൻ, നോർ എപ്പി നെഫ്രിൻ, ഗാബാ, എന്നീ രാസവസ്തുക്കളുടെ അളവ് കുറവാണെന്ന് ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കാപ്പി കൂടുതലായി കുടിക്കുന്നവരിലും പുകവലിശീലം ഉള്ളവരിലും ഈ രോഗം കൂടുതലായി കണ്ടുവരാറുണ്ട്. ഉറക്കക്കുറവ്, സമീപകാലത്തുണ്ടായ വേദനാജനകമായ ജിവിതാനുഭവങ്ങൾ എന്നിവയും ഈ അവസ്ഥയിലേക്ക് വഴിതെളിക്കാം.

പരിഹാരം എങ്ങനെ?

മരുന്നുകളും മനശ്ശാസ്ത്രചികിത്സകളും റിലാക്സേഷൻ വ്യായാമങ്ങളും സംയോജിപ്പിച്ച് ഉപയോ​ഗിച്ചാൽ പാനിക് ഡിസോർഡർ പൂർണമായും ചികിത്സിച്ച് ഭേദപ്പെടുത്താൻ സാധിക്കും. തലച്ചോറിൽ ക്രമംതെറ്റിക്കുന്ന രാസവസ്തുക്കളുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്ന സുരക്ഷിതമായ മരുന്നുകൾ ഇന്ന് നിലവിലുണ്ട്. വയോജനങ്ങളിൽപ്പോലും സുരക്ഷികമായി ഉപയോ​ഗിക്കാവുന്ന ഇത്തരം മരുന്നുകൾ വളരെവേ​ഗം രോ​ഗലക്ഷണങ്ങൾ പരിഹരിക്കും. മരുന്നുകളോടൊപ്പം ചിന്താവൈകല്യങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന കോ​ഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി ഏറെ ഫലപ്രദമായ ഒരു മനഃശാസ്ത്രചികിത്സാരീതിയാണ്.

പ്രോ​ഗ്രസീവ് മസിൽ റിലാക്സേഷൻ, ദീർ‌ഘശ്വസനവ്യായാമങ്ങൾ തുടങ്ങിയ റിലാക്സേഷൻ രീതികളും ഇവരിൽ ഏറെ ഫലപ്രദമാണ്. ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക, ചിട്ടയായ വ്യായാമം ശീലമാക്കുക, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുക എന്നിവയും പാനിക് ഡിസോർഡർ പൂർണമായും ഭേദപ്പെടാൻ സഹായിക്കുന്ന മാർ​ഗങ്ങളാണ്. ചികിത്സയെടുക്കാത്ത പാനിക് ഡിസോർ‍ഡർ പലപ്പോഴും വിഷാദരോ​ഗം, മദ്യപാനശീലം, ലഹരി അടിമത്തം തുടങ്ങിയ വിഷയങ്ങളിലേക്ക് നയിക്കാം. ഇത് പരിഹാരമില്ലാത്ത ഏതോ മാറാരോ​ഗമാണെന്ന് തെറ്റിദ്ധരിച്ചു വിഷമിക്കുന്ന ധാരാളം ആളുകൾ സമൂഹത്തിലുണ്ട്. വിദ​ഗ്ധനായ ഒരു മാനസികാരോ​ഗ്യ ചികിത്സകന്റെ സഹായത്തോടെ ഈ അനസ്ഥ പൂർണമായും ഭേദപ്പെടുത്താൻ കഴിയും. 

പാനിക് അറ്റാക്ക് സംബന്ധമായ വിവരങ്ങൾക്ക് കടപ്പാട്

ഡോ.അരുൺ ബി നായർ
സൈക്യാട്രിസ്റ്റ്
തിരുവനന്തപുരം മെഡിക്കൽ കോളേജ്

Content Highlights: janhvi kapoor recalls having ‘panic attack after mother sridevis death