വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിച്ചാല്‍ അപകടമാണോ?

#ഡോ. സിജിത്ത്
-
-

മാസ്‌ക് ഉപയോഗിച്ച് ദീര്‍ഘനേരം വ്യായാമം ചെയ്തതിനെ തുടര്‍ന്ന് 26 വയസ്സുകാരനായ യുവാവ് ശ്വാസകോശത്തിന് തകരാര്‍ സംഭവിച്ച് മരണപ്പെട്ടുവെന്ന് അടുത്തിടെ വാര്‍ത്തകളിലുണ്ടായിരുന്നു. കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായിരുന്ന ചൈനയിലെ വുഹാന്‍ നഗരത്തില്‍നിന്നുള്ള ഈ വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. വ്യായാമം ദിനചര്യയായി കരുതുന്ന കോടിക്കണക്കിന് മനുഷ്യരുടെ മനസ്സിലേക്ക് ആശങ്കയുടെ കനല്‍ കോരിയിടുന്ന വാര്‍ത്തയുടെ സത്യാവസ്ഥ എന്താണ് എന്നതിനെ കുറിച്ചുള്ള അന്വേഷണം ലോകമെങ്ങും നടക്കുന്നുണ്ട്. 

രണ്ട് മാസത്തെ ലോക്ഡൗണിന്റെ നഷ്ടം ഒഴിവാക്കുവാന്‍ സ്ഥിരമായി മൂന്നു കിലോമീറ്റര്‍ ഓടുന്നതിന് പകരം ആറു കിലോമീറ്റര്‍ ഓടുവാനാണ് അദ്ദേഹം ശ്രമിച്ചത് എന്നാണ് പൊതുവായ വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. മാത്രമല്ല, മാസ്‌ക് ധരിച്ച് അമിതമായി ജോഗിങ് ചെയ്തതു മൂലം അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകളുടെ ലക്ഷണം പ്രത്യക്ഷപ്പെട്ടിട്ടും അത് അവഗണിച്ച് വ്യായാമം തുടര്‍ന്നതാണ് മരണത്തിലേക്ക് എത്തിച്ചത് എന്നത് പൊതുവെ വ്യക്തമാണ്. 

വ്യായാമം ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കണോ?
വ്യായാമം ചെയ്യുന്ന സമയത്ത് ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം സാധാരണയുള്ളതിനേക്കാള്‍ പല മടങ്ങ് അധികമായിരിക്കും. സ്വാഭാവികമായും ശ്വസനത്തിലൂടെ പുറത്ത് പോയി അന്തരീക്ഷത്തില്‍ കലരുന്ന സ്രവങ്ങളുടേയും അതിലടങ്ങിയിരിക്കുന്ന രോഗാണുക്കളുടേയുമൊക്കെ എണ്ണത്തില്‍ പതിവിനേക്കാള്‍ വലിയ മടങ്ങ് കൂടുതലായിരിക്കും. ഇത്തരം സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാതെ വ്യായാമം ചെയ്യുന്നത് സുരക്ഷിതമല്ല. നമ്മുടെ ശരീരത്തില്‍ നിന്ന് പുറത്ത് പോകുന്നത് മറ്റുള്ളവര്‍ക്ക് ദോഷം ചെയ്യും എന്നത് പോലെ തന്നെ നമ്മോടൊപ്പമോ, നാം വ്യായാമം ചെയ്യുന്ന പരിസരത്ത് നിന്ന് വ്യായാമം ചെയ്യുന്നവരുടെ ഉച്ഛ്വാസ വായുവിലൂടെ കൊറോണ വൈറസ് പകര്‍ന്ന് നമ്മിലേക്കെത്താനും സാധ്യത കൂടുതലാണ്. 

പാര്‍ക്ക്, ജിം, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വ്യായാമം ചെയ്യുമ്പോഴാണ് ഈ ഗുരുതരമായ സാഹചര്യമുണ്ടാകുവാന്‍ സാധ്യത കൂടുതലുള്ളത്. അതിനാല്‍ മാസ്‌ക് ഉപയോഗിച്ച് വ്യായാമം ചെയ്യാമോ എന്ന് ചിന്തിക്കുന്നതിന് പകരം ഇത്തരം പൊതുസ്ഥലങ്ങളില്‍ നിന്ന് വ്യായാമം ചെയ്യുന്നത് ഒഴിവാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. മറ്റ് സാഹചര്യങ്ങളില്ലാതെ ഇത്തരം പൊതു ഇടങ്ങളില്‍ തന്നെ വ്യായാമം ചെയ്യേണ്ടി വരികയാണെങ്കില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. അടുത്തുള്ള വ്യക്തിയില്‍ നിന്ന് കുറഞ്ഞത് രണ്ടുമീറ്ററെങ്കിലും നിര്‍ബന്ധമായും അകലം പാലിക്കണം. കഠിനമായ, ശ്വാസകോശത്തിന് കൂടുതല്‍ സമ്മര്‍ദം നല്‍കുന്ന വ്യായാമ മുറകള്‍ ഒഴിവാക്കി ലളിതമായ വ്യായാമ മുറകള്‍ പരിശീലിക്കുക.

മാസ്‌കില്ലാതെ വ്യായാമം ചെയ്യുവാന്‍ സാധിക്കുമോ?
മാസ്‌കില്ലാതെ വ്യായാമം ചെയ്യാന്‍ ശ്രമിക്കരുത് എന്ന് തന്നെയാണ് പ്രാഥമികമായ ഉത്തരം. വ്യായാമം നിര്‍ബന്ധമായി ചെയ്യേണ്ടവരും. എന്നാല്‍ മാസ്‌ക് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളവരുമായ ഒരു വിഭാഗം ആളുകളുണ്ട്. ആസ്തമ പോലുള്ള ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍, ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവര്‍ മുതലായവര്‍ക്ക് മാസ്‌ക് ഉപയോഗിച്ച് വ്യായാമം ചെയ്യുവാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇത്തരത്തിലുള്ളവര്‍ കഴിയുന്നതും വീട്ടിനുള്ളില്‍ നിന്നുകൊണ്ട് വ്യായാമം ചെയ്യുന്നതാണ് നല്ലത്. 

ഏറ്റവും പ്രധാനമായി ഓര്‍ക്കേണ്ട കാര്യം വ്യായാമം ചെയ്യുമ്പോള്‍ എന്ന് മാത്രമല്ല, മറ്റെല്ലായ്പ്പോഴും മൂക്കും വായും പൂര്‍ണ്ണമായും മറയ്ക്കുന്ന തരത്തില്‍ തന്നെ മാസ്‌ക് ധരിക്കണമെന്നതാണ്. സ്വാഭാവികമായ ചില അസ്വസ്ഥതകള്‍ നമുക്കുണ്ടായേക്കാം എന്നാല്‍ കൊറോണ വൈറസ് മൂലം ഉണ്ടാകുവാനിടയുള്ള പ്രത്യാഘാതങ്ങള്‍ അതിനേക്കാള്‍ എത്രയോ മടങ്ങ് അധികമായിരിക്കുമെന്ന് എപ്പോഴും ഓര്‍മ്മിക്കുക.

(കോഴിക്കോട് ആസ്റ്റര്‍ മിംസിലെ കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ആണ് ലേഖകന്‍)

Content Highlights: Is Wearing a mask while exercising a health risk lung health

Content Highlights: