Year Ender’25: ഇന്ത്യയിലെ പ്രമേഹക്കുതിപ്പ്,ഞെട്ടിപ്പിക്കുന്ന ഹൃദ്രോഗകണക്ക്; ജീവനെടുക്കുന്ന മലിനീകരണം

അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ ആരോഗ്യരംഗം. ശാസ്ത്രവും സാങ്കേതികവിദ്യയും പുരോഗമിക്കുന്നതനുസരിച്ച്, മനുഷ്യരുടെ ജീവിതശൈലിയും ഭക്ഷണക്രമവും ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തമായ ഉൾക്കാഴ്ചകൾ ഇന്ന് ലഭ്യമാണ്. അണുബാധകളും പരിസ്ഥിതി മലിനീകരണവും മാത്രമല്ല, ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ അതിരുകടന്ന ഉപയോഗവും മാനസിക, ശാരീരിക ആരോഗ്യത്തെ ഗൗരവമായി ബാധിക്കുന്ന ഘടകങ്ങളായി മാറിയിട്ടുണ്ട്.
2025ൽ ആരോഗ്യരംഗത്തെ കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട നിർണായകമായ ചില പഠനങ്ങൾ ജീവിതശൈലി രോഗങ്ങൾ, മാനസികാരോഗ്യം, പോഷണം, ഡിജിറ്റൽ ആരോഗ്യം തുടങ്ങിയ മേഖലകളിൽ പുതിയ കണ്ടെത്തലുകൾ മുന്നോട്ടുവയ്ക്കുന്നു. ഭാവിയിലെ ആരോഗ്യസംരക്ഷണ നയങ്ങൾക്കും തീരുമാനങ്ങൾക്ക് വലിയ മാർഗനിർദേശമായി മാറുന്ന കണ്ടെത്തലുകളാണ് പഠനങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
സൂപ്പർബഗുക്കളുടെ വർധനവ്
ആഗോള സാമൂഹ്യ, സാമ്പത്തിക വ്യവസ്ഥയെ ആശങ്കയിലാഴ്ത്തുന്ന ആരോഗ്യ പ്രതിസന്ധിയാണ് ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് (AMR). ലോകാരോഗ്യസംഘടന ഈ നൂറ്റാണ്ടിലെ ഏറ്റവും ഗുരുതരമായ പൊതുജനാരോഗ്യ ഭീഷണിയായാണ് എ.എം.ആറിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ആന്റി മൈക്രോബിയൻ മരുന്നുകളോട് അണുക്കൾക്കുണ്ടാകുന്ന പ്രതിരോധം ഭാവിയിൽ ഉണ്ടായേക്കാവുന്ന ഉയർന്ന മരണനിരക്കിലേക്കും അതുമൂലമുണ്ടാകുന്ന പ്രതിസന്ധികളിലേക്കും വിരൽചൂണ്ടുന്നു.
ആന്റിബയോട്ടിക്കുകൾക്കെതിരെ ബാക്ടീരിയകൾ പ്രതിരോധം നേടുകയാണ്. മരുന്നുകളുമായി നിരന്തരം സമ്പർക്കത്തിലേർപ്പെടുന്ന രോഗാണുക്കൾക്ക് പരിണാമം സംഭവിക്കുന്നുണ്ട്. ഉഗ്രശേഷിയുള്ള മരുന്നുകളോട് പോരാടാൻ അവ ശേഷിയാർജിച്ചേക്കാം. ആധുനിക ചികിത്സാരംഗം നേരിടുന്ന പ്രധാന വെല്ലുവിളിയും സൂപ്പർബഗ്ഗുകളായ ഈ ബാക്ടീരിയകളാണ്. സാധാരണ എൻഡോസ്കോപ്പിക് നടപടിക്രമങ്ങൾക്ക് വിധേയരായ ഇന്ത്യൻ രോഗികളിൽ 83 ശതമാനം പേരിലും മൾട്ടിഡ്രഗ്-റെസിസ്റ്റന്റ് ഓർഗാനിസങ്ങൾ (MDROs) ഉള്ളതായി കാണപ്പെട്ടിരുന്നു. ലാൻസെറ്റ് പുറത്തുവിട്ട പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
- ഡോക്ടർമാരുടെ നിർദേശപ്രകാരം മാത്രം ആന്റിബയോട്ടിക്കുകൾ കഴിക്കുക.
- ആന്റിബയോട്ടിക്കുകൾ ശ്രദ്ധയോടെ ഉപയോഗിക്കാനും മുഴുവൻ കോഴ്സും പൂർത്തിയാക്കാനും ശ്രദ്ധിക്കുക
ഞെട്ടിപ്പിക്കുന്ന ഹൃദ്രോഗ കണക്ക്
'Report on Causes of Death: 2021-2023' അനുസരിച്ച് ഇന്ത്യയിലെ മൊത്തം മരണങ്ങളിൽ ഏകദേശം മൂന്നിലൊന്നും ഹൃദയസംബന്ധമായ രോഗങ്ങൾ മൂലമാണ്. വ്യായാമമില്ലാത്ത ജീവിതശൈലി, വർധിച്ചുവരുന്ന അമിതവണ്ണം, ഉയർന്ന രക്തസമ്മർദ്ദം, പ്രമേഹം, വായുമലിനീകരണം എന്നിവ എല്ലാ പ്രായക്കാരേയും ഹൃദ്രോഗികളാക്കുന്നു.
ഹൃദയാരോഗ്യം കാക്കാൻ ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിലും ഉറക്കത്തിലും തുടങ്ങി മാനസികാരോഗ്യത്തിന് വരെ പ്രാധാന്യം നൽകിയാൽ മാത്രമേ ഹൃദ്രോഗങ്ങളെ പ്രതിരോധിക്കാനാവൂ. ഹൃദയാഘാതം തടയാനുള്ള പ്രധാന മാർഗങ്ങളും ചില മുൻകരുതലുകളും പരിശോധിക്കാം.
- സമീകൃതാഹാരം ശീലമാക്കാം
- ചിട്ടയായ വ്യായാമം
- പുകവലിയും മദ്യപാനവും ഒഴിവാക്കാം
- കൊളസ്ട്രോൾ, പ്രമേഹം, ബിപി എന്നിവ നിയന്ത്രിക്കാം
- മതിയായ ഉറക്കം
പ്രമേഹത്തെ ശ്രദ്ധിക്കണം
ശരീരത്തിലെ ഇൻസുലിൻ ഹോർമോൺ ഇല്ലാതാവുകയോ അളവ് കുറയുകയോ അതിന്റെ പ്രവർത്തനശേഷി കുറയുകയോ ചെയ്യുന്നതുകൊണ്ട് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്ന അവസ്ഥയാണ് പ്രമേഹം. 45 വയസ്സും അതിൽക്കൂടുതലുമുള്ള ഇന്ത്യക്കാരിൽ അഞ്ചിൽ ഒരാൾക്ക് പ്രമേഹമുണ്ടെന്ന കണ്ടെത്തൽ ലാൻസെറ്റ് പുറത്തുവിട്ടിരുന്നു. ഒരുകാലത്ത് പ്രായമായവരെ മാത്രം ബാധിച്ചിരുന്ന രോഗം ഇന്ന് മധ്യവയസ്സുകാർക്കിടയിലും സാധാരണമാകുന്നതിന്റെ സൂചനയായിരുന്നു പഠനം. ചിട്ടയില്ലാത്ത ജീവിതശൈലി, മോശം ഭക്ഷണക്രമം, വ്യായാമമില്ലായ്മ, ജനിതക ഘടകങ്ങൾ, വർധിച്ചുവരുന്ന അമിതവണ്ണം എന്നിവ ഇന്ത്യക്കാരെ പ്രമേഹരോഗികളാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
ഇതോടെ, പ്രമേഹത്തെ പ്രതിരോധിക്കുന്നതിലും നിയന്ത്രിച്ചുനിർത്തുന്നതിലും അതീവശ്രദ്ധ അനിവാര്യമായി മാറിയിരിക്കുന്നു. പ്രമേഹം തടയാൻ ശീലിക്കേണ്ട ചില കാര്യങ്ങൾ പരിശോധിക്കാം.
- നിത്യവ്യായാമം ശീലിക്കുക
- സമീകൃതമായ ഭക്ഷണരീതി
- ശരീരഭാരം കുറയ്ക്കുക
- പുകവലിയും മദ്യപാനവും ഒഴിവാക്കാം
- ഭക്ഷണശേഷം നടക്കുന്നത് ശീലമാക്കാം
വായുമലിനീകരണം ലക്ഷക്കണക്കിന് ജീവനെടുക്കുന്നു
അന്താരാഷ്ട്ര തലത്തിൽ പുറത്തിറങ്ങിയ State of Global Air 2025 റിപ്പോർട്ട് പ്രകാരം 2023-ൽ ഏകദേശം 20 ലക്ഷം മരണങ്ങൾക്ക് വായുമലിനീകരണം കാരണമായതായി വ്യക്തമാക്കുന്നു. ശ്വാസകോശരോഗങ്ങൾക്ക് പുറമെ ഹൃദയാരോഗ്യത്തേയും മസ്തിഷ്കാരോഗ്യത്തേയും വായു മലിനീകരണം ഗുരുതരമായി ബാധിക്കുന്നു. അതിവേഗത്തിലുള്ള നഗരവത്ക്കരണം, വാഹനങ്ങളിൽ നിന്നുള്ള പുക, വ്യാവസായിക മലിനീകരണം, മോശം വായു ഗുണനിലവാര നിയന്ത്രണം എന്നിവയാണ് ഈ ഗുരുതര പ്രശ്നത്തിന് കാരണം.
വായുമലിനീകരണം കാരണം ഇന്ത്യയിൽ 2021-ൽ 46 ലക്ഷം പേർ മരിച്ചതായി ലാൻസെറ്റ് കൗണ്ട്ഡൗണിന്റെ 2024-ലെ റിപ്പോർട്ടും വ്യക്തമാക്കിയിരുന്നു. കൽക്കരി, ദ്രാവക വാതകം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ വഴിയുള്ളതാണ് 38 ശതമാനം മലിനീകരണവും എന്നായിരുന്നു അന്നത്തെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.
- വായുമലിനീകരണം കൂടുതലുള്ള ദിവസങ്ങളിൽ അനാവശ്യമായി പുറത്ത് പോകുന്നത് ഒഴിവാക്കുക.
- മാസ്കുകളോ എയർ പ്യൂരിഫയറുകളോ ഉപയോഗിക്കുക
പാരസീറ്റമോളും ഓട്ടിസവും
ഗർഭകാലത്ത് പാരസീറ്റമോൾ ഉപയോഗിക്കുന്നത് ഗർഭസ്ഥ ശിശുവിന് ഓട്ടിസം പോലുള്ള നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ടുള്ള തകരാറുകൾക്ക് കാരണമാകില്ല. ബിഎംജെയിൽ പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോളതലത്തിൽ അസെറ്റാമിനോഫെൻ എന്നറിയപ്പെടുന്ന പാരസീറ്റമോളിന്റെ ഉപയോഗം ഉപയോഗം കുട്ടികളിൽ ഓട്ടിസത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്നതിന് യാതൊരു തെളിവുമില്ലെന്നും പഠനം കണ്ടെത്തി.
- ഗർഭകാലത്ത് സ്വയം മരുന്ന് കഴിക്കുന്നതിന് മുമ്പ് എപ്പോഴും ഡോക്ടറെ സമീപിക്കുക.
മാനസികനിലയും ഭക്ഷണവും
ഭക്ഷണവും മാനസികാരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ചിലതരം ഭക്ഷണങ്ങൾ പാടേ ഒഴിവാക്കുന്നത് മാനസികനില മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. npj Metabolic Health and Disease-ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ അമിതമായുള്ള ഭക്ഷണക്രമം മസ്തിഷ്കാരോഗ്യത്തെ ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. 30,000 ബ്രെയിൻ സ്കാനുകൾ വിശകലനം ചെയ്തു പുറത്തുവിട്ട പഠനത്തിൽ ഇത്തരം ശീലമുള്ളവരിൽ വിശപ്പ്, സ്വയം നിയന്ത്രണം എന്നിവ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങളിൽ ഘടനാപരവും പ്രവർത്തനപരവുമായ മാറ്റങ്ങളുള്ളതായും കണ്ടെത്തി.
ഇത്തരം മാറ്റങ്ങൾ ക്രേവിങ്ങ്സ് വർധിപ്പിക്കാനും ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കാനും സാധ്യതയുണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകുന്നു. ഈ ശീലം ഹൃദ്രോഗം, അമിതവണ്ണം, പ്രമേഹം, അർബുദം തുടങ്ങി ശാരീരിക അസുഖങ്ങൾക്കും കാരണമായേക്കാം.
- അമിതമായി സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കാം. വല്ലപ്പോഴുമാണ് കഴിക്കുന്നതെങ്കിലും ലേബൽ വായിച്ചുനോക്കി മാത്രം ഉപയോഗിക്കുക.
- അനാരോഗ്യകരമായ ഭക്ഷണക്രമം മെറ്റബോളിസത്തേയും ബാധിച്ചേക്കും.
വൈറ്റമിൻ ഡി കുറഞ്ഞാൽ വിഷാദം ബാധിക്കുമോ?
ജീവിതരീതി അനുസരിച്ച് ശരീരത്തിൽ കുറവുവരാൻ സാധ്യതയുള്ളതാണ് വൈറ്റമിൻ ഡി. അതുകുറഞ്ഞാൽ പലവിധരോഗങ്ങൾ വരാൻ സാധ്യതയുണ്ട്. Biomolecules and Biomedicine ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വൈറ്റമിൻ ഡികുറയുന്നത് വിഷാദരോഗസാധ്യത വർധിപ്പിക്കുന്നതായി പറയുന്നു. കൂടാതെ, വൈറ്റമിൻ ഡി മസ്തിഷ്കാരോഗ്യത്തിന്റെ കാര്യത്തിലും വീക്കം നിയന്ത്രിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നു.
- ഡോക്ടറുടെ നിർദേശപ്രകാരം മാത്രം സപ്ലിമെൻ്റുകൾ ഉപയോഗിക്കുക.
- സപ്ലിമെൻ്റുകൾ ഉപയോഗിക്കാൻ ആരംഭിക്കുന്നതിന് മുമ്പും ദീർഘകാല ഉപയോഗത്തിനിടയിലും വൈറ്റമിൻ ഡി, കാൽസ്യം അളവ് പരിശോധിക്കണം.
- സ്വന്തമായി ഡോസ് വർധിപ്പിക്കരുത്.
കുട്ടികളിലെ സ്മാർട്ട് ഫോൺ ഉപയോഗം അപകടം
സ്മാർട്ട് ഫോൺ ഇല്ലാത്ത ജീവിതം ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങാൻ പോകുന്നത് വരെ ഫോൺ എപ്പോഴും നമ്മുടെ അടുത്തുണ്ടാകും. 13 വയസ്സിന് മുമ്പ് കുട്ടികൾക്ക് സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ കൊടുക്കുന്നത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് Journal of Human Development and Capabilities-ൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. ഇത്ര നേരത്തെ സ്മാർട്ട്‌ഫോൺ ലഭിക്കുന്ന കുട്ടികൾക്ക് കൗമാരത്തിലോ യൗവനത്തിലോ ഉത്കണ്ഠ, വിഷാദം, ആത്മഹത്യാ പ്രവണത എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു. കൂടാതെ, സൈബർ ബുള്ളിയിംഗ്, സാമൂഹിക താരതമ്യം, അമിതമായ സ്ക്രീൻ സമയം, ഉറക്കം തടസ്സപ്പെടുക എന്നിവയ്ക്കും ഇതു കാരണമായേക്കാം.
- സാധിക്കുമെങ്കിൽ കുട്ടികൾക്ക് സ്മാർട്ട്‌ഫോൺ നൽകാതെയിരിക്കുക.
- സ്ക്രീൻ ടൈം പരിധി നിശ്ചയിക്കാം.
Content Highlights: 10 studies that redefined what healthy living means for Indians