ആറുമാസത്തിലൊരിക്കൽ പല്ല് ക്ലീനിങ് നിർബന്ധമായും ചെയ്യണോ? ഇനാമൽ നഷ്ടപ്പെടുമോ?

#ഡോ.ഷഹല ഷഹ്ബാൻ
Representative Image | Photo: Gettyimages.in
Representative Image | Photo: Gettyimages.in

മിക്കവാറും എല്ലാവർക്കും ഉള്ള സംശയമാണ് സ്കെയിലിങ് അഥവാ ഡെന്റൽ ക്ലീനിങ് മൂലം ഇനാമൽ നഷ്ടപ്പെടുമോ എന്നുള്ളത്. ഒരിക്കലും സ്കെയിലിങ് പല്ലിന്റെ പുറത്തെ ആവരണമായ ഇനാമലിന് യാതൊരു കേടുപാടും ഉണ്ടാക്കുന്നില്ല. മറിച്ച് നിങ്ങളുടെ പല്ലിന് ചുറ്റും മോണയ്ക്ക് താഴെയുമൊക്കെയുള്ള അഴുക്കിനെ(calculus) ഒഴിവാക്കി നിങ്ങളുടെ മോണരോ​ഗ്യം നിലനിർത്തുകയാണ് ചെയ്യുന്നത്. 

ഇനി ധാരാളം അഴുക്ക് ഉണ്ടായിട്ടും ക്ലീനിങ് ചെയ്യാൻ വിമുഖത കാണിച്ചാൽ സംഭവിക്കുന്ന കാര്യം, ഈ കട്ടപിടിച്ചിരിക്കുന്ന അഴുക്കിന് താഴെ ഉള്ള എല്ലും മോണയും നഷ്ടമായിക്കൊണ്ടിരിക്കും എന്നതാണ്. അവസാനം ഇത് പല്ലിന് ഇളക്കം സംഭവിക്കുന്നതിലേക്കും പല്ല് നഷ്ടപ്പെടുന്നതിലേക്കും എത്തും. 

സ്കെയിലിങ് ചെയ്യുന്നതിനിടയ്ക്ക് ചില രോ​ഗികളെങ്കിലും പറയുന്ന കാര്യമാണ് ഡോക്ടറേ പല്ല് പൊടിയുന്നുണ്ടല്ലോ, പൊടിഞ്ഞ് വായിലേക്ക് വീഴുന്നുണ്ടല്ലോ എന്നുള്ളത്. ഒരിക്കലും ക്ലീനിങ് മൂലം പല്ല് പൊടിയില്ല, മറിച്ച് ഈ പൊടിഞ്ഞു വീഴുന്നത് നിങ്ങളുടെ പല്ലിലെ ‍അഴുക്കുകൾ ആണ്. 

ഇനി മിക്കവാറും എല്ലാവർക്കും ഉള്ള മറ്റൊരു പരാതിയാണ് ക്ലീനിങ് കഴിഞ്ഞ് അനുഭവപ്പെടുന്ന പുളിപ്പ്. ഇത് നോർമൽ ആണ്, ഒരു 4-6 ആഴ്ച വരെ ചിലർക്ക് പുളിപ്പ് അനുഭവപ്പെടാം. ഈ പുളിപ്പിന് കാരണമെന്ന് പറയുന്നത് അഴുക്ക് ഇരിക്കുന്നത് മൂലം പല്ലിന് ചുറ്റുമുള്ള എല്ല് നഷ്ടപ്പെടുകയും മോണ വേരിന്റെ ഭാ​ഗത്തേക്ക് ഇറങ്ങുന്നതുമാണ്. അഴുക്ക് കട്ടപിടിച്ച് ഒരു മറയായി നിൽക്കുന്നത് കാരണം വേരിന്റെ പ്രതലത്തിൽ വെള്ളം തട്ടില്ല. അതുകൊണ്ടു തന്നെ പുളിപ്പോ മറ്റ് പ്രശ്നങ്ങളോ ആദ്യം രോ​ഗിക്ക് അനുഭവപ്പെടില്ല. പക്ഷേ ക്ലീനിങിനു ശേഷം അഴുക്ക് നീങ്ങി വേരിന്റെ ഭാ​ഗം വ്യക്തമാവുന്നു. ഇതാണ് പുളിപ്പ് അനുഭവപ്പെടാൻ കാരണം.(വേരിന് ഇനാമൽ പോലെ കട്ടിയുള്ള ആവരണമില്ല). 

പാരമ്പര്യമായി മോണ രാേ​ഗമുള്ളവർ, പ്രമേഹമുള്ളവർ, പുകവലിക്കുന്നവർ എന്നിവരിൽ മോണരോ​ഗത്തിന്റെ വ്യാപനം വളരെ വേ​ഗത്തിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഏറെ ജാ​ഗ്രത പുലർത്തേണ്ടതുണ്ട്. 

ആറുമാസത്തിലൊരിക്കൽ ക്ലീനിങ് നിർബന്ധമായും ചെയ്യണം എന്നാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. ഇത് മറ്റൊരു തരത്തിൽ കാൻസർ സ്ക്രീനിങ്ങിനും സഹായിക്കുന്നു. അതായത് വായിലുണ്ടാകുന്ന ഉണങ്ങാത്ത മുറിവുകൾ, നാവിലും കവിളിന്റെ ഉൾഭാ​ഗ​ത്തുമൊക്കെയുണ്ടാവുന്ന കേടുകൾ (PreCancerous Lesions) എന്നിവയൊക്കെ ആരംഭത്തിലേ കണ്ടെത്താൻ കഴിയും. 

സ്കെയിലിങ് കഴിഞ്ഞ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • അടുത്ത 48-72 മണിക്കൂറിൽ മൃദുവായ ഡയറ്റ് തിരഞ്ഞെടുക്കുക
  • മദ്യപാനം, അമിത എരിവുള്ള ഭക്ഷണ പദാർഥങ്ങൾ തുടങ്ങിയവ മോണ സുഖപ്പെടുന്നതുവരെ ഉപയോ​ഗിക്കാതിരിക്കുക
  • അടുത്ത 72 മണിക്കൂറിനുള്ളിൽ പുകയില ഉത്പന്നങ്ങൾ ഉപയോ​ഗിക്കാതിരിക്കുക, ഇതും മോണ സുഖപ്പെടുന്നത് വൈകിപ്പിക്കും. 

Content Highlights: importance of dental cleaning, dental hygiene, dental health tips