സോഫ്റ്റ് ഡ്രിങ്ക്സ് ഉപയോഗത്തിൽ കരുതൽ വേണം, ഗുണകരമായ പാനീയങ്ങൾ ഏതെല്ലാം? നിർദേശവുമായി ഐ.സി.എം.ആർ.

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ആരോ​ഗ്യകരമായ ജീവിതം നയിക്കുന്നതിന് ഡയറ്റിലും ജീവിതരീതിയിലും വരുത്തേണ്ട പതിനേഴ് പ്രധാന മാറ്റങ്ങളേക്കുറിച്ച് ഐ.സി.എം.ആർ. മാർ​ഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. അതിൽ പതിനാലാമത്തേത് വെള്ളത്തേപ്പറ്റിയാണ്. ശരീരത്തിന് ആവശ്യമായ വെള്ളത്തേക്കുറിച്ചും എത്തരത്തിലുള്ള പാനീയങ്ങളാണ് ​ഗുണകരം എന്നതൊക്കെയാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ശരീരഭാരത്തിന്റെ എഴുപതുശതമാനം വെള്ളത്തിന്റേതാണ്. ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളുന്നതിലും ശരീര താപനില നിയന്ത്രിക്കുന്നതിലുമൊക്കെ വെള്ളത്തിന് വലിയ പങ്കുണ്ട്. വിയർപ്പ്, മൂത്രം, വിസർജ്യം എന്നിവയിലൂടെയാണ് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത്. അതിനാൽ ശുദ്ധമായ ജലം ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതുണ്ട്. ആരോ​ഗ്യകരമായ ശരീരമുള്ള ഒരാൾ ദിവസവും എട്ടു​ഗ്ലാസ് (അകദേശം രണ്ടുലിറ്റർ) വെള്ളം കുടിക്കണമെന്ന് ഐ.സി.എം.ആർ. വ്യക്തമാക്കുന്നു. ചൂടുള്ളസമയത്തും ശാരീരികാധ്വാനം കഠിനമാകുമ്പോഴും ഇതിന്റെ അളവ് കൂട്ടണം. 

വെള്ളം സുരക്ഷിതമാണോയെന്ന് എങ്ങനെയറിയാം? 

ബാക്റ്റീരിയ, വൈറസ്, പാരസൈറ്റുകൾ തുടങ്ങിയവയിൽ നിന്ന് മുക്തമായ വെള്ളമാണ് ശുദ്ധജലമായി കണക്കാക്കുന്നത്. കീടനാശിനികൾ, വ്യാവസായിക മാലിന്യങ്ങൾ, വിവിധയിനം കെമിക്കലുകൾ തുടങ്ങിയവ അടങ്ങിയ വെള്ളവും സുരക്ഷിതമല്ല. പത്തുപതിനഞ്ചു മിനിറ്റെങ്കിലും തിളപ്പിച്ച വെള്ളമാണ് ഏറ്റവും സുരക്ഷിതം. വെള്ളം തിളപ്പിക്കുന്നതിനനുസരിച്ച് അതിലെ അണുക്കൾ നശിക്കും. ക്ലോറിൻ കലർത്തി വെള്ളം ശുദ്ധീകരിക്കുന്ന രീതിയും ആധുനിക സംവിധാനങ്ങളിലൂടെ ശുദ്ധീകരിക്കുന്ന രീതിയും സ്വീകരിക്കുന്നവരുണ്ട്. 

ആരോ​ഗ്യകരമായ പാനീയങ്ങളിലൊന്നായി ഐ.സി.എം.ആർ. പറയുന്നത് ഇളനീരിനേയാണ്. വിവിധയിനം ധാതുക്കളടങ്ങിയ ഇളനീർ നിർജലീകരണം ഇല്ലാതാക്കുന്നു. എന്നാൽ ഹൃദയ-വൃക്ക സംബന്ധമായ രോ​ഗങ്ങൾ ഉള്ളവർ ഇതൊഴിവാക്കേണ്ടതുമാണ്. 

എല്ലാ പ്രായക്കാർക്കും ​കുടിക്കാവുന്ന പാനീയങ്ങളിലൊന്നാണ് പാൽ. കുഞ്ഞുങ്ങൾ തുടങ്ങി മുതിർന്നവരുടെ ആരോ​ഗ്യം വരെ കാക്കുന്ന പാലിൽ വളർച്ചയ്ക്കാവശ്യമായ നിരവധി പോഷകങ്ങളുണ്ട്. കാൽസ്യം, അയൺ തുടങ്ങിയവയും പാലിൽ അടങ്ങിയിട്ടുണ്ട്. എളുപ്പം കേടുവരാൻ സാധ്യതയുള്ളതുകൊണ്ടുതന്നെ പാസ്ചറൈസ് ചെയ്ത പാലോ തിളപ്പിച്ച പാലോ വേണം ഉപയോ​ഗിക്കാൻ. 

ഒഴിവാക്കേണ്ടതും ഉൾപ്പെടുത്തേണ്ടതുമായ പാനീയങ്ങൾ| ചിത്രം: ഐ.സി.എം.ആർ.

സോഫ്റ്റ് ‍ഡ്രിങ്ക്സ് ഉപയോ​ഗം കുറയ്ക്കണം

സോഫ്റ്റ് ഡ്രിങ്ക്സിന്റെ ഉപയോ​ഗത്തിലും കരുതൽവേണമെന്ന് ഐ.സി.എം.ആർ. നിർദേശിക്കുന്നു. കാർബണേറ്റഡ് ആയതോ അല്ലാത്തതോ ആയ പാനീയങ്ങളാണിവ. മധുരം, കൃത്രിമ മധുരം,ഭക്ഷ്യയോ​ഗ്യമായ ആസിഡുകൾ, കൃത്രിമ രുചികൾ, ഫ്രൂട്ട് ജ്യൂസുകൾ എന്നിവയാകാം ഇവയിലുണ്ടാവുക. കാർബണേറ്റ് ചെയ്ത സോഫ്റ്റ് ഡ്രിങ്കുകളിൽ അടങ്ങിയ ഫോസ്ഫറിക് ആസിഡ് പല്ലിന്റെ ഇനാമലിന് കേടുവരുത്തുക, വിശപ്പിനെ ഇല്ലാതാക്കുക തുടങ്ങിയവയ്ക്ക് കാരണമാകാം. ഇത്തരം പാനീയങ്ങൾക്ക് പകരമായി ഉപയോ​ഗിക്കാവുന്ന ആരോ​ഗ്യകരമായ പാനീയങ്ങളേക്കുറിച്ചും ഐ.സി.എം.ആർ. നിർദേശിക്കുന്നുണ്ട്. മോര്, നാരങ്ങാവെള്ളം, മധുരം ചേർക്കാത്ത ഫ്രൂട്ട് ജ്യൂസുകൾ, തേങ്ങാവെള്ളം തുടങ്ങിയവയാണവ.

മദ്യോപഭോ​ഗം കുറയ്ക്കണമെന്നും മദ്യത്തിന് അടിമപ്പെടുന്നത് കാൻസർ, ഹൃദ്രോ​ഗം, കരൾരോ​ഗം തുടങ്ങിയ നിരവധി രോ​ഗങ്ങൾക്ക് കാരണമാകുമെന്നും ഐ.സി.എം.ആർ. വ്യക്തമാക്കുന്നുണ്ട്. 

ഐ.സി.എം.ആർ ആഹാരക്രമത്തിൽ നിർദേശിക്കുന്ന 17 മാറ്റങ്ങൾ

  1. സമീകൃതാഹാരം ഉറപ്പിക്കാൻ വ്യത്യസ്തമായ ഭക്ഷണങ്ങൾ കഴിക്കുക.
  2. ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ എന്നിവർക്ക് ഭക്ഷണവും കരുതലും കൂടുതൽ ലഭ്യമാക്കണം. 
  3. പ്രസവശേഷമുള്ള ആദ്യ ആറുമാസക്കാലത്തെ മുലയൂട്ടലിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഉറപ്പാക്കുക, രണ്ടുവയസ്സുവരെ മുലയൂട്ടൽ തുടരുക. 
  4. ആറുമാസം കഴിഞ്ഞാൽ വീട്ടിൽ തയ്യാറാക്കിയ അർധ ഖരരൂപത്തിലുള്ള പൂരകാഹാരങ്ങൾ നൽകാം.
  5. ആരോ​ഗ്യം കാക്കാൻ പ്രാപ്തമായ ആ​ഹാരക്രമം കുട്ടികൾക്കും കൗമാരക്കാർക്കും ഉറപ്പാക്കുക.
  6. ധാരാളം പച്ചക്കറികളും പയർവർ​ഗങ്ങളും കഴിക്കുക.
  7. എണ്ണയും കൊഴുപ്പം മിതമാക്കുക, ദിവസവും ലഭിക്കേണ്ട കൊഴുപ്പ്, ഫാറ്റി ആസിഡുകൾ എന്നിവ നേടുന്നതിനായി നട്സും മറ്റും ശീലമാക്കുക. 
  8. നല്ല പ്രോട്ടീനുകളും അവശ്യ അമിനോ ആസിഡുകളും ലഭ്യമാക്കുകയും പേശികളുടെ കരുത്ത് വർധിപ്പിക്കാനായി പ്രോട്ടീൻ സപ്ലിമെന്റുകളും ഉപയോ​ഗിക്കാതിരിക്കുകയും ചെയ്യുക. 
  9. അടിവയറിലെ വണ്ണവും അമിതവണ്ണവുമെല്ലാം പ്രതിരോധിക്കാൻ ആരോ​ഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുക.
  10. ശാരീരിക പ്രവർത്തനങ്ങളിൽ സജീവമാവുക, ​ദിനവും വ്യായാമം ചെയ്യുക. 
  11. ഉപ്പിന്റെ ഉപയോ​ഗം പരിമിതപ്പെടുത്തുക.
  12. സുരക്ഷിതവും ശുചിത്വവുമാർന്ന ഭക്ഷണം ശീലമാക്കുക. 
  13. ഉചിതമായ പാചകരീതികൾ ഉറപ്പാക്കുക.
  14. ധാരാളം വെള്ളം കുടിക്കുക.
  15. സംസ്കരിച്ച ഭക്ഷണങ്ങൾ, അമിതമായി കൊഴുപ്പും മധുരവും ഉപ്പുമുള്ള ഭക്ഷണങ്ങൾ എന്നിവ പരിമിതപ്പെടുത്തുക. 
  16. പ്രായമായവരുടെ ആ​​ഹാരശീലങ്ങളിൽ പോഷകസമ്പന്നമായവക്ക് പ്രാധാന്യം നൽകുക.
  17. ഭക്ഷണങ്ങളുടെ ലേബലുകളും അതുസംബന്ധിച്ച വിവരങ്ങളും വായിക്കുക. 

Content Highlights: icmr guidelines on drinking water and beverages