പ്രമേഹം; ചികിത്സയെ വിശ്വസിക്കാത്തവര്‍ അപകടത്തിലായേക്കാം, സംശയിക്കേണ്ടത് രോഗത്തെ

#ജ്യോതിദേവ് കേശവദേവ്
Representative Image| Photo: Canva.com
Representative Image| Photo: Canva.com

പ്രമേഹമാണെന്ന് തിരിച്ചറിയുമ്പോൾ അത് ഉൾക്കൊള്ളാൻ പലരും ആദ്യം ബുദ്ധിമുട്ടാറുണ്ട്. എന്നാൽ രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും കൃത്യമായി മനസ്സിലാക്കുമ്പോൾ അവരിൽ ചിലർക്കെങ്കിലും ആശ്വാസം ലഭിച്ചേക്കാം. ശരിയായ ചികിത്സയിലുടെയും ജീവിതശൈലിയിലൂടെയും പ്രമേഹത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കും. അല്ലെങ്കിൽ വലിയ സങ്കീർണതകളായിരിക്കും നേരിടേണ്ടി വരുക. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന രണ്ട് അനുഭവങ്ങൾ വായിക്കാം.  

വാത്സല്യം കണ്ണുകെട്ടരുത്

16 വയസ്സുള്ള സുഭാഷുമായി എന്റെയടുക്കൽ അച്ഛനും അമ്മയും എത്തിയത് 10 വർഷങ്ങൾക്കു മുൻപാണ്. കുഞ്ഞിന് ടൈപ്പ് 1 ഡയബറ്റിസ് ആണെന്ന് കണ്ടുപിടിച്ചിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. അച്ഛൻ ഉയർന്ന ഉദ്യോഗസ്ഥനാണ്. സുഭാഷിന്റെ അമ്മയും വിദ്യാസമ്പന്നയാണ്, വീട്ടമ്മയാണ്. ‘എന്റെ മകന് ടൈപ്പ് 1 പ്രമേഹം ആണെന്നാണ് പറയുന്നത്. പക്ഷേ, അവനീ അസുഖം വരില്ല എന്നെനിക്കുറപ്പാണ്. അവന് ജീവിതകാലം മുഴുവൻ ഇൻസുലിൻ ഇൻജക്ഷൻ എടുക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഡോക്ടർ ഇവന്റെ രോഗം ചികിത്സിച്ച് ഭേദമാക്കിത്തരണം. എന്തുവേണമെങ്കിലും തരാം.’ അവർ ഒറ്റശ്വാസത്തിൽ പറഞ്ഞുനിർത്തി.

ഞാൻ സുഭാഷിന്റെ അച്ഛനെ നോക്കി. അദ്ദേഹം തല കുമ്പിട്ടിരിപ്പാണ്. ഞാനും എന്നോടൊപ്പമുള്ള ഡയബറ്റിസ് എജുക്കേറ്റേഴ്‌സും ക്ഷമയോടെ സംശയങ്ങൾക്ക് മറുപടി കൊടുക്കുകയും ടൈപ്പ് 1 പ്രമേഹത്തിന്റെ പ്രത്യേകതകൾ വിശദീകരിക്കുകയും ചെയ്തു.

ടൈപ്പ് 1 പ്രമേഹം കണ്ടെത്തിയാലും ചിലപ്പോൾ മാസങ്ങളോളം ഗ്ലൂക്കോസ് നോർമൽ ആയി നിലനിന്നു എന്നുവരാം. ഇതിനെ ‘ഹണിമൂൺ പീരിയഡ്’ എന്നാണ് പറയുക. ഇൻസുലിൻ പൂർണമായി നിലച്ചുപോകുന്നതിന് മുൻപുണ്ടാകുന്ന ഒരു ഘട്ടമാണിത്. ടൈപ്പ് 1 പ്രമേഹം ഭേദമായി എന്ന് ധരിപ്പിച്ച് വ്യാജചികിത്സകർ രോഗികളെ കബളിപ്പിക്കുന്ന ഒരു ഘട്ടംകൂടിയാണിത്.

മറ്റ് പ്രമേഹരോഗങ്ങളെ അപേക്ഷിച്ച് ടൈപ്പ് 1 പ്രമേഹം അപൂർവമായി കാണുന്ന ഒന്നാണ്. മിക്ക വികസിത രാജ്യങ്ങളിലും ടൈപ്പ് 1 പ്രമേഹരോഗ ചികിത്സയ്ക്കായുള്ള നൂതന കുത്തിവെപ്പുകളും തുടർച്ചയായ ഗ്ലൂക്കോസ് നിരീക്ഷണ ഉപകരണങ്ങളും ഇൻസുലിൻ പമ്പും എല്ലാം സൗജന്യമാണ്. എന്നാൽ സൗജന്യമായി ഇവ കിട്ടുകയാണെങ്കിൽകൂടിയും അച്ഛനമ്മമാർ ഇത് ഉപയോഗിക്കേണ്ട വിധങ്ങളെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരുന്നില്ലെങ്കിൽ നിരാശയായിരിക്കും ഫലം. വിദേശരാജ്യങ്ങളിലും മറ്റും ടൈപ്പ് 1 പ്രമേഹം വന്ന് 60-70 വർഷങ്ങൾ പിന്നിട്ട ധാരാളം പേരെ കണ്ടെത്താൻ കഴിയും.

ടൈപ്പ് 1 പ്രമേഹത്തിന്റെ സവിശേഷതകൾ അച്ഛനമ്മമാരിലും സമൂഹത്തിലും കൂടുതൽ എത്തിക്കാൻ കഴിഞ്ഞാൽ ടൈപ്പ് 1 പ്രമേഹം ബാധിച്ചിട്ടും വിവാഹം കഴിച്ച് കുഞ്ഞുങ്ങൾക്കൊപ്പം ഊർജസ്വലരായി ജീവിക്കാൻ കഴിയുന്നവരുടെ എണ്ണം വർധിപ്പിക്കാൻ കഴിയും.

കേരളത്തിലെ ടൈപ്പ് 1 പ്രമേഹബാധിതരായവരുടെ മാതാപിതാക്കൾ അഞ്ച് വർഷം മുൻപ് രൂപവത്കരിച്ചതാണ് കേരള ടൈപ്പ് 1 ഡയബറ്റിസ് വെൽഫെയർ സൊസൈറ്റി. ഇപ്പോൾ അച്ഛനമ്മമാരുടെ നേതൃത്വത്തിൽതന്നെ ശക്തമായ ബോധവത്കരണ പരിപാടികളാണ് എല്ലാ ജില്ലകളിലും നടക്കുന്നുണ്ട്. പാൻക്രിയാസിൽനിന്നുമുള്ള ഇൻസുലിൻ ഉത്പാദനം രോഗം വന്ന് മാസങ്ങൾക്കുള്ളിൽതന്നെ നിശ്ശേഷം നിലയ്ക്കും. ഒരുദിവസം നാല് പ്രാവശ്യമോ, അതിൽ കൂടുതലോ ഇൻസുലിൻ കുത്തിവയ്ക്കണം. ഭക്ഷണത്തിനുമുൻപ് എടുക്കുന്ന ഇൻസുലിന്റെ ഡോസ് അപ്പപ്പോൾ ഉള്ള ഗ്ലൂക്കോസിന്റെ അളവും, ഭക്ഷണത്തിന്റെ തോതും കണക്കാക്കി മാറ്റിക്കൊണ്ടിരിക്കും. അപ്രതീക്ഷിതമായി ഗ്ലൂക്കോസ് ഉയരുകയും താഴുകയും ചെയ്യുക ഈ രോഗത്തിന്റെ പ്രത്യേകതയാണ്.

ടൈപ്പ് 1 പ്രമേഹരോഗചികിത്സയ്ക്ക് ഏറ്റവും പുതിയതായി എത്തിയ ഉപാധിയാണ് 780 G എന്ന ഓട്ടോമാറ്റഡ് ഇൻസുലിൻ ഫില്ലിങ് ഡിവൈസ്. ഇന്ത്യയിലും ഇത് ലഭ്യമാണ്. ഇൻസുലിൻ ആവശ്യമുള്ള ടൈപ്പ് 2 പ്രമേഹ രോഗികൾക്കും ഇത് ഉപയോഗിക്കാം. ഇതിന്റെ പ്രത്യേകത ഗ്ലൂക്കോസ് കൂടുന്ന വേളയിൽ ഇൻസുലിൻ തനിയെ കൂടുകയും ഗ്ലൂക്കോസ് കുറയുന്ന വേളയിൽ ഇൻസുലിൻ തനിയെ കുറയുകയും ചെയ്യുന്നു എന്നതാണ്. ഭക്ഷണത്തിനുമുൻപുള്ള ബോളസ് ഇൻസുലിൻ എടുക്കാൻ മറന്നുപോയാൽ അതും 780 G തനിയെ ചെയ്യുന്നതാണ്.

അല്പം ശ്രദ്ധ കാട്ടിയാൽ നന്നായി നിയന്ത്രിക്കാൻ കഴിയുന്ന ഒരു രോഗമാണ് ടൈപ്പ് 1 പ്രമേഹം. അതിന് കഴിയാതെ വരുമ്പോഴാണ് 10-15 വർഷങ്ങൾക്കുള്ളിൽതന്നെ വൃക്ക, ഹൃദയം, കണ്ണുകൾ, നാഡീവ്യൂഹം എന്നിവയ്‌ക്കൊക്കെ തകരാർ സംഭവിക്കുന്നത്.

ജീവന്റെ വില

56 വയസ്സുള്ള ദിനേശിന്‌ പ്രമേഹം വന്നിട്ട് 10 വർഷങ്ങൾ കഴിഞ്ഞു. കാലിൽ ഉണങ്ങാത്ത മുറിവുണ്ട്. അദ്ദേഹത്തിന്റെ കൈവശം ഒരു റിപ്പോർട്ട് മാത്രമാണുണ്ടായിരുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് 432 mg/dL. ‘’ഡോക്ടർ, എനിക്കിത് പെട്ടെന്ന് കുറയ്ക്കണം. മുറിവ് ചികിത്സിക്കുന്ന ഡോക്ടർ പറയുന്നത് ഇൻസുലിൻ കുത്തിവെപ്പ് എടുക്കണമെന്നാണ്. അതിനെനിക്ക് പ്രയാസമില്ല. പക്ഷേ, ഡോക്ടറുടെ അഭിപ്രായംകൂടി എനിക്കറിയണം.’’

ഞാൻ അദ്ദേഹത്തെ വിശദമായി പരിശോധിച്ചു. രണ്ട് കാല്പാദങ്ങളിലും സ്പർശിക്കുന്നത് അദ്ദേഹം അറിയുന്നില്ല. വളരെ വർഷങ്ങളായി രക്തത്തിലെ പഞ്ചസാര അപകടകരമായി ഉയർന്നുനിന്നതുകാരണം നിരവധി അവയവങ്ങളെ ബാധിച്ചുകഴിഞ്ഞു. സാവധാനം അദ്ദേഹത്തെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി. എത്രയൊക്കെ പറഞ്ഞിട്ടും  അവസാനം ‘കാലിലെ മുറിവുമാത്രം ചികിത്സിച്ചാൽ മതി’ എന്ന ആവശ്യത്തിലേക്ക് അദ്ദേഹം തിരികെ പോകും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിച്ചു.  അതിനനുസരിച്ച് ഔഷധങ്ങളുടെ ഡോസ് ക്രമീകരിച്ച് പറഞ്ഞുകൊടുത്തു. മൂന്ന് ദിവസം കഴിയുമ്പോൾ സഹായത്തിന് ആരെയെങ്കിലും കൂട്ടി വരണമെന്ന് പറഞ്ഞാണ് വിട്ടത്. മനസ്സില്ലാമനസ്സോടെ എല്ലാം സമ്മതിച്ച് അദ്ദേഹം മടങ്ങി.
മൂന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ദിനേശ് തിരിച്ചുവന്നില്ല. നഴ്‌സ് അദ്ദേഹത്തെ ഫോണിൽ വിളിച്ചു. ഫോണിലൂടെ അദ്ദേഹം ആക്രോശിക്കുകയാണ് ചെയ്തത്. ‘’അത്യാവശ്യം അറിയപ്പെടുന്ന കലാകാരനായ എന്നോട് ഇത് കാണിക്കുകയാണെങ്കിൽ മറ്റുള്ളവരോട് എന്തായിരിക്കും? നിങ്ങൾ പറയുന്നതൊന്നും ചെയ്യേണ്ടതില്ല എന്ന് അറിവുള്ളവർ എനിക്ക് പറഞ്ഞുതന്നു...’’ നഴ്‌സ് ക്ഷമയോടെ എല്ലാം കേൾക്കുകയും അദ്ദേഹത്തെ അപകടസ്ഥിതി മനസ്സിലാക്കിക്കൊടുക്കാൻ ശ്രമിക്കുകയും ചെയ്തു.  ഇങ്ങനെ ചികിത്സയിൽ വിശ്വാസമില്ലാത്ത രോഗികൾ പലപ്പോഴും വലിയ അപകടങ്ങളിൽ എത്തിപ്പെടാനിടയുണ്ട്. 

ഉൾക്കൊള്ളാൻ ചില പാഠങ്ങളുണ്ട്

  • രോഗി ഡോക്ടറെ കാണാൻ പോകുമ്പോൾ ഏറ്റവും അടുത്ത ബന്ധുക്കളാരെങ്കിലും ഒപ്പം വേണം. കൂടെ ആരെങ്കിലും ഉണ്ടെങ്കിൽ രോഗത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ അവരെ ബോധ്യപ്പെടുത്താൻ  സാധിക്കും.
  • പ്രമേഹ അനുബന്ധരോഗങ്ങൾ വന്നുകഴിഞ്ഞാൽ മിക്കവാറും രോഗികൾക്ക് മാനസിക പ്രശ്‌നങ്ങൾകൂടി ഒപ്പം കാണും. നിരാശ, ദേഷ്യം, ഇവയൊക്കെ പ്രകടിപ്പിക്കാനും ഇടയുണ്ട്. ഇത്തരം ഘട്ടങ്ങളിൽ പ്രിയപ്പെട്ടവർ ക്ഷമയോടെ ഒപ്പം വേണം.
  • പ്രമേഹ അനുബന്ധരോഗങ്ങൾ, പാദവ്രണം, വൃക്കരോഗം, ഹൃദയാഘാതം, പക്ഷാഘാതം, റെറ്റിനോപ്പതി ഇവയൊക്കെ ചികിത്സിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് വളരെ പ്രധാനമാണ്.  
  • പ്രമേഹം ചെറുതാണെങ്കിലും വലുതാണെങ്കിലും ശരിയായ രക്തപരിശോധന നടത്തി മരുന്ന്, വ്യായാമം, ഭക്ഷണം എന്നിവ ക്രമീകരിക്കാൻ ശ്രദ്ധിക്കണം. ഓർക്കുക, പ്രമേഹംമൂലം സംഭവിക്കുന്ന മിക്കവാറും എല്ലാ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും ക്ഷമയോയോടുകൂടി ചികിത്സയെ സമീപിച്ചാൽ 100 ശതമാനവും ഒഴിവാക്കാൻ കഴിയും.

ജ്യോതിദേവ്‌സ് ഡയബറ്റിസ് റിസർച്ച് സെന്റേഴ്‌സ് ചെയർമാനാണ് ലേഖകൻ

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: how to prevent diabetes diabetes treatment and complications