ലക്ഷണങ്ങൾ കാണിക്കാത്തതിനാൽ രോഗനിർണയവും ചികിത്സയും വൈകാം; സെർവിക്കൽ കാൻസർ പ്രതിരോധം

Representative Image| Photo: Canva.com
Representative Image| Photo: Canva.com

സ്തനാർബുദം കഴിഞ്ഞാൽ സ്ത്രീകളിൽ  ഏറ്റവുമധികമായി കണ്ടുവരുന്ന കാൻസറാണ് ഗർഭാശയഗള അർബുദം അഥവാ സെർവിക്കൽ കാൻസർ. കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ സെർവിക്കൽ കാൻസർ രോഗികളുള്ളത് ഇന്ത്യയിലാണ്. ഗ്ലോബോകാൻ റിപ്പോർട്ട് പ്രകാരം 2020ൽ 1,23,907 പേരെ സെർവിക്കൽ കാൻസർ  ബാധിക്കുകയും 77,348 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. മറ്റ് കാൻസർ രോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു അണുബാധമൂലമാണ് സെർവിക്കൽ കാൻസർ ഉണ്ടാകുന്നത്. സർവസാധാരണമായ ഹ്യൂമൻ പാപ്പിലോമ (എച്ച്.പി.വി) എന്ന വൈറസിന്റെ വകഭേദങ്ങളാണ് രോഗകാരിയായി മാറുന്നത്. അതുകൊണ്ട് തന്നെ 15 വയസ്സിന് മുകളിലുള്ള ഇന്ത്യയിലെ 51.4 കോടിയോളം വരുന്ന വനിതകളിലും  രോഗം ബാധിക്കാനുള്ള സാധ്യതകൾ അവഗണിക്കാനാകില്ല. അതേസമയം എച്ച്.പി.വി വാക്സിൻ ഉപയോഗിക്കുന്നതിലൂടെ രോഗം പൂർണമായും പ്രതിരോധിക്കാൻ കഴിയും.

ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധ ഉണ്ടാകുന്നതെങ്ങനെ?

200-ലധികമുള്ള എച്ച്.പി.വി വൈറസ് വകഭേദങ്ങളിൽ 14-ഓളം വൈറസുകളാണ് കാൻസറിന് വഴിവെക്കുന്നത്. ഇതിൽ തന്നെ ടൈപ്പ് 16, 18 വൈറസുകളാണ് ആഗോള തലത്തിൽ 73 ശതമാനവും ഇന്ത്യയിൽ മാത്രം 80 മുതൽ 85 ശതമാനം രോഗത്തിനും കാരണമാകുന്നത്. 

വളരെ വേഗത്തിൽ വ്യാപിക്കുന്ന വൈറസ് ശാരീരിക ബന്ധത്തിലൂടെയും മറ്റ് ചർമസസർക്കത്തിലൂടെയുമാണ് ബാധിക്കുന്നത്. ശാരീരികബന്ധം ആരംഭിച്ചതിനുശേഷമാണ് ഈ അണുബാധ കൂടുതൽ കാണുന്നത്. 50 വയസ്സാകുമ്പോഴേക്കും 80 ശതമാനം പേരിലും ബാധിച്ചിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 85 ശതമാനം പേരിലും വൈറസ് ബാധ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ മാറുന്നതായിട്ടാണ് കണ്ടുവരുന്നത്. അതുകൊണ്ട് തന്നെ എല്ലാവരിലും സെർവിക്കൽ കാൻസർ ഉണ്ടാകണമെന്നില്ല. അതേസമയം ബാക്കി 15 ശതമാനം പേരിൽ അണുബാധ സ്ഥിരമായി നില നിൽക്കും.   ഇതിൽ അഞ്ച് ശതമാനത്തോളം പേരിൽ സെർവിക്കൽ കാൻസറിന് മുന്നോടിയായിട്ടുള്ള കോശ വളർച്ച ഉണ്ടായേക്കാമെന്നാണ് കരുതുന്നത്.  പലരിലും രോഗലക്ഷണങ്ങൾ കാണിക്കാത്തതിനാൽ രോഗനിർണയവും ചികിത്സയും വൈകുന്നുണ്ട്.

സെർവിക്കൽ കാൻസറിനെ പ്രതിരോധിക്കാം, എച്ച്.പി.വി വാക്സിനിലൂടെ

എച്ച്.പി.വി വാക്സിൻ ഉപയോഗിച്ച് ഗർഭാശയമുഖത്തുണ്ടാകുന്ന സെർവിക്കൽ കാൻസറിനെ പൂർണമായും പ്രതിരോധിക്കാൻ ഇന്ന് കഴിയും. യോനിയിലും മലദ്വാരത്തിലുമുണ്ടാകുന്ന കാൻസറിനേയും പുരുഷലിംഗത്തിലുണ്ടാകുന്ന കാൻസറിനെയും പ്രതിരോധിക്കാനും ഈ വാക്സിനുകൾക്ക് കഴിയും. ബൈവാലന്റ്,  ക്വാഡ്രിവാലന്റ്, നോനാവാലന്റ് എന്നിങ്ങനെ മൂന്ന് തരത്തിലാണ് എച്ച്.പി.വി വാക്സിനുകൾ നൽകുന്നത്. ഏറ്റവുമധികം സെർവിക്കൽ കാൻസർ ബാധിതർ ഉണ്ടാകുന്ന രാജ്യം എന്ന നിലയിൽ അണുബാധ ചെറുക്കുന്നതിന് വാക്സിൻ എടുക്കുന്നതിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇതിനായി എച്ച്.പി.വി  വാക്സിനെ ദേശീയ പ്രതിരോധ കുത്തിവെപ്പിൽ ഉൾപെടുത്തുന്നതും നല്ലതാണ്.

എച്ച്.പി.വി വാക്സിനുകൾ നൽകുന്നതെങ്ങനെ?

ഗാർഡാസിൽ, സെർവാരിക്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന എച്ച്.പി.വി വാക്സിൻ ഒന്നിലധികം ഡോസുകളായിട്ടാണ് നൽകുന്നത്. പ്രായത്തിന് അനുസരിച്ചാണ് എത്ര ഡോസുകൾ, എങ്ങനെ നൽകണമെന്ന് തീരുമാനിക്കുന്നത്. 

കുട്ടികളിൽ കൗമാര പ്രായത്തിൽ തന്നെ നൽകുന്നതായിരിക്കും നല്ലത്. ഒൻപത് മുതൽ 14 വയസ്സുവരെയുള്ള പ്രായമാണ് ഏറ്റവും ഉചിതം. രണ്ട് ഡോസ് ആയിട്ടാണ് നൽകേണ്ടത്. ആദ്യ ഡോസ് എടുത്ത് ആറു മാസത്തിനുശേഷം വേണം രണ്ടാം ഡോസ് നൽകാൻ. പരമാവധി 15 മാസത്തിനുള്ളിൽ തന്നെ നൽകാൻ ശ്രദ്ധിക്കണം.

15 മുതൽ 26 വയസ്സുവരെയുള്ളവരിൽ മൂന്നു ഡോസുകളായാണ് നൽകുന്നത്. ആദ്യ ഡോസ് കഴിഞ്ഞ് ആദ്യമാസത്തിലും ആറാംമാസത്തിലും അടുത്ത ഡോസുകൾ സ്വീകരിക്കണം. ക്വാഡ്രിവാലന്റ്, നോനാവാലന്റ് വാക്സിനുകളായി നൽകുമ്പോൾ ആദ്യ ഡോസ് സ്വീകരിച്ച് രണ്ട്, ആറ് മാസങ്ങളിൽ വേണം ബാക്കി രണ്ട് ഡോസുകളും സ്വീകരിക്കാൻ. 

27 മുതൽ 45 വയസ്സ് വരെയുള്ളവർക്കും മൂന്നുഡോസായി തന്നെയാണ്  വാക്സിൻ നൽകുന്നത്. ആദ്യ ഡോസ് കഴിഞ്ഞ് ആദ്യ മാസത്തിലും ആറാം മാസത്തിലും അടുത്ത ഡോസുകൾ സ്വീകരിക്കണം. ക്വാഡ്രിവാലന്റ്, നോനാവാലന്റ് വാക്സിനുകളായി നൽകുമ്പോൾ ആദ്യ ഡോസ് സ്വീകരിച്ച് രണ്ട്, ആറ് മാസങ്ങളിൽ വേണം ബാക്കി രണ്ട് ഡോസുകളും സ്വീകരിക്കാൻ. 

എച്ച്.പി.വി വാക്സിന്റെ പ്രവർത്തനം എങ്ങനെ?

എച്ച്.പി.വി വാക്സിൻ സ്വീകരിക്കുന്നതോടെ ഭാവിയിൽ  അണുബാധ ഉണ്ടാകാനുള്ള സാധ്യത  ഇല്ലാതാവുകയാണ് ചെയ്യുന്നത്. അതേസമയം നിലവിലുള്ള അണുബാധകളെ ചികിത്സിക്കാൻ ഈ വാക്സിന് കഴിയില്ല. ശാരീരികബന്ധത്തിൽ ഏർപ്പെടുന്ന ഭൂരിഭാഗം പേരിലും ഇതിനോടകം അണുബാധ ഉണ്ടായിട്ടുണ്ടായേക്കാം. ഒന്നിലധികം പങ്കാളികളുമായി ബന്ധപ്പെടുന്നത് കൂടുതൽ അണുബാധ ഉണ്ടാകാനും കാരണമായേക്കാം. അത് കൊണ്ട് തന്നെ ആദ്യമായി ശാരീരികബന്ധം ആരംഭിക്കുന്നതിന് മുൻപ് തന്നെ വാക്സിൻ സ്വീകരിക്കുന്നതാണ് ഏറ്റവും നല്ലത്.

മറ്റേതൊരു വാക്സിൻ പോലെയും എച്ച്.പി.വി വാക്സിൻ എടുക്കുമ്പോഴും വളരെ കുറഞ്ഞ തോതിൽ പാർശ്വഫലങ്ങൾ ഉണ്ടാകാം. കുത്തിവെപ്പ് എടുത്ത സ്ഥലത്ത് ചുവപ്പോ ബോധക്ഷയമോ ഉണ്ടാകുന്നതാണ് ഏറ്റവും കൂടുതലായി കണ്ടുവരുന്ന പാർശ്വഫലങ്ങൾ. കൗമാരക്കാരിലാണ് ഇത്തരം ബുദ്ധിമുട്ടുകൾ കൂടുതലായി കാണുന്നത്. ചിലർക്ക് ഓക്കാനം, തലവേദന തുടങ്ങിയ ബുദ്ധിമുട്ടുകളും ഉണ്ടാകാം.

തയ്യാറാക്കിയത്
ഡോ. വി.പി സലീം. 
സീനിയർ കൺസൾട്ടന്റ്
സർജിക്കൽ ഓങ്കോളജിസ്റ്റ് ആന്റ് റോബോട്ടിക്സ് സർജൻ
ആസ്റ്റർ മിംസ്
കോഴിക്കോട്

Content Highlights: how to prevent cervical cancer, hpv vaccine