കുട്ടികളിലെ പഠനവൈകല്യങ്ങൾ തിരിച്ചറിയാം, ഒക്യുപ്പേഷണല്‍ തെറാപ്പിയിലൂടെ മറികടക്കാം

വായന, എഴുത്ത്, ഗണിതശാസ്ത്രം പോലുള്ള അടിസ്ഥാന വിഷയങ്ങൾ പഠിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്ന തലച്ചോറിന്റെ വളര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്ന അവസ്ഥയാണ് പഠനവൈകല്യം. പഠനവൈകല്യം എന്നത് ഒരാളുടെ ബുദ്ധിയുടെ പ്രതിഫലനമല്ല, മറിച്ച് ഒരു വിവരം മസ്തിഷ്കം വ്യത്യസ്തമായാണ് കൈകാര്യം ചെയ്യുന്നത് എന്നതിന്റെ അടയാളമാണ്.
കൃത്യമായ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ പഠനവൈകല്യമുള്ള വ്യക്തികള്‍ പഠനവുമായി ബന്ധപ്പെട്ട വൈല്ലുവിളികള് മാത്രമല്ല നേരിടേണ്ടി വരിക. അവരുടെ ആത്മാഭിമാനത്തെ മോശമായി ബാധിക്കുന്നതിനൊപ്പം ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളും നേരിടേണ്ടിവരും.
പ്രധാന ലക്ഷണങ്ങള്‍
- എഴുതാനുള്ള ബുദ്ധിമുട്ട്
- സ്ഥിരമായി അക്ഷരങ്ങള്‍ മാറിപ്പോവുക (ഉദാ. ആശയക്കുഴപ്പമുണ്ടാക്കുന്ന 'b' ഉം d' ഉം)
- മിറര്‍ റൈറ്റിങ് (ഉദാ. 'saw' എന്ന് എഴുതുന്നത് 'was')
- ഇടയ്ക്കിടെ അക്ഷരങ്ങള്‍ മാറ്റിയെഴുതുക (ഉദാ. 'a' എന്നതിന് പകരം 'e' എന്ന് എഴുതുക; 'pat' എന്നതിന് പകരം 'pet' എന്ന് എഴുതുക)
- 7 വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഇത്തരം തെറ്റുവരുത്തലുകള് സാധാരണമാണ്. എന്നാല്‍, അവ തുടരുകയാണെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
സ്കൂളില്‍ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകള്‍
- വായിക്കാനുള്ള ബുദ്ധിമുട്ടുകള്‍ (ഉദാ: വാക്കുകള്‍ തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്, സ്വരങ്ങളുടെ ഉച്ചാരണവും വായനയുടെ ഒഴുക്കും കൃത്യമല്ലാതിരിക്കുക)
- എഴുതാനുള്ള ബുദ്ധിമുട്ട് (ഉദാ: ചിന്തകള്‍ ക്രോഡീകരിക്കാന്‍ കഴിയാതെ വരിക, ബോര്‍ഡില്‍നിന്ന് പകര്‍ത്തുമ്പോള്‍ അക്ഷരങ്ങളുടെ രൂപീകരണം, വിന്യാസം എന്നിവ തെറ്റിക്കുകയോ വരികള്‍ തന്നെ പകര്ത്താതിരിക്കുകയോ ചെയ്യുക)
- മൊത്തത്തില്‍ അടുക്കും ചിട്ടയും ഇല്ലാതിരിക്കുക, അല്ലെങ്കില്‍ മോശം കൈയക്ഷരം (അക്ഷരങ്ങള്‍ക്ക് ക്രമരഹിതമായ വലിപ്പം, അക്ഷരങ്ങള്ക്കിടയിലോ വാക്കുകള്‍ക്കിടയിലോ അലസമായ വിടവ്)
- കണക്കില്‍ നേരിടുന്ന വെല്ലുവിളികള്‍ (ഉദാ: സംഖ്യകള്‍, അടിസ്ഥാന ഗണിത ആശയങ്ങള്‍ എന്നിവ മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്)
ഓര്‍മയിലും ഏകാഗ്രതയിലും നേരിടുന്ന പ്രശ്നങ്ങള്‍
- നിര്‍ദേശങ്ങളോ ക്രമങ്ങളോ ഓര്‍ത്തെടുക്കാനുള്ള ബുദ്ധിമുട്ട്
- ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ മോശം, വളരെ പെട്ടെന്ന് ശ്രദ്ധ ഇല്ലാതാകുക
- നിര്‍ദേശങ്ങള്‍ പിന്തുടരുന്നതിലുള്ള പ്രശ്നങ്ങള്‍
- ഒന്നിലേറെ ഘട്ടങ്ങളുള്ള നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ബുദ്ധിമുട്ട്
- ലളിതമായ, നേരായ ഒറ്റ നിര്‍ദേശം പാലിക്കാന്‍ കഴിയാതിരിക്കുക
- വിചിത്രമായ ചലനങ്ങള്‍, പലപ്പോഴും വസ്തുക്കളില്‍ തട്ടിവീഴുക
പഠന വൈകല്യമുള്ള കുട്ടികളെ സഹായിക്കുന്നതില്‍ ഒക്യുപേഷണല്‍ തെറാപ്പിയുടെ പങ്ക്
കുട്ടികളിലെ പ്രത്യേക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലൂടെയും അവരുടെ മൊത്തത്തിലുള്ള വികാസം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും പഠന വൈകല്യമുള്ള കുട്ടികളെ പിന്തുണയ്ക്കുന്നതില്‍ ഒക്യുപേഷണല്‍ തെറാപ്പി നിര്‍ണായകമാണ്. തുടക്കത്തില്‍ സെന്‍സറി ഇന്റഗ്രേഷന്‍, അടിസ്ഥാന സാമൂഹികവല്കരണം, സ്വയം സഹായ കഴിവുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തെറാപ്പി കുട്ടി വളരുന്നതിനനുസരിച്ച് മാറുന്നു.
അടുത്ത ഘട്ടത്തില്‍, സോഷ്യല്‍ പ്ലേ, മോട്ടോര്‍ കഴിവുകള്‍, എഴുത്ത് എന്നിവ വികസിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. കൗമാരപ്രായത്തോടെ, സ്വതന്ത്ര ജീവിതം, സാമൂഹിക കഴിവുകള്‍, തൊഴില്‍ താല്പര്യങ്ങള് എന്നിവ വളര്‍ത്തുന്നതിലേക്ക് ഒക്യുപേഷണല്‍ തെറാപ്പി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
അവരെ ഉള്‍ക്കൊള്ളാന്‍ ലളിതമായ ചില മാര്‍ഗങ്ങളിതാ
- ലളിതമായ ഭാഷയില്‍ വ്യക്തവും നേരിട്ടുള്ളതുമായ ആശയവിനിമയം
- ചുമതലകളെ ചെറുതും കൂടുതല്‍ കൈകാര്യം ചെയ്യാവുന്നതുമായ ഭാഗങ്ങളായി വിഭജിക്കുക
- അധ്യാപകര്‍ക്ക് ഇന്‍ക്ലൂസീവ് പ്രാക്ടീസുകളെക്കുറിച്ചുള്ള പരിശീലനം നല്‍കുക.
- നന്നായി മനസ്സിലാക്കിക്കാന്‍ വിഷ്വല്‍ സൂചകങ്ങള്‍ (ലേബലുകള്‍, കളര്‍-കോഡിങ്) ഉപയോഗിക്കുക.
- തെറാപ്പി ബോളുകള്‍ അല്ലെങ്കില്‍ തലയണകള്‍ ഉപയോഗിക്കുന്നതുപോലുള്ള സെന്‍സറി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുക.
- സ്ഥിരമായ ഒരു ദിനചര്യ ഉണ്ടാക്കിയെടുക്കുക. അതില്‍ മാറ്റമുണ്ടെങ്കില്‍ മുന്‍കൂട്ടി അറിയിക്കുക.
- പ്രവര്‍ത്തനങ്ങളിലെ മാറ്റം മുന്‍കൂട്ടി മനസ്സിലാക്കാന്‍ കുട്ടികളെ സഹായിക്കാന്‍ ടൈമറുകള് ഉപയോഗിക്കുക.
പഠനവൈകല്യങ്ങളില്‍ ഒക്യുപേഷണല്‍ തെറാപ്പിയുടെ പ്രയോജനങ്ങള്‍
കൈയക്ഷരം മെച്ചപ്പെടുത്തുക, വസ്ത്രധാരണം, സ്വന്തം കാര്യങ്ങള്‍ ചെയ്യുക പോലുള്ള ദൈനംദിന ജീവിതത്തിന് ആവശ്യമായ മോട്ടോര്‍ കഴിവുകള്‍ വികസിപ്പിക്കാന്‍ ഒക്യുപേഷണല്‍ തെറാപ്പി സഹായിക്കുന്നു. പഠനവൈകല്യമുള്ള കുട്ടികള്‍, തങ്ങളുടെ പരിസ്ഥിതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇടപഴകാനും പ്രയാസമാക്കുംവിധം പലപ്പോഴും സെന്‍സറി പ്രോസസ്സിങ്ങുമായി പോരാടുന്നു. ഒക്യുപേഷണല്‍ തെറാപ്പി വെല്ലുവിളികളെ അഭിസംബോധന ചെയ്യുകയും അക്കാദമികവും സാമൂഹികവുമായ വിജയത്തിന് അത്യന്താപേക്ഷിതമായ സ്വയം നിയന്ത്രണം, ഏകാഗ്രത, പെട്ടെന്നുള്ള വികാരങ്ങളുടെ നിയന്ത്രണം എന്നിവ പഠിപ്പിക്കുകും ചെയ്യുന്നു.
ഒക്യുപേഷണല്‍ തെറാപ്പി, പ്രശ്നപരിഹാരം, മെമ്മറി തുടങ്ങിയ വൈജ്ഞാനിക കഴിവുകള്‍ വര്‍ധിപ്പിക്കുകയും കുട്ടികളെ കൂടുതല്‍ സ്വതന്ത്രരാകാന്‍ സഹായിക്കുകയും ചെയ്യുന്നു. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക കഴിവുകള്‍ മെച്ചപ്പെടുത്തുന്നു. അതിലൂടെ ടേണ്‍-ടേക്കിങ്ങും ഷെയറിങ്ങും കുട്ടി പരിശീലിക്കുന്നു. ഇത് സമപ്രായക്കാരുമായും കുടുംബവുമായും മികച്ച ആശയവിനിമയത്തിന് സഹായിക്കും. കൂടാതെ, ഓരോ കുട്ടിയുടെയും പഠന ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനായി ക്ലാസ്റൂം ക്രമീകരണങ്ങള്‍ പരിഷ്കരിക്കാന്‍ ഒക്യുപേഷണല്‍ തെറാപ്പി അധ്യാപകരെ സഹായിക്കുന്നു.
കുട്ടിയുടെ കൈയക്ഷരം മെച്ചപ്പെടുത്തുന്നതിനായി ഒരു ചെരിഞ്ഞ ബോര്‍ഡ് ഉപയോഗിക്കാനോ കുട്ടികളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കുന്ന ഫിഡ്ജറ്റ് ടൂളുകള്‍ ഉപയോഗിക്കാനോ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് ശുപാര്‍ശ ചെയ്തേക്കാം. സെന്‍സറി ആവശ്യങ്ങളുള്ള കുട്ടികളെ പിന്തുണയ്ക്കുന്നതിനായി വോബിള്‍ കുഷ്യനുകള്‍ പോലെയുള്ള അഡാപ്റ്റീവ് ഇരിപ്പിടങ്ങളും അല്ലെങ്കില്‍ ചിട്ടയായിരിക്കാനും മെമ്മറി നിലനിര്‍ത്താനും സഹായിക്കുന്ന കളര്‍ കോഡ് ചെയ്ത ഫോള്‍ഡറുകളും അവര്‍ നിര്‍ദേശിച്ചേക്കാം.
പഠനവൈകല്യമുള്ള കുട്ടികള്‍ ഇരിക്കുന്ന രീതി വളരെ പ്രധാനമാണ്. അത് അവരുടെ ശ്രദ്ധയേയും പഠിക്കാനുള്ള കഴിവിനെയും ജോലികള്‍ കാര്യക്ഷമമായി നിര്‍വഹിക്കാനുള്ള അവരുടെ കഴിവിനെയും ബാധിക്കുന്നു. ഇരിക്കുന്നതിലെ തെറ്റായ രീതി അവരില്‍ അസ്വസ്ഥത, ക്ഷീണം, മോട്ടോര്‍ സ്കില്‍ കോര്‍ഡിനേഷനില്‍ ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകും. ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ കുട്ടികളില്‍ ശരിയായ രീതിയില്‍ ഇരിക്കാനുള്ള സഹായങ്ങള്‍ ചെയ്യുന്നു.
പഠനവൈകല്യമുള്ള കുട്ടികള്‍ പലപ്പോഴും എഴുതാനും എഴുതിയത് വായിക്കാനും ബുദ്ധിമുട്ട് നേരിടാറുണ്ട്. ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് ഓരോ കുട്ടിയുടെയും പ്രായത്തിനനുസരിച്ച് കൈയക്ഷരം മെച്ചപ്പെടുത്തുകയും എഴുത്തിന്റെ വേഗത കൂട്ടാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ഗൈഡഡ് പരിശീലനത്തിലൂടെയും വ്യായാമങ്ങളിലൂടെയും തെറാപ്പിസ്റ്റുകള്‍ പെന്‍സില്‍ ഗ്രിപ്പ് കൈകാര്യം ചെയ്യുന്നു. ഇതിലൂടെ കൈത്തണ്ടയുടെയും തോളിന്റെയും സ്ഥിരത മെച്ചപ്പെടുത്തുകയും എഴുതുമ്പോള്‍ മികച്ച നിയന്ത്രണവും ഏകോപനവും ഉറപ്പാക്കുകയും ചെയ്യുന്നു.
ഈ തന്ത്രങ്ങള്‍ കുട്ടിയെ പഠനത്തിലും ക്ലാസ് റൂം പ്രവര്‍ത്തനങ്ങളിലും നന്നായി ഇടപഴകാന്‍ സഹായിക്കുന്നു. തെറാപ്പി ഓരോ കുട്ടിയും നേരിടുന്ന വെല്ലുവിളികള്‍ക്കും അവരുടെ കഴിവിനും അനുസരിച്ചാണ്. അത് ഫലപ്രദവും കുട്ടികള്‍ക്ക് മികച്ച പിന്തുണയും ഉറപ്പാക്കുന്നു. പഠനവൈകല്യം തിരിച്ചറിയപ്പെടാതെ പോകുമ്പോള്‍, കുട്ടികള്‍ നിരാശരാവുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തേക്കാം. ഇത് വെല്ലുവിളികളെ മറികടക്കുക എന്നത് കൂടുതല്‍ പ്രയാസകരമാക്കും. പഠനവൈകല്യങ്ങള്‍ നേരത്തേ കണ്ടെത്തി ശരിയായ പിന്തുണ നല്‍കുന്നതിലൂടെ, കുട്ടികളെ അഭിവൃദ്ധിപ്പെടുത്താനും ഓരോ കുട്ടിക്കും വിജയിക്കാനുള്ള അവസരമുണ്ടെന്ന് ഉറപ്പാക്കാനും കഴിയും.
Content Highlights: Occupational therapy for learning disabilities