കൊടുംചൂടാണ്, നിസ്സാരമാക്കരുത്; അറിഞ്ഞിരിക്കാം ഈ ആരോഗ്യപ്രശ്നങ്ങളും പ്രതിരോധ മാർഗങ്ങളും

Representative Image| Photo: Canva.com
Representative Image| Photo: Canva.com

രാജ്യത്ത് ദിനംപ്രതി ചൂട് വർധിച്ചുകൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും താപനില 40 ഡിഗ്രിക്ക് മുകളിലാണ്. ഉത്തർപ്രദേശ്, വെസ്റ്റ് ബെം​ഗാൾ, സിക്കിം, ഒഡീഷ, ചണ്ഡീഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വിഭാ​ഗം ഉഷ്ണ തരം​ഗ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണ അന്തരീക്ഷ ഊഷ്മാവിനേക്കാൾ നാലരഡിഗ്രിയോ അതിന് മേലെയോവരെ വർധനയുണ്ടായാൽ ഉഷ്ണതരംഗമായി കണക്കാക്കാം. സൂര്യഘാതത്താൽ മരണപ്പെടുന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഖാർഘറിൽ മഹാരാഷ്ട്ര ഭൂഷൺ അവാർഡ് ചടങ്ങിനിടെ സൂര്യഘാതമേറ്റ് 11 പേർ മരിക്കുകയും അമ്പതോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ലാൻസെറ്റ് ജേർണലിന്റെ പഠനറിപ്പോർട്ട് പ്രകാരം 2017 മുതൽ 2021 വരെയുള്ള കാലഘട്ടത്തിൽ 31,000 പേരാണ് സൂര്യാഘാതത്താൽ മരണമടഞ്ഞിട്ടുള്ളത്.

ഏപ്രിൽ മുതൽ ജൂൺവരെ രാജ്യത്ത് മിക്കയിടത്തും ഉയർന്ന താപനില അനുഭവപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പ്(ഐ.എം.ഡി) കഴിഞ്ഞദിവസം അറിയിച്ചത്. 1901നു ശേഷം ഇന്ത്യയിലെ ഏറ്റവും ചൂടുള്ള ഫെബ്രുവരിയായിരുന്നു ഈ വർഷത്തേത്. കൊടുംചൂടിനെ നേരിടാൻ സ്വയം ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. അമിതമായി സൂര്യപ്രകാശം നേരിടുന്ന സാഹചര്യങ്ങളിൽ നേരിടാൻ സാധ്യതയുള്ള ആരോ​ഗ്യപ്രശ്നങ്ങളെക്കുറിച്ചും പ്രതിരോധമാർ​ഗങ്ങളെക്കുറിച്ചും പരിശോധിക്കാം.

സൂര്യാഘാതം

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും ഇതുമൂലം ശരീരത്തിൽ ഉണ്ടാകുന്ന താപം പുറത്തുകളയുന്നതിന് തടസ്സം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളെയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം. ഉയർന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, തലകറക്കം, മാനസിക അവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. 

സൂര്യാതപം

സൂര്യാഘാതത്തേക്കാൾ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇങ്ങനെയുള്ളവർ ഉടനടി ചികിത്സ തേടണം. പൊള്ളലേൽക്കുന്ന ഭാഗത്ത് ഉണ്ടാകുന്ന കുമിളകൾ പൊട്ടിക്കാൻ പാടില്ല. ക്ഷീണം, തലകറക്കം, തലവേദന,
പേശിവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്,കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുക, മൂത്രത്തിന്റെ നിറം കടുംമഞ്ഞ ആവുക, ബോധക്ഷയം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. 

സൂര്യാഘാതമോ സൂര്യാതപമോ ഏറ്റാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ

  • ഉടൻ വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. 
  • ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കുക
  • തണുത്ത വെള്ളം കൊണ്ട് മുഖവും ശരീരവും തുടയ്ക്കുക 
  • ഫാൻ, എ.സി. അല്ലെങ്കിൽ വിശറി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക. 
  • ധാരാളം പാനീയങ്ങൾ കുടിക്കാൻ നൽകണം. 
  • ഫലങ്ങളും സാലഡുകളും കഴിക്കാൻ നൽകണം. 
  • ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാവുകയോ ചെയ്താൽ ഉടനടി അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കേണ്ടതാണ്. 

പേശീവലിവ്

അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ കൂടുതലായി ശരീരം വിയർത്ത് ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതുമൂലം പേശീവലിവുണ്ടാകാം. കൈകാലുകളിലും ഉദരപേശികളിലുമാണ് ചൂടുമൂലം പേശീവലിവ് ഉണ്ടാവുന്നത്. 

പേശീവലിവ് ഉണ്ടായാൽ ചെയ്തുകൊണ്ടിരിക്കുന്ന ജോലി നിർത്തിവെച്ച് വെയിൽ കുറവുള്ള തണലുള്ള ഭാഗത്തേക്ക് മാറുക. ധാരാളം വെള്ളം കുടിക്കുക. ചൂടു മൂലം ഉണ്ടായ ക്ഷീണത്തിന് ഉപ്പിട്ട നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം, എന്നിവ കൂടുതൽ ഫലപ്രദമാണ്. അൽപ്പനേരത്തെ വിശ്രമത്തിനു ശേഷവും പേശീവലിവ് മാറിയില്ലെങ്കിൽ വൈദ്യസഹായം തേടണം. 

പ്രതിരോധമാർ​ഗങ്ങൾ ഇങ്ങനെ

  • ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം
  • വിയർക്കുന്നതനുസരിച്ച് വെള്ളം കുടിക്കണം
  • ശുദ്ധജലമാണ് കുടിക്കുന്നതെന്ന് ഉറപ്പുവരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം നല്ലത്.
  • യാത്രാവേളയിൽ ഒരുകുപ്പി ശുദ്ധജലം കരുതുന്നത് നല്ലത്. 
  • കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്ന് ഉറപ്പ് വരുത്തുക. അല്ലെങ്കിൽ മറ്റു പല രോ​ഗങ്ങളുമുണ്ടാക്കും. 
  • നേരിട്ടുള്ള വെയിലേൽക്കാതിരിക്കുക. കുടയോ തൊപ്പിയോ ഉപയോ​ഗിക്കുക. 
  • കട്ടി കുറഞ്ഞതും വെളുത്തതോ, ഇളംനിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക. 
  • പ്രായമായവർ, ചെറിയ കുട്ടികൾ, ​ഗർഭിണികൾ, ​ഗുരുതരരോ​ഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. 
  • ദിവസവും രണ്ടുനേരം തണുത്തവെള്ളത്തിൽ കുളിക്കുക. 
  • വെയിലത്ത് പാർക്കുചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെ ഇരുത്തരുത്. 
  • കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക. 
  • വെയിലത്ത് പാർക്കുചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക. 
  • ചൂട് പുറത്തേക്ക് പോകത്തക്കരീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക. 
  • ക്ഷീണമോ സൂര്യാഘാതം ഏറ്റതായോ തോന്നിയാൽ തണലിലേക്ക് മാറിയിരുന്ന് വിശ്രമിക്കണം. 
  • ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക. 
  • വെള്ളം ഉപയോ​ഗിച്ച് മുഖം കഴുകുകയും ശരീരം തണുപ്പിക്കുകയും വേണം. 
  • ഫാൻ, എ.സി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുക. 
  • ഫലങ്ങളും സാലഡുകളും കഴിക്കുക. 
  • ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുക.
  • ആരോ​ഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക. 

Content Highlights: heatstroke worsens in India tips to fight the heat