ഉറക്കം സ്ഥിരമായി ആറുമണിക്കൂറിൽ കുറവാണോ? ഹൃദ്രോഗസാധ്യത 48%-വും സ്ട്രോക്ക് സാധ്യത 15 %-വും കൂടുതൽ

നല്ല ഉറക്കം ഹൃദയത്തെ സംരക്ഷിക്കുന്ന ഒരു പ്രധാന ജീവിതശൈലീ മരുന്നാണ്. മുതിർന്നവർ രാത്രിയിൽ 7-9 മണിക്കൂർ നന്നായി ഉറങ്ങണം. 2022 -ൽ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ, ഹൃദയാരോഗ്യം സംരക്ഷിക്കാൻ അവശ്യംവേണ്ട എട്ട് ഘടകങ്ങളിൽ ഒന്നായി ഉറക്കത്തെ വിലയിരുത്തിയിട്ടുണ്ട്. നന്നായി ഉറങ്ങുമ്പോൾ ഡിപ്പിങ് (Dippng) എന്ന പ്രതിഭാസത്തിലൂടെ രക്തസമ്മർദം 10-20 ശതമാനം കുറയും. ഇത് പാരാസിംപതെറ്റിക് നാഡികളുടെ ഉത്തേജനം മൂലമാണ് സംഭവിക്കുന്നത്. രാത്രിയിൽ കൃത്യമായ ഉറക്കം ലഭിക്കാതെ വരുമ്പോൾ രക്തസമ്മർദം ഉയരുന്നു. ഇതും ഹൃദയാരോഗ്യത്തിന് ഭീഷണിയാകുന്നു. സ്ഥിരമായ ഉറക്കക്കുറവ് അപകടകരമായ പല പരിവർത്തനങ്ങളും ശരീരത്തിലുണ്ടാക്കും. ധമനീവീക്കം ഉണ്ടാക്കുന്ന സൈറ്റോകൈനുകൾ വർധിക്കും(സി.ആർ.പി., ഐ.എൽ-6, ടി.എൻ.എഫ്-ആൽഫ).
ഉറക്കക്കുറവ് വിശപ്പിനെ ഉത്തേജിപ്പിക്കുന്ന ഗ്രലിൻ ഹോർമോൺ വർധിപ്പിച്ചുകൊണ്ടും ലെപ്റ്റിൻ കുറച്ചുകൊണ്ടും അമിതമായി ഭക്ഷണംകഴിക്കാൻ പ്രേരിപ്പിക്കുന്നു. ഇതും ഭാരം വർധിക്കാൻ കാരണമാകുന്നു. സ്ഥിരമായി ആറുമണിക്കൂറിൽ കുറവാണ് ഉറക്കമെങ്കിൽ ഹൃദ്രോഗസാധ്യത 48 ശതമാനമായും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത 15 ശതമാനമായും ഉയരാം.
ശക്തമായി കൂർക്കംവലിക്കുകയും ഉറക്കം തടസ്സപ്പെട്ട് ശ്വാസംകിട്ടാതെ ഞെട്ടിയെഴുന്നേൽക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഒബ്സ്ട്രക്റ്റീൻ സ്ലീപ് അപ്നിയ (ഒ.എസ്.എ). ഈ അവസ്ഥ രക്താതിമർദം, അപകടകരമായ ഹൃദയസ്പന്ദന വൈകല്യങ്ങൾ (ഏട്രിയൽ ഫിബ്രിലേഷൻ) എന്നിവയ്ക്കും കാരണമാകുന്നു. ഇവ ചിലപ്പോൾ ഗുരുതരമായി മാറാം. ഇടയ്ക്കിടെ മുറിഞ്ഞുപോകുന്ന ഉറക്കം സിംപതറ്റിക് നാഡികളെ ഉത്തേജിപ്പിക്കുകയും
സ്ട്രെസ്സ് ഹോർമോണുകളുടെ തിരയിളക്കം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് പ്രഷറും ഹൃദയമിടിപ്പും വർധിപ്പിക്കും.
അമിത ബി.പിയുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?
അമിത രക്തസമ്മർദം ഹൃദയാഘാതത്തിന് കാരണമാകുന്ന ഏറ്റവും ശക്തമായ ആപത്ഘടകങ്ങളിലൊന്നാണ്. നിയന്ത്രിക്കപ്പെടാതെ ദീർഘനാൾ ഉയർന്ന ബി.പി. ഉള്ളവരുടെ ധമനികളുടെ ഉൾപാളികളിലെ എൻഡോതീലിയൽ കോശങ്ങൾക്ക് അപചയമുണ്ടാകുന്നു. തുടർന്നുണ്ടാകുന്ന ധമനീവീക്കം ഗുരുതരമാകുന്നു. എൽ.ഡി.എൽ. കൊളസ്ട്രോൾ കൂടുതലായി ധമനീഭിത്തിയിൽ കയറുന്നതിന് ഇത് കാരണമാകുന്നു. തുടർന്ന് പ്ലാക്കും രക്തക്കട്ടയും ഉണ്ടായി ഹാർട്ട് അറ്റാക്കിന് കാരണമാകുന്നു.
ദീർഘകാലം നിയന്ത്രിക്കപ്പെടാതെയുള്ള ഉയർന്ന രക്തസമ്മർദം മൂലം ഹൃദയഭിത്തികൾക്ക് കട്ടികൂടുന്നു. തന്മൂലം ഹൃദയ സങ്കോച-വികാസ പ്രവർത്തനങ്ങൾക്ക് പ്രാണവായു കൂടുതലായി ആവശ്യമായിവരുന്നു. ഒപ്പം വർധിച്ച എൽ.ഡി.എല്ലും പ്രമേഹവും പുകവലിയും കൂടിയായാൽ ഹൃദയാഘാതവും സ്ട്രോക്കും ഹൃദയപരാജയവും വഷളാകാനുള്ള സാധ്യത വർധിക്കുന്നു.
കൊച്ചി ലൂർദ് ആശുപത്രിയിൽ സീനിയർ കൺസൽട്ടന്റ് കാർഡിയോളജിസ്റ്റ് ആണ് ലേഖകൻ.
Content Highlights: Sleep deprivation can increase heart disease risk by 48% and stroke risk by 15%, highlighting the importance of adequate rest for heart health.