മുഖക്കുരു മാറാൻ ഉപയോഗിച്ച ക്രീം, പിന്നാലെ മുഖത്തും കാലിലും നീര്; ബയോപ്സിയിൽ കാരണം കണ്ടെത്തി

മുഖകാന്തിക്കായി ഉപയോഗിക്കുന്ന വസ്തുക്കൾ സൗന്ദര്യത്തിനപ്പുറം ആരോഗ്യത്തെ മാരകമായി നശിപ്പിക്കുന്നെന്ന വാർത്ത ആശങ്കയോടെയും ഞെട്ടലോടെയുമാണ് നാം കേട്ടത്. പേരും വിലാസവുമില്ലാത്ത കമ്പനികൾ വിപണിയിലിറക്കുന്ന സാധനങ്ങൾ പെെട്ടന്ന് പ്രയോജനം കിട്ടുമെന്ന ധാരണയോടെ, മറുത്തൊന്നും ആലോചിക്കാതെ പലരും വാങ്ങി ഉപയോഗിക്കുന്നു. കൂടുതലും കൗമാരക്കാർ. അപകർഷത്തിൽനിന്നോ കൂട്ടുകാരുടെ പ്രോത്സാഹനത്തിൽനിന്നോ ഇൻഫ്ലുവൻസർമാരുടെ വാചാടോപത്തിൽനിന്നോ ആണ് ആദ്യം ഇവയിലേക്ക് എത്തുന്നത്. പിന്നീട് ഗുരുതരപ്രശ്നങ്ങൾ ഉണ്ടാകുമ്പോഴാണ് തിരിച്ചുപിടിക്കാൻ കഴിയാതെ ആരോഗ്യം നശിച്ചെന്ന് തിരിച്ചറിവുണ്ടാകുന്നത്. 'മാരകമായ സൗന്ദര്യവർധക' വസ്തുക്കളെക്കുറിച്ച് ഒരന്വേഷണം...
‘‘മുഖത്തുണ്ടായ കുരുവിന്റെ അസഹ്യമായ വേദനയും അസ്വസ്ഥതയും മാറാനായാണ് ഞാൻ ഫെയ്സ് ക്രീം ഉപയോഗിച്ചത്.മുഖക്കുരു മാറാനായി പല ഡോക്ടർമാരെയും കാണിക്കുകയും മരുന്നു കഴിക്കുകയും ചെയ്തതാണ്. അന്ന് പതിയെപ്പതിയെ ആണ് റിസൾട്ട് ഉണ്ടായത്. കൂട്ടുകാരികളിൽ പലരും ഉപയോഗിക്കുന്നത് കണ്ടാണ് ഫെയ്സ് ക്രീമിനെക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയത്. സാമൂഹിക മാധ്യമങ്ങൾ വഴി ഒരുപാടു പേർ റിവ്യൂ പറയുന്നതു വിശ്വസിച്ചാണ് വാങ്ങിയതും ഉപയോഗിച്ചതും. പെട്ടെന്ന് റിസൾട്ട് ഉണ്ടാകുകയുംചെയ്തു. എന്നാൽ, പിന്നീട് എല്ലാം മാറിമറിയുകയായിരുന്നു. രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോൾ മുഖത്ത് നീരുവന്ന് വീർക്കാൻ തുടങ്ങി, കാലിലും നീരുവെക്കാൻ തുടങ്ങി. ഉപ്പിട്ടത് കഴിച്ചാൽ കാലിൽ നീരുവരുന്ന സാഹചര്യം ഉണ്ടായി. ഇതോടെയാണ് ഡോക്ടറെ സമീപിച്ചത്. ബയോപ്സിയിലാണ് കാരണംകണ്ടെത്തിയതും ഈ ഫെയ്സ് ക്രീം ആണ് വില്ലനെന്ന് ഡോക്ടർമാർ പറഞ്ഞതും. ഒരിക്കലും വെളുക്കാനായി അല്ല ഞാൻ ഇത് ഉപയോഗിച്ചത്. മുഖം അമർത്തി കഴുകാൻപോലും എനിക്ക് പ്രയാസമായിരുന്നു. റിവ്യൂകൾ വിശ്വസിച്ചാണ് വാങ്ങിയത്’’... മലപ്പുറത്ത് ഫെയർനെസ് ക്രീം ഉപയോഗിച്ച് ഗുരുതര വൃക്കരോഗം പിടിപെട്ട പതിനേഴുകാരിയുടെ വാക്കുകളാണിത്.
മുഖക്കുരുവും കറുത്തപാടും മാറാനും നിറംവെക്കാനുമായി ഉപയോഗിക്കുന്ന ക്രീമുകൾ ആരോഗ്യം നശിപ്പിച്ചതിന്റെ നേർക്കാഴ്ചയാണിത്. കൂട്ടുകാർ ഉപയോഗിക്കുന്നതു കണ്ടും സാമൂഹികമാധ്യമങ്ങളിൽ ഇൻഫ്ലുവൻസർമാരുടെ വീഡിയോകൾ വിശ്വസിച്ചും ഫെയർനെസ് ക്രീം ഉപയോഗിക്കുകയാണ് മലയാളികൾ, പ്രത്യേകിച്ച് കൗമാരക്കാർ.
എഫ്. ട്യൂൺ, ‘ഫൈസ’, ‘ഗോരി’ തുടങ്ങി എണ്ണമറ്റ ഫെയ്സ് ക്രീമുകൾ വിപണിയിൽ സുലഭമാണ്. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നതോ ഇവിടേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നവയോ ആണ് ഇവയിലേറെയും. ‘പെട്ടെന്ന് റിസൾട്ടുണ്ടാകും’ എന്ന അവകാശവാദമാണ് ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നതിലേക്ക് ആളുകളെ ആകർഷിക്കുന്നത്.
വഴിവെക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നത്തിന്
ക്രീമിലെ അമിത മെർക്കുറി കാരണം ശരീരത്തിൽനിന്ന് പ്രോട്ടീൻ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗമാണ് മലപ്പുറത്തെ പെൺകുട്ടിക്കു പിടിപെട്ടത്. ബി.പി. കുറയുക, ക്ഷീണം, തലകറങ്ങുക, ഉറക്കക്കുറവ് തുടങ്ങിയ അവസ്ഥയുമുണ്ടായി.
പ്രകൃതിദത്ത ചേരുവകളാണെന്നു പറഞ്ഞാണ് പല ക്രീമുകളും വിൽപ്പനയ്ക്ക് എത്തുന്നത്. ക്രീം നിർമിക്കാനായി ഉപയോഗിച്ച വസ്തുക്കളായി പറയുന്നതെല്ലാം വിറ്റാമിനുകളും, റെറ്റിനോയ്ഡുകളും, മിനറലുകളുമായിരിക്കും. ഇതു വിശ്വസിച്ച് ക്രീം വാങ്ങും. ലേബലിൽ എഴുതിയിരിക്കുന്നതെല്ലാം ശരിയാണെന്നു വിശ്വസിക്കും. പാരൻറ് കന്പനി ഏത്? എവിടെ നിർമിക്കുന്നു? ലൈസൻസ് എവിടെയാണ്? ഇതൊന്നും ഇന്നേവരെ ആരും ചിന്തിച്ചിട്ടുമില്ല, അന്വേഷിച്ചിട്ടുമില്ല.
ചർമകാന്തി കൂട്ടാനുള്ള ക്രീമുകളുടെ നിരന്തര ഉപയോഗംകാരണം, വൃക്കരോഗമായ മെമ്പ്രനസ് നെഫ്രോപ്പതി ബാധിച്ച് പതിനഞ്ചുപേർ തുടർച്ചയായി മലപ്പുറം ജില്ലയിലെ പ്രശസ്തമായ ആശുപത്രിയിൽ ചികിത്സതേടിയതായി, അന്താരാഷ്ട്ര മെഡിക്കൽ പ്രസിദ്ധീകരണമായ ‘കിഡ്നി ഇന്റർനാഷണലി’ൽ 2024-ൽ പ്രസാധനംചെയ്ത ഒരു പഠനത്തിൽ പറയുന്നുണ്ട്. അന്ന് ഈ രോഗികളുടെ രക്ത, മൂത്ര സാംപിളുകൾ മെർക്കുറിയുടെ ഉയർന്ന അളവ് രേഖപ്പെടുത്തിയിരുന്നു. ഇവർ ഉപയോഗിച്ചതായി പറയപ്പെട്ട ക്രീമുകളുടെ പരിശോധനയിൽ, അംഗീകൃതപരിധിയുടെ പതിനായിരം മടങ്ങുവരെയൊക്കെ മെർക്കുറി സാന്നിധ്യം കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഇത്തരം ക്രീമുകളുടെ തുടർച്ചയായ ഉപയോഗം വൃക്കകളെമാത്രമല്ല, നാഡീവ്യൂഹത്തെത്തന്നെ ബാധിക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പുനൽകുന്നു.
ഉറക്കം നഷ്ടപ്പെട്ടു
ഒരാളുടെ ഏറ്റവുംവലിയ അനുഗ്രഹമെന്ന് പറയുന്നത് നന്നായി ഉറങ്ങാൻ പറ്റുന്നതാണെന്ന് തോന്നിയിട്ടുണ്ട്. കഴിഞ്ഞ കുറെക്കാലമായി ഇതിനു കഴിയുന്നില്ല. ഏകദേശം പത്തുവർഷത്തിനു മുൻപ് കാസർകോടുള്ള സുഹൃത്തുക്കൾവഴി അറിഞ്ഞ് ദുബായിൽനിന്നാണ് 'ഫൈസ' ക്രീം വാങ്ങിയത്. ഒന്നരബോട്ടിൽ ഉപയോഗിച്ചു. ഒരാഴ്ചകൊണ്ട് വെളുത്തു.
ഏകദേശം ഒന്നരമാസം കഴിഞ്ഞപ്പോൾ മൂത്രത്തിൽ ഇൻഫെക്ഷനായി. ഒന്നരമാസത്തോളം ആശുപത്രിയിൽ തന്നെയായി. പിന്നീട് കൺപോളയിലും കാലിലും നീരും നല്ല ക്ഷീണവുമായി. കൂടെ മൂത്രത്തിൽ നല്ല പതയും. പിന്നീടാണ് പ്രോട്ടീൻ നഷ്ടമാകുന്ന ‘ആൽബുമിൻ’ അവസ്ഥയുണ്ടെന്നും ‘മെംമ്പ്രനസ് നെഫ്രോപ്പതി’യാണെന്നും അറിയുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി കൂടുന്നതുകൊണ്ട് മരുന്നുകൾ ഈ സമയം ഫലിച്ചില്ല. ആദ്യത്തെ എട്ടുമാസം സ്റ്റിറോയിഡ് എടുക്കേണ്ടിവന്നു. മുഖം കൂടുതൽ കരുവാളിച്ചു. ഉറക്കം പോയി. അത് ഇപ്പോഴും ശരിയായിട്ടില്ല. നാലുമണിക്കൂർ ഒക്കെയേ ഉറങ്ങാൻ പറ്റുന്നുള്ളൂ. അപകർഷം കൊണ്ടാണ് അന്ന് പറയാതിരുന്നത്. സോഷ്യൽ മീഡിയയും ഇത്രയും ആക്ടീവ് അല്ലല്ലോ. പക്ഷേ, നേരത്തേ ചില അഭിമുഖങ്ങളിലും ബ്യൂട്ടിപാർലറുകളുടെ ഉദ്ഘാടനത്തിന് പോകുമ്പോഴും ഇത്തരം വസ്തുക്കൾ ഉപയോഗിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്.
സലീം കോടത്തൂർ
മാപ്പിളപ്പാട്ട് ഗായകൻ
വില്ലനാകുന്ന മെർക്കുറി
മുഖം വെളുപ്പിക്കുന്നവയും (face whitening) പ്രായം കുറച്ച് കാണിക്കുന്നവയുമായ (antiaging) ത്വക് ലേപനങ്ങൾ വിപണിയിൽ സുലഭമാണ്. ഇതിലെ ചില ചേരുവകൾ നല്ലവയും ശാസ്ത്രീയമായി തെളിയിച്ചതുമായിരിക്കാം. എന്നാൽ മെർക്കുറി, ലെഡ്, ആർസനിക് ഉൾപ്പെട്ട വ്യാജ ഉത്പന്നങ്ങളും ഉൾപ്പെടുന്നുണ്ട്. ത്വക്കിന്റെ അവസ്ഥ അനുസരിച്ച് 80 ശതമാനം വരെ മെർക്കുറി ശരീരത്തിനുള്ളിലേക്ക് ആഗിരണം ചെയ്യപ്പെടാം. എണ്ണമയം കൂടുതൽ ഉണ്ടെങ്കിലോ മുറിവുകൾ ഉണ്ടെങ്കിലോ ഇതിന്റെ അളവ് കൂടാം. ഇത് രക്തംവഴി ശരീരത്തിന്റെ മറ്റ് അവയവങ്ങളിലേക്ക് പോകുന്നു. പ്രത്യേകിച്ച് വൃക്കയിൽ. രക്തം അരിക്കുന്ന വൃക്കയുടെ പ്രവർത്തനം ഇതോടെ താറുമാറാകുന്നു. ഇതിലൂടെ ശരീരത്തിൽനിന്ന് പ്രോട്ടീൻ വലിയതോതിൽ മൂത്രത്തിലൂടെ പുറത്തേക്കുപോകുന്നു. ക്രീമുകളിൽ മെർക്കുറിക്കുപുറമേ സ്റ്റിറോയിഡ് ഉണ്ടാകാറുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നത് വൃക്കരോഗത്തിനുപുറമേ ചർമം നേർത്തുപോകൽ, മുഖക്കുരു കൂടുതലാകൽ, അലർജി തുടങ്ങിയവയ്ക്കും കാരണമാകാം.
തുടരും..
Content Highlights: Explore how unregulated beauty products can lead to severe health issues, including kidney disease, due to harmful ingredients like mercury and steroids.