കണ്ണുവേദനയ്‌ക്കൊപ്പം ഓക്കാനവും ഛർദ്ദിയും; കാഴ്ചയുടെ നിശബ്ദ കൊലയാളിയാണ് ഗ്ലോക്കോമ

#ഡ‍ോ. സബിത സഫർ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഇന്ത്യയിൽ അന്ധതയ്ക്ക് കാരണമായ ഒരു പ്രധാന നേത്രരോഗമാണ് ഗ്ലോക്കോമ. നമ്മുടെ രാജ്യത്ത് ഏതാണ്ട് 12 ദശലക്ഷം ഗ്ലോക്കോമ രോഗികളുണ്ട് എന്നത് ആശങ്കാജനകമാണ്. എല്ലാ വർഷവും മാർച്ച് മാസം ഗ്ലോക്കോമ അവബോധ മാസമായി ആചരിക്കുന്നു. ഈ നിശബ്ദ രോഗത്തെപ്പറ്റി അവബോധരാകേണ്ടത് അനിവാര്യമാണ്.

കണ്ണിൽനിന്ന് തലച്ചോറിലേക്ക് ദൃശ്യവിവരങ്ങൾ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് കേടുപാടുകൾ വരുത്തുന്ന നേത്രരോഗമാണ് ഗ്ലോക്കോമ. അസാധാരണമായി കണ്ണിലെ സമ്മർദ്ദം കൂടുമ്പോഴാണ് (Intraocular Pressure - IOP) ഇത്തരം അവസ്ഥയിലേക്ക് നയിക്കുന്നത്. കണ്ണിലെ ദ്രാവകം ചെലുത്തുന്ന സമ്മർദ്ദമാണ് Intraocular Pressure (IOP), ഇത് ഗ്ലോക്കോമ രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പ്രധാന പങ്ക് വഹിക്കുന്നു.

സാധാരണ IOP 10 - 21mmHg ആണ്. ഈ അളവ് കൂടുന്നതനുസരിച്ച് ഒപ്റ്റിക് നാഡിയെ പ്രതികൂലമായി ബാധിക്കുകയും അതുമൂലം കാഴ്ച നഷ്ടപ്പെടാനും സാദ്ധ്യതയുണ്ട്. ഗ്ലോക്കോമ രോഗം മൂർച്ഛിക്കുമ്പോൾ കാഴ്ച നഷ്ടമാകുന്ന ഘട്ടംവരെ മറ്റു പ്രത്യേക ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരിക്കില്ല.

ജനിതക ഘടകങ്ങൾ, ജീവിതശൈലി, നേത്രപരിചരണത്തിലെ വിട്ടുവീഴ്ചകൾ എന്നിവയാണ് ഇന്ത്യയിൽ ഗ്ലോക്കോമ രോഗകാരണങ്ങൾ. ഇതിൽ പ്രധാനമായും ജനിതക കാരണങ്ങളാലാണ് രോഗം ബാധിക്കുന്നത്. രക്തബന്ധമുള്ള കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും ഗ്ലോക്കോമ ഉണ്ടെങ്കിൽ രോഗ സാദ്ധ്യത കൂടുതലാണെന്ന് കണക്കാക്കാം. ഇതുകൂടാതെ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, എന്നിവയും മറ്റു കാരണങ്ങളാണ്.

ഓപ്പൺ ആംഗിൾ ഗ്ലോക്കോമ അല്ലെങ്കിൽ പ്രൈമറി ഓപ്പൺ ആംഗിൾ ഗ്ലോക്കോമയാണ് ഏറ്റവും സാധാരണയായി കാണുന്നത്. ഇൻട്രാ ഓക്യുലർ പ്രഷർ വർധിക്കുന്നത് മൂലം കണ്ണിലെ ദ്രാവകം ശരിയായി ഒഴുകിപ്പോകാൻ കഴിയാതെ വരുന്നതാണ് ഓപ്പൺ ആംഗിൾ ഗ്ലോക്കോമയ്ക്ക് കാരണമാകുന്നത്. ഈ ദ്രാവകം അടിഞ്ഞുകൂടുന്നത് കാരണം കണ്ണിന്റെ മർദ്ദം ഉയരുന്നു, ഇത് ഒപ്റ്റിക് നാഡിക്ക് തകരാറുണ്ടാക്കുന്നു. കാലക്രമേണ, ഈ രോഗം ഭേദമാകാൻ സാധിക്കാത്ത വിധം കാഴ്ച നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമാകാൻ കാലതാമസം ഉണ്ടാകുന്നതിനാൽ ചികിത്സ വൈകാൻ സാധ്യതയുണ്ട്.

അപകട സാധ്യതാ ഘടകങ്ങളും പ്രതിരോധ മാർഗങ്ങളും

  • പ്രായഭേദമന്യേ ഗ്ലോക്കോമ ബാധിക്കാൻ സാധ്യതയുണ്ടെങ്കിലും പ്രധാനമായും താഴെപ്പറയുന്ന വിഭാഗങ്ങളിൽപ്പെട്ടവർ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതാണ്.
  • കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്കും വരാനുള്ള സാധ്യത കൂടുതലാണ്.
  • 40 വയസ്സിനു ശേഷം രോഗസാധ്യത വർധിക്കുന്നു.
  • പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ഉള്ളവരിൽ ഗ്ലോക്കോമ വരാനുള്ള സാധ്യത കൂടുതലാണ്.
  • ജനിതക കാരണങ്ങളാലാണ് ഇന്ത്യയിൽ ഗ്ലോക്കോമ രോഗം കൂടുതലായും ബാധിക്കുന്നത്

ഗ്ലോക്കോമ എങ്ങനെ നേരിടാം?

  • നിങ്ങൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് മനസ്സിലാക്കിയാൽ, പതിവായി നേത്രപരിശോധന നടത്തുക.
  • സമീകൃതാഹാരവും വ്യായാമവും ഉൾപ്പെടുത്തി ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക.
  • പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ അവസ്ഥകൾ കൃത്യമായ രീതിയിൽ കൈകാര്യം ചെയ്യുക.

രോഗനിർണ്ണയം

കാഴ്ച നഷ്ടമാകുന്ന അവസ്ഥ തടയുന്നതിനായി മുൻകൂട്ടിയുള്ള രോഗനിർണ്ണയം അനിവാര്യമാണ്. മങ്ങിയ കാഴ്ച, കണ്ണ് വേദന, കണ്ണിൽ ചുവപ്പ്, കണ്ണുവേദനയ്‌ക്കൊപ്പം ഓക്കാനം അല്ലെങ്കിൽ ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ ഉടനടി ഒരു നേത്രരോഗ വിദഗ്ധനെ സമീപിക്കുക.

ചികിത്സാ രീതികൾ

ഗ്ലോക്കോമ മൂലമുണ്ടാകുന്ന തകരാറുകൾ മാറ്റാൻ കഴിയില്ല, എന്നാൽ കൃത്യമായ ചികിത്സയും പതിവ് പരിശോധനകളും കാഴ്ച നഷ്ടപ്പെടുന്നത് മന്ദഗതിയിലാക്കാനോ, തടയാനോ സഹായിക്കും. പ്രത്യേകിച്ച് നിങ്ങൾ രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ ശ്രദ്ധിക്കുകയാണെങ്കിൽ. ഇൻട്രാ ഓക്യുലാർ മർദ്ദം കുറച്ചാണ് ഗ്ലോക്കോമ ചികിത്സിക്കുന്നത്. ചികിത്സാ രീതികളിൽ ഡോക്ടറുടെ നിർദേശപ്രകാരമുള്ള തുള്ളി മരുന്നുകൾ (കണ്ണിലൊഴിക്കുന്നവ), ഗുളികകൾ, ലേസർ ചികിത്സ, ശസ്ത്രക്രിയ അല്ലെങ്കിൽ ഇവയുടെ സംയോജന രീതി എന്നിവ ഉൾപ്പെടുന്നു. കണ്ണിനുള്ളിലെ മർദ്ദം കുറയ്ക്കുകയും ഒപ്റ്റിക് നാഡിക്ക് കൂടുതൽ തകരാറുകൾ സംഭവിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ചികിത്സയുടെ ലക്ഷ്യം.

ഗ്ലോക്കോമ എന്ന രോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി എല്ലാ വർഷവും മാർച്ച് 12ന് ലോക ഗ്ലോക്കോമ ദിനം ആചരിക്കുന്നു. കൃത്യമായ നേത്ര പരിശോധന, മുൻകൂട്ടിയുള്ള കണ്ടെത്തൽ, ഗ്ലോക്കോമ ചികിത്സ എന്നിവയുടെ ആവശ്യകത ഉയർത്തി കാട്ടുന്ന ഒരു സുപ്രധാന ദിനമാണിത്. IOPയുടെ പ്രാധാന്യം മനസ്സിലാക്കുകയും മുൻകരുതൻ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിലൂടെ നമുക്ക് നമ്മുടെ കാഴ്ച സംരക്ഷിക്കാനും രോഗത്തെ ചെറുക്കാനും സാധിക്കുന്നു. 'വ്യക്തമായി ഭാവി കാണുക' എന്നതാണ് ഈ വർഷത്തെ ഗ്ലോക്കോമ ദിനത്തിന്റെ വിഷയം. ഇതിനായി നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാം.

പട്ടം എസ്.യു.ടി. ഹോസ്പിറ്റലിൽ കൺസൾട്ടന്റ് ഒഫ്താൽമോളജിസ്റ്റ് ആണ് ലേഖിക.

Content Highlights: Glaucoma is a silent disease affecting the optic nerve due to high intraocular pressure., Early detection through regular eye exams is crucial as symptoms appear late