ജീനോം സീക്വെൻസിങ്: അനന്ത സാധ്യതകളും ആശങ്കകളും

ശാസ്ത്രത്തിന്റെ അഭൂതപൂർവമായ വളർച്ച മനുഷ്യനെ എല്ലാ തരത്തിലും മാറ്റിക്കൊണ്ടിരിക്കുന്ന ഒരു സമയത്തിലൂടെ ആണ് നാം ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അത് ഭൗതികമായ സൗകര്യങ്ങളിൽ മാത്രമല്ല, ചിന്താഗതികളിലും, അഭിപ്രായരൂപീകരണത്തിലും, സാമൂഹ്യ കാഴ്ചപ്പാടുകളിലും, വളരെയധികം സാധീനം ചെലുത്തുന്നുണ്ട്. നമ്മുടെ ആരോഗ്യരംഗത്തും, അസുഖങ്ങളോടുള്ള സമീപനങ്ങളിലും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന അല്ലെങ്കിൽ സമീപഭാവിൽ
ഉണ്ടാക്കാൻ പോകുന്ന മാറ്റങ്ങൾ നിരവധി ആണ്. വിവിധ തരം ശാസ്ത്രശാഖകളുടെ സ്വാധീനം ഇതിൽ ഉണ്ടെങ്കിലും മോളിക്യൂലാർ ബയോളജിയുടെയും ഹ്യൂമൻ ജീനോമിക്സിന്റെയും വളർച്ച ആരോഗ്യ ചികിത്സാ രംഗങ്ങളിൽ വലിയ മാറ്റങ്ങൾക്കാണ് വഴിവച്ചുകൊണ്ടിരിക്കുന്നതു. അത് സാമൂഹ്യ ചിന്താഗതികളിലും കാഴ്ചപ്പാടുകളിലും ഉണ്ടാക്കാവുന്ന മാറ്റങ്ങളെ കുറിച്ച് വലിയ ചർച്ചകൾക്കും വഴി തുറന്നിട്ടുണ്ട്.
എല്ലാ കോശങ്ങളുടെയും ജനിതകവിവരങ്ങൾ സൂക്ഷിച്ചു വച്ചിരിക്കുന്നത് അതിന്റെ ഡി. എൻ. എ (DNA) യിൽ ആണ്. ഡി. എൻ. എയ്ക്ക് ഒരു ചുറ്റിക്കോണിയുടെ രൂപമാണ്. അതിലെ ഓരോ ചവിട്ടുപടിയും ഒരു ജോഡി നൈട്രോജീനസ് ബേസുകളാണ്. അഡീനിൻ (A) (Adenine) ഗ്വാനിൻ(G) (Guanine) തൈമിൻ (T) (Thymine) സൈറ്റോസിൻ (C) (Cytosine) എന്നിവയാണ് നൈട്രോജീനസ് ബേസുകൾ. അതിൽ അഡീനൻ തൈമിനുമായും, ഗ്വാനിൻ സൈറ്റോസിനുമായും കൂടി യോജിച്ചു ജോഡികൾ ആകുന്നു (pair ആകുന്നു). ഇങ്ങനെ മൂന്ന് ബില്യൺ നൈട്രോജീനസ് ബേസ് ജോഡികൾ ഒരു കോശത്തിലെ ഡി.എൻ.എ യിൽ ഉണ്ടാകും. 1860 കളിൽ സ്വിസ് കെമിസ്റ്റ് ആയ ഫ്രിഡ്‌റിച് മീഷേർ (Friedrich Miescher) DNAയെപറ്റി മനസ്സിലാക്കിയിരുന്നെങ്കിലും, 1953ൽ ജെയിംസ് വാട്സണും ഫ്രാൻസിസ് ക്രിക്കും ചേർന്ന് DNA
ഡബിൾ ഹെലിക്സ് മോഡൽ അവതരിപ്പിക്കുന്നതോടെ ആണ്, ഈ ശാസ്ത്ര ശാഖ വളരാൻ ആരംഭിച്ചത്. 1960കളിൽ തന്നെ ഡി. എൻ. എ എങ്ങനെ ജനിതക വിവരം വഹിക്കുന്നുവെന്നും അതെങ്ങനെ പ്രോട്ടീനുകളിലേക്കു വിവർത്തനം ചെയ്യുമെന്നതും മനസ്സിലാക്കിയിരുന്നു. ഇന്ത്യൻ അമേരിക്കൻ ശാസ്ത്രജ്ഞൻ ആയ ഹർഗോബിന്ദ് ഖൊറാന, ആദ്യമായി ഒരു ജീൻ ജൈവീക ശരീരത്തിന് പുറത്തു, ലബോറട്ടറിയിൽ നിർമിച്ചു. പിന്നീട് അത്യഭൂതപൂർവമായി ജീനോമിക്‌സ് വളരുകയും, 1977 ൽ ഫ്രെഡറിക് സെൻഗർ, DNA സീക്വൻസിങ് ചെയ്യാനുള്ള ഒരു സങ്കേതം അവതരിപ്പിക്കുകയും ചെയ്തു.
അത് സാങ്ങർ സീക്വൻസിങ് (Sanger Sequencing) എന്ന് അറിയപ്പെട്ടു. സാങ്ങർ സീക്വൻസിങ് വഴി, മനുഷ്യൻ്റെ മുഴുവൻ DNA യും സീക്വൻസ് ചെയ്ത്, ഹ്യൂമൻ ജീനോം പ്രൊജക്റ്റ് (Human Genome Project) മനുഷ്യന്റെ മുഴുവൻ ജീനോമും മാപ് ചെയ്യുകയും, അത് ഈ ശാസ്ത്രശാഖയിൽ ഒരു വൻ മുന്നേറ്റമാവുകയും. പിന്നീട രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ നെക്സ്റ്റ് ജനറേഷൻ സീക്വൻസിങ് (Next generation Sequencing-NGS) പ്രചാരത്തിലായത് ജീനോമിക്‌സ് പഠനങ്ങൾ വൻ വേഗത കൈവരുവിപ്പിച്ചു. ഇത്തരം പുതിയ സങ്കേതങ്ങൾ അടുത്ത കാലത്തു ഒന്ന് കൂടി കൃത്യത കൈവരിക്കുകയും, ചെലവ് കുറയുകയും ചെയ്തതോടെ, സാധാരണക്കാർക്കും ഇവ ഇപ്പോൾ പ്രാപ്തമാകാൻ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഇല്ലുമിന (Illumina) ആണ് ഗ്ലോബൽ ലീഡ് (global lead) എങ്കിലും, Ion torrent, PacBio, MGI, Oxford nanopore, Roche തുടങ്ങിയ കമ്പനികളും പുതിയ ടെക്നോളോജികളുമായി രംഗത്ത് വരുന്നുണ്ട്.
എന്നാൽ ജീനോമിക്സിന്റെ വളർച്ച മറ്റു പല സാമൂഹ്യ ചർച്ചകൾക്കും ഇന്ന് വഴിയൊരുക്കുന്നുണ്ട്. അതിൽ പ്രധാനപെട്ടതു അസുഖം പ്രവചിക്കാൻ സഹായിക്കുന്ന Whole Genome sequencing (WGS) വഴിയുള്ള സ്ക്രീനിംഗ് ആണ്. WGS വഴി നമുക്ക് ഇന്ന് ഒരു മനുഷ്യന്റെ മുഴുവൻ DNAയും സെക്യുഎൻസ് ചെയ്ത് ജീൻ മ്യൂറ്റേഷനാണുകളും ജനിതക വ്യതിയാനങ്ങളും (Genetic Variations) കണ്ടെത്താൻ പറ്റും. അത് വഴി കാൻസർ, ഹൃദയ സംബന്ധിയായ അസുഖങ്ങൾ, തുടങ്ങി പാരമ്പര്യമായി കിട്ടാവുന്ന അസുഖങ്ങളും മുൻകൂട്ടി പ്രവചിക്കാനും, നേരത്തെ തന്നെ അസുഖം തിരിച്ചറിയാനും കഴിയും.
കാൻസർ പോലെ പല അസുഖങ്ങളും നേരത്തെ തിരിച്ചറിഞ്ഞാൽ മുഴുവനായി ഭേദമാക്കാനുള്ള സാധ്യത പല മടങ്ങായി വർധിക്കും. ഉദാഹരണത്തിന്, BRCA1 മ്യൂറ്റേഷൻ പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്ന ഒരു മ്യൂറ്റേഷൻ ആണ്. BRCA 1 കാൻസറിനെ പ്രതിരോധിക്കുന്ന ഒരു ജീൻ ആണ്. നമ്മുടെ കോശങ്ങളിലെ DNAയിൽ വരുന്ന പൊട്ടലുകളെ (Double Stranded Breaks) നേരെയാക്കുവാൻ സഹായിക്കുന്ന ഒരു ജീൻ ആണ് BRCA 1. എന്നാൽ ചില മനുഷ്യരുടെ ശരീരത്തിൽ ഈ ജീൻ മ്യൂറ്റേഡ് (Mutated) ആകുകയും, അതിനു DNA ബ്രേക്ക് നേരെയാക്കാൻ പറ്റാതിരിക്കുകയും ചെയ്യുമ്പോൾ കാൻസർ വരാനുള്ള സാധ്യത ഏറുന്നു. ഈ ജീൻ മ്യൂറ്റേഷൻ പാരമ്പര്യമായി കൈമാറിപോകാനും സാധ്യത ഉണ്ട്. BRCA1 മ്യൂറ്റേഷൻ ഉള്ള ആളുകളിൽ പ്രത്യേകിച്ച് സ്ത്രീകളിൽ 50 -80 % സ്തനാര്ബുദത്തിനും, 30 -50 % ഓവറികളിലെ കാൻസറിനും, പുരുഷന്മാരിൽ പാൻക്രിയാറ്റിക്, പ്രോസ്റ്റേറ്റ് കാൻസറുകൾക്കും കാരണമാകാം. BRCA2 ജീനും ഇതേ ജോലി ചെയ്യുന്നതിനാൽ, BRCA2 മ്യൂറ്റേഷനും മുകളിൽ പറഞ്ഞ കാൻസറുകൾക്കു കാരണമാകാം.
അതുപോലെ തന്നെ DNA നേരെയാക്കുവാൻ സഹായിക്കുന്ന (Repair) PALB2, ATM ജീൻ മ്യൂറ്റേഷനുകളും വിവിധ തരം കാൻസറുകൾക് കാരണമാകാം. അത് കൂടാതെ P53, PTEN, APC, MEN1, VHL, NF1, CDKN1B എന്നീ ജീനുകളിലുള്ള മ്യൂറ്റേഷണുകളും കാൻസർ വരാൻ ഉള്ള സാധ്യത ഉയർത്തുന്നു. BRCA1/2 മ്യൂറ്റേഷനുകൾ കാണപ്പെടുന്ന ഫാമിലി ഹിസ്റ്ററി ഉള്ളവർ നേരത്തെ തന്നെ കാൻസർ സ്ക്രീനിംഗ് തുടങ്ങണമെന്ന് ഇപ്പോൾ തന്നെ നിഷ്കർഷിക്കാറുണ്ട്. അവരുടെ അടുത്ത തലമുറയ്ക്കും ഇതേ സാധ്യത നില നിൽക്കുന്നതിനാൽ അവരും നേരത്തെയുള്ള കാൻസർ സ്ക്രീനിങ് ചെയ്‌യുകയാണെങ്കിൽ അസുഖം വേഗം കണ്ടെത്താനും മുഴുവനായി ഭേദമാവാനും സഹായകമാകും.
ഹൃദയസംബന്ധിയായ ചില അസുഖങ്ങളും പാരമ്പര്യമായി കൈമാറ്റം ചെയ്യാവുന്ന ചില ജീൻ മ്യൂറ്റേഷൻ വഴി ഉണ്ടാകാവുന്നതാണ്. അത് Dilated Myopathy യിൽ ഏതാണ്ട് 83 ശതമാനവും Hypertrophic Cardiomyopathy യിൽ ഏതാണ്ട് 63 ശതമാനവും വരെ ആകാം. MYH7, MYBPC3, TNNT2, and TNNI3, FLT4 and MYH6 എന്നീ ജീനുകളിലെ മ്യൂറ്റേഷനുകൾ ആണ് ഇതിനു പ്രധാന കാരണം. ഇത് പോലെ നിരവധി ഓട്ടോ ഇമ്മ്യൂൺ ഡിസീസ്‌കൾക്കും, Type 1 diabetes, multiple sclerosis, Muscular destrophy, Hutchinson-Gilford progeria syndrome (HGPS) തുടങ്ങി എണ്ണമറ്റ അസുഖങ്ങൾക്ക് കാരണമായ ജീൻ മ്യൂറ്റേഷനുകൾ ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇതെല്ലം കണ്ടു പിടിക്കാൻ ഉതകുന്ന ഏറ്റവും എളുപ്പത്തിലുള്ള സങ്കേതമാണ് Whole Genome sequencing (WGS). ഇങ്ങനെ നമ്മുടെ genome നാം മനസ്സിലാക്കുന്നതോടെ നമുക്ക് മിക്ക അസുഖങ്ങളും കൃത്യമായി മുൻകൂട്ടി കണ്ടു പിടിക്കാൻ കഴിയുകയും, വേണ്ട വിധത്തിലുള്ള മുൻ മുൻകരുതലുകൾ എടുക്കാൻ കഴിയുകയും ചെയ്യും. ഉദാഹരണത്തിന് BRCA1 /2 മ്യൂറ്റേഷനുകൾ കണ്ടെത്തിയ സ്ത്രീകൾ സ്തനാര്ബുദത്തിനുള്ള സ്ക്രീനിങ് മുൻകൂട്ടി, 30 വയസ്സിനു ശേഷം തന്നെ തുടങ്ങിയാൽ, കാൻസർ വളരെ നേരത്തെ തന്നെ തിരിച്ചറിയാൻ പറ്റുകയും ചികിൽസിച്ചു പൂർണമായും ഭേദമാക്കാൻ കഴിയുകയും ചെയ്യും. കാൻസർ രംഗത്തെ അടുത്ത കാലത്തു വന്ന വളർച്ച മിക്ക കാൻസറുകളൂം നേരത്തെ മനസ്സിലാക്കിയാൽ ചികിൽസിച്ചു പൂർണമായും ഭേദമാക്കാവുന്ന സ്‌ഥിതിയിലാണ്. കാൻസർ മാത്രമല്ല, മറ്റു അസുഖങ്ങളും Whole Genome sequencing (WGS) വഴി നേരത്തെ മനസ്സിലാക്കിയാൽ ഒരു പരിധി വരെ ചികിത്സ എളുപ്പമാകും എന്നത് ഉറപ്പാണ്.
ഇനിയും പുതിയ പുതിയ ജീൻ മ്യൂറ്റേഷനുകൾ കണ്ടെത്തുന്നത് ഭാവിയിൽ ഇതിന്റെ വ്യാപ്തി വളരെ അധികം വർധിപ്പിക്കും എന്നും ഉറപ്പാണ്. നമ്മുടെ ആരോഗ്യ മേഖലയും ഡോക്ടർമാരും ഇത്തരം പുതിയരോഗനിർണയ സങ്കേതങ്ങൾക്ക് അനുസരിച്ചു സ്വയം മാറേണ്ടതും അനിവാര്യമാണ്. എന്നാൽ Whole Genome sequencing (WGS) വഴി നമ്മുടെ ജീനോo മനസ്സിലാക്കുന്നത് ചില സോഷ്യൽ പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഒരു കുട്ടി ജനിച്ച ഉടനെ തന്നെ ഒരു ജനിതക പുസ്തകം അല്ലെങ്കിൽ ജനിതക “ജാതകം” (Genetic ‘Horoscope’) ഉണ്ടാക്കിയാൽ പിന്നീട് ആ കുട്ടിക്ക് ഉണ്ടാക്കാൻ സാധ്യതയുള്ള കുറേതരം അസുഖങ്ങൾ മുൻകൂട്ടി മനസിലാക്കാം. അത് പോലെ ഏതു പ്രായത്തിലും, പാരമ്പര്യ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യത അറിയാൻ ഇത്തരം ടെസ്റ്റുകൾ ചെയ്യാവുന്നതാണ്.
എന്നാൽ ഇങ്ങനെയുള്ള ജനിതക അറിവുകൾ മനുഷ്യരിൽ ഭയവും ഒരു ജീനോമിക് ജാതിവ്യവസ്ഥയുടെ ഉയർത്തെഴുന്നേല്പിനും കാരണമാകുമോ എന്ന ഭീതി പല സോഷ്യൽ സയന്റിസ്റ്റുകളിലും സോഷ്യൽ വർക്കേഴ്സിന്റെ ഇടയിലും ഉണ്ട്. നമുക്ക് ഉണ്ടാകാൻ സാധ്യത ഉള്ള അസുഖത്തെ പറ്റിയുള്ള വിവരങ്ങൾ നമ്മിൽ ഉണ്ടാക്കാവുന്ന മാനസിക ആഘാതം (Mental Trauma) എങ്ങനെ നേരിടും എന്നതാണ് ഒരു ആശങ്ക. ഇത് അനാവശ്യമായ ഭീതിയുണ്ടാക്കാൻ മാത്രമല്ലെ ഉതകൂ എന്ന് പലരും ആശങ്കപ്പെടുന്നു.
മറ്റൊന്ന് പ്രധാനമായും, വിവാഹവുമായി ബന്ധപ്പെട്ട് നമ്മുടെ ജനിതക വിവരങ്ങൾ ഒരു ജനിതക “ജാതക പൊരുത്തം’ (Genomic horoscope matching) നോക്കാനും മറ്റും ഉപയോഗിക്കപ്പെടാനുള്ള സാധ്യത ആണ്. ജനിതക അസുഖങ്ങൾ ഉള്ള കുടുംബങ്ങൾ ഇവിടെ പിന്തള്ളപ്പെടുമോ എന്നും അവർ സമൂഹത്തിൽ നിന്നും അകൽച്ച നേരിടേണ്ടി വരുമോ എന്നും ഇവർ ഭയപ്പെടുന്നു. ജനിതക വിവരങ്ങൾ (Genome Data) ഇൻഷുറൻസ് കമ്പനികളും, ഹ്യൂമൻ റിസോഴ്സ് റിക്രൂട്ടിങ് ഏജൻസികളും ആവശ്യപ്പെട്ടു തുടങ്ങിയാൽ ഉണ്ടാകാവുന്ന ദൂരവ്യാപക
ഭവിഷ്യത്തുകളിലും ഇവർ ആശങ്കപ്പെടുന്നു.
ഇത്തരം ആശങ്കകൾ നില നിൽക്കുമ്പോൾ തന്നെ, ടെക്നോളജി ഇഷ്ടപ്പെടുന്ന ഒരു സമൂഹത്തിൽ ഇന്നല്ലെങ്കിൽ നാളെ Whole Genome sequencing (WGS) ടെസ്റ്റുകൾ സാധാരണക്കാർക്കു പ്രാപ്ത്യമായ അവസ്‌ഥയിൽ എത്തുമ്പോൾ സ്വീകരിക്കാതിരിക്കില്ല എന്ന് ജീനോം സയന്റിസ്റ്റുകൾ പറയുന്നു. ഒരു പരിധി വരെ ഈ ടെസ്റ്റുകൾ ചികിത്സക്ക് സഹായമുന്നെങ്കിൽ അതിനെ പ്രോത്സാഹിക്കണമെന്നും പല ഡോക്ടർമാരും അഭിപ്രായപ്പെടുന്നു. അവരിൽ പലരും Whole Genome sequencing- (WGS) നെ പൂർണമായും അംഗീകരിക്കുന്നില്ലെങ്കിലും BRCA1 /2 മ്യൂറ്റേഷൻ ടെസ്റ്റുകൾ പോലെ യുള്ള ടെസ്റ്റുകൾ കാൻസർ പ്രതിരോധത്തെ വളരെ അധികം സഹായിക്കുന്നുണ്ടന്നത് അംഗീകരിക്കുന്നു.
അതിനാൽ തന്നെ നമുക്ക് ഇത്തരം ടെസ്റ്റുകൾ പൂർണമായും ഒഴിവാക്കലല്ല എന്നാൽ സർക്കാരുകളുടെ പൂർണമായ നിയന്ത്രണത്തിൽ വഴി അതിന്റെ ദോഷവശങ്ങൾ (negative Impact) കുറക്കുകയാണ് പ്രതിവിധി എന്ന് മിക്ക ജീനോമി സയന്റിസ്റ്റുകളും പബ്ലിക് ഹെൽത്ത് വിദഗ്ധരും വിശ്വസിക്കുന്നു. ഈ കാര്യത്തിൽ ഇന്ത്യ ഇപ്പോഴും പിന്നിലാണെന്നത് ആശങ്കപെടേണ്ടതാണ്. USA 2008 ഇത് തന്നെ The Genetic Information Non-discrimination Act of 2008 (GINA) കൊണ്ടുവരുകയും ഹെൽത്ത് ഇൻഷുറൻസിലും എംപ്ലോയ്‌മെന്റിലും ജനിതക വിവരങ്ങളുടെ ഉപയോഗം ഇല്ലാതാക്കുകയും ചെയ്തു. എന്നാൽ സാമൂഹ്യ ജീവിതത്തിലും ലോങ്ങ് ടെം കെയർ ഇൻഷുറൻസിലും (long term Care insurance) കാര്യമായ പ്രൊട്ടക്ഷൻ ജനിതക പ്രശ്നങ്ങൾ ഉള്ളവർക്ക് ഈ ആക്ട് നൽകുന്നില്ല. കാനഡ, The Genetic Non-Discrimination Act (2017) വഴി, ജനിതക വിവരങ്ങൾ ജനങ്ങളെ വേർ തിരിക്കാൻ ഉപയോഗിക്കുന്നത് ഒരു ക്രിമിനൽ കുറ്റമാക്കി മാറ്റി. European Convention on Human Rights (Oviedo Convention): Article 11 ജനിതക വിവരങ്ങൾ ലൈഫ് ഇൻഷുറൻസിണോ ജോലിക്കോ ഉപയോഗിക്കുന്നത് പൂർണമായും തടയുന്നു.
Bioethics Law(ഫ്രാൻസ്), Genetic Diagnostics Act (GenDG) (Germany) Equality Act 2010, A Code on Genetic Testing and Insurance (2018) (UK) എന്നിവയും ജനിതക വിവരങ്ങളുടെ ദുരുപയോഗം തടയുന്നുണ്ട്. ഓസ്‌ട്രേലിയയിൽ കഴിഞ്ഞ വർഷം Treasury Laws Amendment (Genetic Testing Protections in Life Insurance and Other Measures) Bill2025 എന്ന പേരിൽ ജനറ്റിക് ടെസ്റ്റുകളുടെ വിവരങ്ങൾ ലൈഫ് ഇൻഷുറൻസിനു ഉപയോഗിക്കുന്നത് തടയുന്ന ഒരു ബിൽ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ നമ്മുടെ രാജ്യത്തു ഇത്തരം നിയന്ത്രണങ്ങളൂം നിയമങ്ങളും വരാത്തത് ജനിതക വിവരങ്ങളുടെ ദുരുപയോഗത്തെ കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നുണ്ട്.
| രാജ്യം | പ്രത്യേക നിയമമുണ്ടോ? | ജോലി സംരക്ഷണം | ഹെൽത്ത് ഇൻഷുറൻസ് | ശിക്ഷ |
| അമേരിക്ക | ഉണ്ട് | ✔ | ✔ | ഇല്ല |
| കാനഡ | ഉണ്ട് | ✔ | ✔ | ✔ |
| യുകെ | ഭാഗികം | ✔ | ഭാഗികം | ഇല്ല |
| ഓസ്‌ട്രേലിയ | ഭാഗികം | ✔ | പരിമിതം | ഇല്ല |
| ജർമ്മനി | ഉണ്ട് | ✔ | പരിമിതം | ✔ |
| ഫ്രാൻസ് | ഉണ്ട് | ✔ | ✔ | ✔ |
| ഇന്ത്യ | ഇല്ല (നേരിട്ട്) | പരോക്ഷം | പരോക്ഷം | പരിമിതം |
ശാസ്ത്രത്തിന്റെ വളർച്ച ലോകം എപ്പോഴും ഏറ്റെടുത്തിട്ടും അതിനു അനുസരിച്ചു ലോകക്രമം മാറ്റിയെടുത്തിട്ടുമുണ്ട്. ആദിമനുഷ്യർ തീ ഉണ്ടാക്കാനും, നിയന്ത്രിക്കാനും പഠിച്ചത് മുതൽ, എല്ലാ പുതിയ മുന്നേറ്റങ്ങളും ഒരേ സമയം ആശങ്കപ്പെടിത്തുന്നതും എന്നാൽ പിന്നീട് അതിനനുസരിച്ചു മാറാൻ നമ്മൾ പഠിച്ചിട്ടുള്ളതുമാണ്. ജനിതക വിവരങ്ങളുടെ കാര്യത്തിലും, ഒരു പിന്നോട്ട് പോക്കല്ല, മറിച്ചു, കൃത്യമായുള്ള നിയന്ത്രണങ്ങളോടെ ഉള്ള മുന്നോട്ടു പോക്കാണ് അഭികാമ്യം.
അതിനു ജീനോമിക് സയന്റിസൈറ്റുകളും സോഷ്യൽ വർക്കേഴ്സും, ഡോക്ടർമാരും മാത്രമല്ല, സർക്കാർ വൃത്തങ്ങളും നിയമനിർമ്മാതാക്കളും (law makers), നയരൂപകർത്താക്കളും (Policy makers) അതിന്റെ പ്രാധാന്യം മനസ്സിലാക്കി ഉടനെ തന്നെ വേണ്ട ഇടപെടലുകൾ നടത്തുകയും ജനിതക വിവരങ്ങൾക്ക് ചികിത്സാ ഉപയോഗങ്ങൾക്ക് അപ്പുറം ഉള്ള എല്ലാ ഉപയോഗങ്ങൾക്കും ദുരുപയോഗങ്ങൾക്കും സാധ്യമായ എല്ലാ നിയന്ത്രണങ്ങളും ഏർപ്പെടുത്തുകയും ജനിതക പ്രശ്നങ്ങൾ ഉള്ള എല്ലാ മനുഷ്യർക്കും, കുടുംബത്തിനും സമൂഹത്തിനും വേണ്ട സംരക്ഷണം ഉറപ്പു വരുത്തുകയും വേണം.
(തൃശ്ശൂർ അമല ക്യാൻസർ സെന്റർ ഡിപ്പാർട്മെന്റ് ഓഫ് ഇമ്യുണോളജിയിലെ അസിസ്റ്റന്റ് പ്രൊഫസർ ആണ് ലേഖകൻ)
Content Highlights: Explains the science and history of genome sequencing., Highlights its role in predicting hereditary diseases like cancer and heart conditions., Discusses significant ethical concerns, including genetic discrimination and data privacy., Stresses the urgent need for a legal framework in India for genetic data protection.