ആർത്തവകാലത്തെ വേദനയും മൂഡ് സ്വിങ്സും അകറ്റാൻ ഡയറ്റിൽ ഇവ ഉൾപ്പെടുത്താം

ആർത്തവകാലം പലർക്കും വേദനയുടേതു കൂടിയാണ്. ഹോർമോണുകളുടെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങൾ പങ്കുവെക്കുന്ന പെൺകുട്ടികൾ നിരവധിയാണ്. ആർത്തവസമയത്തും ശരീരത്തിന് പോഷകസമ്പുഷ്ടമായ ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. ഇതേക്കുറിച്ച് പങ്കുവെക്കുകയാണ് ന്യൂട്രീഷണിസ്റ്റായ നമാമി അഗർവാൾ. ആർത്തവകാലത്തെ ആരോഗ്യകരമായ ഡയറ്റിനെക്കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെയാണ് നമാമി പങ്കുവെച്ചിരിക്കുന്നത്.
തൈര് ആണ് ആർത്തവകാല ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാന ഭക്ഷണങ്ങളിലൊന്നായി നമാമി പറയുന്നത്. തൈരിൽ ധാരാളം കാൽസ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇവ മസിലുകളെ സുഖപ്പെടുത്തുകയും പ്രീമെൻസ്ട്ര്വൽ സിൻഡ്രത്തിനുള്ള( ആർത്തവത്തിന് ഒന്നോ രണ്ടോ ആഴ്ച മുമ്പ് പ്രത്യക്ഷപ്പെടുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളാണ് പിഎംഎസ് അഥവാ പ്രീമെൻസ്ട്ര്വൽ സിൻഡ്രം.
ഈസ്ട്രജൻ,പ്രൊജസ്‌ട്രോൺ ഹോർമോണുകളുടെ നിലയിൽ വരുന്ന വ്യത്യാസങ്ങളാണ് പിഎംഎസിന്റെ കാരണങ്ങളിലൊന്ന്.)ഒരു ഗ്ലാസ് മോരോ, നട്സിനോ പഴങ്ങൾക്കോ ഒപ്പം അൽപം തൈരോ ആയി ഡയറ്റിൽ ഉൾപ്പെടുത്താം.
ഒമേഗ 3 ഫാറ്റി ആസിഡുകൾ ധാരാളം അടങ്ങിയ നട്സും ആർത്തവകാല ഡയറ്റിൽ ഉൾപ്പെടുത്തണമെന്ന് നമാമി പറയുന്നു. പ്രോട്ടീനും ഇവയിൽ ധാരാളമുണ്ട്. ഇത് ആർത്തവകാലത്തെ അമിതമായുള്ള ആസക്തിയെ ഇല്ലാതാക്കുമെന്നും നമാമി.
വാഴപ്പഴത്തിനും ആർത്തവകാലത്ത് പ്രധാന പങ്കുണ്ടെന്ന് നമാമി പങ്കുവെക്കുന്നു. പൊട്ടാസ്യവും വിറ്റാമിൻ ബി സിക്സും ധാരാളമുള്ള വാഴപ്പഴത്തിന് ആർത്തവകാലത്തെ മാനസിക സംഘർഷങ്ങൾ കുറയ്ക്കാൻ കഴിയും.
ഒപ്പം പ്രധാനപ്പെട്ട മറ്റൊരു കാര്യവും നമാമി പങ്കുവെക്കുന്നുണ്ട്. ധാരാളം വെള്ളം കുടിക്കണം എന്നതാണത്. ശുദ്ധമായ വെള്ളവും തേങ്ങാവെള്ളവും പച്ചക്കറികൾ കൊണ്ടുള്ള ജ്യൂസും മോരുമൊക്കെ കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തണം. ഇത് നിർജലീകരണം മൂലമുണ്ടാകുന്ന തലവേദ കുറയ്ക്കുമെന്നും നമാമി വീഡിയോയിൽ പറയുന്നു.
അവസാനത്തേത് ധാന്യങ്ങൾ ധാരാളം ഈ സമയത്ത് ഉൾപ്പെടുത്തണം എന്നതാണ്. ഇരുമ്പും സിങ്കും അടങ്ങിയ ധാന്യവർഗങ്ങൾ ആർത്തവകാല ഡയറ്റിൽ ഉൾപ്പെടുത്തുന്നതു വഴി ആർത്തവ വേദന കുറയ്ക്കാൻ കഴിയുമെന്നാണ് നമാമി പറയുന്നത്.
Content Highlights: foods to eat during period, period cramps relief food, premenstrual syndrome