വയറുവേദന, അമിതക്ഷീണം, വിശപ്പില്ലായ്മ; ഫാറ്റിലിവർ ലക്ഷണങ്ങൾ ശ്രദ്ധിക്കണം, ഡോക്ടറെ കാണേണ്ടതെപ്പോൾ ?

എന്തു കൊണ്ടായിരിക്കും ഏറ്റവും ഇഷ്ടമുള്ളവരെ നാം മലയാളികൾ 'എന്റെ കരളേ' എന്നു വിളിക്കുന്നത്? നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരൾ ഭക്ഷണം ദഹിപ്പിക്കുന്നത് മുതൽ വിഷാംശങ്ങൾ നീക്കം ചെയ്യുന്നതുവരെ നിരവധി പ്രവർത്തനങ്ങളിലൂടെ നമുക്ക് അത്രയേറെ വലിയ സേവനമാണ് നിർവഹിക്കുന്നത് . ഇന്നത്തെ ജീവിതരീതികൾ കാരണം കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ഫാറ്റി ലിവർ (Fatty Liver) എന്ന അവസ്ഥ വ്യാപകമായി കണ്ടുവരുന്നു. ജീവിതശൈലീ രോഗങ്ങളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന രോഗമാണിത്. കരളിലെ കോശങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്.
പ്രധാനമായും രണ്ട് തരത്തിലാണ് ഫാറ്റി ലിവർ കണ്ടുവരുന്നത്: സ്ഥിരമായും അമിതമായും മദ്യം ഉപയോഗിക്കുന്നവരിൽ കാണുന്ന അവസ്ഥയാണ് ആൽക്കഹോളിക് ഫാറ്റി ലിവർ. എന്നാൽ, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ (NAFLD) മദ്യപാനം ശീലമില്ലാത്തവരിലും കണ്ടുവരാറുണ്ട്. പ്രമേഹം, അമിതഭാരം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ.
ഫാറ്റി ലിവർ പലപ്പോഴും തുടക്കത്തിൽ വ്യക്തമായ ലക്ഷണങ്ങൾ കാണിക്കണമെന്നില്ല. രോഗം മൂർച്ഛിക്കുമ്പോൾ താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടേക്കാം:
വയറിന്റെ മുകൾ ഭാഗത്തായി അനുഭവപ്പെടുന്ന വേദന, തുടർച്ചയായ ക്ഷീണം, വിശപ്പില്ലായ്മ, ചിലർക്ക് ചർമ്മത്തിലും കണ്ണിലും നേരിയ മഞ്ഞനിറം കാണപ്പെടാറുണ്ട്.
ഫാറ്റി ലിവറിന് പ്രത്യേകമായൊരു 'മാന്ത്രിക ഗുളിക'യൊന്നും നിലവിലില്ല. ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഇതിനുള്ള ഏറ്റവും മികച്ച പരിഹാരം.
എപ്പോൾ ഡോക്ടറെ കാണണം?
പ്രമേഹമോ അമിതവണ്ണമോ ഉണ്ടെങ്കിൽ ഡോക്ടറോട് കരൾ പരിശോധന ആവശ്യപ്പെടാം, പതിവ് ആരോഗ്യ പരിശോധനകളിൽ കരളിന്റെ പ്രവർത്തനക്ഷമത (Liver Function Test - LFT) കൂടി ഉൾപ്പെടുത്തുക. തുടർച്ചയായ ക്ഷീണം, വയറുവേദന, ജോണ്ടിസ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് നെ സമീപിക്കുക.
ഭക്ഷണക്രമീകരണം: പഞ്ചസാര, മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുക. പകരം നാരുകൾ അടങ്ങിയ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുത്തുക.
വ്യായാമം: ദിവസവും കുറഞ്ഞത് അര മണിക്കൂർ വേഗത്തിൽ നടക്കുകയോ ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നത് കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും.
ഭാരനിയന്ത്രണം: ശരീരഭാരം ക്രമീകരിക്കുന്നത് കരളിന്റെ ആരോഗ്യം വീണ്ടെടുക്കാൻ .
മദ്യവർജ്ജനം: മദ്യം പൂർണ്ണമായും ഒഴിവാക്കുന്നത് കരളിനെ വീണ്ടെടുക്കാൻ സഹായിക്കും.
കൃത്യമായ ഭക്ഷണവും വ്യായാമവും ശീലമാക്കിയാൽ ഭൂരിഭാഗം ആളുകൾക്കും ഫാറ്റി ലിവറിനെ പൂർണ്ണമായും നിയന്ത്രണത്തിലാക്കാൻ സാധിക്കും. നിങ്ങളുടെ ആരോഗ്യമാണ് നിങ്ങളുടെ ഏറ്റവും വലിയ സമ്പത്ത്.
കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ കൺസൾട്ടന്റ്- ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ആണ് ലേഖകൻ
Content Highlights: Recognizing early symptoms like fatigue and abdominal pain, Distinction between Alcoholic and Non-Alcoholic Fatty Liver Disease, Importance of Liver Function Tests (LFT) for high-risk groups, Lifestyle modifications