രാത്രി വൈകി സ്നാക്സ് കൊറിക്കുന്ന ശീലമുണ്ടോ? ഫാറ്റിലിവറും മറ്റ് കരൾരോഗങ്ങളും അരികെയെന്ന് പഠനം

#Health Desk
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com
പ്രതീകാത്മക ചിത്രം| ഫോട്ടോ: canva.com

യുവാക്കൾക്കിടയിൽ ഫാറ്റിലിവർ (മെറ്റബോളിക് ഡിസ്ഫങ്ഷൻ-അസോസിയേറ്റഡ് സ്റ്റിയാട്ടോട്ടിക് ലിവർ ഡിസീസ്) കേസുകൾ കുത്തനെ ഉയരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഭക്ഷണരീതിയും വ്യായാമക്കുറവുമൊക്കെ ഫാറ്റിലിവർ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഇപ്പോഴിതാ രാത്രി വൈകിയതിനുശേഷം എന്തെങ്കിലും കൊറിക്കുന്നതും ഫാറ്റിലിവർ ഡിസീസും തമ്മിലുള്ള ബന്ധം വ്യക്തമാക്കുകയാണ് പുതിയൊരു പഠനം.

ഒറിഗോൺ ഹെൽത്ത് & സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. രാത്രികാലങ്ങളിൽ സ്നാക്സ് കഴിക്കുന്നതിനുമുമ്പ് രണ്ടുതവണ ചിന്തിക്കണമെന്ന് പറയുകയാണ് പഠനം. 'ക്ലിനിക്കൽ ഗാസ്ട്രോഎൻട്രോളജി ആൻഡ് ഹെപ്പറ്റോളജി' എന്ന ജേണലിലാണ് പ‌ഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അത്താഴത്തിന് ശേഷമോ, ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടുമുമ്പോ എന്തെങ്കിലും കൊറിക്കുന്നത് ഫാറ്റിലിവർ, ലിവർ സിറോസിസ് എന്നീ കരൾരോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നുവെന്ന് പഠനം പറയുന്നു. രാത്രി വൈകി സ്നാക്സ് കഴിക്കുന്നത് ഹൃദ്രോഗം, പൊണ്ണത്തടി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുൻകാല ഗവേഷണങ്ങൾ വ്യക്തമാക്കുന്നുണ്ട്.

നഴ്സസ് ഹെൽത്ത് സ്റ്റഡി, നഴ്സസ് ഹെൽത്ത് സ്റ്റഡി II, ഹെൽത്ത് പ്രൊഫഷണൽസ് ഫോളോ-അപ്പ് സ്റ്റഡി എന്നീ മുൻകാല ദേശീയ ഡാറ്റാസെറ്റുകൾ വിശകലനം ചെയ്താണ് പഠനം നടത്തിയത്. പഠനങ്ങളുടെ ഭാഗമായ ഏകദേശം 200,000 പേരിൽനിന്ന് ഭക്ഷണക്രമത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും ശേഖരിച്ചു. ഇവയും കരൾ രോഗങ്ങളുമായുള്ള ബന്ധം പരിശോധിച്ചപ്പോഴാണ് രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരിൽ അല്ലാത്തവരെ അപേക്ഷിച്ച് എല്ലാത്തരം കരൾരോഗങ്ങൾക്കുമുള്ള സാധ്യത 20% മുതൽ 30%വരെ കൂടുതലാണെന്ന് കണ്ടെത്തിയത്.

ഉറങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് കലോറി ഉപഭോഗം പരിമിതപ്പെടുത്തുന്നതിലൂടെ കരൾരോഗസാധ്യത കുറയ്ക്കാമെന്ന് പറയുകയാണ് ഗവേഷകർ. രാത്രി വൈകി ഭക്ഷണം കഴിക്കുന്നതിലൂടെ ദഹനശേഷി കുറയുകയും അത് പൊണ്ണത്തടി, പ്രമേഹം, കരൾ രോഗങ്ങൾ എന്നിവയിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് ഗവേഷകർ പറയുന്നത്. ഭക്ഷണവും ഉറക്കവും തമ്മിലുള്ള സമയ ക്രമക്കേടുകളുടെ ഏറ്റവും മോശം ഫലം അനുഭവിക്കുന്ന അവയവവും കരളാണെന്ന് ഗവേഷകർ ചൂണ്ടിക്കാണിച്ചു.

ഫാറ്റിലിവർ

പലപ്പോഴും ലക്ഷണങ്ങൾ നിസ്സാരമാക്കുന്നതിലൂ‌ടെ വഷളാവുന്ന രോഗങ്ങളിലൊന്നാണ് ഫാറ്റിലിവർ. കരളിലെ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് പല കാരണങ്ങളുണ്ട്. ഫാറ്റിലിവറിന്റെ ചികിത്സയിലും പ്രതിരോധത്തിലും ജീവിതശൈലിയിലെ ആരോഗ്യകരമായ മാറ്റങ്ങളാണ് പ്രധാനം. അമിതവണ്ണം, പ്രമേഹം, ഉയർന്ന കൊളസ്‌ട്രോൾ നില, മെറ്റബോളിക് സിൻഡ്രോം, സ്റ്റിറോയ്ഡ് ഉപയോഗം തുടങ്ങിയവയൊക്കെ ഫാറ്റിലിവറിന് കാരണമാകും.

ബാരിയാട്രിക് സർജറിയിലൂടെയും മറ്റും പെട്ടെന്ന് ശരീരഭാരം കുറയുന്നതും ഫാറ്റിലിവറുണ്ടാക്കാം. മദ്യപരിൽ കണ്ടുവരുന്ന ഫാറ്റിലിവറിനെ ആൽക്കഹോളിക് ഫാറ്റിലിവറെന്നും മദ്യപിക്കാത്തവരിൽ കണ്ടുവരുന്ന ഫാറ്റിലിവറിനെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ എന്നും പറയുന്നു. നമ്മുടെ വൻകുടലിൽ കണ്ടുവരുന്ന സൗഹൃദ ബാക്ടീരിയകളിലുണ്ടാകുന്ന മാറ്റങ്ങൾ പലതരത്തിലുള്ള വിഷപദാർഥങ്ങളുടെ ഉത്പാദനത്തിനും (ടോക്‌സിനുകൾ) അവ കരളിലെത്തുന്നതിനും ഫാറ്റിലിവറിനും കാരണമാകാം.

ലക്ഷണങ്ങൾ

സാധാരണഗതിയിൽ പ്രാരംഭദശയിൽ ഫാറ്റിലിവർ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാക്കാറില്ല. യാദൃച്ഛികമായി നടത്തുന്ന അൾട്രാസൗണ്ട് സ്‌കാനിങ്ങിലായിരിക്കും ഫാറ്റിലിവർ കണ്ടെത്തുന്നത്. എന്നാൽ ചിലരിൽ വയറിന്റെ വലതുഭാഗത്ത് മുകളിലായി ഭാരംപോലെ തോന്നുക, വയറുവേദന, വിശപ്പില്ലായ്മ തുടങ്ങിയവ പ്രകടമാക്കാം. അമിതമായ ക്ഷീണം, കണ്ണിലും ചർമത്തിലും മഞ്ഞനിറം, ഭാരം കുറയൽ.

മൂന്നുഘ‌ട്ടം

മൂന്നുഘട്ടങ്ങളിലായാണ് ഫാറ്റിലിവർ പുരോഗമിക്കുന്നത്. കരളിൽ കൊഴുപ്പടിയുന്നതോടൊപ്പം കരൾ കോശങ്ങൾക്ക് നീർവീക്കം ഉണ്ടാകുന്ന അവസ്ഥയാണ് രണ്ടാംഘട്ടമായ ഹെപ്പറ്റൈറ്റിസ്. ഈ ഘട്ടത്തിൽ വിശപ്പില്ലായ്മ, ഓക്കാനം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകാം. കരൾകോശങ്ങൾ വ്യാപകമായി നശിക്കുന്ന സിറോസിസ് ആണ് മൂന്നാംഘട്ടം. ഭക്ഷണത്തിലും വ്യായാമത്തിലും, പ്രമേഹമുള്ളവർ പ്രമേഹനിയന്ത്രണത്തിലും, ശരീരഭാരം കുറയ്ക്കുന്നതിലും ശ്രദ്ധിച്ചാൽ ഫാറ്റിലിവർ പുരോഗമിക്കുന്നത് തടയാം.

ജീവിതശൈലി പ്രധാനം

മരുന്നിനേക്കാൾ ആരോഗ്യകരമായ ജീവിതശൈലിയാണ് ഫാറ്റിലിവറിന്റെ ചികിത്സയിൽ പ്രധാനം. പഴങ്ങളും പച്ചക്കറികളും പഴവർഗങ്ങളുമൊക്കെ ധാരാളമടങ്ങിയ മെഡിറ്ററേനിയൻ ഡയറ്റ് നല്ലതാണ്. വ്യായാമം ചെയ്ത് ശരീരഭാരവും നിയന്ത്രിക്കണം. പ്രമേഹം, അമിത കൊളസ്‌ട്രോൾ തുടങ്ങിയ പ്രശ്നങ്ങളുള്ളവർ അടിസ്ഥാന പ്രശ്നങ്ങൾ നിയന്ത്രിക്കണം. മദ്യപാനംമൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റിലിവറിന്റെ ചികിത്സയ്ക്ക് പ്രധാനം മദ്യപാനം ഒഴിവാക്കുക എന്നതുതന്നെ.

പരിശോധന പ്രധാനം

ഫാറ്റിലിവർ ഉണ്ടായിട്ടുള്ളവർ കൃത്യമായ ഇടവേളകളിൽ ലിവർ ഫങ്ഷൻ ടെസ്റ്റുകൾ, അൾട്രാസൗണ്ട് സ്‌കാനിങ് തുടങ്ങിയ പരിശോധനകൾ നടത്തി കരളിന്റെ പ്രവർത്തനവും ഘടനയും വിലയിരുത്തണം. നിശ്ചിത ഇടവേളകളിൽ ഡോക്ടറുടെ നിർദേശവും തേടണം. കോശങ്ങൾക്കുണ്ടാകുന്ന നാശം കൃത്യമായി മനസ്സിലാക്കാൻ ലിവർ ബയോപ്‌സി അപൂർവം അവസരങ്ങളിൽ വേണ്ടിവന്നേക്കാം.

പ്രതിരോധം

ഫാറ്റി ലിവർ തടയാൻ ജീവിതശൈലി മാറേണ്ടതുണ്ട്. ആരോഗ്യകരവും സമീകൃതവുമായ ആഹാരരീതി പിന്തുടരുക. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, മധുരം, ബേക്കറി പലഹാരങ്ങൾ, കൃത്രിമ ശീതളപാനീയങ്ങൾ, അമിതമായി സംസ്കരിച്ച് നാരുകൾ നീക്കിയവ, ബീഫ്, മട്ടൺ മുതലായ ചുവന്ന മാംസം, വനസ്പതി പോലുള്ള ട്രാൻസ്‍ഫാറ്റ് എന്നിവ ഒഴിവാക്കുക. പഴങ്ങൾ, പച്ചക്കറികൾ, നാരുകളടങ്ങിയ മുഴുധാന്യങ്ങൾ, പയറുവർഗങ്ങൾ, പഴവർഗങ്ങൾ, നട്സ്, മത്സ്യം എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അമിതവണ്ണമുള്ളവർ ശരീരഭാരം ക്രമീകരിക്കുക. ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം ചെയ്യുക. മദ്യപാനം ഒഴിവാക്കുക. പ്രമേഹം, കൊളസ്ട്രോൾ തുടങ്ങിയവ കൃത്യമായ ചികിത്സയിലൂടെ നിയന്ത്രിക്കുക.

Content Highlights: New study links late night snacking to increased risk of fatty liver and liver health issues, urging reconsideration of nighttime eating habits.