ബാക്ക് പോക്കറ്റിലെ പഴ്‌സ് നടുവേദനയുണ്ടാക്കുമെന്ന് MVD; എന്താണ് 'ഫാറ്റ് വാലറ്റ് സിന്‍ഡ്രോം'?

വണ്ടിയോടിക്കുന്ന സമയത്ത് പഴ്സ്, വാലറ്റ് തുടങ്ങിയവ പാന്റ്‌സിന്റെ പിന്നിലെ പോക്കറ്റില്‍വെക്കുന്നത് തെറ്റായ ശീലമാണെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. ന്യൂറോളജിസ്റ്റുകളുടെ നിര്‍ദേശപ്രകാരമാണ് അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്. നടുവേദനയ്ക്ക് ഈ ശീലം കാരണമാകുമെന്നാണ് പറയുന്നത്.
യാത്രയ്ക്കിടയില്‍ കാലുകളുടെ താഴ്ഭാഗത്തുള്ള വേദനയ്ക്കും ഇത് കാരണമാകും. ദീര്‍ഘനേരം പുറകിലെ പോക്കറ്റില്‍ പഴ്സ് വെച്ചുകൊണ്ടുള്ള യാത്ര ഇടുപ്പ് സന്ധിക്ക് തൊട്ടുപിന്നിലുള്ള സിയാറ്റിക് നാഡിയുടെ സങ്കോചത്തിലേക്ക് നയിക്കും.ഇടുപ്പെല്ലിന് ഇടയില്‍ കുത്തിനോവിക്കുകയാണിത് ചെയ്യുന്നത്. ഇത് 'സയാറ്റിക്ക പിരിഫോര്‍മിസ് സിന്‍ഡ്രോം' എന്നും 'ഫാറ്റ് വാലറ്റ് സിന്‍ഡ്രോം' എന്ന പേരിലുമാണ് അറിയപ്പെടുന്നത്.
എന്താണ് 'ഫാറ്റ് വാലറ്റ് സിന്‍ഡ്രോം'?
ഇരിക്കുമ്പോള്‍ നിതംബ ഭാഗത്തൊരു വേദന. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ കാലുകളിലേക്കും ആ വേദന പടരുന്നു. കാലിനൊരു മരവിപ്പും വേദനയുമൊക്കെ. ഇരിക്കുമ്പോള്‍ അസ്വസ്ഥത, എന്താണിത്? നടുവേദനയല്ല, പിന്നെന്താണ്? ചിലരൊക്കെ ചോദിക്കുന്ന ചോദ്യമാണിത്.
പലരുടെയും സ്ഥിരം ശീലങ്ങളിലൊന്നാണ് പാന്റ്സിന്റെ പിന്നിലെ പോക്കറ്റില്‍ പഴ്സ് വെക്കുന്നത്. ഈ ശീലമാണ് നിങ്ങളുടെ കാല്‍വേദനയ്ക്കും നിതംബ വേദനയ്ക്കും പിന്നിലുള്ളത്.
ഫാറ്റ് വാലറ്റ് സിന്‍ഡ്രോം
ഫാറ്റ് വാലറ്റ് സിന്‍ഡാം, വാലറ്റ് സയാറ്റിക്ക, പിരിഫോര്‍മിസ് സിന്‍ഡ്രം എന്നിങ്ങനെ പല പേരുകളുണ്ട് ഈ രോഗത്തിന്. എന്നാല്‍ ഇതുമൂലമുണ്ടാകുന്ന അസ്വസ്ഥതകള്‍ ചില്ലറയൊന്നുമല്ല. നടക്കുമ്പോള്‍ അരക്കെട്ടിനെ പുറമേ ചലപ്പിക്കുന്നത് നിതംബത്തിന്റെ പിന്‍ഭാഗത്തുള്ള ഗ്ലൂട്ടസ് മാക്സിമസ് പേശികളാണ്.
ബാക്ക് പോക്കറ്റില്‍ പഴ്സ് വെച്ച് ഇരിക്കുമ്പോള്‍ ഈ ഭാഗത്തുള്ള പിരിഫോര്‍മിസ് (piriformis) പേശികള്‍ക്ക് സമ്മര്‍ദമുണ്ടാവുന്നു. ഈ ഭാഗത്തുള്ള സയാറ്റിക്ക എന്ന നാഡിയും ഞെരുങ്ങി സമ്മര്‍ദത്തിലാകുന്നു. സയാറ്റിക്ക ഞെരുങ്ങുന്നതോടെ നിതംബ ഭാഗത്തും തുടയുടെ പിന്നിലേക്കും കാല്‍വണ്ണയിലെ പേശികളിലേക്കും വേദന പടരുന്നു.
പരിഹാരം
- പഴ്സ് ബാക്ക് പോക്കറ്റില്‍ വെക്കരുത് എന്നതു മാത്രമാണ് ഈ വേദന അകറ്റാനുള്ള പരിഹാരം.
- വേദന കുറയാതെ തുടരുകയാണെങ്കില്‍ ഡോക്ടറെ കണ്ട് ഉപദേശം തേടണം.
- ഈ പ്രശ്നമുള്ളവര്‍ വേദന വര്‍ധിപ്പിക്കുന്ന തരത്തിലുള്ള കഠിനമായ പ്രവൃത്തികളൊ ന്നും ചെയ്യരുത്.
- തുടര്‍ച്ചയായി ഒരേ ഇരുപ്പ് ഇരിക്കുന്നത് ഒഴിവാക്കണം.
- കഠിനമായ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് വാം അപ്പ്, സ്‌ട്രെച്ചിങ് എന്നിവ ചെയ്യുക.
- വ്യായാമം ചെയ്യുമ്പോള്‍ കൃത്യമായ ശരീരഘടനയും ബാലന്‍സും ഉണ്ടെന്ന് ഉറപ്പുവരുത്തുക.
- മാര്‍ദവമില്ലാത്ത പ്രതലത്തില്‍ ദീര്‍ഘനേരം ഇരിക്കരുത്.
- സമ്മര്‍ദം കൂടി മുറുകിയിരിക്കുന്ന പിരിഫോര്‍മിസ് പേശിക്ക് അയവു നല്‍കുന്ന വ്യായാമങ്ങളും ചെയ്യേണ്ടതുണ്ട്.
Content Highlights: fat wallet syndrome a pain in the back and butt