മഹാമാരി പടര്‍ന്നു പിടിക്കുമ്പോള്‍ ജനങ്ങളെ വഴിതെറ്റിക്കുന്ന കപടബുദ്ധിജീവികളെ തിരിച്ചറിയണം

മറ്റെല്ലാ രാജ്യങ്ങളെയും പോലെ നമ്മുടെ രാജ്യവും മഹാമാരിക്കെതിരെ പോരാടുമ്പോള്‍ 'ഇവിടെ വൈറസ് ഇല്ല, മാസ്‌ക് വേണ്ടാ, ഞങ്ങള്‍ തോന്നിയതു പോലെ അടിച്ചു പൊളിച്ചു ജീവിക്കും' എന്നു പറഞ്ഞിറങ്ങുന്നവരെ സൂക്ഷിക്കണം.
ഫ്രാന്‍സ്, ജര്‍മനി, ന്യൂസിലന്‍ഡ്, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളില്‍ വരെ ഇത്തരം 'ബുദ്ധിജീവികള്‍' അവിടവിടെ രംഗത്തെത്തിയിട്ടുണ്ട്.
നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ മഹാമാരി സ്വന്തം കണ്‍മുന്നില്‍ വാനോളം ഉയരത്തില്‍ നില്‍ക്കുമ്പോള്‍, ഒരു ദിവസം കുറഞ്ഞത് ആയിരത്തിലധികം പേര്‍ നമ്മുടെ സ്വന്തം രാജ്യത്ത് മരണപ്പെടുമ്പോള്‍, കണ്ണടച്ച് ഇരുട്ടാക്കാനും മറ്റുള്ളവരെ സ്വന്തം ചിന്താധാരയിലേക്ക് കൊണ്ടു വരാനും ഇക്കൂട്ടര്‍ക്ക് സാധിക്കുന്നു എന്നത് നിര്‍ഭാഗ്യകരം തന്നെ.
ഭൂമി പരന്നതാണെന്നും, നാം അന്യഗ്രഹജീവികളുടെ നിയന്ത്രണത്തിലാണെന്നും, വൈറസ് ഒരു മിഥ്യയാണെന്നും (hoax) രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മനിയിലെ സാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നടന്ന കൂട്ടക്കൊല വെറും സങ്കല്‍പ്പസൃഷ്ടിയാണെന്നും 9/11 ല്‍ ന്യൂയോര്‍ക്കിലെ വേള്‍ഡ്‌ട്രേഡ് സെന്റര്‍ അമേരിക്ക തന്നെയാണ് ബോംബു വച്ചു തകര്‍ത്തെന്നും ഒക്കെ വാദിക്കാന്‍ ഇത്തരം 'ബുദ്ധിജീവികള്‍' താല്പര്യം കാട്ടാറുണ്ട്.ഏതു മിഥ്യയും സത്യമെന്ന് സമര്‍ഥിക്കുന്ന ലേഖനങ്ങള്‍ ഇവരുടെ പക്കല്‍ ഉണ്ടാവും. എളുപ്പത്തില്‍ ശ്രദ്ധയും പ്രശസ്തിയും കിട്ടാനുള്ള വഴികൂടിയാണ് ഇത്.
ഇന്ന് നമ്മുടെ നാട്ടില്‍ പ്രായമായവര്‍ പൊതുവേ സുരക്ഷിതരാണ്. വൈറസ് അവരില്‍ എത്തിപ്പെടാതെ മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നു, എല്ലാവരും മാസ്‌ക് ധരിക്കുന്നു, കൂട്ടം കൂടലുകള്‍ തല്‍ക്കാലത്തേക്ക് വേണ്ടെന്നു വയ്ക്കുന്നു. അതിനാല്‍ തന്നെ രോഗം കൂടുതല്‍ നിലനില്‍ക്കുന്നത് രോഗം അപകടകരമാകാനും മരണ സാധ്യതയും താരതമ്യേന കുറവുള്ള 20-40 വയസു വരെയുള്ള വ്യക്തികളിലാണ്.
പാശ്ചാത്യ രാജ്യങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് വന്‍ തോതില്‍ രോഗം പിടിപെട്ടതു പോലെ നമ്മുടെ രാജ്യത്തുണ്ടാകാതിരിക്കാന്‍ ഇതുവരെയെങ്കിലും നമുക്കു കഴിഞ്ഞു എന്നത് അഭിമാനിക്കാവുന്ന കാര്യം തന്നെ. അതുകൊണ്ടു തന്നെയാണ് ഇന്ത്യയില്‍ മൊത്തം മരണനിരക്ക് കുറഞ്ഞതും. പ്രായമായവരില്‍ വൈറസ് എത്തിപ്പെടാത്തതു കൊണ്ട് അവര്‍ താരതമ്യേന സുരക്ഷിതരാണ്. പൗരന്മാരുടെ ശരാശരി പ്രായം കുറഞ്ഞ നമ്മുടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരണപ്പെടുന്നവരില്‍ നാലില്‍ ഒരാള്‍ 50 വയസിനു താഴെ ഉള്ളവരാണ്.
പ്രായഭേദമെന്യേ ഓരോ ജീവനും വിലപ്പെട്ടതാണ്. എന്നാല്‍, ഇപ്പോഴുള്ള അച്ചടക്കം കാറ്റില്‍ പറത്തിയാല്‍ ഇനി നടക്കാന്‍ പോകുന്നത് രോഗം മുതിര്‍ന്നവരില്‍ പടര്‍ന്നു പിടിക്കുക എന്നതാവും. ഇതോടെ ആശുപത്രികള്‍ നിറഞ്ഞുകവിയുകയും ചികിത്സ മുടങ്ങി മൊത്തം മരണ സാധ്യത തന്നെ പതിന്മടങ്ങാവുകയും ചെയ്യും.
ആരായാലും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ആണല്ലോ കേള്‍ക്കാനും വായിക്കാനും ഷെയര്‍ ചെയ്യാനും താല്‍പര്യം, വാസ്തവവിരുദ്ധമായാല്‍ പോലും. ഇത്തരം വികലമായ ചിന്തകള്‍ 'വൈറല്‍' ആകാനുള്ള കാരണവും അതാണ്. മാത്രവുമല്ല ഏതെങ്കിലും പ്രമുഖ വ്യക്തികള്‍ (KOL: Key Opinion Leaders) പറയുമ്പോള്‍ അവയ്ക്ക് സ്വീകാര്യത വര്‍ധിക്കും.
'ശരിയാണല്ലോ...അപ്പറഞ്ഞതിലും കാര്യമുണ്ട്, ഇവിടെ വൈറസ് ഒന്നുമില്ല, നമ്മളാരും കണ്ടിട്ടില്ലല്ലോ? ഇതൊക്കെ ചൈനക്കാര്‍ അല്ലെങ്കില്‍ അമേരിക്കക്കാര്‍ വെറുതെ പറഞ്ഞുണ്ടാക്കിയതാണ്, അല്ലെങ്കില്‍ വെറും ഹൂ ആണ്, നമുക്ക് നമ്മുടെ ഇഷ്ടം പോലെ നടക്കാം' എന്ന് സാധാരണക്കാര്‍ക്കു തോന്നുക സ്വാഭാവികം.
ശാസ്ത്ര സത്യങ്ങള്‍ പലപ്പോഴും അപ്രിയസത്യങ്ങള്‍ ആണ്. ശക്തമായ തെളിവുണ്ടെങ്കില്‍ മാത്രമേ ചികിത്സ, വാക്‌സിന്‍ മുതലായവ ഫലപദം, സുരക്ഷിതം എന്നു പറയൂ. ഊഹം വച്ച് ഒരിക്കലും ശാസ്ത്രം ചികില്‍സിക്കില്ല. ശാസ്ത്രത്തില്‍ കുറുക്കുവഴികള്‍ ഇല്ല. എന്നാല്‍, ശാസ്ത്രീയത മരുന്നിലും വാക്‌സിനിലും മാത്രമല്ല ഉള്ളത്. ഇന്ന് നാം താരതമ്യേന മെച്ചപ്പെട്ട അവസ്ഥയില്‍ ഇരിക്കാന്‍ കാരണം, തുടക്കം മുതല്‍ നാമെടുത്ത ശാസ്ത്രീയമായ നിലപാടുകള്‍ ആണ്. ടെസ്റ്റിംഗ്, സമ്പര്‍ക്കമുണ്ടായവരെ കണ്ടെത്തല്‍. ഐസൊലേഷന്‍, ക്വറന്റൈന്‍, റിവേഴ്‌സ് ക്വാറന്റൈന്‍ (പ്രായമായവരെ സുരക്ഷിതമാക്കാന്‍), യൂണിവേഴ്‌സല്‍ മാസ്‌കിങ്, കൂട്ടം കൂടല്‍ ഒഴിവാക്കല്‍, നല്ല വായു സഞ്ചാരമുള്ള ഇടങ്ങളില്‍ താമസിക്കുക, സാമൂഹ്യ അകലം പാലിക്കുക, സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമങ്ങള്‍ വഴി ആളുകളെ ബോധവത്കരിക്കുക, ബോധവത്ക്കരണം നല്‍കുന്നതിനുള്ള പരിപാടികള്‍ സംഘടിപ്പിക്കുക, ഇതിനെല്ലാമൊപ്പം സ്വന്തം ആരോഗ്യം മറന്ന് പണിയെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും, മറ്റ് അവശ്യ സര്‍വീസസ് ജീവനക്കാരും, പിപിഇ കിറ്റുകളുടെ ശരിയായ പ്രയോജനപ്പെടുത്തല്‍, അഡ്മിനിസ്‌ട്രേറ്റീവ്, എഞ്ചിനീയറിംങ് വിഭാഗങ്ങളുടെ ശരിയായ പ്രവര്‍ത്തനം, കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ പ്രവര്‍ത്തനം. കൂടുതല്‍ ഐ.സി.യുകളുടെ നിര്‍മാണം. ആശുപത്രികളുടെ നവീകരണം, വെബിനാര്‍ പോലുള്ളവ നടത്തി കൂടുതല്‍ പരിശീലനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്, ചികിത്സ ഫലവത്താണോ എന്ന് കണ്ടെത്താനുള്ള ക്ലിനിക്കല്‍ ട്രെയലുകള്‍, വാക്‌സിന്‍ ട്രയലുകള്‍, അവവഴി ലഭിക്കുന്ന വിവരങ്ങളുടെ ക്രോഡീകരണം... ഇങ്ങനെ നിരവധി ശാസ്ത്രീയമായ (scientific) ഇടപെടലുകളാണ് ഓരോ ദിവസവും കോവിഡിനെ പ്രതിരോധിക്കാനായി നടത്തപ്പെടുന്നത്.
ചിലരെങ്കിലും കരുതുന്നതു പോലെ ഒരു ഗുളികയോ ഇഞ്ചക്ഷനോ മാത്രമല്ല ശാസ്ത്രം. അതു കൊണ്ടു തന്നെ ''നിങ്ങളുടെ കയ്യില്‍ ചികിത്സ ഇല്ല'' എന്നു പറഞ്ഞു പരിഹസിച്ച് ഇതൊന്നും കുറച്ചു കാണരുത്.
ലക്ഷക്കണക്കിനാള്‍ക്കാരുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം ഉള്‍പ്പെട്ട ഇത്രയും ബൃഹത്തായ നടപടികള്‍ക്ക് തുരങ്കം വയ്ക്കലാണ് ഈ 'കപട ബുദ്ധിജീവികള്‍' ചെയ്യുന്നത് എന്ന് സമൂഹവും അധികൃതരും ഒരു പോലെ തിരിച്ചറിയണം. യാതൊരു കാരണവശാലും ഈ നിര്‍ണായക ഘട്ടത്തില്‍ ആരോഗ്യരംഗത്തെ തകര്‍ക്കാന്‍ അനുവദിക്കരുത്. നമ്മുടെ രാജ്യത്ത് ഇതാദ്യമായല്ല ഇത്തരം 'തുരങ്കം വയ്ക്കല്‍' നടക്കുന്നത്. വൈറസ് ഇല്ലെന്നും മാസ്‌ക് വേണ്ടെന്നും മറ്റും പ്രമുഖ മാധ്യമങ്ങളിലൂടെ നിരന്തരം വിളിച്ചുപറഞ്ഞ ആസാമിലെ ഒരു പ്രശസ്ത സര്‍ജനായഡോ.ഫുക്കാന്‍ നടത്തിയ അബദ്ധ പ്രസ്താവനകള്‍ മൂലം പാവം ജനങ്ങള്‍ ആശയക്കുഴപ്പത്തിലായി. ഒടുവില്‍ ആരോഗ്യമന്ത്രി ഇടപെടേണ്ടി വന്നു.
അതിജീവനം തുടരണം എന്നു തന്നെയാണ് ശാസ്ത്രീയമായി ചിന്തിക്കുന്ന എല്ലാവരുടെയും നിലപാട്. പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ സുരക്ഷിതമായി മുന്നോട്ടുപോകാനുള്ള മാര്‍ഗങ്ങള്‍ എത്രയോ മേഖലകളില്‍ അവലംബിച്ചുകഴിഞ്ഞു.
അഭിപ്രായ വ്യത്യാസം, ശാസ്ത്രത്തില്‍ ഊന്നിയുള്ള മാന്യമായ സംവാദം ഇതൊക്കെ നല്ലതാണ്. പക്ഷേ ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കരുത്. കൊറോണ പ്രതിരോധപ്രവര്‍ത്തനത്തില്‍ ഒരിക്കലും ഭിന്നിപ്പുണ്ടാവരുത്. ഒരുമിച്ചുനില്‍ക്കണം നമുക്ക്. നിന്നേ മതിയാവൂ.
Content Highlights: Fake news makes corona disease outbreaks worse
Content Highlights: