ആദ്യലക്ഷണം വിറയലല്ല; പാർക്കിൻസൺസിന്റെ മുന്നോടിയായി എത്തുന്ന ഉറക്കമില്ലായ്മ അവഗണിക്കരുത്

പാർക്കിൻസൺസ് രോഗം എന്ന് കേൾക്കുമ്പോൾ നമ്മുടെ ഉള്ളിൽ ആദ്യം വരുന്നത് കൈകാലുകളുടെ വിറയലോ നടക്കാനുള്ള ബുദ്ധിമുട്ടോ ആണ്. എന്നാൽ, ചലനസംബന്ധമായ ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് 10-15 വർഷങ്ങൾക്ക് മുൻപേ ശരീരം മറ്റ് ചില സൂചനകൾ നൽകുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ഒന്നാണ് ഉറക്കത്തിലെ അസ്വാഭാവികതകൾ.
ചലനസംബന്ധമല്ലാത്ത ലക്ഷണങ്ങൾ
പാർക്കിൻസൺസ് വെറുമൊരു ചലന വൈകല്യമല്ല. തലച്ചോറിലെ ഡോപാമിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങൾ നശിക്കുന്നതിന് മുൻപേ മറ്റു പല ശാരീരിക മാറ്റങ്ങളും സംഭവിക്കാം. ഇതിനെയാണ് ചലനസംബന്ധമല്ലാത്ത ലക്ഷണങ്ങൾ എന്ന് പറയുന്നത്. ഉദാഹരണത്തിന് ഗന്ധം തിരിച്ചറിയാനുള്ള കഴിവ് കുറയുക, വിട്ടുമാറാത്ത മലബന്ധം, വിഷാദം, ഉത്കണ്ഠ, ഉറക്കത്തിലെ തകരാറുകൾ.
ആർ.ഇ.എം സ്ലീപ്പ് ഡിസോർഡർ (Rapid Eye Movement Sleep Behavior Disorder)
സാധാരണഗതിയിൽ ഉറക്കത്തിന്റെ ആഴമേറിയ ഘട്ടത്തിൽ (സ്വപ്നം കാണുന്ന സമയം) നമ്മുടെ തലച്ചോറ് വളരെ സജീവമായിരിക്കും. പക്ഷേ, പേശികൾ നിശ്ചലമായിരിക്കും അതിനാൽതന്നെ സ്വപ്നത്തിൽ ഓടുകയോ ചാടുകയോ ചെയ്താലും യഥാർത്ഥത്തിൽ നാം അനങ്ങാതിരിക്കാൻ ഇതു സഹായിക്കുന്നു. എന്നാൽ, ആർ.ഇ.എം. ഉറക്കവൈകല്യമുള്ളവരിൽ ഈ പേശീനിയന്ത്രണം നഷ്ടപ്പെടുന്നു. ഇതിന്റെ ഫലമായി സ്വപ്നത്തിൽ കാണുന്ന കാര്യങ്ങൾക്കനുസരിച്ച് കൈകാലുകൾ ഇളക്കുകയോ അടിക്കുകയോ ചെയ്യുക, ഉറക്കത്തിൽ ഉച്ചത്തിൽ സംസാരിക്കുകയോ അലറുകയോ ചെയ്യുക, കട്ടിലിൽനിന്ന് വീഴാൻ പോകുന്ന തരത്തിലുള്ള ചലനങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഇവരിൽ സംഭവിക്കുന്നു. പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇത്തരം ആർ.ഇ.എം. സ്ലീപ്പ് ഡിസോർഡർ അനുഭവപ്പെടുന്നവരിൽ നല്ലൊരു ശതമാനം ആളുകൾക്കും പിൽക്കാലത്ത് പാർക്കിൻസൺസ് അല്ലെങ്കിൽ സമാനമായ ന്യൂറോഡിജനറേറ്റീവ് രോഗങ്ങൾ വരാൻ സാധ്യതയുണ്ടെന്നാണ്.
എന്തുകൊണ്ട് ഇത് അറിയാൻ വൈകുന്നു ?
തലച്ചോറിലെ ബ്രെയിൻ സ്റ്റെം ഭാഗത്താണ് ഉറക്കത്തെ നിയന്ത്രിക്കുന്ന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്. പാർക്കിൻസൺസ് ബാധിക്കുമ്പോൾ വിറയലിന് കാരണമാകുന്ന കോശങ്ങൾ നശിക്കുന്നതിന് വളരെ മുൻപേ, ഉറക്കത്തെ നിയന്ത്രിക്കുന്ന ഈ കോശങ്ങളെ രോഗം ബാധിച്ചു തുടങ്ങുന്നു. നിർഭാഗ്യവശാൽ, പലരും ഇതിനെ പ്രായമാകുമ്പോൾ ഉണ്ടാകുന്ന സാധാരണ ഉറക്കക്കുറവായി കണ്ട് അവഗണിക്കാറാണ് പതിവ്. മാനസിക സമ്മർദ്ദം, പ്രായം, ജീവിതശൈലി എന്നിവ കാരണമുണ്ടാകുന്ന പ്രശ്നമായി തള്ളിക്കളയുന്നു. ഉറക്കപ്രശ്നങ്ങളെ ഗൗരവമായി കാണാത്തതുകൊണ്ടും ഇതൊരു ന്യൂറോളജിക്കൽ പ്രശ്നമാണെന്ന് തിരിച്ചറിയാത്തത് കൊണ്ടും ആർ.ഇ.എം സ്ലീപ്പ് ബിഹേവിയർ ഡിസോർഡർ(RBD) ലക്ഷണങ്ങൾ ഉള്ളവരിൽ 35% പേർക്ക് മാത്രമേ രോഗലക്ഷണം തുടങ്ങി 5 വർഷത്തിനകം ന്യൂറോളജിസ്റ്റിനെ കാണാൻ സാധിക്കുന്നുള്ളൂ എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ബാക്കിയുള്ളവർ ഗുരുതരമായ പരിക്കുകൾക്ക് ശേഷമോ വിറയലും ചലനമാന്ദ്യവും ഉണ്ടായതിന് ശേഷമോ മാത്രം ന്യൂറോ കെയർ തേടുന്നു. രോഗം നേരത്തെ തിരിച്ചറിയുന്നത് വളരെ പ്രധാനമാണ്. ഉറക്ക വ്യതിയാനങ്ങൾ ആദ്യകാല മുന്നറിയിപ്പ് ലക്ഷണങ്ങൾ ആയിരിക്കും. അതിനാൽ തന്നെ നേരത്തെ കണ്ടെത്തിയാൽ ചികിത്സ കൂടുതൽ ഫലപ്രദമാകും അതോടൊപ്പം രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കും.
എപ്പോൾ ഡോക്ടറെ കാണണം?
താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു ന്യൂറോളജിസ്റ്റിനെ സമീപിക്കുക:
- ഉറക്കത്തിൽ കൈകാലിട്ടടിക്കൽ, നിലവിളി
- സ്ഥിരമായ ഉറക്കക്കുറവ്
- പകൽ അധിക ഉറക്കം
- കൂടാതെ ചെറിയ വിറയൽ, മന്ദഗതി തുടങ്ങിയവ
നേരത്തെയുള്ള രോഗനിർണ്ണയത്തിന്റെ പ്രാധാന്യം
- രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കുന്നു.
- ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താൻ സമയം നൽകുന്നു.
- കൃത്യമായ വ്യായാമത്തിലൂടെയും മരുന്നുകളിലൂടെയും ചലനശേഷി ദീർഘകാലം നിലനിർത്താൻ സഹായിക്കുന്നു.
ലോക പാർക്കിൻസൺസ് ദിനത്തിൽ, വിറയലിന് മുൻപേ ശരീരം നൽകുന്ന ഈ നിശബ്ദ സൂചനകളെ നമുക്ക് തിരിച്ചറിയാം. ശരിയായ സമയത്തുള്ള ന്യൂറോളജിക്കൽ പരിശോധന മെച്ചപ്പെട്ട ഒരു ജീവിതത്തിലേക്ക് വഴിതുറക്കും.
(അങ്കമാലി അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിൽ ന്യൂറോളജി വിഭാഗം കൺസൾട്ടൻറ് ആണ് ലേഖകൻ)
Content Highlights: Parkinson's often shows non-motor symptoms 10-15 years before tremors., REM sleep behavior disorder is a critical early indicator., Early neurological intervention significantly improves quality of life.