പെട്ടെന്നുള്ള കേള്‍വിക്കുറവിനോടൊപ്പം ചെവിക്കകത്തു മൂളലും തലകറക്കവും; എന്താണ് ഇയര്‍ സ്‌ട്രോക്ക് ?

#ബദരിയ മുഹമ്മദ്
Representative Image| Photo: Canva.com
Representative Image| Photo: Canva.com

മൂന്നു ദിവസത്തിനകം അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണമായോ ഭാഗികമായോ കേള്‍വി നഷ്ടപ്പെടുന്ന അവസ്ഥയാണ് പെട്ടെന്നുള്ള കേള്‍വിക്കുറവ് അഥവാ ഇയര്‍ സ്‌ട്രോക്ക്. ഒരു ചെവിയിലെ കേള്‍വിശേഷിയാണ് ഇത്തരത്തില്‍ കൂടുതലായും നഷ്ടപ്പെടാന്‍ സാധ്യത (90 - 95%). വളരെ വിരളമായി മാത്രമേ രണ്ടു ചെവിയുടെയും കേള്‍വി നഷ്ടപ്പെടാറുള്ളു (2 %). ഇത്തരത്തിലുള്ള കേള്‍വിക്കുറവ് താരതമ്യേനെ ഏതു പ്രായത്തിലും സംഭവിക്കാമെങ്കിലും 40 നും 60 നും ഇടയില്‍ പ്രായമുള്ളവരിലാണ് (സ്ത്രീ പുരുഷ ഭേദമന്യേ) പെട്ടന്നുള്ള കേള്‍വിക്കുറവ് കൂടുതലായും സംഭവിക്കാറുള്ളത്. 

മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയുടെ 2021 ഡിസംബര്‍ 28 കണക്കനുസരിച്ചു 1,00,000 ആളുകള്‍ക്കിടയില്‍ 5 മുതല്‍ 20 വരെ ആളുകള്‍ക്ക് ഇത്തരത്തിലുള്ള കേള്‍വിക്കുറവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇതില്‍ 70% കേള്‍വിക്കുറവുകളുടെയും കാരണം അജ്ഞാതമാണ് (ഇഡിയോപ്പതിക്).  

പെട്ടെന്നുള്ള കേള്‍വിക്കുറവിനോടൊപ്പം തന്നെ ചെവിക്കകത്തു മൂളല്‍ (റ്റിനൈറ്റിസ്), തലകറക്കം (ഡിസ്സിനസ്സ്), മനംമറിച്ചില്‍ (നൗസിയ) എന്നീ ലക്ഷണങ്ങളും കണ്ടുവരാം. ഇത് കേള്‍വിക്കുറവിനു തൊട്ടു മുന്‍പോ അല്ലെങ്കില്‍ അതോടൊപ്പമോ തന്നെയോ കണ്ടുവരാം. ഇത്തരത്തിലുള്ള കേള്‍വിക്കുറവിന്റെ യഥാര്‍ത്ഥ കാരണം പൂര്‍ണ്ണമായും ഇതുവരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. എന്നിരുന്നാലും വിവിധ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ചില കാരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്, പല തരത്തിലുള്ള വൈറല്‍ ഇന്‍ഫെക്ഷന്‍, തലച്ചോറിലേക്കുള്ള രക്തക്കുഴലുകളുടെ പ്രവര്‍ത്തനക്ഷമതയിലുള്ള കുറവ്, ഓട്ടോ ഇമ്മ്യൂണ്‍ ഡിസീസ്, മരുന്നുകളുടെ പാര്‍ശ്വ ഫലം (ഓടോടോക്‌സിക് ഡ്രഗ്‌സ്), എന്നിവ ഇവയില്‍ ചിലതാണ്.

ഇയര്‍ സ്ട്രോക്കിനെ സമയോചിതമായി തിരിച്ചറിയുകയും ഉടനടി ചികിത്സ ഉറപ്പുവരുത്തേണ്ടതും അത്യന്താപേക്ഷികമാണ്. എന്തെന്നാല്‍ ചികത്സ ആരംഭിക്കുന്നതിനുള്ള സമയം വൈകുന്തോറും സ്ഥിരമായ കേള്‍വിക്കുറവിലേക്കു നയിക്കും (പെര്‍മനെന്റ് ഹിയറിങ് ലോസ്). ഇതിനാല്‍ ഇയര്‍ സ്ട്രോക്കിനെ ഓട്ടോളജിക്കല്‍ എമര്‍ജന്‍സി എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെട്ടെന്നുള്ള കേള്‍വിക്കുറവിനെ തക്ക സമയത്തു കണ്ടുപിടിക്കുന്നതിനും ഉടനടി ചികിത്സ ആരംഭിക്കുന്നതിനുമായി ഓഡിയോളജിസ്റ്റിന്റെയും ഇ.എന്‍.ടി. ഡോക്ടറിന്റെയും സംയുക്ത ഇടപെടല്‍ അത്യാവശ്യമാണ്. 

ഓഡിയോളജിസ്റ്റ് കേള്‍വി പരിശോധിച്ചു കേള്‍വിക്കുറവിന്റെ അളവ് (ഡിഗ്രി) കണ്ടുപിടിക്കുകയാണ് ആദ്യം ചെയ്യുന്നത്. അതിനുശേഷം ഇ.എന്‍.ടി. ഡോക്ടര്‍ പരിശോധിച്ച് അനുയോജ്യമായ ചികിത്സ ആരംഭിക്കുന്നു. സ്റ്റിറോയ്ഡ് അല്ലെങ്കില്‍ ആന്റി വൈറല്‍ ഡ്രഗ് എന്നിവ മരുന്നുകളുടെ രൂപത്തിലോ ഇഞ്ചെക്ഷന്‍ രൂപത്തിലോ ആവാം രോഗിക്ക് നല്‍കുന്നത്. ഇതോടൊപ്പം ഇടയ്ക്കിടയ്ക്ക് കേള്‍വി പരിശോധന നടത്തി കേള്‍വിക്കുറവില്‍ വരുന്ന വ്യതിയാനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യേണ്ടതാണ്. എല്ലാവരിലും കേള്‍വി പൂര്‍ണ്ണമായും പഴയ രീതിയിലേക്ക് തിരിച്ചു വരണമെന്നില്ല, എങ്കിലും കേള്‍വിക്കുറവില്‍ കാര്യമായ മാറ്റം കാണാവുന്നതാണ്. എത്രയും നേരത്തെ തന്നെ ചികിത്സ തുടങ്ങിയാലേ ഇത് സാധ്യമാവുകയുള്ളു. ചികിത്സയുടെ വിജയം പലതരത്തിലുള്ള ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. കേള്‍വിക്കുറവിന്റെ അളവ്, കേള്‍വിക്കുറവിനും ചികിത്സ തുടങ്ങുന്നതിനും ഇടയിലുള്ള സമയം, ചികിത്സയുടെ കാലയളവ് എന്നിവ ഇതില്‍ ചിലതു മാത്രമാണ്. കേള്‍വിക്കുറവ് അനുഭവപ്പെട്ടു രണ്ടാഴ്ചക്കു ശേഷമുള്ള ചികിത്സയുടെ ഫലപ്രാപ്തി താരതമ്യേനെ കുറവായിരിക്കും. 

ഇത്തരത്തിലുള്ള കേള്‍വിക്കുറവ് അനുഭവപ്പെടുന്ന 60 - 65 %രോഗികള്‍  ഒരു മാസത്തിനുള്ളില്‍ കേള്‍വിയില്‍ പുരോഗതി കാണിക്കാറുണ്ട്.  60 വയസ്സിനു മുകളില്‍ പ്രായമായ ആളുകളില്‍  പൂര്‍ണ്ണയും കേള്‍വി തിരിച്ചുവരാനുള്ള സാധ്യത കുറവാണ്. ചികിത്സയുടെ  അഭാവത്തില്‍ സ്വമേധയാ ഉള്ള (ഏകദേശം 30 %) റിക്കവറിയും സാധ്യമാണ്. കേള്‍വി ശക്തിയിലുണ്ടാവുന്ന പുരോഗതി അല്ലെങ്കില്‍ റിക്കവറി റേറ്റ് പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും. പൂര്‍ണ്ണമായി കേള്‍വി നഷ്ടപെട്ടതിനു  ശേഷമാണു ചികിത്സ തുടങ്ങിയതെങ്കില്‍ റിക്കവറി  കുറവായിരിക്കും. അതുകൊണ്ടുതന്നെ റിക്കവറി റേറ്ററിനെ നാലു സ്റ്റേജുകളായി തിരിക്കാം. കംപ്ലീറ്റ് റിക്കവറി(കേള്‍വി ശക്തി പൂര്‍ണ്ണമായും തിരിച്ചു കിട്ടുന്നു), മാര്‍ക്കിഡ്  റിക്കവറി ( കേള്‍വി ശക്തി 30dB യില്‍ കൂടുതലുള്ളറിക്കവറി), സലൈറ്റെ റിക്കവറി ( കേള്‍വി ശക്തിയില്‍  30dB യില്‍ കുറവുള്ള  റിക്കവറി) കൂടാതെ കേള്‍വിക്കുറവിന് യാതൊരു മാറ്റവും ഇല്ലാത്ത അവസ്ഥ (നോ റിക്കവറി). മരുന്നുകള്‍ക്കും ഇഞ്ചക്ഷനുകള്‍ക്കും പ്രതികരിക്കാത്ത രോഗികള്‍ക്കു ശ്രവണ സഹായി (ഹിയറിങ് എയ്ഡ്) ഉപയോഗിക്കാവുന്നതാണ്. രോഗിയുടെ കേള്‍വിക്കുറവിന്റെ ഡിഗ്രിയുടെ അടിസ്ഥാനത്തില്‍ പലതരത്തിലുള്ള ശ്രവണ സഹായികള്‍ ലഭ്യമാണ്. ഇത്തരത്തിലുള്ള ശ്രവണ സഹായികള്‍ ആദ്യം ട്രയല്‍ ഫൈറ്റിങ് നടത്തിയതിനു ശേഷം തിരഞ്ചെടുക്കാവുന്നതാണ്.

കോവിഡ് മഹാമാരിക്ക് ശേഷം ഇത്തരത്തിലുള്ള കേള്‍വിക്കുറവ് അധികരിച്ചിരിക്കുകയാണ്. കൊറോണ രോഗത്തിന് ശേഷം അല്ലെങ്കില്‍ രോഗാവസ്ഥയില്‍ തന്നെ ഇത്തരത്തിലുള്ള കേള്‍വിക്കുറവ് കൂടുതല്‍ ആളുകളില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു ആരോഗ്യ പ്രശ്‌നമുള്ളവരില്‍ കൊറോണ വരുമ്പോഴാണ് ഇയര്‍ സ്‌ട്രോക്ക് കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊറോണ വൈറസ് കേള്‍വിശക്തിയെ ബാധിക്കുന്നതു പല താരത്തിലാവാം. വൈറസ് രോഗിയുടെ  ഉൾച്ചെവി(ഇന്നര്‍ ഇയര്‍)യിലേക്കുള്ള രക്തയോട്ടത്തിനു തടസ്സം അനുഭവപ്പെടുത്താം, അല്ലെങ്കില്‍ തലച്ചോറിലെ കേള്‍വിയുടെ ഭാഗത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാം അതുമല്ലെങ്കില്‍ ഒന്നിലധികം അവയവങ്ങളുടെ പ്രവര്‍ത്തന കുറവുമൂലവും ഉൾചെവിയുടെ സെൻസറി  കോശങ്ങളുടെ പ്രവര്‍ത്തനം നില്ക്കുന്നതും ഇതില്‍ ചില കാരണങ്ങളാണ്. കൊറോണയുടെ പ്രധാന  ലക്ഷണങ്ങള്‍ പ്രകടമല്ലാത്ത രോഗികളിലും കേള്‍വിക്കുറവ് ഒരു രോഗലക്ഷണമായി കാണിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ജനങ്ങളുടെ ഇടയില്‍ ഇതിനെപ്പറ്റി ബോധവല്‍ക്കരണം നടത്തുകയും അതോടൊപ്പം തന്നെ കേള്‍വി പരിശോധന ക്യാമ്പ് നടത്തേണ്ടതുമാണ്. കൊറോണ രോഗികളില്‍ അസുഖം ഭേദമായതിനു ശേഷം കേള്‍വി പരിശോധന നടത്തേണ്ടത് ആവശ്യമായ ഒരു കാര്യമാണ്.

ഇയര്‍ സ്ട്രോക്കിനെ കുറിച്ച് നമ്മളെല്ലാവരും ബോധവാന്മാരായിരിക്കുകയും ഇടയ്ക്കിടക്ക് കേള്‍വി പരിശോധന നടത്തുകയും ചെയ്യേണ്ടതാണ്. ഒരു ചെവിയില്‍ മാത്രമായി ബാധിക്കുന്ന ഈ കേള്‍വിക്കുറവിനെ കുറിച്ച് ധാരണ ഇല്ലാതിരുന്നാല്‍ ഈ അവസ്ഥയെക്കുറിച്ചു രോഗി മനസ്സിലാക്കുന്നത് വൈകാനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ടുതന്നെ ഒരു ചെവിയിലെ കേള്‍വിക്കുറവ്, സംസാരം മനസിലാക്കാനുള്ള വ്യക്തതക്കുറവ്, ഫോണിലൂടെ സംസാരം മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ എത്രയും വേഗം ഒരു ഓഡിയോളോജിസ്റ്റിനെയോ അല്ലെങ്കില്‍ ഇ. ന്‍. ടി ഡോക്ടറിനെയോ കണ്‍സള്‍ട് ചെയ്യുകയും പെട്ടന്നുള്ള കേള്‍വിക്കുറവാണോ എന്ന് ഉറപ്പുവരുത്തി അനുയോജ്യമായ രീതിയില്‍ ചികിത്സിക്കേണ്ടതുമാണ്.

കോഴിക്കോട് എ. ഡബ്ല്യൂ. എച്. സ്‌പെഷ്യല്‍ കോളേജിൽ അസ്സോസിയേറ്റ് പ്രൊഫസറാണ് ലേഖിക.       

Content Highlights: ear stroke, sudden hearing loss