വിഴുങ്ങരുത്, ചവച്ചരച്ച് തന്നെ കഴിക്കണം; പല്ലുകളുടെ പരിപാലനവും ശരിയായ ദഹനവും - ഡോക്ടര്‍ പറയുന്നത്

ദഹനപ്രക്രിയയെക്കുറിച്ചും പല്ലിന്റെ പ്രസക്തിയെക്കുറിച്ചും പഠിക്കുമ്പോഴെല്ലാം ഭക്ഷണം ചവച്ചരച്ച് കഴിക്കണമെന്ന് നിര്‍ദേശിക്കാറുണ്ടെങ്കിലും പലപ്പോഴും തൊണ്ടതൊടാതെ ആഹാരം വിഴുങ്ങുന്നവരാണ് പലരും. എന്നാല്‍, പ്രായമേറുമ്പോള്‍ ഇങ്ങനെ കഴിക്കുന്നത് ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. അതോടൊപ്പം വേണ്ടപോലെ ചവയ്ക്കാന്‍ സാധിക്കാത്ത അവസ്ഥ നേരിടുന്നവരുമുണ്ട്.
ചിലത് ശ്രദ്ധിക്കാം
• പല്ലുകള്‍ നഷ്ടപ്പെട്ട ഭാഗത്ത് അനുയോജ്യമായ കൃത്രിമദന്തങ്ങള്‍ യഥാസമയത്ത് വെക്കുക
• ദിവസവും രണ്ടുനേരം ദന്തപരിപാലനം യഥാവിധി ചെയ്യുക. പല്ലിന് അധികം ഉരവ്/തേയ്മാനം ഉണ്ടാക്കാത്തതരം മൃദുലമായ ബ്രഷും ക്രീം രൂപത്തിലുള്ള പേസ്റ്റുമാണ് അഭികാമ്യം.
• മോണയില്‍ പഴുപ്പ്, രക്തസ്രാവം, പല്ലുകള്‍ക്കിടയില്‍ അകലം, വേരിന്റെ ഭാഗം കൂടുതല്‍ തെളിഞ്ഞുകാണുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണുമ്പോഴേ ചികിത്സ തേടുക
• ഉറക്കത്തിലോ പകല്‍സമയത്തോ പല്ലിറുമ്മുന്ന ശീലമുള്ളവര്‍ അതുപരിഹരിക്കാനായി പ്രത്യേകതരം ഉപകരണങ്ങള്‍ ധരിക്കുക
• ഒരുവശം മാത്രം ഉപയോഗിച്ച് ചവയ്ക്കുന്ന പ്രവണത ഒഴിവാക്കുക
പരിഹരിക്കാം
• പല്ലുകളുടെ അവസ്ഥ എങ്ങനെ മെച്ചപ്പെടുത്താം എന്നതിന് പ്രഥമ പരിഗണന നല്‍കണം. ദന്തക്ഷയം ബാധിച്ച പല്ലുകള്‍ക്ക് അവയുടെ ശ്രേണിയനുസരിച്ച് ചികിത്സ നല്‍കണം. ആഴംകുറഞ്ഞ പോടുകള്‍ പല്ലിന്റെ നിറത്തിലുള്ള പദാര്‍ഥങ്ങള്‍കൊണ്ട് അടയ്ക്കാം. ആഴമേറിയ കേട് ബാധിച്ച പല്ലുകള്‍ക്ക് അവയുടെ ദന്തമജ്ജ നീക്കംചെയ്ത് വേരിന്റെ അറ്റംവരെ അടച്ചെടുക്കുന്ന റൂട്ടുകനാല്‍ ചികിത്സ വേണ്ടിവരും. മോണരോഗം ബാധിച്ച് ഇളകുന്ന പല്ലുകളെ അവയുടെ ആരംഭമോ മധ്യമോ ആയ ഘട്ടത്തിലാണെങ്കില്‍ മോണ മരവിപ്പിച്ച് മോണയിലെ അണുബാധ നീക്കംചെയ്ത് അസ്ഥി പുനര്‍നിര്‍മിക്കാന്‍ സഹായിക്കുന്ന ഫ്‌ലാപ്പ് സര്‍ജറിചെയ്ത് നിലനിര്‍ത്താന്‍ കഴിയും.
• ഉമിനീര്‍ഗ്രന്ഥികളുടെ പ്രവര്‍ത്തനം: മരുന്നുകളുടെ പാര്‍ശ്വഫലമായിട്ടും അര്‍ബുദചികിത്സയ്ക്കായി റേഡിയേഷന്‍ എടുക്കുന്നവരിലുമൊക്കെ ഉമിനീരിന്റെ തോത് നന്നേ കുറഞ്ഞിരിക്കും. ഇത് വായില്‍ വരള്‍ച്ചയുണ്ടാവാനും അതുവഴി ദന്തക്ഷയവും വായിലെ പുകച്ചിലും വര്‍ധിക്കാനും കാരണമാവുന്നു. ഉമിനീര്‍ കൃത്രിമമായി ഉത്പാദിപ്പിക്കുന്ന തരം മരുന്നുകള്‍ ലഭ്യമായുണ്ട്. വരള്‍ച്ച മാറ്റാന്‍ ഉതകുന്ന വായ ശുചീകരണലായനികളും ലഭ്യമാണ്. പാശ്ചാത്യരാജ്യങ്ങളില്‍ ഹൃദയത്തിനുള്ള പേസ്മേക്കര്‍പോലെ കൃത്രിമ പേസ് മേക്കറുകളും ലഭ്യമാണ്.
• താടിയെല്ലിലെ സന്ധിയുടെ പ്രശ്‌നങ്ങള്‍: ചില വ്യായാമങ്ങള്‍ ഇവിടത്തെ നീര്‍വീക്കം കുറയ്ക്കാന്‍ സഹായിക്കും. നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണം കഴിക്കുക, ഇളംചൂടുവെള്ളത്തില്‍ തുണി നനച്ച് സന്ധികളില്‍ ഇടയ്ക്ക് പുറമേ വെക്കുക, ചില പ്രത്യേക ഉപകരണങ്ങള്‍ വായില്‍ ധരിക്കുക തുടങ്ങിയവ ഇവിടത്തെ അപാകം പരിഹരിക്കാന്‍ സഹായിക്കും.
• നാവിനെപ്പോലെയുള്ള മൃദുകലകളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍: പോഷകക്കുറവുകാരണം നാവില്‍ പലതരം വ്യതിയാനങ്ങള്‍ കാണപ്പെടാറുണ്ട്. ജീവകം സി, ബി കോംപ്ലക്‌സ് ഗണത്തില്‍പ്പെട്ട വിറ്റാമിനുകളുടെ അഭാവമെല്ലാം നാവില്‍ പ്രകടമാവും. പലപ്പോഴും നാവിലെ ശ്ലേഷ്മസ്തരത്തിന് പൊട്ടലുണ്ടാവാനും നാവിലെ തൊലി ഇളകിപ്പോകാനുമൊക്കെ ഇതുകാരണമാവും. അതുകൊണ്ടുതന്നെ ശരിയായ പോഷകഗുണമുള്ള ഭക്ഷണം ധാരാളം കഴിക്കാനും ശ്രദ്ധിക്കണം. അതിനും ചവയ്ക്കുന്നതില്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കപ്പെടേണ്ടത് അത്യാവശ്യമാണ്.
(തിരുവനന്തപുരം ഗവ. അര്‍ബന്‍ ഡെന്റല്‍ ക്ലിനിക്കിലെ കണ്‍സല്‍ട്ടന്റ് പെരിയോഡോണ്ടിസ്റ്റാണ് ലേഖകന്‍)
Content Highlights: doctor talks about the importance of proper dental care and digestion process