ചക്രക്കസേരയിലിരുന്ന് ശസ്ത്രക്രിയ നടത്തും; അതിജീവനത്തിന്റെ ഡോക്ടര്‍ മാതൃക

തലശ്ശേരി: ചക്രക്കസേരയില്‍ ആശുപത്രിയിലെത്തി ശസ്ത്രക്രിയ നടത്തി ഡോ. സുജിത് എം. ജോസ്. ചങ്ങനാശ്ശേരി സ്വദേശി വെട്ടിക്കാപ്പള്ളി സുജിത് എം. ജോസ് മൂന്നുമാസമായി തലശ്ശേരി ജനറല്‍ ആസ്പത്രി യൂറോളജി വിഭാഗത്തിലാണ് ജോലിചെയ്യുന്നത്. ഇതുവരെ 16 യൂറോളജി ശസ്ത്രക്രിയകള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. സ്റ്റാന്‍ഡിങ് ചക്രക്കസേരയുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ. കാര്‍ കൈകൊണ്ട് നിയന്ത്രിക്കുന്ന രീതിയിലാക്കി സ്വയം ഡ്രൈവ് ചെയ്താണ് ഡോക്ടര്‍ ആശുപത്രിയിലെത്തുന്നത്.
ഒരു അപകടമാണ് ഡോ. സുജിത്തിന്റെ ജീവിതം മാറ്റിമറിച്ചത്. കോട്ടയം ഗവ. മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസും (2007 ബാച്ച്) കോയമ്പത്തൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍നിന്ന് ജനറല്‍ സര്‍ജറിയില്‍ പി.ജി.യും നേടി. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ യൂറോളജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി പഠനത്തിന് പ്രവേശനം ലഭിച്ച് കാത്തിരിക്കുമ്പോള്‍ 2018 ഓഗസ്റ്റിലാണ് അപകടം.
മോട്ടോര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ വീടിന്റെ മുകള്‍നിലയിലുള്ള വാട്ടര്‍ടാങ്കില്‍ വെള്ളമുണ്ടോയെന്ന് നോക്കാന്‍ കയറിയതാണ്. തിരിച്ചിറങ്ങുമ്പോള്‍ ഗോവണിയില്‍നിന്ന് കാല്‍വഴുതി വീണു. സുഷുമ്‌ന നാഡിക്ക് ക്ഷതമേറ്റു. എറണാകുളത്തെ ആശുപത്രിയില്‍ ശസ്ത്രക്രിയയും വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറുമാസത്തോളം അനുബന്ധചികിത്സയും നടത്തി. പിന്നീട് ജീവിതം ചക്രക്കസേരയിലായി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യൂറോളജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി സീറ്റ് അപ്പോഴും ഒഴിഞ്ഞുകിടക്കുകയായിരുന്നു. കോളേജില്‍ ചേര്‍ന്നു. ചക്രക്കസേരയില്‍ ക്ലാസില്‍ പോയി. അധ്യാപകരുടെയും സഹപാഠികളുടെയും സഹായത്തോടെ പഠനം പൂര്‍ത്തിയാക്കി. ചക്രക്കസേരയിലിരുന്ന് ശസ്ത്രക്രിയ ചെയ്യുന്ന ഇറ്റലിയിലെ മാര്‍ക്കോ ഡോള്‍ഫിന്‍ എന്ന ഓര്‍ത്തോപീഡിക് സര്‍ജനെ ഗൂഗിളില്‍ കണ്ടെത്തി. അദ്ദേഹം സ്റ്റാന്‍ഡിങ് ചക്രക്കസേര ഉപയോഗിക്കുന്നതിന്റെ ഫോട്ടോകള്‍ കണ്ടു.
പിന്നീട് ചക്രക്കസേരയിലിരിക്കുന്ന മറ്റൊരു യൂറോളജിസ്റ്റിനെ കണ്ടത് ജീവിതത്തില്‍ വഴിത്തിരിവായി. അത് കൊളംബിയയിലെ യൂറോളജിസ്റ്റ് പ്രൊഫ. ജുവാന്‍ കാര്‍ലോസാസ് കാസ്റ്റാന്യോയിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ ചക്രക്കസേരയിലിരുന്ന് ശസ്ത്രക്രിയ ചെയ്യുന്നതിന്റെ വീഡിയോ അയച്ചുകൊടുത്തു.
അന്താരാഷ്ട്രതലത്തില്‍ വര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് മാത്രം ലഭിക്കുന്ന എസ്.ഐ.യു. പരിശീലന സ്‌കോളര്‍പ്പിന് 2022-ല്‍ ഇന്ത്യയില്‍നിന്ന് അര്‍ഹനായതോടെ കൊളംബിയയിലേക്കുള്ള യാത്രയ്ക്ക് അവസരം ലഭിച്ചു. 2022 സെപ്റ്റംബര്‍ മുതല്‍ 2023 ഫെബ്രുവരി വരെ ആറുമാസമായിരുന്നു കൊളംബിയയില്‍ പരിശീലനം. നൂതന ചികിത്സാരീതികള്‍ മനസ്സിലാക്കാനും പരിശീലിക്കാനും അവസരം ലഭിച്ചു. യൂറോളജി സര്‍ജറിയില്‍ പ്രത്യേക പരിശീലനം നേടി. ഇതിനുശേഷമാണ് തലശ്ശേരി ജനറല്‍ ആസ്പത്രിയിലെത്തിയത്.
കാത്തലിക്ക് സിറിയന്‍ ബാങ്ക് റിട്ട. മാനേജര്‍ ജോസിന്റെയും റിട്ട. അധ്യാപിക ടെസിയുടെയും മകനാണ്. ആലപ്പുഴ പുന്നക്കുന്നം വാരിക്കാട്ട് ഡോ. മെല്‍നാ ജോസാണ് ഭാര്യ. മെല്‍ന കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ ഡെര്‍മറ്റോളജിസ്റ്റാണ്. മകള്‍: മെയ്ബല്‍.
Content Highlights: doctor in thalassery genera hospital coducts urology surgeries with the help of standing wheelchair