സൂക്ഷിക്കണം ചിക്കൻപോക്സിനെ, ഗർഭിണികൾ കൂടുതൽ കരുതിയിരിക്കണം

Representative Image | Photo: Gettyimages.in
Representative Image | Photo: Gettyimages.in

അന്തരീക്ഷത്തിലെ ചൂടു കൂടുമ്പോൾ അതിനൊപ്പം തന്നെ ശരീരത്തെ തളർത്താൻ ചില രോ​ഗങ്ങളും വ്യാപകമാവാറുണ്ട്. ​ഗർഭകാലം ചെലവിടുന്നവർ ഇത്തരം രോ​ഗങ്ങളെ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കിൽ അത് ജനിക്കാൻ പോകുന്ന കുട്ടികളിൽ പോലും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. അത്തരത്തിൽ വ്യാപിക്കുന്ന പ്രധാനരോ​ഗമാണ് ചിക്കൻപോക്സ്. അതിന്റെ രോ​ഗലക്ഷണങ്ങളും തടയാനുള്ള മുൻകരുതലുകളെക്കുറിച്ചും അറിയാം. 

ചിക്കൻ പോക്സ്

ഒരു വൈറൽ അണുബാധയാണ് ചിക്കൻപോക്സ്. വേരിസെല്ല സോസ്റ്റർ വൈറസ് ആണ് രോ​ഗകാരി. രോ​ഗാണു ശരീരത്തിൽ പ്രവേശിച്ച് പത്തുമുതൽ 21 ദിവസം വരെ വേണ്ടിവരും രോ​ഗലക്ഷണങ്ങൾ കണ്ടുതുടങ്ങാൻ. പനിയും തലവേദനയുമാണ് പ്രാരംഭലക്ഷണം. ഒരാഴ്ച കഴിഞ്ഞ് തിണർപ്പുകൾ പ്രത്യക്ഷപ്പെടുകയും പിന്നീട് ഇവ വെള്ളം നിറഞ്ഞ കുമിളകളായി ശരീരം മുഴുവൻ വ്യാപിക്കുകയും ചെയ്യും. പകർച്ചവ്യാധിയായതിനാൽ‌ രോ​ഗി ഐസൊലേഷനിൽ പോകുന്നതാണ് നല്ലത്. 

​ഗർഭകാലത്താണ് ചിക്കൻപോക്സ് വന്നതെങ്കിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ആദ്യത്തെ ആറുമാസത്തിലാണ് രോ​ഗം കാണുന്നതെങ്കിൽ കുഞ്ഞിന് ഉൾപ്പെടെ അപകടസാധ്യതയുണ്ടാവും. പ്രസവത്തിന് തൊട്ടുമുമ്പാണ് ചിക്കൻപോക്സ് വരുന്നതെങ്കിൽ കുഞ്ഞിന് നിയോനാറ്റൽ വാരിസെല്ല എന്ന അസുഖത്തിന് കാരണമാകുന്നു. അത്തരം സാഹചര്യങ്ങളിൽ കുഞ്ഞിന് ഇമ്മ്യൂണോ ​ഗ്ലോബുലിൻ ഇഞ്ചക്ഷൻ എടുക്കണം. 

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ദിവസവും രണ്ടുനേരം ചൂടുവെള്ളത്തിൽ കുമിളകൾ പൊട്ടാത്ത തരത്തിൽ ശരീരം വൃ‍ത്തിയാക്കണം
  • ശരീരം തേച്ച് ഉരച്ച് കഴുകരുത്
  • മൃദുവായ തുണിമാത്രം ഉപയോ​ഗിച്ച് നനവ് ഒപ്പിയെടുക്കണം
  • രോ​ഗി ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടാതെ അടച്ചിരിക്കണം
  • തുമ്മുന്നതും ചുമയ്ക്കുന്നതും വൈറസുകൾ പുറത്തേക്ക് വ്യാപിച്ച് മറ്റുള്ളവർക്ക് രോ​ഗമുണ്ടാക്കാൻ ഇടയാക്കും. അതിനാൽ രോ​ഗിയും പരിചരിക്കുന്നവരും മാസ്ക് ധരിക്കണം. 
  • കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകണം
  • വെള്ളം ധാരാളം കുടിക്കണം
  • എണ്ണയുടെയും മസാലകളുടെയും ഉപയോ​ഗം കുറയ്ക്കുക

വാക്സിൻ

കുട്ടികളിൽ വാരിസെല്ല വാക്സിന്റെ ആദ്യത്തെ ഡോസ് 12-15 മാസത്തിലും രണ്ടാമത്തെ ഡോസ് 4-6 വയസ്സിനിടയിലും ആണ് നൽകേണ്ടത്. 13 വയസ്സിന് മുകളിൽ പ്രായമുള്ളവർ 28 ദിവസത്തെ ഇടവേളയിൽ രണ്ട് ഡോസ് വാരിസെല്ല വാക്സിൻ സ്വീകരിക്കണം. ​ഗർഭിണികൾ, ​ഗർഭിണിയാവാൻ തയ്യാറെടുക്കുന്നവർ എന്നിവർ വാക്സിൻ എടുക്കരുത്.

കടപ്പാട്

ഡോ. സൗമ്യ സത്യൻ
കൺ‌സൾട്ടന്റ് ഫിസിഷ്യൻ
മൗലാന ഹോസ്പിറ്റൽ
പെരിന്തൽമണ്ണ

ഗൃഹലക്ഷ്മിയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: chickenpox prevention, chickenpox and pregnancy