ഹെൽത്ത് കെയർ ഹബ്ബാവാൻ കേരളം എന്തു ചെയ്യണം?

#ഡോ.അരുൺ ഉമ്മൻ
Representative Image | Photo: Canva.com
Representative Image | Photo: Canva.com

'കേരളം', അതിന്റെ പ്രകൃതി സൗന്ദര്യ൦ കൊണ്ടും സാംസ്കാരിക പൈതൃകം കൊണ്ടും ലോക ടൂറിസം ഭൂപടത്തിൽ പ്രത്യേകസ്ഥാനം കൈവരിക്കുന്നുണ്ട്. വർഷം മുഴുവനും മിതമായ കാലാവസ്ഥ, ലോകോത്തര സൗകര്യങ്ങളുള്ള നൂതന ആശുപത്രികൾ, പ്രധാന വിഭാഗങ്ങളിൽ വിദഗ്ധരും പ്രശസ്തരുമായ ഡോക്ടർമാർ, നഴ്സുമാർ, പരിശീലനം ലഭിച്ച പാരാ മെഡിക്കൽ സ്റ്റാഫുകൾ, ടെക്നീഷ്യൻമാർ തുടങ്ങിയവയാൽ സംസ്ഥാനം മെഡിക്കൽ ടൂറിസത്തിന് അനുയോജ്യമാണ്. ഒരു വശത്ത് ആയുർവേദം, സിദ്ധ വൈദ്യം പ്രകൃതിചികിത്സ, പഞ്ചകർമ്മ, കളരി തുടങ്ങിയ പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങൾ ഉയർത്തുമ്പോൾ തന്നെ, മറുവശത്ത് അത്യാധുനിക സംവിധാനങ്ങളുള്ള നിരവധി അംഗീകൃത സ്വകാര്യ ഹെൽത്ത് കെയർ സ്ഥാപനങ്ങളുമായി ആധുനിക വൈദ്യശാസ്ത്രത്തിനും പ്രസക്തി നൽകുന്നുണ്ട്. എല്ലാ GCC രാജ്യങ്ങളുമായും മിക്ക ഏഷ്യൻ രാജ്യങ്ങളുമായും നേരിട്ട് കണക്റ്റിവിറ്റിയുള്ള കേരളത്തിന് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്  കണ്ണൂർ എന്നിവിടങ്ങളിൽ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ട്.സമാനമായ രീതിയില്‍ തന്നെ റെയില്‍വേ, റോഡ്, വാട്ടര്‍ വേ കണക്റ്റിവിറ്റിയും ഒന്നിനൊന്നു മികച്ചതാണ് . മെഡിക്കൽ ഇൻഫ്രാസ്ട്രക്ചറിന്റെ കാര്യത്തിൽ, സംസ്ഥാനത്തെ ആരോഗ്യ സംവിധാനം ദേശീയ ശരാശരിയേക്കാൾ മികച്ചതാണ്.  രാജ്യത്തെ ഏറ്റവും കുറഞ്ഞ IMR (Infant mortality rate) , MMR ( maternal mortality rate) എന്നിവ കേരളം രേഖപ്പെടുത്തുന്നു.

ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്ന് പല സംസ്ഥാനങ്ങൾക്കും ഒരു ഉത്തമ മാതൃക തന്നെയാണ്. കലാസാംസ്കാരിക സാമൂഹിക മേഖലകളിൽ മാത്രമല്ല സാക്ഷരത, ആരോഗ്യ സേവനരംഗങ്ങളിൽ പോലും നമ്മുടെ കൊച്ചു കേരളം അതിന്റെതായ ഒരു കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ടെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.  പതിറ്റാണ്ടുകളായി രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളിലൊന്നായി കേരളം അറിയപ്പെടുന്നു.  വിദഗ്ധരുടെ അഭിപ്രായത്തിൽ, ആളോഹരി വരുമാനം കുറവാണെങ്കിലും കേരളത്തിന്റെ ആരോഗ്യ സംവിധാനം മികച്ചതും തുടർച്ചയായി ദേശീയനേട്ടം കൈവരിക്കുന്നതുമാണ്. കേന്ദ്ര ഗവൺമെന്റിന്റെ വിശകലന റിപ്പോർട്ടുകൾ ഉൾപ്പെടെ വിവിധ ആരോഗ്യ സർവേകൾ പ്രസ്താവിച്ചതുപോലെ, ഉയർന്ന ആരോഗ്യ പരിരക്ഷാ നിലവാരവും ആയുർദൈർഘ്യവും കുറഞ്ഞ മാതൃമരണ നിരക്ക്, രാജ്യത്തെ ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുമൊക്കെ കേരളത്തെ മറ്റു പല സംസ്ഥാനങ്ങളേക്കാൾ മുന്നിലാക്കുന്നു. ഉയർന്ന സാക്ഷരതാ നിരക്കും സ്ത്രീ ശാക്തീകരണവും ഈ നേട്ടത്തിന് ഗണ്യമായ സംഭാവന നൽകി. വികസനത്തിന്റെ കേരള മോഡൽ" വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പദമായി മാറി.

ഇത്രയൊക്കെ നേട്ടങ്ങൾ ആരോഗ്യരംഗത്തു നമുക്ക് കൈവരിക്കുവാൻ സാധ്യമായെങ്കിലും എല്ലാ പൗരന്മാർക്കും ഒരേ മെഡിക്കൽ സൗകര്യങ്ങൾ നേടാൻ സാധിക്കുമോ എന്നുള്ളത് ഒരു വലിയ ചോദ്യചിഹ്നം തന്നെയാണ്.

ഒരു വശത്ത് ഉയർന്ന വരുമാനമുള്ള ഗ്രൂപ്പിലെ വ്യക്തികൾ ഉന്നത ചികിത്സാ സമ്പ്രദായങ്ങളുടെ പ്രയോജനം നേടുമ്പോൾ താഴ്ന്ന അല്ലെങ്കിൽ ഇടത്തരം വരുമാനമുള്ള വിഭാഗങ്ങൾ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ  ചെലവ് താങ്ങാനാവാതെ സ്വയം മാറി നിൽക്കുന്ന അവസ്ഥ തികച്ചും ശോചനീയമാണ്. കേരളത്തിന്റെ മൂന്നരക്കോടി വരുന്ന ജനങ്ങളില്‍ കേവലം 30 ശതമാനം ആളുകള്‍ക്ക് മാത്രമേ അത്തരം ചികിത്സകള്‍ താങ്ങാനാകുന്നുള്ളൂ എന്നതാണ് വാസ്തവം. ബാക്കി 70 ശതമാനം ആളുകള്‍ക്ക് അതിന്റെ ഗുണം ലഭിക്കാതെ പോകുന്നത് ഏറെ സങ്കടകരമായ കാര്യമാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ജനങ്ങള്‍ ഇപ്പോഴും സര്‍ക്കാര്‍ ആശുപത്രികളെയും താരതമ്യേന ചികിത്സാച്ചെലവ് കുറഞ്ഞ, വലിയ സൗകര്യങ്ങള്‍ ഇല്ലാത്ത ആശുപത്രികളെയുമാണ് സമീപിക്കുന്നത്. ചികിത്സാരംഗം എത്രമാത്രം പുരോഗമിച്ചു എന്ന് പറഞ്ഞാലും അതിന്റെ പ്രയോജനം സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങള്‍ക്കും ലഭിക്കാത്ത പക്ഷം ആ വളര്‍ച്ചയ്ക്ക് പൂര്‍ണതയുണ്ടെന്ന് പറയാനാവില്ല.
 
ആരോഗ്യ പരിപാലന അസമത്വത്തിന്റെ കാരണങ്ങൾ

വ്യാപകമായ തൊഴിലില്ലായ്മ, വൻ വരുമാന അസമത്വം, വിദൂര പ്രദേശങ്ങളിൽ നല്ല ആശുപത്രികളുടെ അഭാവം,  വർദ്ധിച്ചുവരുന്ന മെഡിക്കൽ പണപ്പെരുപ്പം,  ഹെൽത്ത് ഇൻഷുറൻസിനെക്കുറിച്ച് അറിവില്ലായ്മ, എന്നിവയാണ് പ്രധാന കാര്യങ്ങൾ. കൂടാതെ, അടുത്തിടെയുണ്ടായ കോവിഡ് മഹാമാരി കാരണം ജോലി നഷ്‌ടപ്പെടുകയും ശമ്പളം മുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ, പലർക്കും മികച്ച ആരോഗ്യപരിരക്ഷണം നേടാൻ സാധ്യമാവാതെ പോവുന്നു.

മുൻനിരയിൽ എത്താൻ കേരളം എന്തു ചെയ്യണം?

കേരളം ഹെല്‍ത്ത് ഹബ്ബ് ആകണമെങ്കില്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം കേരളത്തിലെ ജനങ്ങള്‍ക്ക് സൗജന്യമായോ സബ്‌സിഡിയോട് കൂടിയതോ ആയോ ചികിത്സ ലഭ്യമാകുന്ന സാഹചര്യമുണ്ടാകണം. ഇന്നത്തെ കാലത്ത്, മലിനീകരണവും ജനസംഖ്യയും ഭയാനകമായ തോതിൽ വർധിച്ചുവരുന്നു, ഇത് ഒന്നിലധികം ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു.  വിദഗ്ധ ചികിത്സ എല്ലാ ജനങ്ങള്‍ക്കും പ്രാപ്യമാകുന്ന വികസന പദ്ധതികള്‍ ഇവിടെ വരണം. സര്‍ക്കാരിന്റെ പിന്തുണ ഇക്കാര്യത്തില്‍ ഏറെ പ്രധാനമാണ്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 2-3 ശതമാനം മാത്രമാണ് മെഡിക്കല്‍ രംഗത്തിനായി മാറ്റി വയ്ക്കുന്നത്. ലോകരാജ്യങ്ങളെ വച്ച് താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്. അതുകൊണ്ടാണ് കാശുള്ളവന് നല്ല ട്രീറ്റ്‌മെന്റും അല്ലാത്തവര്‍ക്ക് നിലവാരം കുറഞ്ഞ ട്രീറ്റ്‌മെന്റും എന്നുള്ള സാഹചര്യമുള്ളത്. ചുരുങ്ങിയത് ജിഡിപിയുടെ 6-8 ശതമാനമെങ്കിലും ആരോഗ്യരംഗത്തിന്റെ വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ മാറ്റിവയ്ക്കണം. എങ്കില്‍ മാത്രമേ ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള ചികിത്സ സൗജന്യമായോ ചുരുങ്ങിയ ചെലവിലോ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുകയുള്ളു. അങ്ങനെ വരുമ്പോള്‍ ഇവിടെ കൂടുതല്‍ നിക്ഷേപം വരികയും മെഡിക്കല്‍ രംഗം കൂടുതല്‍ വികസിക്കുകയും ചെയ്യും. അത്തരമൊരു സാഹചര്യം വരുമ്പോള്‍ മാത്രമേ കേരളം എല്ലാ അര്‍ഥത്തിലും ആരോഗ്യരംഗത്ത് ലോകശ്രദ്ധ നേടുകയുള്ളൂ. 

ഇതോടൊപ്പം സര്‍ക്കാര്‍ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി ഒരു പൂര്‍ണ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുകയും വേണം. നികുതിപ്പണത്തിന്റെ ഒരു ഭാഗം ഇതിനായി മാറ്റിവയ്ക്കാം. അല്ലെങ്കില്‍ ഇതിനായി ആരോഗ്യ സെസ് എന്ന നിലയില്‍ പണം കണ്ടെത്താം.സർക്കാർ ലിസ്റ്റ് ചെയ്ത മിനിമം വരുമാനത്തിൽ താഴെ വരുമാനമുള്ള ദരിദ്രരെ സംസ്ഥാന സർക്കാരുകൾ പട്ടികപ്പെടുത്തുകയും മെഡിക്കൽ കാർഡുകൾ നൽകുകയും വേണം, അതിലൂടെ അവർക്ക് ആവശ്യമുള്ള സമയത്ത് കാർഡ് കാണിക്കാനും ശരിയായ ചികിത്സ ലഭ്യമാക്കാനും കഴിയും. . 
ഇത്തരത്തില്‍ ഒരു സാഹചര്യം വന്നാല്‍ മാത്രമേ കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കും മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കാന്‍ കഴിയൂ.

നയങ്ങളെക്കുറിച്ച് ബോധവാന്മാരാകണം

ദരിദ്രർക്കും സമ്പന്നർക്കും ഇടയിൽ സമ്പത്തിന്റെ വിതരണത്തിൽ വലിയ അസമത്വമുണ്ട്. ജനസംഖ്യയുടെ ഭൂരിഭാഗവും ദാരിദ്ര്യരേഖയ്ക്ക് (ബി‌പി‌എൽ) താഴെയാണ് ജീവിക്കുന്നത്, കൂടാതെ ആരോഗ്യ സംരക്ഷണം ഉൾപ്പെടെയുള്ള അടിസ്ഥാന മാനുഷിക ആവശ്യങ്ങൾ അവർക്കു നിഷേധിക്കപ്പെടുന്നു. അതിനാൽ, ബിപിഎൽ പൗരന്മാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. പാവപ്പെട്ടവർക്ക് ചെലവുകുറഞ്ഞതും താങ്ങാനാവുന്നതുമായ ചികിത്സ ഉറപ്പാക്കുന്ന നിരവധി സർക്കാർ ആശുപത്രികൾ വിവിധ നഗരങ്ങളിൽ ഉണ്ട്, എന്നാൽ അത്തരം സ്ഥാപനങ്ങളിൽ ഫലപ്രദമായി നടപ്പാക്കുന്നത് വളരെ അപൂർവമായി മാത്രമേ നിരീക്ഷിക്കപ്പെടുന്നുള്ളൂ. ഫലപ്രദമായ നയങ്ങൾ ഉണ്ടാക്കുന്നതിനൊപ്പം, അത് ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണം. എൻ.ജി.ഒകളും സംസ്ഥാന സർക്കാരുകളും അവർക്ക് ലഭ്യമായ ആരോഗ്യ സംരക്ഷണ നയങ്ങളെയും പദ്ധതികളെയും കുറിച്ച്  ബോധവത്കരിക്കുന്നതിന് പതിവായി സെമിനാറുകൾ നടത്തണം. പാവപ്പെട്ടവർക്ക് പോലും ഉയർന്ന നിലവാരമുള്ള സൗകര്യങ്ങൾ സർക്കാർ ഉറപ്പാക്കിയാൽ മാത്രമേ  ചികിത്സാ സൗകര്യങ്ങളിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടാകൂ.

യുകെ, യുഎസ് തുടങ്ങിയ പല വികസിത രാജ്യങ്ങളിലും ചികിത്സകൾ ഏറെക്കുറേ സൗജന്യമായാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്. ഹെല്‍ത്ത്‌കെയറിന് വേണ്ടി സര്‍ക്കാര്‍ പിന്തുണയുണ്ട് അവിടെ, പേമെന്റുകളെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഭാഗമായി ജനങ്ങള്‍ക്ക് ബാധ്യതയില്ലാതെ പോകുന്നു. സമാനമായ രീതിയിലുള്ള ഒരു സാഹചര്യം കേരളത്തില്‍ സൃഷ്ടിക്കുക എന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എപ്പോഴും മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കുക എന്നാല്‍, കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുക എന്നത് കൂടിയാണ്. ഓപ്പറേഷനുകളും മറ്റും വെയിറ്റിംഗ് ലിസ്റ്റില്‍ ഇടുന്ന രീതി ഒരിക്കലും ശരിയല്ല. കേരളത്തിലെ ചികിത്സാ സംവിധാനത്തിലെ ഏറ്റവും വലിയ നേട്ടം ഇവിടുത്തെ വേഗത തന്നെയാണ്. അത് നിലനിര്‍ത്തിക്കൊണ്ട് സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള സാഹചര്യം ഇവിടെ സൃഷ്ടിക്കുകയാണ് വേണ്ടത്. അത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഒരുങ്ങുന്ന പക്ഷം കേരളം തന്നെയായിരിക്കും ലോകത്തിലെ ഏറ്റവും മികച്ച ഹെല്‍ത്ത്‌കെയര്‍ ഹബ്ബുകളില്‍ ഒന്ന്.
 
ESIC യുടെ പ്രവർത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ ഒരു വലിയ പേരാണ്, പക്ഷേ ഇപ്പോഴും പാവപ്പെട്ടവർക്കും ദരിദ്രർക്കും അതിന്റെ സേവനം നൽകാൻ കഴിയുന്നില്ല. ESIC യുടെ പ്രവർത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്. ഈ നടപടികളെല്ലാം പാവപ്പെട്ടവർക്ക് അവരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വലിയ സഹായമാകും.

ക്രെഡിറ്റ് സൗകര്യങ്ങൾ

ESI, CGHS, ECHS സ്കീമുകൾ, അല്ലെങ്കിൽ സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, ക്രെഡിറ്റ് റഫറൻസുകൾ കൊണ്ടുവരുന്ന പൊതു സേവന സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് അർഹരായ രോഗികൾക്ക് ക്രെഡിറ്റ് സൗകര്യങ്ങൾ സ്വയം പ്രയോജനപ്പെടുത്താം. ക്യാഷ് കൗണ്ടറിൽ മതിയായ ഫണ്ട് മുൻകൂറായി ക്രെഡിറ്റ് ചെയ്താൽ, വിവിധ പേയ്‌മെന്റുകൾക്കായി കൗണ്ടറിലേക്കുള്ള നിരവധി സന്ദർശനങ്ങൾ ലാഭിക്കാൻ കഴിയും. 

സ്വീകർത്താക്കൾ എന്ന നിലയിൽ, അവരോട് മാന്യമായും ബഹുമാനത്തോടെയും പെരുമാറിയിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങളുടെ ഏക ഉറവിടം രോഗികൾ മാത്രമാണ്. അവരുടെ അനുഭവങ്ങൾ,  നൽകുന്ന പരിചരണം എന്നിവ ആവശ്യമായ മാറ്റങ്ങളെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. ആരോഗ്യപരിരക്ഷയുടെ പ്രാപ്യതയും താങ്ങാനാവുന്ന വിലയും നേരത്തെയുള്ള രോഗനിർണയം, സമയബന്ധിതമായ ചികിത്സ  എന്നിവയുടെ വെളിച്ചത്തിൽ രോഗി തനിക്കു ലഭിച്ച ചികിത്സയുടെ ഗുണനിലവാരം മനസ്സിലാക്കുന്നു.

അതോടൊപ്പം തന്നെ മെഡിക്കൽ സ്റ്റാഫ്, ഡോക്ടർമാർ എന്നിവരോടുള്ള അതിക്രമങ്ങൾ തടയേണ്ടതും അത്യാവശ്യമാണ്. ചികിത്സക്കിടയിൽ സംഭവിക്കുന്ന മരണങ്ങൾക്ക് അവരെ പഴിചാരുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നത് ഒരു വിധത്തിലും അംഗീകരിക്കാനാവുന്നതല്ല.

ഹെൽത്ത് കെയർ ഹബ്ബായി ഒരുങ്ങുന്ന കേരളം

അന്താരാഷ്ട്ര, ദേശീയ ബ്രാൻഡുകളെ അതിന്റെ പ്രദേശത്തേക്ക് ആകർഷിക്കുന്നതുവഴി  ഇന്ത്യയൊട്ടാകെ ആരോഗ്യപരിരക്ഷയുടെ ഹബ്ബായി മാറാനുള്ള ഒരുക്കത്തിലാണ് ഇന്ന് നമ്മുടെ  കേരളം. കേരളത്തിൽ സ്വകാര്യ ആരോഗ്യസംരക്ഷണ സംവിധാനം ശക്തമാണെന്നു മാത്രമല്ല, സംസ്ഥാനത്തിന്റെ ആരോഗ്യപരിരക്ഷയെ ഉത്തേജിപ്പിക്കുന്നതിന് പൊതുജനാരോഗ്യ സംവിധാനവും ഒരുപോലെ സജ്ജമാണ്. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിഴുതെറിയുന്ന വെള്ളപ്പൊക്കത്തിന്റെ ശക്തമായ പ്രഹരം നേരിട്ടതിനുശേഷവും കോവിഡ് മഹാമാരി ഒന്നാകെ നമ്മളെ തകർത്തപ്പോഴും ജീവിതത്തിലേക്ക് തിരികെയെത്തി, വെല്ലുവിളികളെ നേരിടാൻ സഹായകമായത് നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനം ശക്തമായതിനാൽ മാത്രമാണ്.

(കൊച്ചി ലേക്​ഷോർ ആശുപത്രിയിലെ ന്യൂറോസർജനാണ് ലേഖകൻ)

Content Highlights: challenges in the health systems of Kerala