രോഗികളും ബന്ധുക്കളും അർപ്പിക്കുന്ന വിശ്വാസമാണ് ഓരോ ചികിത്സകന്റെയും കരുത്ത്

സർജറി കഴിഞ്ഞു ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി പോകുന്ന രോഗികളെ അനസ്തീഷ്യ ഡോക്ടർമാർ സാധാരണയായി കാണാൻ ഇടവരാറില്ല. സർജന്മാർക്കും ഫിസിഷ്യന്മാർക്കുമൊക്കെ തുടർപരിശോധനയ്ക്ക് രോഗി വരുന്ന കാലം വരെ ആ സമ്പർക്കം തുടരാനാവും. ഹൃദയ ശസ്ത്രക്രിയ പോലെയുള്ളവയിൽ ഓപ്പറേഷനുശേഷവും ഐ.സി.യു പരിചരണത്തിനിടയിൽ കൂടുതൽ ഇടപഴകാനുള്ള അവസരം കാർഡിയാക് അനസ്തീഷ്യ ഡോക്ടർമാർക്ക് ലഭിക്കാറുണ്ട്. പ്രത്യേകിച്ചും സങ്കീർണ്ണമായ സർജറികൾ കഴിഞ്ഞ് കൂടുതൽ ദിവസം തീവ്രപരിചരണ വിഭാഗത്തിൽ കിടക്കുന്ന രോഗികളാവുമ്പോൾ ഡോക്ടർമാരുമായി ഒരാത്മ ബന്ധം ദൃഢപ്പെട്ടു വരും. മരണത്തിന്റെ ഇരുണ്ട ഇടനാഴിയിലൂടെ സഞ്ചരിച്ച് ജീവിതത്തിന്റെ പുതുവെളിച്ചത്തിലേക്ക് നടന്നു വന്നവരാണീ രോഗികൾ. ആ കഠിനമായ യാത്രയിൽ രോഗിയുടെ മനസ്സിനും ശരീരത്തിനും ശാന്തിയേകാൻ കഴിയുന്നവരാവണം ചികിത്സകന്മാർ. അങ്ങനെയുളളവരെ രോഗിയും കുടുംബവും എന്നും ഓർത്തിരിക്കും. എണ്ണമറ്റ രോഗികൾ നമ്മുടെ മുന്നിലൂടെ കടന്നുപോയാലും ചിലരെയൊക്കെ നമ്മൾ ഡോക്ടർമാരും ഓർത്തിരിക്കും.
ഒരു വൈകുന്നേരം തല്കാലത്തേയ്ക്ക് ജോലിയൊക്കെ കഴിഞ്ഞതു കൊണ്ട് വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. വീട്ടിൽ ചില ഗസ്റ്റുകൾ വരുന്നതു കൊണ്ട് നേരത്തെ എത്തണമെന്ന ഭാര്യയുടെ ഓർമ്മപ്പെടുത്തലുമുണ്ട്. ആ സമയത്താണ് കാർഡിയോളജിസ്റ്റ് ഡോ. ബൈജു വിളിച്ചത്.” നമ്മൾ മുമ്പ് പെരിന്തൽമണ്ണയിലുണ്ടായിരുന്നപ്പോൾ വാൽവ് മാറ്റിവെക്കൽ ശസ്ത്രകിയ ചെയ്ത പേഷ്യന്റ് വന്നിട്ടുണ്ട്. വയറു വേദനയുമായിട്ടാണ് ഇപ്പോൾ വന്നിരിക്കുന്നത്. കാർഡിയാക്ക് പ്രശ്നങ്ങളില്ല. ഒന്നു നോക്കി വേണ്ടത് ചെയ്തു കൊടുക്കണം.”
അധികം വൈകാതെ തന്നെ നഴ്സ് വീൽ ചെയറുതളളി ഒരു രോഗിയെയും കൊണ്ടു വന്നു. ആറടിയിലേറെ ഉയരം തോന്നിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുളള എൺപതു വയസ്സുകാരന്റെ മുഖം പരിചയമുളളതു പോലെ തോന്നി.ആൾ വല്ലാതെ ക്ഷീണിച്ച ച്ചിരിക്കുന്നു.കൂടെ വന്ന മകനെന്നു പരിചയപ്പെടുത്തിയ ആളാണ് തുടർന്ന് സംസാരിച്ചത്.” ഡോക്ടർ അച്ഛനെ ഓർക്കുന്നുണ്ടോന്നറിയില്ല. ഇരുപത് വർഷം മുമ്പ് സാറിന്റെ ടീം വാൽവ് മാറ്റിവെച്ചതാണ്. പലരും ഓപ്പറേഷൻ ചെയ്താൽ മരിച്ചു പോകുമെന്ന് പറഞ്ഞ് പേടിപ്പിച്ചപ്പോൾ സാറാണ് ധൈര്യം തന്നത്. ഓപ്പറേഷനു ശേഷം ഇത്രയും കാലം അച്ഛൻ ജീവിച്ചു.സ്ഥിരമായി ടെസ്റ്റു ചെയ്യാറുണ്ട്.മരുന്ന് മുടങ്ങാതെ കഴിക്കാറുമുണ്ട്. അച്ഛൻ രാവിലെ പറമ്പിലെ പണിക്കാരുടെ കൂടെ ജോലി ചെയ്യാനൊക്കെ പോകും. കഴിഞ്ഞ രണ്ടു ദിവസമായിട്ടൊരു വയറുവേദന. ഭക്ഷണം കഴിക്കാനേ പറ്റുന്നില്ല. ഗ്യാസിന്റെയാണെന്ന് വിചാരിച്ച് മരുന്നു വാങ്ങി കഴിച്ചു. അതിന് സമാധാനമെന്നുമായില്ല. നിലമ്പൂരിനപ്പുറത്താണ് ഞങ്ങളുടെ വീട്. അവിടെ അടുത്തുള്ള ഡോക്ടറെ കാണിച്ചു. ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞ രോഗിയായതുകൊണ്ട് മുമ്പ് ഓപ്പറേഷൻ ചെയ്തവരെ തന്നെ കാണിച്ചോളാൻ പറഞ്ഞു. അവിടെയന്വേഷിച്ചപ്പോഴാണ് സാറൊക്കെ കോട്ടക്കലിലേക്ക് മാറിയ കാര്യമറിഞ്ഞത്.” അതു കേട്ടപ്പോൾ ഞാനോർത്തത് കഴിഞ്ഞയാഴ്ച വന്ന ഉമ്മയെയാണ്. അവർക്കും ഹാർട്ടിന്റെ വാൽവ് മാറ്റിവെച്ചതാണ്. പുറത്ത് ചെറിയൊരു പഴുപ്പുമായി ഒരു ക്ലിനിക്കിൽ പോയതാണ്. അതു നിസ്സാരമാണെന്നു പറഞ്ഞ് ഡോക്ടർ ചെറിയ കീറലിട്ടു പഴുപ്പു നീക്കാൻ തുനിഞ്ഞു. മുറിവിലൂടെ നിർത്താതെ ചോര വാർന്നു മൃതപ്രായയായ ആ രോഗിയ്ക്ക് അടിയന്തിരമായി രക്തവും അനുബന്ധ ഘടകങ്ങളും കയറ്റിയാണ് രക്ഷപ്പെടുത്താനായത്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള രോഗികളിൽ വളരെ മൈനർ സർജറിയാണെങ്കിൽ പോലും അതീവ ജാഗ്രത വേണം. കോംപ്ലിക്കേഷൻ മാനേജു ചെയ്യാൻ സന്നദ്ധമായിരിക്കുകയും വേണം.
വീൽചെയറിൽ തളർന്നവശനായിരിക്കുന്ന രോഗിയുടെ മുഖം കണ്ടാൽ തന്നെയറിയാം അസഹ്യമായ വേദന കടിച്ചമർത്തിയിരിക്കുകയാണെന്ന്. വയറുവേദനയ്ക്ക് ഒരു പാട് കാരണങ്ങളുണ്ടാവും, രോഗകാരണം കണ്ടെത്തിയാലല്ലേ ചികിത്സ വിജയിക്കൂ. പരിശോധനയിൽ അദ്ദേഹത്തിന്റെ വലത്തുഭാഗത്തെ ഹെർണിയ കല്ലിച്ചതുപോലെ തോന്നി. ജനറൽ സർജൻ കാണേണ്ട കേസാണിത്. ഞങ്ങളുടെ ആശുപത്രിയിലെ സർജൻ ഡോ. റിഷാദ് വളരെ മിടുക്കനാണ്. അദ്ദേഹം ആ സമയത്ത് ഒരു സർജറിയിലാണ്. ഓപ്പറേഷൻ തീയേറ്ററിൽ നിന്നിറങ്ങി രോഗിയെ കാണാൻ കുറേ വൈകും. അത്ര സമയം കാത്തിരിക്കാൻ പറയുന്നത് അപകടമാണെന്നു തോന്നി. രോഗിയുടെ വിവരങ്ങളും,പരിശോധിച്ച് എനിക്ക് മനസ്സിലായ കാര്യങ്ങളും അദ്ദേഹത്തെ ധരിപ്പിച്ചു കൊടുത്തു. അടിയന്തിരമായി വയറിന്റെ സ്കാൻ ചെയ്യിച്ചു. റിപ്പോർട്ട് പ്രതീക്ഷിച്ച പോലെ തന്നെ. ഹെർണിയ ഗുരുതരാവസ്ഥയിലെത്തിയതാണ്. കുടലുമാലയുടെ ഒരു ഭാഗം കുടുങ്ങി നില്ക്കുകയാണ്. സാധാരണ നിലയ്ക്ക് അമർത്തിയാൽ അതു വയറിനുള്ളിലേയ്ക്ക് ചുരുങ്ങി പോകണം. അങ്ങനെ പറ്റാതെ വന്നാൽ കുടലിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ടു അതു കരിഞ്ഞു പോകും. അടിയന്തിര സർജറി ചെയ്താലേ എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളൂ. പക്ഷേ ഇത്തരം രോഗികളിൽ ഒരുപാട് അപകട സാധ്യതകളുണ്ട്. വാൽവ് മാറ്റി വെച്ച രോഗികളിൽ രക്തം കട്ടപിടിക്കാതിരിക്കാൻ കഴിക്കുന്ന മരുന്നുകൾ സാധാരണയായി നാല് ദിവസമെങ്കിലും നിർത്തിവെയ്ക്കണം. അല്ലാതെ ഓപ്പറേഷൻ ചെയ്താൽ അമിതമായ രക്തസ്രാവത്തിനു സാധ്യതയുണ്ട്. ഇവിടെ നാല് മണിക്കൂർ പോലും നീട്ടി വെയ്ക്കാൻ പറ്റില്ല. പ്ലാസ്മയും ബ്ലഡും അടിയന്തിരമായി സജ്ജമാക്കി വേണം ഓപ്പറേഷൻ നടത്താൻ. ഇപ്പോൾ നോക്കുമ്പോൾ തന്നെ രോഗിയുടെ വൃക്കകളുടെ പ്രവർത്തനമൊക്കെ മന്ദീഭവിച്ചു തുടങ്ങിയിരിക്കുന്നു. രക്തത്തിലെ പൊട്ടാസ്യം ക്രമാതീതമായി കൂടി തുടങ്ങിയിരിക്കുന്നു. അത് ഹൃദയത്തിന്റെ താളം തെറ്റിയ്ക്കാം. അടിയന്തിരമായി ഓപ്പറേഷൻ നടത്തി കുടുങ്ങിപ്പോയ കുടലുമാലയെ മോചിപ്പിക്കണം. കരിഞ്ഞു പോയ കുടലിന്റെ ഭാഗം മുറിച്ചു മാറ്റേണ്ടി കൂടി വന്നാൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകും. രോഗിയ്ക്ക് വെന്റിലേറ്ററും ഡയാലിസിസുമൊക്കെ വേണ്ടി വരുന്ന സ്ഥിതിയിലേക്കെത്തും. അത് ഈ എൺപതു വയസ്സുകാരൻ താങ്ങുമായെന്ന കാര്യം സംശയമാണ്. വിവരങ്ങൾ കൂടെ വന്ന മക്കളോട് ധരിപ്പിച്ചു. അവരാണെങ്കിൽ ഒരു കൺസൽട്ടേഷൻ നടത്തി മരുന്നു വാങ്ങി പോകാമെന്ന ഉദ്ദേശത്തിൽ വന്നതാണ്. അടിയന്തിര സർജറി മനസ്സിൽ പോലും കണ്ടിട്ടില്ല. കയ്യിൽ അതിനുളള കാശും കരുതിയിട്ടില്ലെന്നയാൾ സങ്കടത്തോടെ പറഞ്ഞു. അതൊന്നുമാലോചിച്ച് ടെൻഷനടിക്കേണ്ടെന്നു പറഞ്ഞു ഞാൻ സമാധാനിപ്പിച്ചു. അതിനേക്കാളൊക്കെ പ്രശ്നം അദ്ദഹത്തിന്റെ രക്തം നെഗറ്റിവ് ഗ്രൂപ്പാണെന്നതാണ്. അന്യനാട്ടിൽ നിന്നു വന്നവരായതു കൊണ്ട് ബന്ധുക്കൾക്ക് ഇവിടെയൊന്നും പരിചയമില്ല. ആശുപത്രിയിലെ ജോലിക്കാരിൽ മാച്ചിംഗ് ആയ രക്ത ഗ്രൂപ്പുകാരെയും ഇതര സന്നദ്ധ പ്രവർത്തകരെയുമൊക്കെ സംഘടിപ്പിച്ചു രക്തദാനം നടത്തിച്ചു. സമീപത്തുള്ള ആശുപത്രികളിൽ നേരിട്ടു വിളിച്ചു പറഞ്ഞു ഈ രോഗിയ്ക്ക് മാച്ചിംഗ് ആയ രക്തം തന്നു സഹായിക്കാനഭ്യർഥിച്ചു. രക്തദാതാവിനെ കണ്ടുപിടിച്ച് രോഗിയുടെ രക്തവുമായി മാച്ചിംഗാവണം. എന്നിട്ടു വേണം രക്തം സ്വീകരിക്കാൻ. അതത്ര എളുപ്പമുള്ള കാര്യമല്ല. നമുക്കാണെങ്കിൽ സമയം അധികമില്ല. രണ്ടും കല്പിച്ച് ഓപ്പറേഷനു രോഗിയെ തീയേറ്ററിലേക്ക് പെട്ടെന്നു തന്നെ കയറ്റി. രക്തവും പ്ലാസ്മയും റെഡിയാവാൻ ഇനിയും സമയമെടുക്കും. രോഗിയും ബസുക്കളും ഡോക്ടറെ പൂർണ്ണമായി വിശ്വസിക്കുമ്പോൾ കിട്ടുന്ന പോസിറ്റിവിറ്റി ചികിത്സയിലും കിട്ടുമെന്നാണ് എന്റെ വ്യക്തിപരമായ അനുഭവം. തട്ടുകടയിൽ ദോശ ചുട്ടെടുക്കുമ്പോൾ ആയതായത് പാത്രത്തിലേക്ക് വാങ്ങി കഴിക്കുന്ന പോലെ കിട്ടിയ പ്ലാസ്മ രോഗിയിൽ കയറ്റി അനസ്തീഷ്യയും സർജറിയും തുടങ്ങി. ഞാൻ സർജൻ ഡോ.റിഷാദിനോടു . പറഞ്ഞു.” ജീവൻ രക്ഷിക്കാനുളള മിനിമം പരിപാടിയിലൊതുക്കണം സർജറി. കുടുങ്ങിയ കുടലിനെ ശരിയാക്കണം. വയറടച്ചു പൂട്ടണം.” കുടലു കീറി മുറിക്കേണ്ട അവസ്ഥ വന്നാൽ സർജറി നീണ്ടു പോകുമെന്നു മാത്രമല്ല ഈ പ്രായത്തിൽ ഈയവസ്ഥയിൽ രോഗിയുടെ ശരീരത്തിന് അതു താങ്ങാനുളള ശേഷിയുണ്ടാവില്ല.
വയറു തുറന്നപ്പോൾ കുടലിന്റെ ചെറിയൊരു ഭാഗം നീലിച്ചു തുടങ്ങിയിരിക്കുന്നു. സർജൻ എന്റെ മുഖത്തേയ്ക്ക് നോക്കി. കുടലു മുറിച്ചു മാറ്റി തുന്നിപ്പിടിപ്പിക്കേണ്ടി വരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. അത്രയും സങ്കീർണ്ണമായ സർജറി രോഗി അതിജീവിക്കാനുള്ള സാധ്യതയില്ല. പൂർണ്ണമായും കരിഞ്ഞതാണെങ്കിൽ ആ ഭാഗം മുറിച്ചു മാറ്റാതിരിക്കാനുമാവില്ല. വല്ലാത്തൊരു സന്ദിഗ്ധാവസ്ഥയാണ്.
സർജനും അനസ്തീഷ്യ ഡോക്ടറും തമ്മിലുള്ള സമവാക്യങ്ങൾ വിജയകരമായ എതു സർജറിയുടെയും അടിസ്ഥാനമാണ്. ആരാണ് കേമൻ എന്ന ഈഗോയ്ക്കിവിടെ സ്ഥാനമില്ല. കരിഞ്ഞു തുടങ്ങിയ ഭാഗം ചൂടുപിടിപ്പിച്ചു നോക്കിയാലോ എന്ന എന്റെ നിർദേശത്തെ സർജനും എതിർത്തില്ല. കടുത്ത ശൈത്യത്തിൽ കൈകൾ കൂട്ടി തിരുമ്മിചൂടു പിടിപ്പിക്കുന്ന പോലെ. ചൂടു വെള്ളത്തിൽ മുക്കിയ മോപ്പുകൾ കൊണ്ട് കുടലിനെ പതിയെ പൊതിഞ്ഞു വെച്ചു. നീലിച്ച ഭാഗത്ത് നേർത്ത ചുവപ്പു പടർന്നു അനങ്ങി തുടങ്ങി,അത് പൂർണ്ണമായ ആരോഗ്യാവസ്ഥയിലായില്ലെങ്കിലും പ്രതീക്ഷയ്ക്കു വകയുണ്ട്. ഞങ്ങൾ രണ്ടും കല്പിച്ച് വയറടച്ചു വെച്ചു. ഇനി അഥവാ ശരിയായില്ലെങ്കിൽ വീണ്ടുമൊരു സർജറി കൂടി വേണ്ടി വന്നേയ്ക്കും. ഒരു പക്ഷേ കാര്യങ്ങൾ വഷളായി രോഗി മരണപ്പെട്ടു എന്നും വന്നേയ്ക്കാം. പ്രതീക്ഷകളാണല്ലോ ഓരോ ദിവസത്തെയും മുന്നോട്ടു നയിക്കുന്നത്. ഞങ്ങൾ ഉദ്വേഗത്തോടെ കാത്തിരുന്നു. പൊട്ടാസ്യത്തിന്റെ നില പതിയെ നോർമലായി. ഛർദ്ദിയും വേദനയും കുറഞ്ഞു.അടുത്ത ദിവസത്തോടെ വയറിന്റെ സ്തംഭനമൊഴിവായി രോഗി അപകട നില തരണം ചെയ്തു. മരണത്തിന്റെ ആഴങ്ങളിലേയ്ക്ക് വീഴുമായിരുന്ന അദ്ദേഹം പതിയെ ഉയർന്നു വന്നു. രോഗികളും ബന്ധുക്കളും അർപ്പിക്കുന്ന വിശ്വാസം അതാണ് ഓരോ ചികിത്സകന്റെയും കരുത്ത്. സന്ദിഗ്ദ്ധാവസ്ഥയിൽ ഉറച്ച തീരുമാനങ്ങളെടുക്കാൻ ഡോക്ടറെ പ്രാപ്തനാക്കുന്നതും ആ വിശ്വാസം തന്നെ.
കോട്ടക്കൽ എച്ച്.എം.എസ്. ഹോസ്പിറ്റൽ ചീഫ് കാർഡിയോ തൊറാസിക് അനസ്തേഷ്യോളജിസ്റ്റ് ആണ് ലേഖകൻ.
Content Highlights: Cardiac anesthesiology fosters deep doctor-patient relationships, especially during complex surgeries, providing comfort and care in critical moments.