കുഞ്ഞ് പാൽ കുടിക്കുന്നുണ്ടെങ്കിലും എപ്പോഴും കരയുകയാണോ? മുലയൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ടത്

#ഡോ. മുഹമ്മദ് റിഷാദ്
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഒരു കുഞ്ഞ് ഭൂമിയിൽ പിറക്കുന്നതുമുതൽ വളർച്ചക്ക് സഹായിക്കുന്ന വസ്തുവാണ് മുലപ്പാൽ. ഒരു കുട്ടിയുടെ തുടക്കം മുതലുള്ള വളർച്ചയിൽ മുലപ്പാലിനോളം ശ്രേഷ്ഠതയുള്ള വേറൊന്നുമില്ല. എന്നാൽ, ലോകത്താകമാനം ഏകദേശം 8 ലക്ഷം കുട്ടികൾ അമ്മയുടെ മുലപ്പാൽ കിട്ടാത്ത കാരണത്താൽ മരണപ്പെടുന്നുണ്ട്. വലിയൊരു ശതമാനം കുട്ടികൾ വേണ്ടത്ര മുലപ്പാൽ ലഭിക്കാത്തതിനാൽ അസുഖബാധിതരാവുന്നു.

ഇതെല്ലാം കണക്കിലെടുത്ത് WHO 1991 മുതൽ മുലപ്പാലിന്റെ ഗുണങ്ങൾ എല്ലാവരിലേക്കും എത്തിക്കാനും ഈ വിഷയത്തെ കുറിച്ച് ബോധവാന്മാർ ആക്കാനും വേണ്ടി എല്ലാ വർഷവും ഓഗസ്റ്റ് 1 മുതൽ 7 വരെ ലോക മുലയൂട്ടൽവാരമായി ആചരിക്കാറുണ്ട്.

ഒരു മാതാവ്‌ താൻ പ്രസവസമയത്ത് അനുഭവിച്ച എല്ലാ വേദനകളും ഒരൊറ്റ നിമിഷംകൊണ്ട് തന്റെ പിഞ്ചുകുഞ്ഞിനെ കാണുന്ന വേളയിൽ മറക്കുന്നു. ഒപ്പം തന്നെ മുലപ്പാൽ ഉത്പാദനവും ആരംഭിക്കുന്നു. പ്രധാനമായും രണ്ടു ഗ്രന്ധികളാണ് പാൽ ഉത്പാദനത്തെ നിയന്ത്രിക്കുന്നത്. 1. പ്രൊലാക്ടിൻ (prolactin). മുലപ്പാലിന്റെ ഉത്പാദനം ആരംഭിക്കുവാൻ സഹായിക്കുന്നത് ഈ ഹോർമോൺ ആണ്. 2. ഓക്‌സിടോസിൻ (oxytocin) ഉത്പാദനം ആരംഭിച്ച പാൽ കുഞ്ഞിന്റെ വായിൽ എത്തുവാൻ സഹായിക്കുന്നത് ഓക്‌സിടോസിൻ ആണ്. വേദന, ടെൻഷൻ, സ്‌ട്രെസ്, സംശയം മുതലായവ ഈ രണ്ടു ഹോർമോണുകളുടെയും ഉല്പാദനം കുറയ്ക്കുന്നു. മറിച്ച് സന്തോഷത്തോടെയുള്ള ചിന്തകളും എന്തിന് ഒരു കുഞ്ഞിന്റെ ശബ്ദം കേൾക്കുമ്പോൾ പോലും ഈ ഹോർമോണുകൾ പ്രവർത്തനം ആരംഭിക്കുന്നു. ഹോർമോണുകൾ രാത്രിയിലാണ് കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നത് എന്നതിനാൽ രാത്രി സമയങ്ങളിൽ പാൽ കൂടുതലായി ഉണ്ടാകും. മുലയൂട്ടുന്നത് വഴി അമ്മയ്ക്കും കുഞ്ഞിനും ഒരു പാട് ഗുണങ്ങൾ ലഭിക്കുന്നുണ്ട്

അമ്മയ്ക്കുള്ള ഗുണങ്ങൾ

മാനസിക പ്രശ്‌നങ്ങളിൽനിന്ന് മുക്തി: ഗർഭകാലത്ത് ഉണ്ടായിരുന്ന മാനസിക പ്രശ്‌നങ്ങളിൽനിന്ന് മുലയൂട്ടുന്നത്ത് വഴി അമ്മക്ക് മുക്തി ലഭിക്കുന്നു. ഗർഭകാലത്തും പ്രസവസമയത്തും അനുഭവിച്ച വേദനകളെ അമ്മ മറക്കുന്നത് മുലയൂട്ടലിലൂടെയാണ്

ഗർഭപാത്രം: ഗർഭപാത്രം ചുരുങ്ങുന്നതിന് പ്രസവാനന്തരം മുലയൂട്ടൽ സഹായിക്കും.

രക്തസ്രാവ നിയന്ത്രണം: പ്രസവശേഷം ഉണ്ടാകാറുള്ള ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രക്തസ്രാവത്തിനുള്ള സാധ്യത മുലയൂട്ടൽ കുറയ്ക്കുന്നു.

അണ്ഡോല്പാദനം: പ്രസവശേഷമുള്ള അണ്ഡോല്പാദനം വേഗത്തിലാക്കാൻ മുലയൂട്ടൽ സഹായിക്കും. സാധാരണയായി പ്രസവശേഷം ആർത്തവം നടക്കുന്നതിന് കാലതാമസം നേരിടാറുണ്ട്. മുലയൂട്ടൽ ഈ കാലദൈർഘ്യം കുറയ്ക്കുന്നു.

സാമ്പത്തികലാഭം: കുഞ്ഞിന് മുലപ്പാൽ മാത്രം കൊടുക്കുന്നതു വഴി വളരെയധികം ചെലവുകൾ കുറയ്ക്കുവാൻ സാധിക്കുന്നു. പാത്രങ്ങൾ കഴുകേണ്ട ആവശ്യം വരുന്നില്ല. മാത്രമല്ല, പാൽ സംഭരിച്ചു വെക്കുന്നതിനു സമയമോ സ്ഥലമോ മുടക്കേണ്ടതില്ല . എപ്പോൾ വേണമെങ്കിലും അമ്മയ്ക്ക് കുഞ്ഞിന് പാൽ ആവശ്യമുള്ളപ്പോൾ കൊടുക്കാവുന്നതാണ്. വൻവിലയുള്ള, കുഞ്ഞുങ്ങൾക്കായുള്ള ആഹാര സാധനങ്ങൾ ഒഴിവാക്കാൻ ഇതുവഴി സാധിക്കും. അല്ലാത്തപക്ഷം ഒരു കുടുംബത്തിന്റെ മൂന്നിലൊന്ന് വരുമാനം കുട്ടിയുടെ ചെലവിനു വേണ്ടി വരുമെന്നാണ് കണക്ക്.

അർബുദം: മുലയൂട്ടുന്നതു വഴി സ്തനാർബുദം, അണ്ഡാശയ അർബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനാവും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്

കുട്ടികൾക്ക് മുലപ്പാൽ ലഭിക്കുന്നത് വഴി എന്തെല്ലാം ഗുണങ്ങൾ ആണ് കിട്ടുന്നത് എന്ന് നോക്കാം

ആരോഗ്യമുള്ള കുഞ്ഞ്: മുലപ്പാൽ ആദ്യത്തെ ആറുമാസം പൂർണ്ണമായും മുലപ്പാൽ മാത്രം കുടിച്ച കുഞ്ഞുങ്ങൾക്ക് മറ്റു ഭക്ഷണപദാർത്ഥങ്ങൾ, കുപ്പി പാൽ എന്നിവ കുടിച്ച കുഞ്ഞുങ്ങളെ അപേക്ഷിച്ച് ജലദോഷം, കഫക്കെട്ട് എന്നീ അസുഖങ്ങൾ കുറവായിരിക്കും ഇതുമാത്രമല്ല, വളർന്നുവരുമ്പോൾ ഡയബറ്റിസ്, വയറു സംബന്ധമായ അസുഖങ്ങൾ എന്നിവയിൽനിന്നും കുഞ്ഞുങ്ങൾക്ക് സംരക്ഷണം ലഭിക്കുന്നു

പാശ്ചാത്യരാജ്യങ്ങളിൽ കണ്ടുവരുന്ന sudden infant death syndrome അതായത് ആറുമാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ പെട്ടെന്നുള്ള മരണം എന്നത് മുലപ്പാൽ കുടിക്കുന്ന കുട്ടികളിൽ കുറവാണെന്നു പഠനങ്ങൾ തെളിയിക്കുന്നു.

ആത്മബന്ധം: അമ്മയും കുഞ്ഞും തമ്മിലുള്ള മാനസികവും ശാരീരികവുമായ ബന്ധത്തിന് മുലപ്പാൽ ഏറെ പ്രധാനപ്പെട്ടതാണ്.

ആവശ്യത്തിനു അനുസൃതമായ പോഷകം: ഓരോ കുഞ്ഞിനും ആവശ്യമായ പോഷകങ്ങളും മറ്റും അടങ്ങിയ പാൽ ആണ് ഓരോ അമ്മയും ഉത്പാദിപ്പിക്കുന്നത്. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്കും(preterm babies) തികഞ്ഞു പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്കും (term babies) വെവ്വേറെ രീതിയിലുള്ള പാൽ ആയിരിക്കും അമ്മയുടെ പക്കൽനിന്നു ലഭിക്കുക. 

മുലപ്പാൽ കൊടുക്കുന്ന അമ്മമാർക്ക് പൊതുവിൽ കുറെ സംശയങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് ആദ്യമായി മുലയൂട്ടുന്ന ഒരമ്മയ്ക്ക്. ഇതിൽ കൂടുതലായി കേട്ടുവരുന്ന ചില ചോദ്യങ്ങൾക്കുള്ള പരിഹാരം നമുക്ക് നോക്കാം

എനിക്ക് പാൽ കുറവാണ്: ഒരമ്മയിൽനിന്ന് ഏറ്റവും കൂടുതൽ കേട്ടുവരുന്ന  വേവലാതിയാണ് ഇത്. പ്രസവത്തിന്റെ ആദ്യദിനങ്ങളിൽ പ്രത്യേകിച്ചു ആദ്യ രണ്ടുമൂന്ന് ദിനങ്ങളിൽ എല്ലാ അമ്മമാർക്കും പാൽ പൊതുവേ കുറവായിരിക്കും സിസേറിയൻ കഴിഞ്ഞ അമ്മമാരിൽ ഇത് കൂടുതൽ പ്രകടമായിരിക്കും. ഇവിടെ നമ്മൾ മനസ്സിലാക്കേണ്ടത് പ്രസവം കഴിഞ്ഞ ഉടനെ ഉണ്ടാകുന്ന പാലിന് colostrum എന്നാണ് പേര്. ഇതിൽ protein, രോഗാണു പ്രതിരോധത്തിന് ആവശ്യമായ ഇമ്മ്യൂണോഗ്ലോബലിൻസ്(immunoglobulins) എന്നിവയുടെ അളവ് ധാരാളമായുണ്ട്. ഈ പാൽ ആദ്യത്തെ 2 മുതൽ 5 ദിവസം വരെ ഉണ്ടാവാറുണ്ട്. ആദ്യത്തെ 48 മണിക്കൂർ മുതൽ 72 മണിക്കൂർ വരെ പാലിന്റെ അളവ് കുറവായി തോന്നിയേക്കാം. ഏകദേശം ഒരു ഔൺസ്‌ വരുന്ന ഈ അളവ് കുറവായി തോന്നാമെങ്കിലും കുഞ്ഞിന്റെ വയറു നിറയാൻ ഇതു മതിയാകും. ആദ്യദിനങ്ങളിൽ കുഞ്ഞ് ആറ് മുതൽ ഏഴ് തവണ വരെ മൂത്രമൊഴിക്കുന്നുണ്ട്, രണ്ട് മുതൽ മൂന്ന് തവണ വരെ മലം പോകുന്നുണ്ട്, കുഞ്ഞ് സുഖമായി ഉറങ്ങുന്നുണ്ട് എങ്കിൽ കുഞ്ഞിന് ആവശ്യമായ പാൽ ലഭിക്കുന്നുണ്ട് എന്നാണ് അർത്ഥം. നേരത്തെ പറഞ്ഞതു പോലെ അമ്മയ്ക്ക് ടെൻഷൻ, സ്‌ട്രെസ് എന്നിവ ഉണ്ടെങ്കിൽ പാൽ കുറയാൻ സാധ്യതയുണ്ട്. ആയതിനാൽ ആവശ്യമില്ലാത്ത ചിന്തകൾ വെടിഞ്ഞു സന്തോഷപൂർവം കുഞ്ഞിന് മുലപ്പാൽ നൽകുക. 3 മാസം, 6 മാസം എന്നീ സമയങ്ങളിലും അമ്മമാർക്ക് തനിക്കു പാൽ കുറവാണെന്നു തോന്നാറുണ്ട്.

ഈ സമയങ്ങളിൽ കുട്ടിയുടെ ശരീര വികസനത്തിന്റെ ഭാഗമായി കുടലും വികസിക്കുന്നതിനാൽ പാൽ കുടിക്കുന്നതിന്റെ അളവ് കൂടുകയും ആയതിനാൽ പാൽ തികയുന്നില്ലെന്ന തോന്നൽ അമ്മമാരിൽ ഉണ്ടാകുകയും ചെയ്യുന്നു. വീണ്ടും മേൽ പറഞ്ഞ മൂത്രമൊഴിക്കൽ, ഉറക്കം, മലം പോകൽ, തൂക്കം വർധന എന്നിവ നോക്കി മനസ്സിലാക്കാൻ സാധിക്കും കുഞ്ഞിന് പാൽ തികയുന്നുണ്ടോ എന്ന്‌. ഈ പറഞ്ഞ കാരണങ്ങൾ അല്ലാതെയും പാൽ വരുന്നില്ലെങ്കിൽ കുട്ടികളുടെ ഡോക്ടറുമായോ ഗൈനക്കോളജിസ്റ്റുമായോ ബന്ധപ്പെടുക. നട്സ്, ബദാം മുതലായവ ധാരാളമായി കഴിക്കുക; ഇവ പാൽ വർധിക്കുവാൻ സഹായിക്കുന്നു.

പാൽ കുടിക്കുന്നുണ്ടെങ്കിലും എപ്പോഴും കരയുന്നു: മുലപ്പാൽ രണ്ടു ഭാഗങ്ങളായാണ് വരുന്നത്: 1) വെള്ളം കൂടുതൽ അടങ്ങിയ foremilk 2) പോഷകങ്ങൾ കൂടുതൽ അടങ്ങിയ hindmilk. ചില കുഞ്ഞുങ്ങൾ foremilk കുടിച്ചു ദാഹം ശമിക്കുമ്പോൾ കുടി നിർത്തി ഉറങ്ങുന്നു. അല്പം കഴിഞ്ഞു വീണ്ടും വിശക്കുമ്പോൾ കരയുകയും ചെയ്യുന്നു. ഇതു മനസ്സിലാക്കി കുഞ്ഞുങ്ങളെ ദീർഘനേരം മുലയൂട്ടുകയാണ് വേണ്ടത്. കുഞ്ഞ്‌ ഉറങ്ങിപ്പോവുകയാണെങ്കിൽ ചെവിയിൽ മൃദുവായി പിടിച്ചോ കാൽപ്പാദത്തിനടിയിൽ ഉരസിയോ കുഞ്ഞിനെ ഉണർത്തി പാൽ കൊടുക്കണം.

പാൽ കുടിച്ച ഉടനെ ഛർദ്ദിക്കുന്നു: പല കുഞ്ഞുങ്ങളും വയറു നിറച്ചു പാൽ കുടിച്ചു കഴിഞ്ഞ്‌ അല്പം ഛർദ്ദിക്കാറുണ്ട്. ഇതു സാധാരണമാണ്. മാത്രമല്ല, ആദ്യത്തെ 6 മാസം വരെ തേട്ടൽ അഥവാ regurgitation സാധാരണ പ്രക്രിയ ആണ്. പാൽ കൊടുത്തു കഴിഞ്ഞു കുഞ്ഞിന്റെ പിൻഭാഗത്തു കൊട്ടുന്നത് ഗ്യാസ് കളയാൻ സഹായിക്കുന്നു. ഇതു വഴി ഛർദ്ദിക്കുവാനുള്ള സാധ്യത കുറയുന്നു. കുഞ്ഞിന്റെ തൂക്കത്തിൽ വർധനവുണ്ടെങ്കിൽ ഒട്ടും പേടിക്കേണ്ടതില്ല. 

മുലക്കണ്ണിൽ മുറിവ്: മുലക്കണ്ണിലെ മുറിവ് അമ്മക്കും കുഞ്ഞിനും ഒരു പോലെ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു. മുറിവുണ്ടാകാനുള്ള പ്രധാന കാരണം മുലയൂട്ടുന്ന രീതി ശരിയല്ല എന്നതാണ്. മുലക്കണ്ണ് പൂർണ്ണമായും കുഞ്ഞിന്റെ വായ്ക്കുള്ളിൽ ആയില്ലെങ്കിൽ പാൽ കുടിക്കുമ്പോൾ കടിക്കുന്നത് വഴിയാണ് ഇത്തരത്തിൽ മുറിവുകൾ സംഭവിക്കുന്നത്. ഇതു കാരണം കുഞ്ഞിന്റെ വായ്ക്കുള്ളിൽ വെള്ള നിറത്തിലുള്ള fungus വരാറുണ്ട്. ഇതിന്റെ പരിഹാരമായി ആദ്യം ചെയ്യേണ്ടത് മുലയൂട്ടുന്ന രീതി ശരിയാക്കണം എന്നുള്ളതാണ്. ഇതിനായി നഴ്സുമാരുടെ സഹായം തേടാവുന്നതാണ്. ഇതോടൊപ്പം മുറിവുണങ്ങാനുള്ള ointmentum തേയ്ക്കണം. കുഞ്ഞിന്റെ വായിൽ വെള്ളനിറത്തിലുള്ള മുറിവുണ്ടെങ്കിൽ പീഡിയാട്രീഷ്യനെ കാണിക്കണം. കുഞ്ഞിനെ മുലയൂട്ടിയതിനു ശേഷം അല്പം പാൽ പിഴിഞ്ഞു മുറിവുള്ള ഭാഗത്തു ഒഴിക്കുന്നതും മുറിവുണങ്ങാൻ നല്ലതാണ്.

ബ്രെസ്റ്റിൽ അസഹനീയമായ വേദന: ചില അമ്മമാർക്ക്‌ പാൽ കൊടുക്കുന്ന ഇടം അസഹനീയമായ വേദന അനുഭവപ്പെടാറുണ്ട്. ഇതിനു കാരണം പാൽ കൊടുക്കുന്നതിലും കൂടുതലായി പാൽ ഉൽപാദനം നടക്കുന്നു എന്നതാണ്. അധികമായി ഉണ്ടാകുന്ന പാൽ കെട്ടിക്കിടക്കുന്നത് കാരണം അവിടം തടിപ്പുണ്ടാകുകയും ചെയ്യുന്നു. ചിലർ ഇതുകാരണം പാൽ കൊടുക്കുന്നത് നിർത്താറുണ്ട്. എന്നാൽ, ഇത് കൂടുതൽ വേദനയും പാൽ കൊടുക്കുന്ന ഇടം നീരു വർധിപ്പിക്കുവാനും സാധ്യതയുണ്ട്. ഇതിനുള്ള പരിഹാരമായി ചെയ്യേണ്ടത് മാറിടം മസാജ് ചെയ്യുകയാണ്. ഹോട്ട് കംപ്രഷൻ അഥവാ ചൂടു പിടിക്കുന്നതും നല്ലതാണ്. കുട്ടികളെ രണ്ടുമണിക്കൂർ ഇടവിട്ട് അല്ലെങ്കിൽ കൂടുതൽ സമയം എടുക്കാതെ മുലയൂട്ടണം. മുലയൂട്ടുന്ന സമയത്തു കുഞ്ഞുങ്ങൾ ആദ്യത്തിൽ വളരെ ശക്തിയോടുകൂടി പാൽ വലിച്ചെടുക്കും. ഇതു കെട്ടിക്കിടക്കുന്ന പാലിനെ നീക്കം ചെയ്യുന്നു. ഒരുകാരണവശാലും മുലയൂട്ടൽ ഈ അവസരത്തിൽ നിർത്തരുത്. പനിയോ നീർക്കെട്ട് കൂടുകയോ ചെയ്യുകയാണെങ്കിൽ ഉടനെ ഡോക്ടറെ കാണിക്കണം. കാരണം അത് ഇൻഫെക്ഷന്റെ ലക്ഷണമാണ്.

എത്ര കാലം വരെ മുലയൂട്ടണം: 6 മാസം വരെ പൂർണ്ണമായും മുലപ്പാൽ മാത്രവും 6 മാസം മുതൽ 2 വയസ്സു വരെ മറ്റു ഭക്ഷണങ്ങളോടൊപ്പം മുലപ്പാലും നൽകണം. പല കാരണങ്ങളാലും 6 മാസത്തിന് മുൻപേ തന്നെ മറ്റു ഭക്ഷണങ്ങൾ കൊടുക്കുന്നവർ മനസ്സിലാക്കേണ്ടത് ഇതു കുഞ്ഞിന് ഒരു ഗുണവും ചെയ്യുന്നില്ല എന്നാണ്. 6 മാസം വരെ മുലപ്പാൽ ദഹിക്കുന്നതിനുള്ള ശക്തി മാത്രമേ കുഞ്ഞുങ്ങളുടെ വയറിനള്ളു. മറ്റു ഭക്ഷണങ്ങൾ കൊടുക്കുന്നത് വഴി വയറിനു അസ്വസ്ഥത വരികയും ഭക്ഷണത്തോട് വെറുപ്പ് വരാനുള്ള സാധ്യതയും ഉണ്ടാകുന്നു.

പശുവിൻ പാലും ആട്ടിൻ പാലും കുട്ടികൾക്കു കൊടുക്കുന്നത് ദോഷകരമായി ബാധിച്ചേക്കാം. കാരണം പ്രകൃതി രൂപകല്പന ചെയ്തിരിക്കുന്നത് പശുവിൻ പാൽ പശുക്കിടാവിനുള്ളതാണ്. പശുക്കിടാവിന് വളരാൻ വേണ്ടത് കൂടുതൽ muscle ആണ്. അതിനാൽ പശുവിൻ പാലിൽ കൂടുതൽ പ്രോട്ടീനും കുറഞ്ഞ കാർബോഹൈഡ്രേറ്റുമാണുള്ളത്. മറിച്ച് മനുഷ്യ കുഞ്ഞിന് ആദ്യത്തെ രണ്ടു വർഷം മസിലിനേക്കാൾ ഉപരി വേണ്ടത് ബുദ്ധിയുടെ വളർച്ച ആകുന്നു. അതിനാൽ അമ്മയുടെ പാലിൽ പ്രോട്ടീൻ ഘടകത്തേക്കാൾ കാർബോഹൈഡ്രേറ്റ് ആണുള്ളത്. ഇതു ബുദ്ധിയുടെ വളർച്ചക്ക് സഹായിക്കുന്നു.

പശുവIൻ പാലിൽ അടങ്ങിയിട്ടുള്ള അമിതമായ osdium കുഞ്ഞിന്റെ വയറിനെയും കിഡ്‌നി പോലുള്ള പ്രധാന അവയവങ്ങളെ ബാധിക്കാനും കാരണമാകുന്നു. ഇതു പോലെതന്നെ ആണ് ആട്ടിൻ പാലും. ആട്ടിൻ പാലിൽ folate എന്ന വസ്തു കുറവായതിനാൽ കുട്ടികൾക്ക് രക്തക്കുറവ് ഉണ്ടാകാൻ ഇടവരുന്നു. ആറു മാസത്തിനുള്ളിലായി കുഞ്ഞുമായി പിരിഞ്ഞിരിക്കേണ്ട ആവശ്യം വരികയാണെങ്കിൽ, അമ്മയ്ക്ക് മുലപ്പാൽ പിഴിഞ്ഞു സംരക്ഷിക്കാവുന്നതാണ്. മുലപ്പാൽ പുറത്തുവച്ചാൽ 4 മണിക്കൂർ വരെയും ഫ്രിഡ്ജിൽ ആണെങ്കിൽ 24 മണിക്കൂർ വരെയും കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും. ഇതു ഫ്രീസറിൽ ആണെങ്കിൽ 6 മാസം വരെ സൂക്ഷിക്കാം

മുലയൂട്ടലിന്റെ പ്രാധാന്യവും ആവശ്യകതയും മനസ്സിലാക്കി സർക്കാരും മറ്റും ഒട്ടേറെ ബോധവത്കരണ പരിപാടികൾ നടത്തി വരുന്നുണ്ട്. പൊതു സ്ഥലങ്ങളിലൊക്കെ ബ്രസ്സ്റ്റ് ഫീഡിങിനായി മുറികൾ ഇപ്പോൾ ലഭ്യമാണ്. മുലയൂട്ടൽ എന്ന യാതൊരു വിധ നിക്ഷേപവും ആവശ്യമില്ലാത്ത ഈ മഹത്തായ കാര്യത്തെ എല്ലാവരും ഇനിയും പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വേണം. നമ്മുടെ മക്കളുടെ നല്ല ഭാവിയിലേക്കായി അത് ആവശ്യമാണ്.

(പീഡിയാട്രിക്‌സ് ആന്റ് നിയോനാറ്റോളജി വിഭാഗം സീനിയർ കൺസൽട്ടന്റ് ആണ് ലേഖകൻ)

Content Highlights: Understanding the roles of prolactin and oxytocin in milk production., Health benefits of breastfeeding for both mother and child., Solutions for common issues like low milk supply, latching pain, and infant fussiness., Importance of exclusive breastfeeding for the first 6 months and continued nutrition up to 2 years