തലയുടെ പ്രത്യേകഭാഗത്ത് മാത്രമുള്ള വേദന, വിട്ടുമാറാത്ത ഓക്കാനം; തിരിച്ചറിയാം ബ്രെയിൻ ട്യൂമർ ലക്ഷണങ്ങൾ

ഇന്ത്യയിൽ ബ്രെയിൻ ട്യൂമർ ബാധിതരുടെ എണ്ണത്തിൽ പ്രതിവർഷം നിരവധി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് ആരോഗ്യ സംഘടനകളുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ആശങ്കപ്പെടുത്തുന്ന കാര്യം എന്തെന്നാൽ ആകെ രോഗികളിൽ 20 ശതമാനത്തോളം കുട്ടികളാണെന്നതാണ്. കുട്ടികളിൽ പൊതുവായി കണ്ടുവരുന്ന ബ്രെയിൻ ട്യൂമർ 'മെഡുലോബ്ലാസ്റ്റോമ' (Medulloblastoma) എന്ന വിഭാഗത്തിൽപ്പെട്ടതാണ്. അത്യാധുനിക മെഡിക്കൽ സാങ്കേതികവിദ്യകളും രോഗങ്ങളെക്കുറിച്ചുള്ള കൃത്യമായ അവബോധവും ഉള്ളതിനാൽ ഇന്ന് ഭൂരിഭാഗം കേസുകളും പ്രാരംഭ ഘട്ടത്തിൽത്തന്നെ കണ്ടെത്താൻ സാധിക്കുന്നുണ്ട്.
ബ്രെയിൻ ട്യൂമർ രോഗനിർണ്ണയവും തുടർന്നുണ്ടാകുന്ന ശസ്ത്രക്രിയയും ഏതൊരു വ്യക്തിയെയും അവരുടെ കുടുംബത്തെയും കടുത്ത മാനസിക സമ്മർദ്ദത്തിലാക്കാം. എന്നാൽ, സർജറിക്ക് ശേഷമുള്ള കൃത്യമായ പരിചരണവും പോസിറ്റീവ് മനോഭാവവും ഉണ്ടെങ്കിൽ രോഗിക്ക് പൂർണ്ണ ആരോഗ്യത്തോടെ സാധാരണ ജീവിതത്തിലേക്ക് വേഗത്തിൽ തിരിച്ചെത്താനാകും.
ലക്ഷണങ്ങൾ നിസ്സാരമായി കാണരുത്
ആദ്യകാല ബ്രെയിൻ ട്യൂമർ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് ചികിത്സ കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കും. താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ വിദഗ്ദ്ധ സഹായം തേടാൻ ശ്രദ്ധിക്കുക:
- ഇടയ്ക്കിടെയുണ്ടാകുന്നതും തലയുടെ ഒരു പ്രത്യേക ഭാഗത്ത് മാത്രം കഠിനമായ മർദ്ദമോ വേദനയോ അനുഭവപ്പെടുന്ന തലവേദന.
- കഠിനമായ തലവേദനയോടൊപ്പം ഉണ്ടാകുന്ന വിട്ടുമാറാത്ത ഓക്കാനവും ഛർദ്ദിയും.
- സംസാരത്തിലും കാഴ്ചയിലുമുള്ള വ്യതിയാനങ്ങൾ അതായത് പെട്ടെന്ന് സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുക കാഴ്ച മങ്ങുക അല്ലെങ്കിൽ കേൾവിശക്തി കുറയുക തുടങ്ങിയ ലക്ഷണങ്ങൾ.
- നിത്യജീവിതത്തിലെ കാര്യങ്ങളിൽ ഏകാഗ്രതക്കുറവ് മൂലം ശ്രദ്ധിക്കാൻ കഴിയാതെ വരിക.
- മുൻപ് അപസ്മാരമില്ലാത്ത വ്യക്തികളിൽ പെട്ടെന്നുണ്ടാകുന്ന ഫിറ്റ്സ് അല്ലെങ്കിൽ കൈകാലുകൾ കോച്ചിപ്പിടിക്കുക.
- ശരീരത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുക. ഉദാഹരണത്തിന് നടക്കുമ്പോൾ ഒരു വശത്തേക്ക് ചരിഞ്ഞുപോവുകയോ ബാലൻസ് നഷ്ടപ്പെടുകയോ ചെയ്യുക.
- വിട്ടുമാറാത്ത അസ്വസ്ഥതകൾ കാരണം ഉറക്കം തടസ്സപ്പെടുക.
എന്താണ് ബ്രെയിൻ ട്യൂമർ?
തലച്ചോറിലെ കോശങ്ങൾ അസാധാരണമായ രീതിയിൽ വളരുന്ന അവസ്ഥയെയാണ് ബ്രെയിൻ ട്യൂമർ എന്ന് വിളിക്കുന്നത്. തലച്ചോറിലോ അതിനോട് തൊട്ടുചേർന്നുള്ള ഭാഗങ്ങളിലോ ആണ് ഇവ പ്രധാനമായും രൂപപ്പെടുന്നത്. തലച്ചോറിലെ കോശങ്ങൾ, രക്തക്കുഴലുകൾ, ഞരമ്പുകൾ, മസ്തിഷ്ക സ്തരങ്ങൾ (Meninges), പിറ്റ്യൂട്ടറി അല്ലെങ്കിൽ പൈനൽ ഗ്രന്ഥി എന്നിവയിൽ നിന്ന് ആരംഭിക്കുന്ന ഇത്തരം മുഴകളെ 'പ്രൈമറി ബ്രെയിൻ ട്യൂമർ' (Primary Brain Tumors) എന്ന് വിളിക്കുന്നു. ബ്രെയിൻ ട്യൂമറുകളെ അവയുടെ സ്വഭാവം അനുസരിച്ച് പ്രധാനമായും രണ്ടായി തിരിക്കാം:
ബെനൈൻ (Benign): ക്യാൻസർ സ്വഭാവമില്ലാത്തതും സാവധാനം മാത്രം വളരുന്നതുമായ മുഴകളാണിവ. ഇവ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരില്ലെങ്കിലും, തലയോട്ടിക്ക് ഉള്ളിൽ വളരുന്നതിലൂടെ തലച്ചോറിലെ മറ്റ് കോശങ്ങളിൽ വലിയ സമ്മർദ്ദം ചെലുത്താൻ ഇവയ്ക്ക് സാധിക്കും.
മാലിഗ്നന്റ് (Malignant): അതിവേഗം വളരുകയും ചുറ്റുമുള്ള ആരോഗ്യകരമായ മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന അതീവ മാരകമായ ക്യാൻസർ മുഴകളാണിവ.
അതിനാൽ അർബുദ സാധ്യതയുള്ള ഇത്തരം മുഴകൾ കണ്ടെത്തിയാൽ വിദഗ്ദ്ധ പരിശോധനകൾക്ക് ശേഷം ശസ്ത്രക്രിയയിലൂടെ അവ എത്രയും വേഗം നീക്കം ചെയ്യേണ്ടത് ജീവൻ രക്ഷിക്കുന്നതിനായി അനിവാര്യമാണ്. ട്യൂമറിന്റെ വലിപ്പവും വ്യാപ്തിയും കണക്കിലെടുത്ത് സർജറിയ്ക്ക് പുറമെ റേഡിയോ തെറാപ്പി, കീമോതെറാപ്പി തുടങ്ങിയ വിദഗ്ദ്ധ ചികിത്സാ രീതികളും ഇതിനായി ഉപയോഗിക്കാറുണ്ട്.
രോഗനിർണ്ണയം വൈകരുത്; ജീവൻ രക്ഷിക്കാം
തുടക്കത്തിൽ തന്നെ രോഗം കണ്ടെത്തുന്നത് ചികിത്സയും ശസ്ത്രക്രിയയും കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റും. രോഗം ഗുരുതരമാകുന്നതിന് മുൻപ് തിരിച്ചറിഞ്ഞാൽ മസ്തിഷ്ക കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ വലിയൊരു പരിധി വരെ തടയാം. ഇത് ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സുഖം പ്രാപിക്കൽ കാലയളവ് കുറയ്ക്കാനും രോഗിക്ക് വേഗത്തിൽ ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കും.
സർജറിക്ക് ശേഷം ശ്രദ്ധിക്കേണ്ട 'ഗോൾഡൻ റൂളുകൾ'
ബ്രെയിൻ സർജറി ഒരു രോഗിയുടെ ചിന്തകൾ, വികാരങ്ങൾ, പെരുമാറ്റം എന്നിവയെ താൽക്കാലികമായി ബാധിച്ചേക്കാം. ഇവിടെയാണ് ശാരീരിക-മാനസിക പുനരധിവാസ വിദഗ്‌ധർ (Physical, Occupational and Speech-Language Pathologists) വലിയ പങ്ക് വഹിക്കുന്നത്. രോഗിയുടെ പ്രായം, ട്യൂമറിന്റെ സ്ഥാനം, പൊതുവായ ആരോഗ്യം എന്നിവയെ ആശ്രയിച്ചാണ് സുഖം പ്രാപിക്കാനുള്ള സമയം നിശ്ചയിക്കപ്പെടുന്നത്.
ഡോക്ടറുടെ നിർദ്ദേശങ്ങൾ കണിശമായി പിന്തുടരുക: സർജറിയ്ക്ക് ശേഷം ഡോക്ടർ നൽകുന്ന വിശ്രമവും മറ്റ് നിയന്ത്രണങ്ങളും നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്ന് മനസ്സിലാക്കുക. രോഗമുക്തി പ്രക്രിയയിൽ എപ്പോഴും ക്ഷമയോടെയിരിക്കുക.
തുടർപരിശോധനകൾ മുടക്കരുത്: കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണ്. ട്യൂമറിന്റെ വീണ്ടുമുള്ള വളർച്ചയോ മറ്റ് അസ്വാഭാവികതകളോ യഥാസമയം കണ്ടെത്താൻ ഇത് സഹായിക്കും.
മരുന്ന് കൃത്യസമയത്ത്: ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകൾ കൃത്യസമയത്ത് കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. സ്വയം മരുന്നുകൾ നിർത്തുകയോ പുതിയവ വാങ്ങി കഴിക്കുകയോ ചെയ്യരുത്. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഡോക്ടറെ കണ്ട് മരുന്നിന്റെ ഡോസേജ് ക്രമീകരിക്കുക.
ഭക്ഷണക്രമത്തിൽ വേണം പ്രത്യേക ശ്രദ്ധ
ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ സമീകൃതാഹാരം കഴിക്കുക എന്നതാണ് ഈ ഘട്ടത്തിൽ പ്രധാനം. പ്രോട്ടീൻ, ഒമേഗ-3, കാൽസ്യം, വിറ്റാമിൻ-ഡി, വിറ്റാമിൻ-സി, അയൺ, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം.
കഴിക്കേണ്ടവ: ധാരാളം പുതിയ പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഊർജ്ജം നിലനിർത്താൻ ചെറിയ ഇടവേളകളിൽ പോഷകസമൃദ്ധമായ ലഘുഭക്ഷണങ്ങൾ നൽകാം.
ഓർക്കുക: ഉപ്പിട്ട പലഹാരങ്ങൾ, പഞ്ചസാര ചേർത്ത ജ്യൂസുകൾ, കാപ്പി, ചായ, മദ്യം, സംസ്കരിച്ച ഭക്ഷണങ്ങൾ (Processed foods), ഫാസ്റ്റ് ഫുഡ് എന്നിവ പൂർണ്ണമായും ഒഴിവാക്കുക. ഇത് ശരീരത്തിലെ അനാവശ്യ കലോറി കുറയ്ക്കാനും രോഗശാന്തി വേഗത്തിലാക്കാനും സഹായിക്കും.
ശസ്ത്രക്രിയയ്ക്ക് ശേഷം ഉത്കണ്ഠയോ സമ്മർദ്ദമോ തോന്നുക സ്വാഭാവികമാണ്. ഇത്തരം സാഹചര്യങ്ങളിൽ മനസ്സിലുള്ള കാര്യങ്ങൾ നിങ്ങൾക്ക് ഏറ്റവും ആശ്വാസം തോന്നുന്ന ഒരാളോട് തുറന്നു സംസാരിക്കുക. പോസിറ്റീവ് മനോഭാവത്തോടെ ചികിത്സയെയും രോഗമുക്തിയെയും സമീപിക്കുന്നത് സമ്മർദ്ദം ഇല്ലാതാക്കാനും വേഗത്തിലുള്ള രോഗശാന്തിക്കും സഹായിക്കും.
ആസ്റ്റർ മിംസ് കോട്ടക്കലിലെ ന്യൂറോസർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ
Content Highlights: Early detection of brain tumor symptoms is crucial for effective treatment., Medulloblastoma is common in children; awareness is key., Understanding the difference between Benign and Malignant tumors