കഴിക്കുന്ന ഭക്ഷണങ്ങളും രോഗങ്ങളുമൊക്കെ വായ്നാറ്റത്തിന് കാരണമാകാം; പ്രതിവിധി എന്തെല്ലാം?

പലവിധ കാരണങ്ങൾ കൊണ്ടാണ് വായ്നാറ്റം ഉണ്ടാകുന്നത്. വായ്നാറ്റത്തിൻ്റെ കാരണങ്ങളിലേയ്ക്ക് ഒന്ന് കണ്ണോടിക്കാം. വായ്നാറ്റത്തെ പ്രധാനമായും മൂന്നായി തരം തിരിക്കാം.
- യഥാർഥത്തിലുള്ള വായ്‌നാറ്റം
- യഥാർഥത്തിൽ ഇല്ലാത്ത വായ്‌നാറ്റം (ഉണ്ടെന്നുള്ള വികലമായ ധാരണ)
- വായ്‌നാറ്റം ഉണ്ടെന്ന അകാരണമായ ഭയം അഥവാ ഉത്കണ്ഠ
യഥാർത്ഥത്തിലുള്ള വായ്‌നാറ്റം തന്നെ വീണ്ടും രണ്ടു തരമുണ്ട്.
നമുക്കെല്ലാവർക്കും തന്നെ രാവിലെ ഉറങ്ങി എഴുന്നേൽക്കുന്ന ഉടനെ ചെറിയ തോതിൽ വായ്‌നാറ്റം അനുഭവപ്പെടാറുണ്ട്. ഉറങ്ങുന്ന സമയത്ത് ഉമിനീരിന്റെ പ്രവർത്തനം കുറയുന്നതു മൂലം വായിലെ കീടാണുക്കളുടെ പ്രവർത്തനങ്ങൾ കൂടുകയും തത്ഫലമായി ഉണ്ടാകുന്ന രാസസംയുക്തങ്ങൾ വായിൽ നിന്നുള്ള രൂക്ഷ ഗന്ധത്തിന് കാരണമാവുകയും ചെയ്യുന്നു. ഇതിനെ ശരീരധർമ്മാനുബന്ധമായ വായ്‌നാറ്റം എന്നു പറയാം.
രണ്ടാമത്തേത് വായിലെയോ, ശരീരത്തിലെ മറ്റേതെങ്കിലും അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങൾ കാരണമുള്ള വായ്‌നാറ്റമാണ്. ഇതിനെ രോഗനിദാനാനുബന്ധമായ വായ്നാറ്റം എന്ന് പറയാം. ആദ്യം നാം പറഞ്ഞ ശരീരധർമ്മാനുബന്ധമായ വായ്നാറ്റം നാം ഉപയോഗിക്കുന്ന ഭക്ഷണപദാർത്ഥങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. പാൽ, പാൽക്കട്ടി, ഐസ്ക്രീം, സൾഫർ അടങ്ങിയ ഉള്ളി, വെളുത്തുള്ളി തുടങ്ങിയവയുടെ ഉപയോഗം ഇതിന് കാരണമാകാറുണ്ട്. അതോടൊപ്പം പുകവലിയും മദ്യപാനവും ഉപവാസം ചെയ്യുന്ന സ്ത്രീകളിൽ ആർത്തവ കാലങ്ങളിലും എല്ലാം ഇത്തരത്തിൽ വായ്നാറ്റം അനുഭവപ്പെടാറുണ്ട്. രോഗനിദാനാനുബന്ധമായ വായ്നാറ്റത്തിന് പലതരം കാരണങ്ങളുണ്ട്.
ഈ കാരണങ്ങളെ പ്രധാനമായും രണ്ടായി തരം തിരിക്കാറുണ്ട്.
- വായിലെ കാരണങ്ങൾ
- മറ്റ് അവയവങ്ങളിലെ അസുഖങ്ങൾ
വായിലെ കാരണങ്ങൾ
- ദന്തക്ഷയം
- മോണവീക്കം
- മോണയിലെ അസ്ഥിഭ്രംശം
- നാവിനെ ബാധിക്കുന്ന പൂപ്പൽബാധ
- ഹെർപ്പിസ് വൈറസ് ബാധമൂലമുണ്ടാകുന്ന ദന്തരോഗങ്ങൾ
- പല്ലെടുത്ത ഭാഗത്തെ ഉണങ്ങാത്ത മുറിവും പഴുപ്പും.
- കൃത്രിമ ദന്തങ്ങൾ വൃത്തിയായി സൂക്ഷിക്കാത്തവരിൽ
- വായിലുണ്ടാകുന്ന വ്രണങ്ങൾ, മുറിവുകൾ എന്നിവ
- മറ്റ് അസുഖങ്ങൾ കാരണമുണ്ടാവുന്ന വായ്നാറ്റവും ഈ സ്ഥിതിവിശേഷത്തിൽ പ്രധാനമായ പങ്ക് വഹിക്കാറുണ്ട്. മൂക്കിലെയും തൊണ്ടയിലെയും അസുഖങ്ങൾ, സൈനസൈറ്റിസ് (sinusitis), മുക്കിലുള്ള പഴുപ്പ്, ശ്വസനനാളിയിലെ അണുബാധ, ശബ്ദനാളത്തിലെ അണുബാധ, ശബ്ദനാളത്തിലെ അർബുദം എന്നിവ.
- ശ്വാസകോശ സംബന്ധിയായ രോഗങ്ങൾ
- ശ്വാസകോശത്തിലെ അണുബാധ, പഴുപ്പ്, ശ്വാസംമുട്ട്, ആസ്ത്മ, ക്ഷയരോഗം, ശ്വാസകോശാർബുദം, ന്യൂമോണിയ തുടങ്ങിയവ.
- ഉദരസംബന്ധിയായ രോഗങ്ങൾ
- ഉദരത്തിലെ അണുബാധ, പഴുപ്പ്, ഗ്യാസ്ട്രബിൾ, ഹെർണിയ തുടങ്ങിയ അസുഖങ്ങൾ
- പ്രമേഹം - ചീഞ്ഞ പഴത്തിന്റെ ഗന്ധം ഉണ്ടാക്കുന്നു.
- കരൾ രോഗങ്ങൾ - ചീഞ്ഞഴുകിയ തരം ഗന്ധം ഉണ്ടാക്കുന്നു
- വൃക്ക രോഗങ്ങൾ-മത്സ്യത്തിന്റെ ഗന്ധം വായിൽ ഉണ്ടാക്കുന്നു
വിഷാദരോഗങ്ങളും മാനസിക സമ്മർദ്ദത്തിനുള്ള ചില മരുന്നുകളുടെ ഉപയോഗവും കാരണം. സൾഫർ അടങ്ങിയ സംയുക്തങ്ങളായ മീഥൈൽ മെർക്യാപ്റ്റൻ (methyl mercaptan), ഹൈഡ്രജൻ സൾഫൈഡ് (Hydrogen sulphide), ഡൈമീഥൈൽ സൾഫൈഡ് (Dimethyl sulphide) എന്നീ മൂന്നു വാതകങ്ങളാണ് പ്രധാനമായും വായ്നാറ്റത്തിന് കാരണമാവുന്നത്. ഇവയെ അസ്ഥിര നൈസർഗിക സംയുക്തങ്ങൾ എന്ന് പറയുന്നു.
പല്ലുകളുടെ ഇടയിലും മറ്റും കടന്നുകൂടിയിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളിൽ അണുക്കളുടെ പ്രവര്‍ത്തന ഫലമായി ഹാനികരമായ രാസവസ്തുക്കൾ ഉണ്ടാകുന്നു. വായിലെ ഉമിനീരിന്റെ തോത് കുറയുന്ന അവസ്ഥയിലും വായിലെ ജീവവായുവിന്റെ അനുപാതം കുറയുന്ന വേളയിലും ഈ പ്രവർത്തനം ത്വരിതപ്പെടുന്നു.
സ്വയം നിർണയിക്കാനുള്ള എളുപ്പവിദ്യകൾ
- ഒരു കരണ്ടി ഉപയോഗിച്ച് നാവിന്റെ പുറകുവശം ചുരണ്ടിയതിന് ശേഷം ആ കരണ്ടി മണപ്പിച്ചു നോക്കുക.
- പല്ല് കുത്താനുപയോഗിക്കുന്ന ടൂത്ത്പിക്കോ പല്ലിനിടയിലെ അഴുക്ക് നീക്കം ചെയ്യാനുപയോഗിക്കുന്ന സെന്റൽ ഫ്ളോസോ പല്ലുകൾക്കിടയിൽ ഇറക്കിയതിനുശേഷം തിരികെയെടുത്ത് മണപ്പിച്ച് നോക്കുക.
- ഒരു കരണ്ടിയിലോ കപ്പിലോ ഉമിനീർ തുപ്പിയതിനുശേഷം മണപ്പിച്ചു നോക്കുക.
- കൈത്തണ്ട നക്കിയതിനു ശേഷം ഉണങ്ങാനായി അൽപ്പനേരം കാത്തുനിന്നതിനു ശേഷം മണം നോക്കുക.
ഇത്തരം ലളിതമായ വിദ്യയിലൂടെ ഈ പ്രശ്നം രോഗിക്ക് സ്വയം സ്ഥിരീകരിക്കാവുന്നതാണ് .
ചികിത്സ
വായിലെ കാരണങ്ങൾ
ദന്തശുചിത്വം ഉറപ്പുവരുത്തുക. വായിലെ ശുചിത്വക്കുറവ് കാലമുണ്ടാകുന്ന മോണരോഗങ്ങൾ പലപ്പോഴും ശരീരത്തിൻ്റെ പൊതുവായ ആരോഗ്യത്തെ തന്നെ സാരമായി ബാധിക്കാറുണ്ട്. ഗർഭാവസ്ഥയിലെ മോണരോഗം പലപ്പോഴും ഭാരം കുറഞ്ഞ കുഞ്ഞുങ്ങൾ ജനിക്കാനും കാലം തെറ്റിയുള്ള പ്രസവം, ഗർഭാലസ്യം തുടങ്ങിയവയ്ക്ക് വരെ കാരണമാകുന്നതായി പഠനങ്ങൾ സ്ഥിരീകരിക്കുന്നു .
- ശരിയായ ബ്രഷിംഗ് രീതി അവലംബിക്കുക, ദിവസേന മൂന്നു മിനിറ്റ് വീതം രണ്ടുനേരം ബ്രഷ് ചെയ്യുക
- പല്ലിന്റെ ഇടയിലെ അഴുക്ക് ഡെന്റൽ ഫ്ളോസ് (Dental Floss) അല്ലെങ്കിൽ ഇന്റർ ഡെന്റൽ ബ്രഷ് ഉപയോഗിച്ച് നീക്കം ചെയ്യുക.
- ബ്രഷിന്റെ പ്രതലമോ ടങ് ക്ലീനറോ ഉപയോഗിച്ച് നാവ് വൃത്തിയാക്കുന്നത് ശീലമാക്കുക. സ്റ്റീൽ ടംങ് ക്ലീനർ (Steel tongue cleaner)ഒഴിവാക്കുന്നതാണ് നാവിലെ രസമുകുളങ്ങൾക്ക് നല്ലത്.
- മധുരത്തിൻ്റെയും ചാരായത്തിൻ്റെയും അംശം അടങ്ങാത്ത വായ് ശുചീകരണ ലായനികൾ അഥവാ മൗത്ത് വാഷുകളാണ് അഭികാമ്യം. മധുരമുള്ളവ ദന്തക്ഷയം വർദ്ധിക്കാനും ചാരായം അടങ്ങിയവ വായിലെ വരൾച്ച അധികമാകാനും കാരണമാവും.
- നാവിന്റെ പുറകുവശം വരെ നന്നായി വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്.
- ആറു മാസത്തിലൊരിക്കൽ മോണരോഗ വിദഗ്ദ്ധനെ കാണുക.
- പല്ലുകൾ ആറു മാസത്തിലൊരിക്കലോ കുറഞ്ഞത് വർഷത്തിൽ ഒരിക്കെയെങ്കിലും ക്ലീൻ ചെയ്യുക
- ദന്തക്ഷയം ചികിത്സിച്ച് ഭേദമാക്കുക.
- വായിലെ പൂപ്പൽ ബാധ, മറ്റു വ്രണങ്ങൾ എന്നിവയ്ക്കും ആവശ്യമായ ചികിത്സ നേടുക.
- ദിവസവും കുറഞ്ഞത് 8 മുതൽ 10 ഗ്ലാസ് വെളളം കുടിക്കുക.
- മറ്റു കാരണങ്ങൾ മൂലമുണ്ടാകുന്ന വായ്നാറ്റത്തിന്
- പ്രമേഹം നിയന്ത്രിച്ച് നിർത്തുക
- ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, മൂക്കിലേയും തൊണ്ടയിലേയും രോഗങ്ങൾ, കരൾ രോഗങ്ങൾ, ഉദര രോഗങ്ങൾ തുടങ്ങിയവയെല്ലാം ചികിത്സിക്കുക.
- ചില മരുന്നുകള്‍ വായ്നാറ്റമുണ്ടാക്കിയേക്കാം. ദന്തരോഗവിദഗ്ദ്ധന്റെ നിര്‍ദ്ദേശാനുസരണം ചികില്‍സിക്കുന്ന ഡോക്ടറോട് പറഞ്ഞ് പ്രസ്തുത മരുന്നുകള്‍ മാറ്റിവാങ്ങുക.
മാസ്ക് മൗത്ത്
കോവിഡ് കാലം നമ്മുടെ നിത്യജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടു വന്നിരിക്കുന്നു. ഒരു കാലത്ത് മനുഷ്യൻ്റെ കൈയുടെ തന്നെ ഭാഗമായി മൊബൈൽ ഫോണുകൾ മാറിയത് പോലെ ഇന്ന് നമ്മുടെ നിത്യജീവിതത്തിൽ അഭേദ്യമായി മാറിയിരിക്കുകയാണ് മാസ്കുകൾ. മാസ്കുകൾ ഉപയോഗിക്കേണ്ടത് വളരെ പ്രാധാന്യമെന്നിരിക്കെ അവ ദീർഘനേരം ഉപയോഗിക്കുമ്പോൾ അൽപം അലംഭാവം ഉണ്ടായാൽ പലപ്പോഴും ദന്താരോഗ്യസംബന്ധമായ ചില പ്രശ്നങ്ങളിലേക്ക് വഴിവച്ചേക്കാം. മാസ്കുകൾ ദീർഘനേരം വയ്ക്കുന്നവരുടെ വായിൽ ചില പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇവ എന്തൊക്കെയാണെന്ന് നോക്കാം
- വായ്നാറ്റം
- വായ വരണ്ടുണങ്ങിയ അവസ്ഥ.
- ദന്തക്ഷയം
- മോണ വീക്കം
- വായ്പുണ്ണ്
- ചുണ്ടിലെ വശങ്ങളിൽ വിണ്ടുകീറൽ
- നാവിലെ പൂപ്പൽ പാട
ഇവയെല്ലാം കൂടി ചേർന്ന് "മാസ്ക് മൗത്ത് " എന്ന പുതിയൊരു അവസ്ഥ സംജാതമാക്കുന്നു. മാസ്ക് ദീർഘനേരം ധരിക്കുമ്പോൾ നാം അറിയാതെ ചില നേരം വായിലൂടെ ശ്വാസമെടുക്കുന്നു. ഇത് വായ വരണ്ടുണങ്ങാൻ കാരണമാവുന്നു. അതോടൊപ്പം നന്നായി വെള്ളം കുടിക്കാതെ പണിയെടുക്കുന്നവരാണെങ്കിൽ കൂടുതൽ നിർജലീകരണം സംഭവിക്കുകയും ഇതും വായിൽ പ്രതിഫലിക്കുവാനും കാരണമാവും. ഇതിൻ്റെ ഫലമായി നാവിൽ നേർത്ത പാട പോലെ പൂപ്പൽ ബാധ ഉണ്ടാവാനും വായിൽ ദുർഗന്ധം വമിപ്പിക്കുന്ന അസ്ഥിര ജൈവ സംയുക്തങ്ങൾ കൂടുതൽ ഉണ്ടാവാനും കാരണമാവുന്നു.മുൻപ് തിരിച്ചറിയാതെ പോയ വായ്നാറ്റം പലപ്പോഴും മാസ്ക് ധരിക്കുന്ന സമയം അനുഭവപ്പെടുന്നത് ഇത് കൊണ്ടാണ്. എന്നാൽ ഇത് എല്ലാവരിലും സംഭവിക്കണമെന്നില്ല.
ഓർക്കുക, മാസ്ക് നമ്മുടെ ജീവിതത്തിൻ്റെ ഭാഗമാണ്. അതു മാറ്റി നിർത്താനാകില്ല. പക്ഷെ ശരിയായ ദന്ത ശുചിത്വം പാലിക്കുന്നതു വഴി വായ്നാറ്റവും ഒപ്പം മാസ്ക് മൗത്തിലെ മറ്റ് പ്രശ്നങ്ങളും അകറ്റാൻ സാധിക്കും. പല്ല് നന്നായാൽ പാതി നന്നായെന്ന് പഴമക്കാർ പറയുന്നതിനെ നമുക്കിങ്ങനെ പറയാം പല്ല് നന്നായാൽ ശരീരത്തിൻ്റെ പൊതുവായ ആരോഗ്യത്തിലും അതിൻ്റെ പ്രതിഫലനമുണ്ടാവും
Content Highlights: bad breath causes diagnosis and treatment