ഡിമെൻഷ്യയും അൽസ്ഹൈമേഴ്സും ഒന്നാണോ? രോഗലക്ഷണങ്ങൾ എങ്ങനെ വേർതിരിച്ചറിയാം?

#ഡോ. ഇ. മുഹമ്മദ് റാഫത്
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഓർമക്കുറവിനെയും വാർധക്യകാലത്തുണ്ടാകുന്ന മാനസിക വ്യതിയാനങ്ങളെയും കുറിച്ച് വിശദീകരിക്കുമ്പോൾ ഡിമെൻഷ്യ, അൽസ്ഹൈമേഴ്സ് എന്നീ വാക്കുകൾ നാം ഇടകലർത്തി ഉപയോഗിക്കാറുണ്ട്. ഇവ രണ്ടും ഒരേ രോഗത്തെ സൂചിപ്പിക്കുന്ന പദങ്ങളാണെന്നാണ് ഭൂരിഭാഗം ആളുകളുടെയും തെറ്റിദ്ധാരണ. എന്നാൽ, വൈദ്യശാസ്ത്രപരമായി ഇവ തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്. അതിനാൽ ഓരോന്നിന്റെയും പ്രത്യേകത മനസ്സിലാക്കുന്നത് വളരെ പ്രധാനമാണ്.

ഡിമെൻഷ്യ എന്നത് ഒരു പ്രത്യേക രോഗമല്ല, മറിച്ച് പല കാരണങ്ങളാൽ ഓർമ്മശക്തി, ചിന്താശേഷി, ദൈനംദിന കാര്യങ്ങൾ ചെയ്യാനുള്ള കഴിവ്, തീരുമാനം എടുക്കാനുള്ള കഴിവ്, വ്യക്തിത്വം എന്നിവയെ ബാധിക്കുന്ന ലക്ഷണങ്ങളുടെ ഒരു പൊതുരൂപമാണ്. എന്നാൽ, ഡിമെൻഷ്യയിലേക്ക് നയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രത്യേക രോഗമാണ് അൽസ്ഹൈമേഴ്സ്.

അൽസ്ഹൈമേഴ്സും ഡിമെൻഷ്യയും: വ്യത്യാസം മനസ്സിലാക്കാം?

ഡിമെൻഷ്യ: തലച്ചോറിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന വിവിധ രോഗങ്ങൾ മൂലം ഓർമ്മ, ഭാഷ ഉപയോഗം, തീരുമാനങ്ങളെടുക്കാനുള്ള ശേഷി തുടങ്ങിയവ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഡിമെൻഷ്യ.

അൽസ്ഹൈമേഴ്സ്: ഡിമെൻഷ്യയിലേക്ക് നയിക്കുന്ന പ്രധാന രോഗകാരണമാണിത്. ആകെ ഡിമെൻഷ്യ കേസുകളിൽ 60 മുതൽ 80 ശതമാനം വരെയും അൽസ്ഹൈമേഴ്സ് രോഗം മൂലമാണ് ഉണ്ടാകുന്നത്. തലച്ചോറിൽ അമിലോയ്ഡ്, ടൗ പ്രോട്ടീനുകൾ അടിഞ്ഞുകൂടി നാഡീകോശങ്ങൾ നശിക്കുന്നതാണ് ഇതിന്റെ കാരണം.

അൽസ്ഹൈമേഴ്സ് കൂടാതെ വാസ്കുലർ ഡിമെൻഷ്യ (Vascular Dementia), ലൂയി ബോഡി ഡിമെൻഷ്യ (Lewy Body Dementia), ഫ്രോണ്ടോടെംപറൽ ഡിമെൻഷ്യ (Frontotemporal Dementia), തലച്ചോറിനെ ബാധിക്കുന്ന ചില അണുബാധകൾ, ഓട്ടോഇമ്മ്യൂൺ എൻസഫലൈറ്റിസ്, വിറ്റാമിൻ കുറവുകൾ, തലച്ചോറിലെ മുഴകൾ, ക്രോണിക് എസ്.ഡി.എച്ച് (രക്ത സ്രാവം), കിഡ്നി രോഗങ്ങൾ, കരൾ രോഗങ്ങൾ, രക്തത്തിലെ ലവണങ്ങളുടെ വ്യതിയാനം, തൈറോയ്ഡ് രോഗങ്ങൾ തുടങ്ങിയവ ഡിമെൻഷ്യയ്ക്ക് കാരണമാകുന്ന മറ്റ് അവസ്ഥകളാണ്.

ഹൃദയാരോഗ്യവും ഡിമെൻഷ്യയും: അവിഭാജ്യമായ ബന്ധം

തലച്ചോറിന്റെ ആരോഗ്യവും ഹൃദയാരോഗ്യവും തമ്മിൽ നേരിട്ട് ശക്തമായ ബന്ധമുണ്ട്. ഡിമെൻഷ്യയുടെ രണ്ടാമത്തെ വലിയ കാരണമായ വാസ്കുലർ ഡിമെൻഷ്യയും ഹൃദയാരോഗ്യനിലയും ബന്ധപ്പെട്ടിരിക്കുന്നു.

രക്തയോട്ടവും തലച്ചോറിന്റെ പ്രവർത്തനവും: നമ്മുടെ ഹൃദയം പമ്പ് ചെയ്യുന്ന രക്തത്തിന്റെ ഏകദേശം 20 ശതമാനത്തോളമാണ് തലച്ചോറിലേക്ക് എത്തുന്നത്. ഹൃദയത്തിന്റെ ആരോഗ്യം കുറയുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും നാഡീകോശങ്ങൾ ശരിയായി പ്രവർത്തിക്കാൻ ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കാതെ വരികയും ചെയ്യുന്നു.

ഉയർന്ന രക്തസമ്മർദ്ദവും സൂക്ഷ്മ സ്ട്രോക്കുകളും (Small vessel ischmia): നിയന്ത്രണമില്ലാത്ത ഉയർന്ന രക്തസമ്മർദ്ദം തലച്ചോറിലെ സൂക്ഷ്മ രക്തധമനികളെ തകരാറിലാക്കുന്നു. ഇത് പലപ്പോഴും വലിയ ലക്ഷണങ്ങൾ കാണിക്കാത്ത ‘മൈക്രോ സ്ട്രോക്കുകൾക്ക്’ (Silent Strokes) കാരണമാകുകയും ഭാവിയിൽ വാസ്കുലർ ഡിമെൻഷ്യയിലേക്ക് നയിക്കുകയും ചെയ്യുന്നു.

അതെറോസ്ക്ലെറോസിസും കൊളസ്ട്രോളും: രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി രക്തയോട്ടം തടസ്സപ്പെടുന്ന അവസ്ഥ തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയ്ക്കുന്നു. ഇത് അൽസ്ഹൈമേഴ്സ് രോഗികളുടെ ലക്ഷണങ്ങൾ കൂടുതൽ വഷളാക്കാനും കാരണമാകുന്നു.

ഹൃദയമിടിപ്പിലെ ക്രമക്കേടുകൾ (Atrial Fibrillation): ഹൃദയമിടിപ്പിലെ ക്രമരഹിതമായ അവസ്ഥ, ഹൃദയത്തിൽ രക്തക്കട്ടകൾ (Blood clots) ഉണ്ടാവാൻ കാരണമാകുകയും ഈ രക്തക്കട്ടകൾ തലച്ചോറിലേക്ക് എത്തി സ്ട്രോക്കിന് കാരണമാകുകയും ചെയ്യുന്നു. ഇത് ഡിമെൻഷ്യ സാധ്യത ഉയർത്തുന്ന ഘടകമാണ്.

രോഗലക്ഷണങ്ങൾ എങ്ങനെ വേർതിരിച്ചറിയാം?

ഡിമെൻഷ്യയും അൽസ്ഹൈമേഴ്സും തമ്മിലുള്ള വ്യത്യാസങ്ങൾ അവയുടെ ലക്ഷണങ്ങളിലൂടെയും രോഗകാരണങ്ങളിലൂടെയും വ്യക്തമായി തിരിച്ചറിയാൻ സാധിക്കും. അൽസ്ഹൈമേഴ്സ് രോഗം തലച്ചോറിൽ ഹാനികരമായ പ്രോട്ടീനുകൾ അടിഞ്ഞുകൂടി നാഡീകോശങ്ങൾ നശിക്കുന്നതുമൂലം ഉണ്ടാകുന്നതാണ്. സ്ട്രോക്ക്, അണുബാധകൾ, വൈറ്റമിൻ കുറവ് തുടങ്ങിയ വിവിധ കാരണങ്ങളാൽ ഉണ്ടാകുന്ന ഡിമെൻഷ്യയുടെ തുടക്കം രോഗകാരണം അനുസരിച്ച് വ്യത്യാസപ്പെടുന്നു.

പുതിയ വിവരങ്ങളും സംഭവങ്ങളും ഓർത്തെടുക്കാനുള്ള ബുദ്ധിമുട്ടാണ് (Episodic memory impairment) അൽസ്ഹൈമേഴ്സിന്റെ ആദ്യകാല പ്രധാന ലക്ഷണമായി കാണപ്പെടുന്നത്. വളരെ മുന്നെ നടന്ന കാര്യങ്ങളുടെ ഓർമ (Long term memory) തുടക്കകാലങ്ങളിൽ കേടുകൾ പറ്റാതെ നിലനിൽക്കുന്നു. പിന്നീട്, കാരണങ്ങൾ യുക്തിപരമായി ചിന്തിക്കാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും ബുദ്ധിമുട്ട് ഉണ്ടാകാം. വഴി തെറ്റിപ്പോവുക, പണം കൈകാര്യം ചെയ്യുമ്പോൾ തെറ്റുകൾ പറ്റുക, സാധനങ്ങളുടെ വലിപ്പ വ്യത്യാസം തിരിച്ചറിയാൻ പറ്റാതിരിക്കുക (ഉദാഹരണത്തിന് പത്തു രൂപ നോട്ടിന് പകരം അഞ്ഞൂറിന്റെ കറൻസി കൊടുക്കുന്നു, കറികൾക്ക് പച്ചക്കറികൾ അരിയുമ്പോൾ സ്ഥിരമായി അരിയുന്ന വലിപ്പത്തിന് വിഭിന്നമായി വളരെ വലുതോ അല്ലെങ്കിൽ ചെറുതോ ആയി അരിയുന്നു).

അൽസ്ഹൈമേഴ്സ് കാലക്രമേണ വഷളാകുന്ന ഒരു നാഡീവ്യവസ്ഥാ അവസ്ഥയാണെങ്കിൽ, ഡിമെൻഷ്യയ്ക്ക് കാരണമാകുന്ന മറ്റ് ചില അവസ്ഥകൾ കൃത്യമായ ചികിത്സകളിലൂടെ മാറ്റാൻ കഴിയുന്നതാണ്.

ഡിമെൻഷ്യ തടയാം; തലച്ചോറിന്റെയും ഹൃദയത്തിന്റെയും രോഗപ്രതിരോധത്തിന് 6 ശീലങ്ങൾ

രക്തസമ്മർദ്ദവും പ്രമേഹവും കൃത്യമായി നിയന്ത്രിക്കുക: ഉയർന്ന രക്തസമ്മർദ്ദവും പ്രമേഹവും തലച്ചോറിലെയും ഹൃദയത്തിലെയും രക്തക്കുഴലുകൾക്ക് കേടുവരുത്തുന്നു. അതിനാൽ മുപ്പത് വയസ് മുതൽ ഇവ കൃത്യമായി പരിചരിച്ച് നിയന്ത്രിക്കുന്നത് വാസ്കുലർ ഡിമെൻഷ്യയിൽനിന്നും അൽസ്ഹൈമേഴ്സിൽനിന്നും സംരക്ഷണം നൽകും.

നാഡീവ്യവസ്ഥയ്ക്ക് ഉന്മേഷം നൽകുന്ന ഭക്ഷണരീതി സ്വീകരിക്കുക: ഇലക്കറികൾ, പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ, നട്സ്, ഒമേഗ-3 കൊഴുപ്പുകളുള്ള ചെറിയ മത്സ്യങ്ങൾ എന്നിവ ദിനംപ്രതി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ധമനികളിൽ കൊഴുപ്പടിയുന്നതും രക്തക്കുഴലുകൾക്ക് പ്രായമേറുന്നതും തടയാൻ ഇത്തരം ഭക്ഷണക്രമം സഹായിക്കും.

ദിനചര്യകളിൽ എയറോബിക് വ്യായാമങ്ങൾ ഉൾപ്പെടുത്തുക: വേഗത്തിലുള്ള നടത്തം, നീന്തൽ, സൈക്ലിംഗ് തുടങ്ങിയ വ്യായാമങ്ങൾ ഹൃദയമിടിപ്പ് ഉയർത്തുകയും തലച്ചോറിലേക്കുള്ള ഓക്സിജൻ സമ്പുഷ്ടമായ രക്തത്തിന്റെ പ്രവാഹം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് നാഡീകോശങ്ങൾ സജീവമാക്കാൻ സഹായിക്കും.

കൊളസ്ട്രോളും ശരീരഭാരവും പരിധി കടക്കാതെ സൂക്ഷിക്കുക: രക്തത്തിലെ എൽ.ഡി.എൽ (Bad Cholesterol) കൊളസ്ട്രോളിന്റെ അളവ് കൂടുമ്പോൾ രക്തധമനികൾ കട്ടിയാകുകയും സ്ട്രോക്കിനുള്ള സാധ്യത ഉയരുകയും ചെയ്യുന്നു. അതിനാൽ കൃത്യമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലൂടെയും അമിതവണ്ണവും കൊളസ്ട്രോളും നിയന്ത്രിക്കുക.

ലഹരിവസ്തുക്കളും പുകയിലയും ഒഴിവാക്കുക: പുകവലി രക്തക്കുഴലുകളെ ചുരുക്കി സ്ട്രോക്ക് സാധ്യത ഇരട്ടിയാക്കുന്നു. പുകയില പൂർണ്ണമായും ഉപേക്ഷിക്കുക.

ദിവസവും 7-8 മണിക്കൂർ ഉറക്കം: തലച്ചോറിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ ശരിയായി പുറന്തള്ളാൻ ഗ്ലിംഫാറ്റിക് സിസ്റ്റം എന്ന സംവിധാനം തലച്ചോറിൽ പ്രവർത്തിക്കുന്നുണ്ട്. ഈ സംവിധാനം കൂടുതൽ കാര്യക്ഷമമായി നടക്കുന്നത് ഗാഢനിദ്രയിലാണ് (Deep sleep). അതുകൊണ്ട് ദിവസവും 7-8 മണിക്കൂർ നേരത്തെ ഗാഢനിദ്ര തലച്ചോറിലെ വിഷമാലിന്യങ്ങൾ (Amyloid proteins) സ്വാഭാവികമായി പുറന്തള്ളാൻ അത്യാവശ്യമാണ്.

ഓർമക്കുറവിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ അത് വാർധക്യത്തിന്റെ സാധാരണ അവസ്ഥയാണെന്ന് കരുതി തള്ളിക്കളയരുത്. തുടക്കത്തിൽതന്നെ കൃത്യമായ പരിശോധനകളിലൂടെ ഡിമെൻഷ്യയുടെ കൃത്യമായ കാരണവും ഹൃദയാരോഗ്യനിലയും തിരിച്ചറിയുന്നത് രോഗപുരോഗതി തടയാനും മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കാനും സഹായിക്കും.

(അരീക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിൽ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആണ് ലേഖകൻ)

Content Highlights: Explore the differences between Alzheimer's and dementia, focusing on how each condition uniquely affects memory loss and cognitive functions.