മുമ്പ് കഴിച്ചിരുന്ന ഭക്ഷണങ്ങൾ പൊടുന്നനെ അലർജിയിലേക്ക് നയിക്കും,ഗുരുതരമാകാം; കാരണം ആൽഫാ -ഗാൽ സിൻഡ്രോം

ചിലർക്ക് ചില ഭക്ഷണങ്ങളോട് അലർജിയുണ്ടാകും. അത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശാരീരികാസ്വാസ്ഥ്യങ്ങൾ പ്രകടമാവുകയും തീവ്രമായാൽ മരണത്തിനുവരെ കാരണമാവുകയും ചെയ്യും. എന്നാൽ കാലങ്ങളോളം ഒരു കുഴപ്പവുമില്ലാതെ കഴിച്ചിരുന്ന ഭക്ഷണങ്ങൾ പൊടുന്നനെ അലർജിക് ആവുന്ന അവസ്ഥയേക്കുറിച്ച് കേട്ടിട്ടുണ്ടോ? ആൽഫാ-ഗാൽ സിൻഡ്രോം എന്ന ഈ അവസ്ഥയ്ക്ക് പിന്നിൽ ഒരുതരത്തിലുള്ള ചെള്ള് കടിക്കുന്നതാണ്.
പ്രധാനമായും ബീഫ്, പന്നിയിറച്ചി, ആട് പോലുള്ള റെഡ് മീറ്റും പാലുത്പന്നങ്ങളും കഴിക്കുമ്പോഴാണ് അലർജിയുടെ ലക്ഷണങ്ങൾ പ്രകടമാവുക. ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമാവുകയും ജീവന് ആപത്തുണ്ടാവുകയും ചെയ്യും. ചിലയിനം ചെള്ളുകൾ കടിക്കുന്നതിനു പിന്നാലെയാണ് പ്രതിരോധസംവിധാനം റെഡ് മീറ്റിനും പാലുത്പന്നങ്ങൾക്കും എതിരായി പ്രവർത്തിക്കുക. തത്ഫലമായി ഒരുകാലംവരെ സുരക്ഷിതമായി കഴിച്ചിരുന്ന ഭക്ഷണങ്ങൾ പിന്നീട് ഗുരുതരമായ അലർജിക് റിയാക്ഷന് കാരണമാകും.
എന്താണ് ആൽഫ-ഗാൽ സിൻഡ്രോം?
ഒരുതരം ഫുഡ് അലർജിയാണിത്. സസ്തനികളിൽ നിന്നുള്ള മാംസവും മറ്റ് ഉത്പന്നങ്ങളുമാണ് അലർജിക്കിടയാക്കുന്നത്. ലോൺ സ്റ്റാർ ടിക്ക് എന്ന ചെള്ളിന്റെ കടിക്കു പിന്നാലെ ഈ അലർജി സ്ഥിരീകരിച്ച സംഭവങ്ങൾ അമേരിക്കയിൽ നിരവധി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാനുകളിലൂടെയാണ് ഈ ചെള്ള് രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും എത്തുന്നത്. ലോൺ സ്റ്റാർ ടിക്ക് കടിക്കുന്നതിലൂടെ ആൽഫാ-ഗാൽ എന്ന മോളിക്യൂൾ മനുഷ്യശരീരത്തിലെത്തുകയും ഇത് അലർജിക്ക് കാരണമാവുകയുമാണ് ചെയ്യുന്നത്. എന്നാൽ മറ്റുചില ചെള്ളുകളും ആൽഫാ-ഗാൽ സിൻഡ്രോമിലേക്ക് നയിക്കാറുണ്ട്. യൂറോപ്പ്, ഓസ്ട്രേലിയ, ഏഷ്യ, ദക്ഷിണ ആഫ്രിക്ക എന്നിവിടങ്ങളിലെ ചിലഭാഗങ്ങളിൽ അത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലക്ഷണങ്ങൾ
സാധാരണ ഫുഡ് അലർജികളെ അപേക്ഷിച്ച് ആൽഫാ-ഗാൽ സിൻഡ്രോമിന്റെ ലക്ഷണങ്ങൾ പ്രകടമാകാൻ വൈകും. നിലക്കടല, ഷെൽഫിഷുകൾ തുടങ്ങിയവയോടുള്ള അലർജിക് റിയാക്ഷന്റെ ലക്ഷണങ്ങൾ കഴിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ പ്രകടമാകും. എന്നാൽ ആൽഫാ-ഗാൽ സിൻഡ്രോമിൽ ഭക്ഷണം കഴിച്ച് മൂന്നുമുതൽ ആറുമണിക്കൂറിനുള്ളിലാണ് ലക്ഷണങ്ങൾ കാണുക.
ശരീരത്തിൽ ചൊറിച്ചിലും തടിപ്പും, ചുണ്ടും മുഖവും നാവും തൊണ്ടയും ശരീരത്തിലെ മറ്റുഭാഗങ്ങളും വീർക്കുക, ശ്വാസതടസ്സം, വലിവ്, വയറുവേദന, വയറിളക്കം, ഛർദി തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
പ്രതിരോധം
ആൽഫാ-ഗാൽ സിൻഡ്രോമിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളിൽ പ്രധാനം ചെള്ളുകടി ഏൽക്കാതിരിക്കുക എന്നതാണ്. കാടുപിടിച്ച പ്രദേശങ്ങളിലും പുല്ലുള്ള ഭാഗങ്ങളിലുമൊക്കെ ശരീരഭാഗങ്ങൾ മറച്ച് പോവണം. അത്തരം സ്ഥലങ്ങളിൽ പോയി വന്നയുടൻ ശരീരം വൃത്തിയാക്കണം.
Content Highlights: Learn about alpha-gal syndrome, a red meat allergy caused by tick bites.