ഉത്കണ്ഠാരോഗത്തെ മറച്ചുവെക്കേണ്ട, മറികടക്കാൻ സഹായിച്ചത് ഈ ടെക്നിക്- ആലിയ ഭട്ട്

ചിലകാര്യങ്ങൾക്ക് തയ്യാറെടുക്കുമ്പോൾ ഉത്കണ്ഠ തോന്നുന്നത് സ്വാഭാവികമാണ്. പുതിയ ജോലിയിൽ പ്രവേശിക്കുമ്പോഴും പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോഴുമൊക്കെ മനസ്സിന് ആധികൂടുന്നവരുണ്ട്. എന്നാൽ കൈകാര്യം ചെയ്യാവുന്നതിനുമപ്പുറം ഉത്കണ്ഠ കൈവിട്ടുപോയാൽ ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരം സാഹചര്യങ്ങളിൽ വിദഗ്ധസഹായവും തേടിയിരിക്കണം. ഇപ്പോഴിതാ ബോളിവുഡ് താരം ആലിയഭട്ട് ഉത്കണ്ഠാരോഗത്തെ നേരിടുന്നതിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്.
ഇൻസ്റ്റഗ്രാമിൽ ആരാധകർക്കായി നടത്തിയ ചോദ്യോത്തര സെഷനിലാണ് ആലിയ ഉത്കണ്ഠാരോഗത്തെ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് പങ്കുവെച്ചിരിക്കുന്നത്. എങ്ങനെയാണ് താങ്കൾ ഭയത്തെ നേരിടാറുള്ളതെന്നും ഒരുതാരമെന്ന നിലയ്ക്ക് ഏതെങ്കിലുമൊരു ഘട്ടത്തിൽ ഉത്കണ്ഠാകുലയാകില്ലേ എന്നുമായിരുന്നു ചോദ്യം. ഇതിനാണ് അമിത ഉത്കണ്ഠയിലൂടെ കടന്നുപോകുന്ന ഘട്ടങ്ങളിൽ തന്നെ സഹായിക്കുന്നകാര്യം എന്താണെന്ന് ആലിയ പങ്കുവെച്ചത്.
ഉത്കണ്ഠയിലൂടെ കടന്നുപോകുന്നഘട്ടങ്ങളിൽ പുറമേക്ക് യാതൊരു കുഴപ്പവുമില്ലെന്ന് നടിച്ച് അതുമറച്ചുവെക്കുന്നവരാണ് ഏറെയും. എന്നാൽ അതല്ല ചെയ്യേണ്ടതെന്നും അത് സ്വയം അനുഭവിക്കാൻ അനുവദിക്കുകയാണ് വേണ്ടതെന്നും ഇതെല്ലാം ജീവിതത്തിലെ ഉയർച്ചതാഴ്ച്ചകളുടെ ഭാഗമാണെന്നും ആലിയ പറഞ്ഞു. താൻ അത്തരംഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ അഞ്ചുകാര്യങ്ങൾ ശ്രദ്ധിച്ചാണ് അതിനെ അതിജീവിക്കാറുള്ളതെന്നും ആലിയ പറഞ്ഞു.
സ്പർശിക്കാനും കേൾക്കാനും ഗന്ധം തിരിച്ചറിയാനും കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുക എന്നതാണ് അതെന്നും ആലിയ പറയുന്നു. ഇന്ദ്രിയങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ഈ രീതിയെന്നും അതുമാറ്റമുണ്ടാക്കുമെന്നും ആലിയ പറയുന്നു.
ആലിയ പങ്കുവെച്ച് ഫൈവ് സെൻസസ് ടെക്നിക്ക്
ഇന്ദ്രിയങ്ങളെ കേന്ദ്രീകരിച്ച് ആ നിമിഷത്തോട് അടുത്തുനിന്ന് ഉത്കണ്ഠയെ മറികടക്കുന്ന വഴിയാണിത്. 5-4-3-2-1 എന്ന രീതിയിലൂടെയാണ് ഇവിടെ ഉത്കണ്ഠയെ അതിജീവിക്കുന്നത്. അതിനാദ്യമായി 5-5-5 ടെക്നിക്ക് എന്ന ശ്വസനവ്യായാമം ചെയ്യും. ശ്വാസം അഞ്ചുസെക്കൻഡ് ഉള്ളിലേക്ക് വലിച്ചെടുക്കുകയും അഞ്ചുസെക്കൻഡ് പിടിച്ചുവെക്കുകയും അഞ്ചുസെക്കൻഡ് പുറത്തേക്കുവിടുകയും വേണം. മനസ്സ് ശാന്തമായതിനുശേഷം 5-4-3-2-1 ടെക്നിക് ചെയ്യാം.
ശേഷം ചുറ്റിലും കാണുന്ന അഞ്ചുകാര്യങ്ങളിലും അനുഭവിച്ചറിയുന്ന നാലുകാര്യങ്ങളിലും കേൾക്കുന്ന മൂന്ന് കാര്യങ്ങളിലും ഗന്ധം തിരിച്ചറിയുന്ന രണ്ടുകാര്യങ്ങളിലും രുചിയറിയാനുള്ള ഒരുകാര്യത്തിലും ശ്രദ്ധകേന്ദ്രീകരിക്കുകയാണ് വേണ്ടത്. ഈ വ്യായാമം ചെയ്യുന്നതോടെ സമ്മർദവും ഉത്കണ്ഠയും അകറ്റാനും മനസ്സ് ശാന്തമാക്കാനും ആവുമെന്നാണ് വിദഗ്ധർ പറയുന്നത്.
ആങ്സൈറ്റി അറ്റാക്ക്
തലച്ചോറിലെ രാസവസ്തുക്കളിലെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പലപ്പോഴും ഉത്കണ്ഠയിലേക്ക് നയിക്കുന്നത്. ഉത്കണഠാരോഗികൾ പൊതുവായ ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. അമിതമായ നെഞ്ചിടിപ്പ്, കൈകാലുകളുടെ വിറയൽ, ഉറക്കക്കുറവ്, ദഹനക്കേട്, തുടർച്ചയായി നീണ്ടുനിൽക്കുന്ന വെപ്രാളം, കണ്ണിൽ ഇരുട്ടുകയറുക, ശ്വാസതടസ്സം തുടങ്ങിയവയാണവ. പാനിക് ഡിസോർഡർ എന്ന അവസ്ഥ വ്യാപകമായി കാണുന്ന ഉത്കണ്ഠാ രോഗങ്ങളിൽ ഒന്നാണ്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൊടുന്നനെയുണ്ടാകുന്ന പരവേശമാണിത്. നെഞ്ചിടിപ്പ്, കൈകാലുകൾ മരവിക്കുക, നെഞ്ചിൽ ഭാരം അനുഭവപ്പെടുക എന്നിവയാണ് ലക്ഷണങ്ങൾ. 15-20 മിനിറ്റ്നേരം നീണ്ടുനിൽക്കാം. ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ഭയമായ അഗോറഫോബിയ, കൗമാരക്കാർക്കിടയിൽ സോഷ്യൽഫോബിയ, ഉയർന്ന പ്രദേശങ്ങളോടുള്ള ഭയമായ അക്രോഫോബിയ, എതിർലിംഗത്തോട് ഇടപഴകുന്നതിനുള്ള അങ്കലാപ്പ് തുടങ്ങിയവയെല്ലാം പൊതുവായി കാണാറുള്ള ഉത്കണ്ഠാരോഗങ്ങളാണ്.
കൃത്യമായ രോഗനിർണയവും ചികിത്സയവും വഴി ഉത്കണ്ഠാരോഗങ്ങളെ മറികടക്കാം. മരുന്നുപയോഗിച്ചുള്ള ചികിത്സയ്ക്കൊപ്പം ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതും ഫലപ്രദമാണ്.
Content Highlights: Alia Bhatt's tip for overcoming anxiety and panic attacks