അറുപതു കഴിഞ്ഞാൽ കാഴ്ച മങ്ങൽ; കാരുണ്യയിലും മെഡിസെപ്പിലും ഇടമില്ല, ചെലവാകുന്നത് പതിനായിരക്കണക്കിന് രൂപ

#ജി. രാജേഷ് കുമാർ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

അറുപതുകഴിഞ്ഞാൽ പലർക്കും കാഴ്ച മങ്ങിത്തുടങ്ങും. കാരണങ്ങൾ പലതാണ്. ചികിത്സയാണ് പ്രധാനം. എന്നാൽ കാഴ്ച നഷ്ടമാവുന്നതിൽ പ്രധാന കാരണമാവുന്ന ഏജ് റിലേറ്റഡ് മാക്യുലർ ഡീജനറേഷനുള്ള (എ.എം.ഡി.) ചികിത്സ കാരുണ്യ ഇൻഷുറൻസിൽപ്പെടുന്നില്ലെന്നതാണ് വയോധികരെ വലയ്ക്കുന്നത്.

ഈ തരത്തിലുള്ള അന്ധത തടയാനുള്ള കുത്തിവെപ്പ് പാവപ്പെട്ടവർക്കുള്ള കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയിലും (സി.എ.എസ്.പി.) സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിസെപ്പിലും ഇല്ല. എ.എം.ഡി. ബാധിച്ചവർ ചികിത്സയ്ക്കായി പതിനായിരക്കണക്കിന് രൂപ സ്വന്തം കൈയിൽനിന്ന് മുടക്കേണ്ടിവരുന്നു.

വായിക്കാനും മുഖം തിരിച്ചറിയാനുമെല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ അസുഖം 60 വയസ്സ് കഴിഞ്ഞവരിലാണ് കൂടുതലായി കാണപ്പെടുന്നത്. റെറ്റിനയുടെ ഭാഗമായ മാക്യുല തകരാറിലാകുന്ന രോഗമാണ് ഇത്.

കേരളത്തിൽ 18.51 ശതമാനം പേർക്ക് ഈ രോഗമുണ്ട്. യഥാസമയം റാനിബിസുമാബ് എന്ന മരുന്ന് കണ്ണിനുള്ളിലേക്കുള്ള കുത്തിവെപ്പായി നൽകിയില്ലെങ്കിൽ അന്ധത ഉറപ്പാണ്.

കാരുണ്യപദ്ധതിയിൽ നേത്രരോഗത്തിനുള്ള ശസ്ത്രക്രിയകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇൻട്രാവിട്രിയൽ കുത്തിവെപ്പ്‌ ഉൾപ്പെടുത്തിയിട്ടില്ല. ഒരു കുത്തിവെപ്പിന് 10,000 മുതൽ 70,000 വരെ രൂപ സ്വന്തമായി മുടക്കി വാങ്ങുകയാണ് രോഗികൾ.

ഇതേ മരുന്ന് കാരുണ്യയിൽ തന്നെ ഓങ്കോളജി വിഭാഗത്തിന്റെ സപ്ലിമെന്ററി മരുന്നുപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ണാശുപത്രികൾക്ക് ഓങ്കോളജി വിഭാഗത്തിന്റെ പട്ടികയിൽ നിന്നുള്ള മരുന്ന് ഉപയോഗിക്കാനാകില്ല. മെഡിസെപ് സപ്ലിമെന്ററി മരുന്നുപട്ടികയിൽ ഉണ്ടായിരുന്ന ഇൻട്രാവിട്രിയൽ കുത്തിവെപ്പ്‌, ഈ വർഷം ഒഴിവാക്കി. സി.ജി.എച്ച്.എസ്., വിരമിച്ച റെയിൽവേ ജീവനക്കാരുടെ പദ്ധതി, വി.എസ്.എസ്.സി. ജീവനക്കാരുടെ പെൻഷൻ പദ്ധതി, കൂടാതെ മിക്ക സ്വകാര്യ ഇൻഷുറൻസ് കമ്പനികളും ഈ ചികിത്സയ്ക്ക് പരിരക്ഷ നൽകുന്നുണ്ട്. കുത്തിവെപ്പുകൾ ഒഴിവാക്കിയത് വയോജനങ്ങൾക്ക് തിരിച്ചടിയാണെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കൽ പ്രക്ടീഷണേഴ്‌സ് അസോ. സംസ്ഥാന പ്രസിഡന്റ് ഡോ. ദേവിൻ പ്രഭാകർ വ്യക്തമാക്കി.

Content Highlights: Age-related macular degeneration and health insurance challenges