പ്രായാധിക്യംമൂലം വരുന്ന കേൾവിക്കുറവ് പെട്ടെന്ന് ഉണ്ടാകുന്നതല്ല; അറിഞ്ഞിരിക്കാം ഇവ

നമുക്ക് കേൾവിക്കുറവ് ഉണ്ടായാൽ ആദ്യമറിയുക നമ്മളോട് സംസാരിക്കുന്നവരായിരിക്കും. കാരണം, പ്രായാധിക്യംമൂലം വന്നുചേരുന്ന കേൾവിക്കുറവ് ഒരുദിവസം പെട്ടെന്ന് ഉണ്ടാകുന്നതല്ല. അത് ക്രമേണ ഉണ്ടാകുന്നതാണ്.
പ്രായമേറിയ 55 ശതമാനം ആളുകൾക്കും കേൾവിക്കുറവും അനുബന്ധപ്രശ്നങ്ങളുംമൂലം പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതായാണ് കണ്ടെത്തൽ. ഇവരിൽത്തന്നെ ചെറിയ ഒരു ശതമാനം ആളുകൾമാത്രമേ ശരിയായ ചികിത്സ അതതു സമയത്തു ചെയ്യാൻ തയാറാവുന്നുള്ളൂ എന്നതാണ് വസ്തുത. പ്രായമായവരിലെ കേൾവിക്കുറവ് ‘പ്രെസ്‌ബികൂസിസ്’ എന്നാണ് അറിയപ്പെടുന്നത്. പ്രായമായവരുടെ ചെവിയിലെ ഞരമ്പുകൾക്കുണ്ടാകുന്ന ബലക്ഷയമാണ് ഈ അവസ്ഥയ്ക്കു കാരണം.
കേൾവികുറയുന്നത് എങ്ങനെ ?
ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്തുക, ശബ്‌ദം കേൾക്കുക, എന്നീ രണ്ടു ധർമങ്ങളാണു ചെവിക്കുള്ളത്. വയോജനങ്ങളിലെ കേൾവിക്കുറവ് മറ്റനേകം മാനസിക -ശാരീരികാരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നതായാണ് കണ്ടെത്തൽ. ഞരമ്പുകൾ തുടങ്ങുന്ന കോക്ലീയയിലെ ഹെയർസെല്ലുകൾക്ക് വരുന്ന ക്ഷതങ്ങളാണ് കാരണം.
പ്രായമായവരിൽ ഹൈഫ്രീക്വൻസിയിലുള്ള കേൾവിയാണ് ആദ്യം നഷ്ടപ്പെടുന്നത്. ഫോൺ ഉപയോഗിക്കാനുള്ള പ്രയാസവും അവരെ കൂടുതൽ അലട്ടും. കേൾവിക്കുറവുള്ള വ്യക്തിയോടു സംസാരിക്കാനുള്ള പ്രയാസം കാരണം മറ്റുള്ളവർ അകലാൻ ശ്രമിക്കും.
ലക്ഷണങ്ങൾ
- വേഗംകുറച്ച് സംസാരിക്കാൻ ആവശ്യപ്പെടുക
- വ്യക്തമായി സംസാരിക്കാനോ ഉറക്കെ സംസാരിക്കാനോ കാര്യങ്ങൾ വീണ്ടും വീണ്ടും പറയാനോ ആവശ്യപ്പെടുക
- റേഡിയോ, ടെലിവിഷൻ എന്നിവ ശബ്ദം കൂട്ടിവെക്കാൻ ആവശ്യപ്പെടുക
- ഫോണിൽക്കൂടി സംസാരിക്കുമ്പോൾ വീണ്ടും വീണ്ടും കാര്യങ്ങൾ ചോദിക്കുക
പരിശോധന വൈകരുത്
കേൾവിക്കുറവുണ്ടോയെന്ന് പരിശോധിക്കാനാവും. അതിന്റെ കാരണം കണ്ടെത്താനും ഓഡിയോഗ്രാം പരിശോധനയാണ് സാധാരണ നടത്തുന്നത്. ഓഡിയോളജിസ്റ്റിന്റെ സഹായത്തോടെ കേൾവിക്കുറവ് പരിശോധിക്കാം. 25 ഡെസിബലിന് മുകളിൽ ശബ്ദങ്ങൾ കേൾക്കാത്ത അവസ്ഥയാണ് കേൾവിക്കുറവായി കണക്കാക്കുന്നത്.
കേൾവിക്കുറവുണ്ടെന്നു കരുതി പ്രായമായവരോട് ചെവിയിൽ ഉറക്കെ സംസാരിക്കരുത്. അവർക്കത് മൂളക്കംമാത്രമായാണ് തിരിച്ചറിയാൽ കഴിയുക. കേൾവിശക്തി കുറഞ്ഞവരുടെ മുന്നിൽനിന്ന് സംസാരിച്ചാൽ മാത്രമേ ചുണ്ടിന്റെ ചലനത്തിലൂടെ സംസാരിക്കുന്നത് എന്താണെന്ന് അവർക്ക് തിരിച്ചറിയാൻ കഴിയുകയുള്ളൂ. അവരെ കളിയാക്കാനും പാടില്ല.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. ശങ്കർ മഹാദേവൻ,
സീനിയർ ഇ.എൻ.ടി. സർജൻ,
ഡോ. ശങ്കേഴ്‌സ്, ഇ.എൻ.ടി. സെന്റർ, കോഴിക്കോട്.
Content Highlights: age related hearing loss symptoms and diagnosis