പ്രായപൂർത്തിയായവർക്കും വേണം പ്രതിരോധ കുത്തിവെപ്പുകൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ പ്രത്യേകം ശ്രദ്ധിക്കണം

കുട്ടിക്കാലത്തെ അവസാന കുത്തിവെപ്പോടെ വാക്സിനേഷൻ പ്രക്രിയ പൂർത്തിയായെന്നാണ് നമ്മളിൽ ഭൂരിഭാഗം പേരുടെയും ധാരണ. എന്നാൽ പ്രായപൂർത്തിയായവർക്കും പ്രത്യേക പ്രതിരോധ കുത്തിവെപ്പുകൾ ആവശ്യമുണ്ട്. കാലക്രമേണ ശരീരത്തിലെ രോഗപ്രതിരോധശേഷി കുറയുന്നത്, പുതിയ രോഗവ്യാപനങ്ങൾ, പ്രായം, ജീവിതശൈലി, തൊഴിൽപരമായ പ്രത്യേകതകൾ എന്നിവയെല്ലാം പ്രായപൂർത്തിയായവരിലും രോഗസാധ്യത വർധിപ്പിക്കുന്നു.
ഇൻഫ്ലുവൻസ, ന്യൂമോകോക്കൽ, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ പ്രധാന വാക്സിനുകൾ മുതിർന്നവരിൽ പലരും അവഗണിക്കുകയാണ് പതിവ്. പ്രായപൂർത്തിയായവർ തങ്ങൾക്ക് ഏതെല്ലാം വാക്സിനുകളാണ് ആവശ്യമെന്ന് തിരിച്ചറിയാൻ 'SHIELD' എന്ന ആറക്ഷര സൂത്രവാക്യം പ്രയോജനപ്പെടുത്താം.
എന്താണ് ഷീൽഡ്?
ഷീൽഡ് (എസ്. എച്ച്. ഐ .ഇ. എൽ. ഡി) എന്നത് മുതിർന്നവരുടെ വാക്സിനേഷൻ ആവശ്യകത നിശ്ചയിക്കുന്ന 6 ഘടകങ്ങളുടെ ചുരുക്കപ്പേരാണ്:
- S – Stage of Life (ജീവിതത്തിലെ പ്രായഘട്ടം)
- H – Health Conditions (ആരോഗ്യസ്ഥിതി)
- I – Immune Status (രോഗപ്രതിരോധശേഷി)
- E – Exposure at Work (തൊഴിൽപരമായ സമ്പർക്കം)
- L – Lifestyle (ജീവിതശൈലി)
- D – Destination (യാത്ര ചെയ്യുന്ന സ്ഥലം)
1) S – Stage of Life (ജീവിതത്തിലെ പ്രായഘട്ടം)
പ്രായത്തിനനുസരിച്ച് ആവശ്യമായ വാക്സിനുകളിലും മാറ്റമുണ്ടാകും.
ഇൻഫ്ലുവൻസ വാക്സിൻ: വർഷത്തിലൊരിക്കൽ എടുക്കുന്നത് ശുപാർശ ചെയ്യുന്നു. പ്രത്യേകിച്ച് 50 വയസ്സിനു മുകളിലുള്ളവർക്കും പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങൾ തുടങ്ങിയ ദീർഘകാല ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ഇത് പ്രധാനമാണ്. കേരളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കാലാവസ്ഥയും രോഗവ്യാപന രീതിയും പരിഗണിച്ച് മഴക്കാലത്തിന് മുമ്പായോ ശൈത്യകാലത്തിന് മുമ്പായോ വാക്സിൻ എടുക്കുന്നതിനെക്കുറിച്ച് ഡോക്ടറുടെ നിർദേശം തേടാം.
ന്യൂമോകോക്കൽ വാക്സിൻ: ന്യൂമോണിയ ഉൾപ്പെടെയുള്ള ഗുരുതരമായ അണുബാധകൾക്ക് കാരണമാകുന്ന ന്യൂമോകോക്കൽ ബാക്ടീരിയയിൽനിന്ന് സംരക്ഷണം നൽകുന്നു. 50 വയസ്സിനു മുകളിലുള്ളവർക്ക് ഈ വാക്സിൻ ആവശ്യമായി വരാം. ഏത് വാക്സിൻ, എത്ര ഡോസ് എന്നിവ വേണമെന്ന് വ്യക്തിയുടെ ആരോഗ്യസ്ഥിതിയും മുൻപ് എടുത്ത വാക്സിനുകളും പരിഗണിച്ചാണ് തീരുമാനിക്കുന്നത്.
ഷിംഗിൾസ് വാക്സിൻ: 50 വയസ്സിനു മുകളിലുള്ളവർക്ക് ഷിംഗിൾസ് (Herpes Zoster) രോഗത്തിനെതിരായ റീകോംബിനന്റ് വാക്സിൻ രണ്ട് ഡോസുകളായി ശുപാർശ ചെയ്യുന്നു. ചിക്കൻപോക്സിന് കാരണമാകുന്ന അതേ വൈറസ് പിന്നീട് വീണ്ടും സജീവമാകുമ്പോഴാണ് ഷിംഗിൾസ് ഉണ്ടാകുന്നത്.
ടെറ്റനസ്–ഡിഫ്തീരിയ വാക്സിൻ (Td): മുതിർന്നവർ പത്തുവർഷത്തിലൊരിക്കൽ ബൂസ്റ്റർ ഡോസ് എടുക്കേണ്ടതാണ്. പ്രായപൂർത്തിയായ ശേഷം ഒരു ഡോസ് ടി.ഡി.എ.പി. (ടെറ്റനസ്, ഡിഫ്തീരിയ, പെർട്ടുസിസ്) വാക്സിൻ കൂടി എടുക്കുന്നത് ഉചിതമാണ്. ടെറ്റനസ്, ഡിഫ്തീരിയ, പെർട്ടുസിസ് (വില്ലൻചുമ) എന്നീ രോഗങ്ങളിൽനിന്ന് സംരക്ഷണം നൽകാനാണ് ഈ വാക്സിനുകൾ.
ഗർഭിണികൾക്കുള്ള വാക്സിനുകൾ: ഓരോ ഗർഭധാരണത്തിലും ടി.ഡി.എ.പി വാക്സിനും ഇൻഫ്ലുവൻസ വാക്സിനും ശുപാർശ ചെയ്യുന്നു. ഗർഭകാലത്ത് വില്ലൻചുമ ഉൾപ്പെടെയുള്ള അണുബാധകളിൽനിന്ന് അമ്മയ്ക്കും കുഞ്ഞിനും സംരക്ഷണം നൽകാൻ ഇത് സഹായിക്കും. ഗർഭകാലത്ത് എം എം ആർ, ചിക്കൻപോക്സ് തുടങ്ങിയ ജീവനുള്ള വൈറസുകൾ അടങ്ങിയ വാക്സിനുകൾ എടുക്കരുത്. ഗർഭധാരണത്തിന് മുമ്പ് ഇവ ആവശ്യമായവർ കുറഞ്ഞത് നാലാഴ്ച മുമ്പെങ്കിലും വാക്സിൻ സ്വീകരിക്കണം.
എച്ച് പി വി വാക്സിൻ: ഒൻപത് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും യുവജനങ്ങൾക്കും ഈ വാക്സിൻ ശുപാർശ ചെയ്യുന്നു. ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) മൂലമുണ്ടാകുന്ന ഗർഭാശയ കാൻസർ ഉൾപ്പെടെയുള്ള ചില ജനനേന്ദ്രിയ കാൻസറുകളും ജനനേന്ദ്രിയ അരിമ്പാറകളും തടയാൻ ഇത് സഹായിക്കുന്നു.
2) H – Health Conditions (ആരോഗ്യസ്ഥിതി)
പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങൾ, വൃക്കരോഗങ്ങൾ, കരൾരോഗങ്ങൾ തുടങ്ങിയവയുള്ളവർക്ക് ചില അണുബാധകൾ ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്.
അതിനാൽ ഇവർ ഇൻഫ്ലുവൻസ, ന്യൂമോകോക്കൽ വാക്സിനുകൾക്ക് പ്രത്യേക പരിഗണന നൽകണം.
പ്രമേഹമോ വൃക്കരോഗമോ ഉള്ളവർക്ക് ഹെപ്പറ്റൈറ്റിസ് ബി വാക്സിൻ ആവശ്യമായി വരാം. കരൾരോഗമുള്ളവർക്ക് ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി വാക്സിനുകളും ശുപാർശ ചെയ്യാറുണ്ട്.
3) I – Immune Status (രോഗപ്രതിരോധശേഷി)
രോഗപ്രതിരോധശേഷി കുറഞ്ഞവരും അതിനുള്ള സാധ്യതയുള്ളവരും വാക്സിനേഷനിൽ പ്രത്യേകം ശ്രദ്ധിക്കണം.
അവയവമാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നവർ, കാൻസർ ചികിത്സയ്ക്ക് വിധേയരാകുന്നവർ, പ്രതിരോധശേഷി കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കുന്നവർ, ദീർഘകാലമായി സ്റ്റിറോയിഡുകൾ കഴിക്കുന്നവർ തുടങ്ങിയവർ ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ വാക്സിനുകൾ സ്വീകരിക്കുന്നതാണ് ഉചിതം.
ഇൻഫ്ലുവൻസ, ന്യൂമോകോക്കൽ തുടങ്ങിയ നിർജീവ വാക്സിനുകൾ പലർക്കും അനുയോജ്യമായിരിക്കും. ഷിംഗിൾസ് വാക്സിനും ചില സാഹചര്യങ്ങളിൽ ശുപാർശ ചെയ്യാറുണ്ട്. എന്നാൽ വ്യക്തിയുടെ രോഗാവസ്ഥയും ചികിത്സാരീതിയും അനുസരിച്ച് വാക്സിൻ തിരഞ്ഞെടുക്കണം.
പ്ലീഹ (Spleen) നീക്കം ചെയ്തവർക്കും പ്ലീഹയുടെ പ്രവർത്തനം ഇല്ലാത്തവർക്കും ന്യൂമോകോക്കൽ, മെനിംഗോകോക്കൽ, ഹീമോഫിലസ് ഇൻഫ്ലുവൻസ ടൈപ്പ് ബി (Hib) വാക്സിനുകൾ ആവശ്യമായി വരാം. ഗുരുതരമായ ബാക്ടീരിയൽ അണുബാധകളിൽനിന്ന് സംരക്ഷണം നൽകാൻ ഇവ സഹായിക്കുന്നു.
4) E – Exposure at Work (തൊഴിൽപരമായ സമ്പർക്കം)
ചില തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേക അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ആരോഗ്യപ്രവർത്തകർ: ഹെപ്പറ്റൈറ്റിസ് ബി, ഇൻഫ്ലുവൻസ, ടി.ഡി, എം എം ആർ, ചിക്കൻപോക്സ് വാക്സിനുകൾ എന്നിവ ആവശ്യമായി വരാം. നേരത്തേ വാക്സിൻ എടുത്തിട്ടുണ്ടോ, രോഗബാധയിലൂടെ പ്രതിരോധശേഷി നേടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചാണ് വാക്സിനുകൾ തീരുമാനിക്കുന്നത്.
വെറ്ററിനറി ഡോക്ടർമാർ, മൃഗപരിപാലകർ: മൃഗങ്ങളിൽനിന്ന് പേവിഷബാധയുണ്ടാകാനുള്ള സാധ്യത കൂടുതലുള്ളതിനാൽ മുൻകരുതൽ എന്ന നിലയിൽ റാബീസ് വാക്സിൻ (Pre-exposure vaccination) ആവശ്യമായി വരാം.
മലിനജല സംസ്കരണ മേഖലയിലും ഭക്ഷ്യവിതരണ മേഖലയിലും ജോലി ചെയ്യുന്നവർ: തൊഴിൽപരമായ സമ്പർക്കവും രോഗബാധാ സാധ്യതയും പരിഗണിച്ച് ഹെപ്പറ്റൈറ്റിസ് എ, ടൈഫോയ്ഡ് വാക്സിനുകൾ ആവശ്യമായി വന്നേക്കാം.
5) L – Lifestyle (ജീവിതശൈലി)
നമ്മുടെ ദൈനംദിന ജീവിതരീതിയും വാക്സിനുകളുടെ ആവശ്യകതയെ സ്വാധീനിക്കുന്നു.
പുകവലിക്കുന്നവർക്ക് ശ്വാസകോശ അണുബാധകൾ ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ ഇവർക്ക് ന്യൂമോകോക്കൽ, ഇൻഫ്ലുവൻസ വാക്സിനുകൾ പ്രയോജനകരമാണ്.
ലൈംഗിക സമ്പർക്കത്തിലൂടെ പകരാൻ സാധ്യതയുള്ള ഹെപ്പറ്റൈറ്റിസ് ബി, എച്ച് പി വി അണുബാധകൾ തടയാൻ അതത് വാക്സിനുകൾ സഹായിക്കുന്നു.
ഹോസ്റ്റലുകളിലും കൂട്ടമായി താമസിക്കുന്ന ഇടങ്ങളിലും കഴിയുന്നവർക്ക് മെനിംഗോകോക്കൽ, മീസിൽസ്, ചിക്കൻപോക്സ് തുടങ്ങിയ രോഗങ്ങൾ പടരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സാഹചര്യങ്ങളിൽ ആവശ്യമായ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുന്നത് രോഗവ്യാപനം തടയാൻ സഹായിക്കും.
6) D – Destination (യാത്ര ചെയ്യുന്ന സ്ഥലം)
യാത്ര ചെയ്യുന്ന രാജ്യത്തിന്റെയും പ്രദേശത്തിന്റെയും രോഗവ്യാപന സാഹചര്യം അനുസരിച്ചും വാക്സിനുകൾ ആവശ്യമായി വരാം.
ഹജ്ജ്, ഉംറ തീർഥാടകർ: മെനിംഗോകോക്കലും ഫ്ലൂ വാക്സിനും നിർബന്ധമാണ്.
ആഫ്രിക്കയിലെ ചില രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ: യെല്ലോ ഫീവർ വാക്സിൻ ആവശ്യമായി വരാം. ചില രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധവുമാണ്.
മറ്റ് വിദേശയാത്രകൾ: യാത്ര ചെയ്യുന്ന രാജ്യത്തെ രോഗവ്യാപന സാഹചര്യം അനുസരിച്ച് ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, റാബീസ് തുടങ്ങിയ വാക്സിനുകൾ ആവശ്യമായി വന്നേക്കാം.
ഇന്ത്യയ്ക്കുള്ളിലെ തീർഥാടന യാത്രകളിലും വലിയ ജനക്കൂട്ടം ഒത്തുചേരുന്ന സാഹചര്യങ്ങളിലും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം. കുംഭമേള പോലുള്ള വലിയ ഒത്തുചേരലുകളിൽ ഇൻഫ്ലുവൻസ ഉൾപ്പെടെയുള്ള അണുബാധകൾ തടയുന്നതിനുള്ള വാക്സിനുകളെക്കുറിച്ച് ഡോക്ടറുടെ നിർദേശം തേടാം.
ഡോക്ടറുടെ നിർദേശം തേടുക
നിങ്ങളുടെ പ്രായം, ആരോഗ്യസ്ഥിതി, തൊഴിൽ, ജീവിതശൈലി, യാത്രകൾ എന്നിവ പരിഗണിച്ച് ഏതെല്ലാം വാക്സിനുകൾ ആവശ്യമാണ് എന്ന് ഡോക്ടറുമായി ചർച്ച ചെയ്യുക. ഭാവിയിൽ ബൂസ്റ്റർ ഡോസുകൾ എടുക്കുന്നതിനും വാക്സിനേഷൻ പൂർത്തിയാക്കുന്നതിനും വാക്സിനേഷൻ രേഖകൾ സൂക്ഷിക്കുന്നത് സഹായിക്കും. നേരത്തേ എടുത്ത വാക്സിനുകളുടെ രേഖകൾ ഡോക്ടറെ കാണിക്കുക. വിട്ടുപോയ പല വാക്സിനുകളും പിന്നീട് സ്വീകരിക്കാൻ സാധിക്കും. ഒരു ഡോക്ടറുമായുള്ള കൃത്യമായ ചർച്ചയും വ്യക്തിഗത വാക്സിനേഷൻ പദ്ധതിയും വരും വർഷങ്ങളിൽ നിരവധി രോഗങ്ങളിൽനിന്ന് നിങ്ങളെ സംരക്ഷിക്കാൻ സഹായിച്ചേക്കാം.
ഡെങ്കിപ്പനി, ആർ.എസ്.വി (RSV) തുടങ്ങിയ വൈറൽ അണുബാധകൾക്കെതിരായ വാക്സിനുകൾ ഉടൻ ഇന്ത്യയിലും ലഭ്യമാകും
(ഇത് ഒരു പൊതുജനാരോഗ്യ ബോധവത്കരണ ലേഖനമാണ്. നിങ്ങളുടെ വാക്സിനേഷൻ തീരുമാനങ്ങൾ വ്യക്തിഗത ആരോഗ്യസ്ഥിതി വിലയിരുത്തി ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കൈക്കൊള്ളുക)
തിരുവനന്തപുരം കിംസ് ഹെൽത്തിൽ ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം സീനിയർ കൺസൾട്ടന്റ് ആണ് ലേഖിക.
Content Highlights: Learn about the SHIELD formula for determining essential vaccines for adults, including influenza, pneumococcal, and hepatitis B, based on various factors.