ഒരു സ്ത്രീയുടെ ജീവിതം രക്ഷിക്കാനായെങ്കില്‍..സ്തനാര്‍ബുദ അവബോധ കാമ്പയിനുമായി ഒലീവിയ മന്‍

ഒലിവിയ മൺ
ഒലിവിയ മൺ

വര്‍ഷത്തെ ടൈംസ് വിമന്‍ ഓഫ് ദ ഇയര്‍ ഗാലയില്‍ തന്റെ കാന്‍സര്‍ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് ഹോളിവുഡ് നടി ഒലീവിയ മന്‍. സ്തനാര്‍ബദുവുമായി കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടാനുഭവങ്ങള്‍ സ്ത്രീ സമൂഹത്തോട് തുറന്നുപറയുന്നതായി അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

സ്തനാര്‍ബുദ ചികിത്സയുടെ ഭാഗമായി നാലാമത്തെ സര്‍ജറിയും കഴിഞ്ഞ ശേഷം താന്‍ ജീവിതത്തെയൊന്നാകെ അവലോകനം ചെയ്തുവെന്നും തന്റെയും മകന്റെയും പഴയ ഫോട്ടോകള്‍ നോക്കി ഇരിക്കുന്നത് പതിവായിരുന്നുവെന്നും ഒലീവിയ മന്‍ ഓര്‍ത്തു. തനിക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ചു എന്നറിഞ്ഞപ്പോള്‍ എന്തു ചെയ്യണമെന്നറിയില്ലായിരുന്നുവെന്ന് ഒലീവിയ പറഞ്ഞു. 'ഒരു നിമിഷത്തേക്ക് പകച്ചുപോയി. എനിക്ക് ചിരിക്കാനും തമാശകള്‍ പറയാനും തോന്നി. ആ ഫോട്ടോകള്‍ പറയുന്നുണ്ട് ഞാനെത്ര അശ്രദ്ധയോടൊണ് ആ സമയത്തെ മാനേജ് ചെയ്തതെന്ന്.' - ഒലീവിയ പറയുന്നു. 

തന്റെ ജീവിതത്തിലെ നിര്‍ണായകമായ ഘട്ടമായിരുന്നു അതെന്നും ഈ രോഗത്തെക്കുറിച്ച് സ്ത്രീകളില്‍ അവബോധം സൃഷ്ടിക്കാനുള്ള കാമ്പയിനുകളില്‍ പങ്കാളിയാവാന്‍ രോഗം തന്നെ പ്രചോദിപ്പിച്ചുവെന്നും നടി പറഞ്ഞു. തനിക്കുണ്ടായ അതേ അനുഭവത്തിലൂടെ എത്രയെത്ര സ്ത്രീകള്‍ കടന്നുപോയിട്ടുണ്ടാവുമെന്നും അവര്‍ ചോദിച്ചു. ഞാന്‍ മാമോഗ്രാം ചെയ്തു, അള്‍ട്രാസൗണ്ടും ജനറ്റിക് ടെസ്റ്റിങ്ങും ചെയ്തു. നിര്‍ദ്ദേശിക്കപ്പെട്ട എല്ലാ ടെസ്റ്റുകളും ചെയ്തു. എന്നിട്ടും എനിക്ക് കാന്‍സറായിരുന്നു. അതേക്കുറിച്ചെല്ലാം എനിക്ക് സ്ത്രീകളോട് പങ്കുവെക്കണമായിരുന്നു. കാരണം തന്റെ അനുഭവത്തിലൂടെ ഒരു സ്ത്രീയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അതാണ് എന്റെ കഥയുടെ മൂല്യം'- ഒലീവിയ പറഞ്ഞു.  

2023-ലാണ് ഹോളിവുഡ് നടി ഒലിവിയ മനിന് സ്തനാര്‍ബുദം സ്ഥിരീകരിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച നീണ്ടകുറിപ്പിലൂടെ ചിത്രങ്ങള്‍ സഹിതം ഒലിവിയ സ്തനാര്‍ബുദയാത്രകള്‍ തുറന്നുപറഞ്ഞിരുന്നു. കാന്‍സര്‍ നിര്‍ണയ ജീന്‍ പരിശോധനകളില്‍പ്പോലും നെഗറ്റീവ് റിസല്‍ട്ട് ലഭിച്ചെങ്കിലും ബ്രെസ്റ്റ് കാന്‍സര്‍ റിസ്‌ക് അസസ്‌മെന്റ് സ്‌കോര്‍ പരിശോധിച്ചതാണ് ജീവന്‍ രക്ഷിച്ചതെന്നും താരം പറഞ്ഞിരുന്നു. സ്തനാര്‍ബുദ ശസ്ത്രക്രിയയ്ക്കുശേഷം പാടുകളുള്ള ശരീരത്തിന്റെ ചിത്രങ്ങള്‍ താരം പങ്കുവെച്ചിരുന്നു.

ബയോപ്‌സി ചെയ്ത് മുപ്പതുദിവസത്തിനുള്ളില്‍ ഇരുസ്തനങ്ങളും നീക്കംചെയ്തുവെന്ന് ഒലിവിയ നേരത്തേ പറഞ്ഞിരുന്നു. സ്തനാര്‍ബുദം നേരത്തേ കണ്ടെത്താന്‍ കഴിഞ്ഞുവെന്നതാണ് തന്റെ കാര്യത്തില്‍ തുണയായത്. മുപ്പതുകഴിഞ്ഞാല്‍ ഡോക്ടര്‍മാരോട് സ്തനാര്‍ബുദസാധ്യത പരിശോധിക്കാന്‍ ആവശ്യപ്പെടണമെന്നും അത് ഇരുപതുശതമാനത്തിനു മുകളിലാണെങ്കില്‍ എല്ലാവര്‍ഷവും മാമോഗ്രാമും സ്തനത്തിന്റെ എം.ആര്‍.ഐ.യും ചെയ്യണമെന്നും ഒലിവിയ പറഞ്ഞു.
 

Content Highlights: actor Olivia Munn breast cancer awareness programme