അമ്മയുടെ കൈയിൽ തൂങ്ങി ആദ്യ തീവണ്ടിയാത്ര; ഓർമകളെല്ലാം മനസ്സിൽ തെളിയിച്ച വന്ദേഭാരത് | സ്നേഹഗംഗ

തീവണ്ടിയും തീവണ്ടി യാത്രകളും എനിക്ക് എന്നും ഹരമായിരുന്നു. വർഷത്തിൽ രണ്ടു പ്രാവശ്യം പുതുക്കി പ്രസിദ്ധീകരിച്ചിരുന്ന തീവണ്ടികളുടെ സമയവിവരപ്പട്ടിക കുട്ടിക്കാലത്ത് ഞാൻ പൂർണമായും വായിക്കാറുണ്ടായിരുന്നു. നല്ല ഇഷ്ടത്തോടെ തന്നെ. ജീവിതത്തിൽ എന്താകണം എന്ന ചോദ്യത്തിന് എനിക്ക് അന്നൊക്കെ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ - തീവണ്ടിയിലെ ഗാർഡ് ആകണം. ഓർമവെച്ച നാൾ മുതൽ തുടങ്ങിയ തീവണ്ടിയാത്രകൾ. വന്ദേഭാരത് എന്ന പുതിയ തീവണ്ടിയെക്കുറിച്ചുള്ള വാർത്തകൾ കണ്ടപ്പോൾ ആ രംഗങ്ങളെല്ലാം ഇന്നലെയന്നോണം മനസ്സിൽ വീണ്ടും തെളിഞ്ഞു .
അമ്മയുടെ കൈയിൽ തൂങ്ങിയുള്ള അഞ്ചു വയസ്സുകാരൻ ഗംഗയുടെ തീവണ്ടിയാത്രകൾ എങ്ങനെയാണ് മറക്കാനാവുക! അച്ഛൻ, അമ്മ, മണിച്ചേട്ടൻ, ബാലച്ചേട്ടൻ, ചേച്ചി... അവരുടെ കൂടെ ഗംഗയും എന്നു പറയുന്നതാണ് എനിക്കിഷ്ടം. തിരുപ്പൂരിൽനിന്ന് ഇരിങ്ങാലക്കുടയിലേക്കും തിരികെയുമാണ് ഭൂരിഭാഗം യാത്രകളും. തിരുപ്പൂരിൽ നിന്ന് വൈകിട്ട് ആറു മണിക്ക് ആരംഭിക്കുന്ന യാത്ര അവസാനിക്കുക രാവിലെ ഏഴര, എട്ട് മണിയോടെ ഇരിങ്ങാലക്കുടയിൽ എത്തുമ്പോളായിരിക്കും. അക്ഷരാർഥത്തിൽത്തന്നെ കൂകൂ കൂകൂ... കൂവുന്ന തീവണ്ടി. കരിവണ്ടി.
Content Highlights: dr vp gangadharan sharing memories of train journeys, vande bharat express