സങ്കടം വരുമ്പോൾ കരയാം, ശാന്തത പരിശീലിക്കാം; അപ്രതീക്ഷിത വേദനകളെ എങ്ങനെ നേരിടാം ?

#ഡോ. സെബിന്‍ എസ്. കൊട്ടാരം
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഏറെ പ്രതീക്ഷിച്ചിട്ട് അക്കാര്യം ഇല്ലെന്നറിയുമ്പോൾ പലരുടെയും പ്രതികരണങ്ങൾ പലരീതിയിലാകും. ചിലർ ആ സങ്കടം മനസ്സിൽ അടക്കിവെച്ചശേഷം, തനിക്കൊരു പ്രശ്‌നവുമില്ലെന്ന് മറ്റുള്ളവരെ കാണിക്കാൻ ശ്രമിക്കും. പക്ഷേ, അവിടെ സംഭവിക്കുന്നത് ആന്തരികസംഘർഷമാണ്. യാഥാർഥ്യവും നാട്യവും തമ്മിലുള്ള സംഘർഷം. അത് അമിതമായ ദേഷ്യത്തിലേക്കും വെറുപ്പിലേക്കും അസൂയയിലേക്കും എല്ലാം നയിക്കുന്നു. മനസ്സിലടിഞ്ഞുകൂടുന്ന നിരാശ ക്രിയാത്മകമല്ലാത്ത പ്രവൃത്തികളിലേക്കും നയിക്കുന്നു.

മറ്റുചിലരാവട്ടെ, അപ്രതീക്ഷിതമായ സാഹചര്യങ്ങളെ നേരിടേണ്ടിവരുമ്പോൾ വികാരം നിയന്ത്രിക്കാനാവാതെ പൊട്ടിത്തെറിക്കുന്നു. ചിലരാവട്ടെ ആത്മഹത്യയിലേക്കോ മറ്റുള്ളവരെ നശിപ്പിക്കുന്നതിലേക്കോ നീങ്ങുന്നു. മറ്റുചിലരാവട്ടെ, അല്പം വേദനയുളവാക്കുന്നതാണെങ്കിലും, ആയിരിക്കുന്ന അവസ്ഥയെ അംഗീകരിച്ചുകൊണ്ട്, ശാന്തമായി അതിനെ നേരിടുന്നു. അസെർട്ടീവായ വ്യക്തികളുടെ സവിശേഷതകൂടിയാണിത്. വികാരങ്ങളെ അടിച്ചമർത്താതെ, മറ്റുള്ളവരെ മുറിപ്പെടുത്തുന്ന രീതിയിൽ പ്രകടിപ്പിക്കാതെ, ശരിയായ രീതിയിൽ പ്രകടിപ്പിക്കുന്നതാണ് അസെർട്ടീവ്നെസ്. മറ്റുള്ളവരുടെ മനസ്സിനെ മുറിപ്പെടുത്താതെ, ശക്തമായ ഭാഷയിൽ, എന്നാൽ ശാന്തമായി പ്രതികരിക്കാനുള്ള കഴിവുകൂടിയാണിത്. അസെർട്ടീവ്നെസ് പരിശീലിക്കുന്നത് ഉത്കണ്ഠയെയും ഭയത്തെയും അപ്രതീക്ഷിത സാഹചര്യങ്ങളെയും നേരിടാൻ സഹായിക്കും.

ഏറെ പ്രതീക്ഷിച്ച കാര്യങ്ങൾ കിട്ടാതെപോകുന്ന അവസ്ഥ, പ്രിയപ്പെട്ടവരുടെ മരണം, ബന്ധങ്ങളിലെ വിള്ളൽ, കടബാധ്യത, സ്‌നേഹിച്ചവരുടെ തിരസ്‌കരണം, ജോലിനഷ്ടം, തെറ്റിദ്ധരിക്കപ്പെടൽ, സ്‌നേഹിച്ചവരിൽനിന്നുണ്ടാകുന്ന മുറിപ്പെടുത്തുന്ന അനുഭവം, ഗുരുതരമായ അസുഖം തിരിച്ചറിയുന്നത് ഉൾപ്പടെ അപ്രതീക്ഷിതമായി പലതരത്തിലാകും വേദനകൾ ജീവിതത്തിലേക്കു വരുന്നത്. അവയെ ശരിയായ രീതിയിൽ നേരിടാനുള്ള മറ്റുവഴികൾ ഇവയാണ്:

വികാരങ്ങളെ അംഗീകരിക്കുക: നിങ്ങളിലുണ്ടാകുന്ന വികാരങ്ങളെ, അത് സങ്കടമാകാം, ദേഷ്യമാകാം, ഷോക്കാകാം, സംശയമാകാം, അതിനെ അടിച്ചമർത്താതെ, അത് മറ്റുള്ളവരെ മുറിപ്പെടുത്താതെ, പ്രകടിപ്പിക്കുക. ഇത് ആ വികാരത്തിന്റെ കാഠിന്യം കുറയ്ക്കും. ഉദാ: സങ്കടം വരുമ്പോൾ കരയുന്നത് വിഷമം കുറയ്ക്കും.

ശാന്തത പരിശീലിക്കാം: പെട്ടെന്ന് വികാരത്തള്ളലിലേക്കു പോകാതിരിക്കാൻ മനസ്സിനെ പ്രശാന്തമാക്കാൻ പരിശീലിക്കുക.

ശ്വസനം ക്രമീകരിക്കുക. ആദ്യം സാവധാനം, പിന്നീട് ആഴത്തിൽ ശ്വസിക്കുക. സാവധാനം വായു പുറത്തുവിടുക.

പഞ്ചേന്ദ്രിയങ്ങൾ വഴി ചുറ്റുപാടിനെ അനുഭവിക്കുക. അത് ശ്രദ്ധിക്കുക. ഉദാ: നല്ല ഗന്ധം, പ്രകൃതിയിൽനിന്നുള്ള നല്ല ശബ്ദം, പ്രിയപ്പെട്ടവരുടെ സ്പർശം, നല്ല കാഴ്ചകൾ.

തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഇത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും.

എടുത്തുചാടി പ്രതികരിക്കരുത്: അപ്രതീക്ഷിതസാഹചര്യങ്ങളിൽ എടുത്തുചാടി, വികാരത്തിനടിമപ്പെട്ട് തീരുമാനമെടുക്കാതിരിക്കുക. അത്തരം തീരുമാനങ്ങൾ തെറ്റാൻ സാധ്യതയുണ്ട്. ക്ഷമയോടെ അല്പം കാത്തിരുന്ന്, ശാന്തമായതിനുശേഷം മാത്രം തീരുമാനങ്ങളെടുക്കുക. വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക.

നിയന്ത്രണത്തിനപ്പുറത്തുള്ളത് അംഗീകരിക്കുക: നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത കാര്യങ്ങളെ, സാഹചര്യങ്ങളെ അംഗീകരിക്കുക. അതൊരിക്കലും അക്കാര്യങ്ങൾക്ക് അനുമതികൊടുക്കലല്ല, മറിച്ച്, യാഥാർഥ്യത്തെ അംഗീകരിക്കലാണ്.

മാറി ചിന്തിക്കുക: കാര്യങ്ങളെ പുതിയ ആംഗിളിൽ മാറ്റി ചിന്തിക്കുന്നത് വൈകാരികവേദന കുറയ്ക്കും. ഉദാ: 'ഇത് ബുദ്ധിമുട്ടുള്ളതാണ്, പക്ഷേ, അസാധ്യമല്ല,' 'വെല്ലുവിളികളെ മുൻപും ഞാൻ നേരിട്ടിട്ടുണ്ട്. ഇതും എനിക്ക് നേരിടാൻ കഴിയും,' 'ഈ അവസ്ഥയും കടന്നുപോകും.'

സഹായം തേടുക: സങ്കടങ്ങളെല്ലാം ഒറ്റയ്ക്കനുഭവിക്കുന്നത് വേദനയുടെ ആധിക്യം കൂട്ടും. അക്കാര്യം പ്രിയപ്പെട്ടവരോടോ സൈക്കോളജിസ്റ്റിനോടോ പങ്കുവയ്ക്കുക.

നേരിടാനുള്ള ശക്തി കൂട്ടുക: വിഷമങ്ങൾ ഡയറിയിൽ എഴുതുക, വ്യായാമം, പ്രാർഥന, ധ്യാനം, മെലഡികൾ കേൾക്കുക, പ്രകൃതിഭംഗി ആസ്വദിച്ച്, ശുദ്ധവായു ശ്വസിച്ച് സമയം ചെലവിടുക എന്നിവയെല്ലാം അപ്രതീക്ഷിതസാഹചര്യങ്ങളെ നേരിടാനുള്ള കഴിവ് വർധിപ്പിക്കും. പ്രതിസന്ധികളുണ്ടാകുമ്പോൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത്, ഒറ്റപ്പെട്ട് മാറുന്നത്, ചാടിക്കയറി തീരുമാനങ്ങളെടുക്കുന്നത് എല്ലാം പ്രശ്‌നം രൂക്ഷമാക്കും.

വേദനകളെ ഇന്ധനമാക്കുക: ജീവിതത്തിലെ അപ്രതീക്ഷിതവേദനകൾ നിങ്ങളെ തകർക്കാനനുവദിക്കാതെ, അതിൽനിന്ന് പാഠമുൾക്കൊള്ളുക. ക്രിക്കറ്റ് കരിയറിൽ തന്റെ തിരിച്ചടികളുടെ സമയത്ത് തനിക്കെതിരേ എറിഞ്ഞ ഓരോ കല്ലും താൻ നാഴികക്കല്ലുകളാക്കിമാറ്റിയെന്ന് സച്ചിൻ തെണ്ടുൽക്കർ പറഞ്ഞിട്ടുണ്ട്. അതുപോലെ, പ്രതിസന്ധികൾ നമ്മുടെ വ്യക്തിത്വത്തെ കൂടുതൽ കരുത്തുറ്റതാക്കണം.

കാത്തിരിക്കുക, നിങ്ങളുടെ സമയത്തിനായി: ഏത് വേദനയും എക്കാലവും നിൽക്കില്ല. മാറ്റം നിങ്ങളുടെ ജീവിതത്തിലുമുണ്ടാകും. അതിനായി ക്ഷമയോടെ കാത്തിരിക്കുക.

കൺസൾട്ടന്റ് സൈക്കോളജിസ്റ്റും ഇന്റർനാഷണൽ ലൈഫ് കോച്ചുമാണ് ലേഖകൻ.

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്.

Content Highlights: Learn how to handle unexpected pain with strategies like assertiveness, acceptance, and mindfulness to maintain inner peace and emotional balance.