ഒരിക്കല്‍ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായി; വീണ്ടും ഉണ്ടാകുമോ? ഇനിയുള്ള ജീവിതം എങ്ങനെ വേണം?

#ഡോ. സജി. വി. കുരുട്ടുകുളം
Representative Image| Photo: Gettyimages
Representative Image| Photo: Gettyimages

ഹൃദയാഘാതം സക്രിയമായ ജീവിതത്തിന്റെ അവസാന വാക്കാണോ? ഒരിക്കലുമല്ല. ഒരുവട്ടം ഹൃദയാഘാതത്തെ അതിജീവിക്കുകയാണെങ്കില്‍ അതൊരു പുനര്‍ജന്മമായി വേണം കാണാന്‍. ആരോഗ്യകാര്യങ്ങളില്‍ മുന്‍പ് വരുത്തിയിട്ടുള്ള തെറ്റുകള്‍ തിരുത്തി കൂടുതല്‍ ഉന്മേഷത്തോടെയും ഉത്സാഹത്തോടെയും ജാഗ്രതയോടെയും ജീവിക്കാന്‍ ശരീരം നല്‍കുന്ന അവസരം. ഹൃദയാഘാതത്തിന് ശേഷമുള്ള ജീവിതത്തെ ഇത്തരത്തില്‍ വളരെ ശുഭാപ്തിവിശ്വാസത്തോടെ വേണം സമീപിക്കാന്‍. അത് ജീവിതത്തില്‍ ചില അടുക്കും ചിട്ടകളും പ്രാവര്‍ത്തികമാക്കാന്‍ സഹായിക്കും.

അറ്റാക്കിന് സാധ്യതയുണ്ടോ?

ഹൃദയാഘാതത്തിന് സാധ്യതയുണ്ടോ എന്ന് നിര്‍ണയിക്കുന്നത് പല അപകടഘടകങ്ങളെ വിലയിരുത്തിയാണ്. അതില്‍ കുറെയൊക്കെ നമുക്ക് നിയന്ത്രിക്കാനാവാത്തതും കൂടുതലും ജീവിതശൈലി ക്രമീകരണങ്ങളിലൂടെ ഒഴിവാക്കാന്‍ കഴിയുന്നവയുമാണ്. പ്രായം, പാരമ്പര്യം, രക്താതിമര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍, അമിതവണ്ണം, പുകവലി, മാനസിക സമ്മര്‍ദം, വ്യായാമക്കുറവ് എന്നിവയൊക്കെയാണ് അപകടഘടകങ്ങള്‍. ഈ റിസ്‌ക് ഫാക്ടേഴ്സിനെ അടിസ്ഥാനമാക്കിയുള്ള സ്‌കോറിങ് രീതിയിലൂടെ ഹൃദയാഘാത സാധ്യത വിലയിരുത്താറുണ്ട്. ഉദാഹരണത്തിന് പ്രമേഹമുള്ളവര്‍ക്ക് ഹൃദയാഘാതമുണ്ടാവാന്‍ മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടി സാധ്യതയുണ്ട്. പ്രമേഹമുള്ളയാള്‍ക്ക് രക്താതിമര്‍ദം കൂടിയുണ്ടെങ്കില്‍ സാധ്യത നാല് മടങ്ങായി. പ്രമേഹവും ബി.പിയും പുകവലിശീലവുമുള്ളയാള്‍ക്ക് അപകട സാധ്യത എട്ട് മടങ്ങാകും. ഈ സ്‌കോറിങ്ങുകൊണ്ട് ഹൃദയാഘാതമുണ്ടാകുമെന്ന് ഉറപ്പിച്ച് പറയുകയല്ല. മറിച്ച്, മുന്നറിയിപ്പ് നല്‍കുക മാത്രമാണ് ചെയ്യുന്നത്. അതിനനുസരിച്ച് ജീവിതശൈലി മെച്ചപ്പെടുത്തിയാല്‍ കൂടുതല്‍ കാലം സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കും. ആരോഗ്യകാര്യങ്ങളില്‍ നിങ്ങള്‍ എത്രത്തോളം ശ്രദ്ധാലുവാണോ അത്രത്തോളം റിസ്‌ക് കുറയ്ക്കാം.

എക്കോകാര്‍ഡിയോഗ്രാം, ട്രെഡ്മില്‍ ടെസ്റ്റ് എന്നിവ ഹൃദയാഘാതസാധ്യത കൂടുതല്‍ വ്യക്തമായി നിര്‍ണയിക്കാന്‍ സഹായിക്കുന്ന പരിശോധനകളാണ്. രക്തക്കുഴലുകളിലെ ബ്ലോക്ക് 10-20 ശതമാനമാകുമ്പോള്‍ത്തന്നെ തിരിച്ചറിയാന്‍ സഹായിക്കുന്നതാണ് സി.ടി. സ്‌കാന്‍ ആഞ്ചിയോഗ്രാം. എന്നാല്‍ ഇതിന് ചെലവ് അല്പം കൂടുതലാണ്.

അടുത്തിടെയായി കണ്ടുവരുന്ന ഒരുകാര്യം സാധാരണ ചെയ്യാത്തവിധം പെട്ടെന്ന് ശാരീരികാധ്വാനത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നു എന്നതാണ്. ഉദാഹരണത്തിന് റെയില്‍വേ സ്റ്റേഷനില്‍ വൈകിയെത്തി, ട്രെയിനില്‍ ഓടിക്കയറുമ്പോള്‍. അല്ലെങ്കില്‍ ദേഷ്യം വന്ന് കനമുള്ള എന്തെങ്കിലും എടുത്തുപൊക്കാന്‍ നോക്കുമ്പോള്‍. ഇത് താരതമ്യേന പ്രായം കുറഞ്ഞവരിലും സംഭവിക്കുന്നുണ്ട്. പുതിയ ജീവിതശൈലിയില്‍ ആളുകള്‍ക്ക് പൊതുവേ ശാരീരികാധ്വാനം കുറവാണ്. കോവിഡൊക്കെ വന്നതോടെ ചടഞ്ഞിരിപ്പ് കൂടി. അതുകൊണ്ട് പെട്ടെന്നുണ്ടാകുന്ന മാനസിക സമ്മര്‍ദവും ആയാസവും ഹൃദയത്തിന് താങ്ങാന്‍ പറ്റുന്നില്ലെന്ന് വേണം മനസ്സിലാക്കാന്‍; പ്രത്യേകിച്ച് പ്രമേഹം, ബി.പി. പോലുള്ള ജീവിതശൈലി രോഗങ്ങളുള്ളവര്‍ക്ക്.

രണ്ടാമത്തെ അറ്റാക്കിന് സാധ്യത കൂടുമോ?

പലകാര്യങ്ങളെ ആശ്രയിച്ചാണ് രണ്ടാമത്തെ ഹാര്‍ട്ട് അറ്റാക്കിന് സാധ്യതയുള്ളത്. ഡോക്ടറുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ജീവിതശൈലി പുനഃക്രമീകരിക്കുകയും ചെയ്യുന്നവര്‍ക്ക് ദീര്‍ഘകാലത്തേക്ക് പ്രശ്‌നങ്ങളില്ലാതെ തുടരാന്‍പറ്റും. ഒരുതവണ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായവരില്‍ ഏതാണ്ട് 20 ശതമാനം ആളുകള്‍ക്ക് വീണ്ടും അങ്ങനെ സംഭവിക്കുന്നുണ്ട്. അതില്‍ കൂടുതലും അശ്രദ്ധമായ ജീവിതത്തിലേക്ക് വഴുതിപ്പോകുന്നവരാണ് എന്നതാണ് വസ്തുത.

ആദ്യത്തെ ഹാര്‍ട്ട് അറ്റാക്കിന് നല്‍കിയ ചികിത്സ വീണ്ടും അതുണ്ടാകാനുള്ള സാധ്യതയെ നിര്‍ണയിക്കുന്നുണ്ട്. ചികിത്സ നല്‍കാന്‍ വൈകുംതോറും കൂടുതല്‍ ഹൃദയപേശികള്‍ക്ക് ക്ഷതമുണ്ടാകാന്‍ സാധ്യതയുണ്ട്. അത്തരക്കാരില്‍ രണ്ടാമത് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നെഞ്ചുവേദന തുടങ്ങി 3-6 മണിക്കൂറിനുള്ളില്‍ ആഞ്ജിയോപ്ലാസ്റ്റി ചെയ്യാനായാല്‍ ഹൃദയപേശികളെ കാര്യമായ കേടുപാടുകളില്ലാതെ രക്ഷിക്കാനാകും.

ജീവിതശൈലി അനുബന്ധ രോഗങ്ങളുടെ ചികിത്സയില്‍ മരുന്നിനെന്നപോലെ മനസ്സിനും പങ്കുണ്ട്. എന്നുവെച്ചാല്‍ ആരോഗ്യകരമായ ജീവിതം വേണമെന്ന് രോഗി മനസ്സുവയ്ക്കാത്തപക്ഷം എത്ര മരുന്നുകൊണ്ടും കാര്യമില്ല. കൃത്യമായ ഫോളോ അപ്പ്, ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവയിലൂടെ ഹൃദ്രോഗങ്ങളെ അകറ്റി നിര്‍ത്താം.

ഹൃദയത്തിന് പുനര്‍ജനി

ഹൃദയാഘാതം അല്ലെങ്കില്‍ ഹൃദയസംബന്ധമായ മറ്റെന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടാകുന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനുള്ള ശാസ്ത്രീയവും സമഗ്രവുമായ പദ്ധതിയാണ് കാര്‍ഡിയാക് റീഹാബിലിറ്റേഷന്‍. ഹാര്‍ട്ട് അറ്റാക്കുണ്ടായ ആളെ ആശുപത്രിയിലെത്തിച്ചാല്‍ എത്രയുംവേഗം ആഞ്ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കും. മറ്റ് സങ്കീര്‍ണതകള്‍ ഒന്നുമില്ലെങ്കില്‍ ഒരുദിവസത്തെ നിരീക്ഷണത്തിനുശേഷം അത്യാഹിത വിഭാഗത്തില്‍നിന്ന് മുറിയിലേക്ക് മാറ്റാറുണ്ട്. പിന്നെ പതിയെ നടത്തിത്തുടങ്ങും. ഇവിടംമുതല്‍ കാര്‍ഡിയാക് റീഹാബിലിറ്റേഷന്‍ ആരംഭിക്കുകയാണ്. കൃത്യമായ പരിശോധനങ്ങള്‍, ഫോളോ അപ്സ്, വ്യായാമങ്ങള്‍, ഭക്ഷണരീതി, മാനസിക പിന്തുണ എന്നിവയെല്ലാം ഉള്‍പ്പെടുന്ന സമഗ്ര പദ്ധതിയാണിത്. കാര്‍ഡിയാക് റീഹാബിലിറ്റേഷന്‍ പ്രോഗ്രാമിന് സമയപരിധിയില്ല. എത്രകാലം തുടരുന്നുവോ അത്രയും നല്ലത്.

വിദേശരാജ്യങ്ങളില്‍ സാധാരണമാണെങ്കിലും കേരളത്തില്‍ കാര്‍ഡിയാക് റീഹാബിലിറ്റേഷന്‍ വേണ്ടത്ര പ്രചാരം നേടിയിട്ടില്ല. ചികിത്സയെന്നാല്‍ മരുന്നുമാത്രമാണെന്ന മനോഭാവമാണ് പ്രധാന പ്രശ്‌നം. മറ്റൊന്ന് ആശുപത്രികളിലും മറ്റും കാര്‍ഡിയാക് റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളും. ടെലി-മെഡിസിന്‍ സംവിധാനത്തിലൂടെ ഈ പ്രശ്‌നം ഒരുപരിധിവരെ പരിഹരിക്കാനാകും. ആളുകള്‍ക്ക് വീട്ടിലിരുന്ന് തന്നെ കാര്‍ഡിയാക് റീഹാബിലിറ്റേഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാം. ആരോഗ്യപുരോഗതി വിലയിരുത്താനും കൗണ്‍സലിങ്ങിനും സമാനഅവസ്ഥയിലൂടെ കടന്നുപോകുന്നവരുമായി അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതിനുമൊക്കെ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ആരോഗ്യസംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനും അവ സൂക്ഷിക്കുന്നതിനും വിലയിരുത്തി റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കുന്നതിനുമെല്ലാം നിരവധി മൊബൈല്‍ ആപ്ലിക്കേഷനുകളും ഗാഡ്ജെറ്റുകളും ഇന്ന് ലഭ്യമാണ്. അത്തരം സാധ്യതകളും പ്രയോജനപ്പെടുത്താവുന്നതാണ്.

വ്യായാമവും ഭക്ഷണവും

ആരോഗ്യസ്ഥിതിയും ഡോക്ടറുടെ നിര്‍ദേശവുമനുസരിച്ച് ഹൃദ്രോഗികള്‍ വ്യായാമം ചെയ്യണം. കുറഞ്ഞപക്ഷം നടക്കുകയെങ്കിലും വേണം. ആദ്യത്തെ ദിവസം പത്തുമിനിറ്റ് നടക്കാം. പിന്നീട് ഓരോ ദിവസവും ഓരോ മിനിറ്റ് കൂട്ടിക്കൊണ്ടുവരുക. അങ്ങനെ മുപ്പതാമത്തെ ദിവസം 40 മിനിറ്റുകൊണ്ട് നാല് കിലോമീറ്റര്‍ എന്ന ക്രമത്തിലേക്കെത്താം. നടക്കുന്നതിനോടൊപ്പം യോഗ, ശ്വസനവ്യായാമങ്ങള്‍ എന്നിവയും പരിശീലിക്കാവുന്നതാണ്. ഭക്ഷണത്തില്‍ അന്നജം (Refined Carbohydrates) പരമാവധി കുറയ്ക്കണം. പഞ്ചസാരയും കിഴങ്ങുവര്‍ഗങ്ങളും ഒഴിവാക്കാം. വറുത്തതും പൊരിച്ചതും വേണ്ട. മുട്ട, മത്സ്യം, ചിക്കന്‍ തുടങ്ങിയവ മിതമായ അളവില്‍ കഴിക്കാം.

പുതിയ തുടക്കം

ആരോഗ്യസ്ഥിതിയനുസരിച്ച് ആറ് മാസം കൂടുമ്പോഴോ വര്‍ഷത്തിലൊരിക്കലോ ആയിരിക്കും പരിശോധനകള്‍. വിവിധങ്ങളായ കാരണങ്ങള്‍ ഹൃദ്രോഗത്തിലേക്ക് നയിക്കാമെന്നതുകൊണ്ടുതന്നെ സമഗ്രമായ പരിശോധനയാണ് ഫോളോ അപ്പിലുള്ളത്. പ്രമേഹം, കൊളസ്ട്രോള്‍, ബി.പി., കിഡ്നിയുടെയും ലിവറിന്റെയും ആരോഗ്യം തുടങ്ങിയവയൊക്കെ വിലയിരുത്തും. അതുകൊണ്ടുതന്നെ ഹൃദയത്തിന്റെ മാത്രമല്ല, മറ്റുപല രോഗങ്ങളും മുന്‍കൂട്ടി തിരിച്ചറിയാന്‍ ഹൃദ്രോഗത്തിന്റെ ഫോളോ അപ്പ് സഹായകമാകാറുണ്ട്. ഹാര്‍ട്ട് അറ്റാക്ക് അവസാനവാക്കല്ല, ആയുസ്സ് നീട്ടാനുള്ള പുതിയ അവസരമാണെന്ന് പറയുന്നതിന് അതും കാരണമാണ്.

(എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റാണ് ലേഖകന്‍)

തയ്യാറാക്കിയത്: എസ്. രാംകുമാര്‍

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Heart Attack, Healthy Heart, Health