ആശുപത്രി സന്ദർശനം; അണുബാധയിൽ ജാഗ്രത വേണം, എന്തൊക്കെ രോഗങ്ങൾ ശ്രദ്ധിക്കണം?

#ഡോ. ബി. പദ്മകുമാര്‍
Representative Image| Photo: Canva.com
Representative Image| Photo: Canva.com

രോഗിയുമായുള്ള സമ്പർക്കത്തിലൂടെയും വായുവിലൂടെയും പകരുന്ന സാംക്രമിക രോഗങ്ങളുള്ളവരെയടക്കം ചികിത്സിക്കുന്ന കേന്ദ്രങ്ങളാണ് ആശുപത്രികൾ. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ രോഗിയിൽനിന്ന് സന്ദർശകരിലേക്കും സന്ദർശകരിൽനിന്ന് രോഗിയിലേക്കും ആശുപത്രി ജീവനക്കാരിലേക്കുമെല്ലാം അണുബാധയുണ്ടാകാൻ ഇടയുണ്ട്.

എന്നാൽ, പലപ്പോഴും രോഗിയുടെ കട്ടിലിൽ കയറി ഇരിക്കുന്നവരുണ്ട്. ഒരേ പാത്രത്തിൽനിന്ന് ഭക്ഷണം പങ്കുവയ്ക്കുന്നവരെയും കാണാറുണ്ട്. സന്ദർശകർക്ക് കർശന നിയന്ത്രണമുള്ള ഐ.സി.യു., ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ എന്നിവിടങ്ങളിൽ കയറാനായി നിർബന്ധം പിടിക്കുന്നവരും കുറവല്ല.

സാധ്യത ആർക്കൊക്കെ?

ആശുപത്രി സന്ദർശകരിൽ ആർക്കു വേണമെങ്കിലും രോഗാണുബാധ ഉണ്ടാകാമെങ്കിലും, പ്രതിരോധശേഷി കുറഞ്ഞവർക്കാണ് സാധ്യത കൂടുതൽ. കുട്ടികൾ, പ്രായമേറിയവർ, പ്രമേഹം, സി.ഒ.പി.ഡി. പോലെയുള്ള ദീർഘകാലരോഗങ്ങളുള്ളവർ, സ്റ്റിറോയ്ഡ് പോലെയുള്ള ഇമ്യൂണോസപ്രസന്റ് മരുന്നുകൾ കഴിക്കുന്നവർ തുടങ്ങിയവർക്ക് രോഗാണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

അതുപോലെതന്നെ രോഗിയുടെ ശരീരസ്രവങ്ങൾ, വിസർജ്യങ്ങൾ എന്നിവയുമായി സമ്പർക്കമുണ്ടാകുന്നവർക്കും രോഗാണുബാധയുടെ സാധ്യത കൂടുതലാണ്. സന്ദർശനത്തിനുശേഷം കൈകൾ കഴുകുന്നതുൾപ്പെടെയുള്ള ശുചിത്വമാർഗങ്ങൾ അവലംബിക്കാത്തവർക്കും മാസ്‌ക് പോലെയുള്ള സുരക്ഷാ ഉപാധികൾ സ്വീകരിക്കാത്തവർക്കും രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

എന്തൊക്കെ രോഗങ്ങൾ ?

രോഗിയുമായി അടുത്തിടപഴകുന്നതിലൂടെയും രോഗി ഉപയോഗിച്ച വസ്തുക്കളുമായി സമ്പർക്കമുണ്ടാകുന്നതിലൂടെയും ഇൻഫ്‌ളുവൻസ, സാധാരണ ജലദോഷപ്പനി, ശ്വാസകോശ അണുബാധ, ചിക്കൻപോക്‌സ്, അഞ്ചാംപനി, ചർമരോഗങ്ങൾ, നിപ പോലെയുള്ള മറ്റ് വൈറസ് രോഗങ്ങൾ എന്നിവ പകരാം. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറപ്പെടുവിക്കുന്ന രോഗാണുക്കൾ ശ്വസിക്കുന്നതിലൂടെ ന്യുമോണിയ, അഡിനോ വൈറസ്, റെസ്പിറേറ്ററി സിൻസീഷ്യൽ (Syncytial) വൈറസ് ബാധ, മുണ്ടിനീര്, അഞ്ചാംപനി, മെനിഞ്ചൈറ്റിസ് തുടങ്ങിയ രോഗങ്ങളും പകരാം. രോഗിയുടെ രക്തവുമായി ബന്ധമുണ്ടാകുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്.ഐ.വി. തുടങ്ങിയ മറ്റ് രോഗങ്ങളും പിടിപെടാം.

സ്റ്റെഫൈലോകോക്കസ്, എന്ററോകോക്കൈ, സ്യൂഡോമോണസ്, എറുജിനോസ, അസിനറ്റോബാക്ടർ, എസ്‌ക്രീഷ്യ കോളൈ തുടങ്ങിയ ബാക്ടീരിയങ്ങൾ, ഇൻഫ്‌ളുവൻസ, പാരാ ഇൻഫ്‌ളുവൻസ, നോറോ വൈറസ്, റോട്ടോവൈറസ്, ഹെർപ്പിസ് തുടങ്ങിയ വൈറസുകൾ എന്നിവയാണ് സാധാരണ പകരുന്ന രോഗാണുക്കൾ. ഇവയിൽ പലതും ആന്റിബയോട്ടിക്കുകളേൽക്കാത്ത റെസിസ്റ്റന്റ് ബാക്ടീരിയങ്ങളായിരിക്കാം എന്ന അപകടവുമുണ്ട്.

ആശുപത്രിജന്യ രോഗങ്ങൾ തടയാം

  • ഹാൻഡ് വാഷിങ്: സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ 20 സെക്കൻഡ് നന്നായി കഴുകുക. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക. ഇതിലൂടെത്തന്നെ ആശുപ ത്രി സന്ദർശനം വഴി രോഗികളുമായുള്ള സമ്പർക്കത്തിൽനിന്നും പിടിപെടാവുന്ന രോഗങ്ങളെ ഒരുപരിധിവരെ തടയാം. ഇക്കാര്യത്തിൽ ലോകാരോഗ്യസംഘടന അഞ്ച് നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.
  • രോഗിയെ സ്പർശിക്കുന്നതിനു മുൻപ്.
  • സാധാരണതരത്തിലുള്ള രോഗീപരിചരണത്തിനു മുൻപ്.
  • രോഗിയുടെ ശരീരസ്രവങ്ങളുമായി സമ്പർക്കമുണ്ടായതിനുശേഷം.
  • രോഗിയെ സ്പർശിച്ച ശേഷം.
  • രോഗിയുടെ കിടക്ക, ഉപയോഗിച്ച സാധനങ്ങ ൾ എന്നിവയുമായി സമ്പ ർക്കമുണ്ടായശേഷം.
  • കോവിഡ് കാലത്ത് കൈകഴുകലിന് ലഭിച്ച പ്രചാരം പിന്നീടുണ്ടായിട്ടില്ല. രോഗിയെ സന്ദർശിക്കുന്നവർക്ക് ആശുപത്രിയിൽത്തന്നെ കൈകൾ കഴുകാനുള്ള സൗകര്യമുണ്ടായിരിക്കേണ്ടതും ഇതുസംബന്ധിച്ചുള്ള അറിയിപ്പ് പ്രദർശിപ്പിക്കേണ്ടതുമാണ്. വീടുകളിലെത്തിയാലും വസ്ത്രം മാറി കുളിച്ച ശേഷമേ കുഞ്ഞുങ്ങൾ, പ്രായമേറിയവർ, ആരോഗ്യപ്രശ്‌നങ്ങളുള്ളവർ തുടങ്ങിയവരുമായി ഇടപെടാവൂ
  • മാസ്‌കുകൾ ധരിക്കുക. കൈയുറകളും ആവശ്യമെങ്കിൽ ഏപ്രണുകൾ, ഗൗൺ തുടങ്ങിയ വ്യക്തിഗത സുരക്ഷാ ഉപാധികളും രോഗിയുമായുള്ള സമ്പർക്കത്തിന്റെ തീവ്രതയനുസരിച്ച് ഉപയോഗിക്കാവുന്നതാണ്.

ശ്രദ്ധിക്കുക ഈ 10 നിർദേശങ്ങൾ

  • ആശുപത്രികൾ സാംക്രമികരോഗങ്ങൾ പിടിപെടാൻ സാധ്യതകൂടിയ ഇടങ്ങളാണ്. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക
  • പനിയും മറ്റ് അസുഖങ്ങളും ഉള്ളപ്പോൾ ആശുപത്രി സന്ദർശനം ഒഴിവാക്കുക.
  • കുട്ടികൾ, പ്രായമേറിയവർ, ദീർഘകാലരോഗങ്ങളെത്തുടർന്ന് രോഗപ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവർ രോഗികളെ സന്ദർശിക്കുന്നതിൽനിന്നു വിട്ടുനിൽക്കുക.
  • അണുബാധ സാധ്യതയുള്ളതിനാൽ ഗുരുതരാവസ്ഥയിലുള്ള രോഗിയുടെ കൂടെ അധികസമയം ചെലവഴിക്കരുത്.
  • രോഗിയുടെ കിടക്കയിൽ ഇരിക്കരുത്. ഒരു പാത്രത്തിൽനിന്ന് ഭക്ഷണവും വെള്ളവും പങ്കിടരുത്.
  • രോഗിയുടെ മലിനവസ്ത്രങ്ങൾ, സിറിഞ്ച്, പഞ്ഞി, ബാൻഡേജ് ഇവ സ്പർശിക്കരുത്.
  • രോഗിയെ പരിചരിക്കേണ്ടിവരുകയാണെങ്കിൽ കൈയുറകൾ, മാസ്‌ക് എന്നിവ ധരിക്കുക.
  • കൈയിലുള്ള ബാഗ്, മൊബൈൽഫോൺ, മറ്റ് സാമഗ്രികൾ തുടങ്ങിയവ രോഗിയുടെ കിടക്കയിൽ വയ്ക്കരുത്.
  • പകർച്ചവ്യാധികളുള്ള രോഗികളെ സന്ദർശിക്കുന്നത് കഴിയുന്നതും ഒഴിവാക്കുക.
  • ആശുപത്രി അധികൃതരുടെ നിർദേശങ്ങൾ പാലിക്കുക. സന്ദർശക നിയന്ത്രണമുള്ള ഐ.സി.യു., ലേബർ റൂം, ഓപ്പറേഷൻ തിയേറ്റർ തുടങ്ങിയ ഇടങ്ങളിൽ കയറാൻ ശ്രമിക്കരുത്.

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: Hospital infection risks are higher for visitors with low immunity. Learn essential prevention tips to protect against infectious diseases during hospital visits.