മഞ്ഞപ്പിത്തം വന്നാൽ സ്വയംചികിത്സ അപകടമാകുന്നത് എന്തുകൊണ്ട്?

#ഡോ. ചാള്‍സ് പനയ്ക്കല്‍
പ്രതീകാത്മകചിത്രം | ഫോട്ടോ: canva
പ്രതീകാത്മകചിത്രം | ഫോട്ടോ: canva

കേരളത്തിൽ പൊതുജനാരോഗ്യത്തിന് വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന ഒരു പകർച്ചവ്യാധിയാണ് ഹെപ്പറ്റൈറ്റിസ് എ. കരളിനെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണിത്. സാധാരണയായി മഞ്ഞപ്പിത്തം എന്ന് വിളിക്കപ്പെടുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണിത്. കൃത്യമായ ബോധവത്കരണത്തിലൂടെയും മുൻകരുതലുകളിലൂടെയും ഈ രോഗത്തെ പൂർണമായും തടയാൻ സാധിക്കും.
എന്താണ് ഹെപ്പറ്റൈറ്റിസ് എ?
ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലമുണ്ടാകുന്ന കരൾവീക്കമാണിത്. മലിനമായ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഈ വൈറസ് പ്രധാനമായും ശരീരത്തിൽ പ്രവേശിക്കുന്നത്. രോഗബാധിതനായ ഒരു വ്യക്തിയുടെ മലത്തിലൂടെ പുറന്തള്ളപ്പെടുന്ന വൈറസ്, ഈച്ചകൾ വഴിയോ ശുചിത്വമില്ലായ്മ കാരണമോ കുടിവെള്ളത്തിലോ ഭക്ഷണത്തിലോ കലരുമ്പോഴാണ് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത്.

പ്രധാന ലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ പ്രവേശിച്ച് 14-28 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം.
കടുത്ത പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി
വയറുവേദന (പ്രത്യേകിച്ച് വയറിന്റെ വലതുഭാഗത്ത് മുകളിലായി)
മൂത്രത്തിന് കടുത്ത മഞ്ഞനിറം കണ്ണുകളിലും ചർമത്തിലും ഉണ്ടാകുന്ന മഞ്ഞനിറം (മഞ്ഞപ്പിത്തം)
കളിമണ്ണിന്റെ നിറത്തിലുള്ള മലം
രോഗം ഭേദമാകുന്നതോടെ ശരീരത്തിന് ആജീവനാന്ത പ്രതിരോധശേഷി ലഭിക്കുമെങ്കിലും, ചിലരിൽ രോഗം ഭേദമായശേഷം വീണ്ടും ലക്ഷണങ്ങൾ കഠിനമായി പ്രത്യക്ഷപ്പെടുന്ന അവസ്ഥയും കാണാറുണ്ട്. കുട്ടികളിലും മുതിർന്നവരിലും രോഗലക്ഷണങ്ങളുടെ തീവ്രത വ്യത്യസ്തമാണ്. ആറുവയസ്സിന് താഴേയുള്ള കുട്ടികളിൽ ഈ രോഗം കാര്യമായ ലക്ഷണങ്ങൾ കാണിക്കാറില്ല; ഇവരിലെ 10 ശതമാനം പേർക്ക് മാത്രമേ മഞ്ഞപ്പിത്തമുണ്ടാകാറുള്ളൂ. എന്നാൽ, മുതിർന്ന കുട്ടികളിലും പ്രായപൂർത്തിയായവരിലും രോഗം കഠിനമായിരിക്കുകയും മഞ്ഞപ്പിത്ത ലക്ഷണങ്ങൾ പ്രകടമാകുകയും ചെയ്യും.
ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയെപ്പോലെ ഹെപ്പറ്റൈറ്റിസ് എ ഒരു വിട്ടുമാറാത്ത കരൾരോഗമായി മാറാറില്ല. എങ്കിലും, വളരെ ചെറിയൊരു ശതമാനം ആളുകളിൽ ഇത് പെട്ടെന്നുള്ള കരൾപരാജയത്തിന് കാരണമായേക്കാം. പ്രായമായവരിലും മുൻപേതന്നെ കരൾരോഗമുള്ളവരിലും ഇത് മരണസാധ്യത വർധിപ്പിക്കുന്നു.
 

രോഗനിർണയവും ചികിത്സയും
രക്തപരിശോധനയിലൂടെ (ഹെപ്പറ്റൈറ്റിസ് എ ഐ.ജി.എം. ആന്റിബോഡി ടെസ്റ്റ്) രോഗം എളുപ്പത്തിൽ സ്ഥിരീകരിക്കാം.
ഹെപ്പറ്റൈറ്റിസ് എ-ക്ക് മാത്രമായി പ്രത്യേക ആന്റിവൈറൽ മരുന്നുകളില്ല. രോഗലക്ഷണങ്ങൾക്കനുസരിച്ചുള്ള ചികിത്സയാണ് നൽകുന്നത്.
പൂർണവിശ്രമം: കരളി ലെ വീക്കം കുറയുന്നതിനായി പൂർണവിശ്രമം അത്യാവശ്യമാണ്.
ഭക്ഷണക്രമം: കൊഴുപ്പ് കുറഞ്ഞതും കാർബോഹൈഡ്രേറ്റ് കൂടിയതുമായ, എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. കഞ്ഞി, പഴച്ചാറുകൾ, ഇളനീർ എന്നിവ ഉത്തമമാണ്.
ധാരാളം വെള്ളം കുടിക്കുക: നിർജലീകരണം ഒഴിവാക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം ധാരാളമായി കുടിക്കണം.
ലഹരിവർജനം: മദ്യപാനം പൂർണമായും ഒഴിവാക്കണം.
സ്വയംചികിത്സ അരുത്: ഡോക്ടറുടെ നിർദേശമില്ലാതെ ഒരുതരത്തിലുമുള്ള മരുന്നുകളോ പച്ചമരുന്നുകളോ കഴിക്കരുത്. ഇത് കരളിന്റെ ആരോഗ്യത്തെ കൂടുതൽ വഷളാക്കിയേക്കാം.
പ്രതിരോധ മാർഗങ്ങൾ
''രോഗം വന്ന ശേഷം ചികിത്സിക്കുന്നതിനേക്കാൾ വരാതെനോക്കുകയാണ് നല്ലത്'' എന്ന ചൊല്ല് ഹെപ്പറ്റൈറ്റിസ് എ-യുടെ കാര്യത്തിൽ ഏറ്റവും അർഥവത്താണ്.
തിളപ്പിച്ചാറ്റിയ വെള്ളം: വെള്ളം നന്നായി തിളപ്പിച്ചാറ്റിയശേഷം മാത്രം കുടിക്കുക.
വ്യക്തിശുചിത്വം: ആഹാരസാധനങ്ങൾ കൈകാര്യംചെയ്യുന്നതിനു മുൻപും ഭക്ഷണത്തിനു മുൻപും ശൗചാലയം ഉപയോഗിച്ചതിനുശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
ഭക്ഷണശുചിത്വം: തുറന്നുവെച്ചതോ പഴകിയതോ ആയ ഭക്ഷണങ്ങൾ കഴിക്കരുത്. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക. പുറത്തുനിന്നുള്ള ജ്യൂസുകൾ, ഐസ്‌ക്രീമുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ഐസ് ശുദ്ധമായ വെള്ളത്തിൽനിന്നുള്ളതാണെന്ന് ഉറപ്പുവരുത്തുക.
സുരക്ഷിതമായ മലവിസർജനം: കക്കൂസ് മാലിന്യങ്ങൾ കുടിവെള്ളസ്രോതസ്സുകളുമായി കലരുന്നില്ലെന്ന് ഉറപ്പാക്കുക. തുറസ്സായ സ്ഥലങ്ങളിലെ മലവിസർജനം പൂർണമായും ഒഴിവാക്കുക.
പ്രതിരോധകുത്തിവയ്പ്: ഹെപ്പറ്റൈറ്റിസ് എ-ക്കെതിരേയുള്ള വാക്‌സിനേഷൻ ലഭ്യമാണ്. ഡോക്ടറുടെ നിർദേശപ്രകാരം ഈ വാക്‌സിൻ സ്വീകരിക്കുന്നതുവഴി രോഗത്തിൽനിന്ന് ദീർഘകാലസംരക്ഷണം ഉറപ്പാക്കാം.
ഹെപ്പറ്റൈറ്റിസ് എ ഒരു പകർച്ചവ്യാധിയാണെങ്കിലും കൃത്യമായ ശുചിത്വശീലങ്ങളിലൂടെയും മുൻകരുതലുകളിലൂടെയും ഇതിനെ പൂർണമായും പ്രതിരോധിക്കാൻ സാധിക്കും. രോഗലക്ഷണങ്ങൾ കണ്ടാലുടൻ സ്വയംചികിത്സയ്ക്ക് മുതിരാതെ വിദഗ്ധ വൈദ്യസഹായം തേടേണ്ടത് രോഗം സങ്കീർണമാകാതിരിക്കാൻ അത്യാവശ്യമാണ്. വ്യക്തിശുചിത്വവും ജലശുചിത്വവും പാലിക്കുന്നതിനൊപ്പം പ്രതിരോധകുത്തിവയ്പുകൾ കൃത്യസമയത്ത് എടുക്കാനും ശ്രദ്ധിക്കണം. ആരോഗ്യമുള്ള കരളിനും ആരോഗ്യകരമായ ജീവിതത്തിനുമായി ഹെപ്പറ്റൈറ്റിസ് എ-ക്കെതിരേ ശരിയായ ബോധവത്കരണത്തിലൂടെയും കൂട്ടായ പ്രതിരോധപ്രവർത്തനങ്ങളിലൂടെയും ഒന്നിച്ച് പോരാടാം.
രോഗപ്പകർച്ചയും വൈറസിന്റെ അതിജീവനശേഷിയും
മലിനമായ ആഹാരമാർഗം: ഹെപ്പറ്റൈറ്റിസ് എ വൈറസ് ബാധിച്ച വ്യക്തിയാൽ മലിനമാക്കപ്പെട്ട ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ ആണ് രോഗമില്ലാത്ത മറ്റൊരാളിലേക്ക് ഈ വൈറസ് പകരുന്നത്. രോഗബാധിതനായ വ്യക്തി കൈകൾ വൃത്തിയായി കഴുകാതെ ആഹാരം പാകംചെയ്യുകയോ കൈകാര്യംചെയ്യുകയോ ചെയ്യുമ്പോൾ വീട്ടിലെ മറ്റുള്ളവരിലേക്ക് രോഗം എളുപ്പത്തിൽ പടരുന്നു.

ജലജന്യ രോഗവ്യാപനം

മലിനമായ ആഹാരത്തിലൂടെയാണ് രോഗം കൂടുതൽ പടരുന്നതെങ്കിലും, മലിനജലവുമായോ ശരിയായി ശുദ്ധീകരിക്കാത്ത വാട്ടർ സിസ്റ്റങ്ങളുമായോ സമ്പർക്കമുണ്ടാകുമ്പോൾ ഇത് വലിയതോതിലുള്ള പകർച്ചവ്യാധിയായി മാറാറുണ്ട്.
ശാരീരികസമ്പർക്കം: രോഗബാധിതനായ വ്യക്തിയുമായുള്ള അടുത്ത ശാരീരികസമ്പർക്കത്തിലൂടെയും (ഉദാഹരണത്തിന് ലൈംഗികസമ്പർക്കം) ഈ വൈറസ് പകരാം. എന്നാൽ, സാധാരണ രീതിയിലുള്ള സമ്പർക്കത്തിലൂടെ രോഗം പകരില്ല.
വൈറസിന്റെ പ്രതിരോധശേഷി: ഹെപ്പറ്റൈറ്റിസ് എ വൈറസ് (എച്ച്.എ. വി.) പരിസ്ഥിതിയിൽ വളരെക്കാലം നശിക്കാതെ നിലനിൽക്കാൻ ശേഷിയുള്ളവയാണ്. സാധാരണയായി ബാക്ടീരിയയെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഭക്ഷ്യസംസ്‌കരണപ്രക്രിയകളെപ്പോലും പ്രതിരോധിക്കാൻ ഈ വൈറസിനാകും.

(കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവർ കെയർ സീനിയർ കൺസൾട്ടന്റ് ഹെപ്പറ്റോളജിസ്റ്റാണ് ലേഖകൻ)

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്‌

Content Highlights: Hepatitis A is a growing public health concern in Kerala spread through contaminated food and water