പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ, ആഴ്ചയിൽ 150 മിനിറ്റ് വ്യായാമം; ഹൃദയാരോഗ്യം കാക്കാൻ ശ്രദ്ധിക്കേണ്ടത്

#ഡോ. ശ്രീതല്‍ രാജന്‍ നായര്‍
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം ലോകമെമ്പാടും എല്ലാ വർഷവും രണ്ടുകോടിയോളം ആളുകൾക്ക് ജീവൻ നഷ്ടമാകുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചെറുപ്പക്കാരിലും ഇന്ന് ഹാർട്ട് അറ്റാക്ക് കൂടുതലായി കണ്ടുവരുന്നുണ്ട്. ഹൃദയാരോഗ്യത്തിന് ഭീഷണിയാകുന്ന ഒട്ടേറെ കാര്യങ്ങൾ നമുക്കുചുറ്റുമുണ്ട്. അവയിൽ പലതും അല്പം ശ്രദ്ധവെച്ചാൽ നമുക്കുതന്നെ ഒഴിവാക്കാവുന്നതേയുള്ളൂ. ഹൃദ്രോഗം കാരണം ഉണ്ടാകാവുന്ന 80 ശതമാനം മരണങ്ങളും കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണക്രമം, നല്ല ജീവിതരീതി എന്നിവ വഴി ഒഴിവാക്കാൻ സാധിക്കും.

ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് പ്രധാന കാരണങ്ങളെ വിലയിരുത്തിയാൽ അതിൽ പ്രധാനപ്പെട്ടത് ഇവയാണ്:

  • പൊണ്ണത്തടിയും വ്യായാമമില്ലായ്മയും.
  • പുകവലി, മദ്യപാനം, മറ്റ് ലഹരികളുടെ ഉപയോഗം.
  • പ്രമേഹം, അമിത കൊളസ്ട്രോൾ, അമിത ബിപി.
  • ജനിതകമായ കാരണങ്ങൾ.
  • അമിതസമ്മർദമുള്ള ജീവിതശൈലി.

ഈ കാരണങ്ങൾ ശ്രദ്ധിച്ചാൽ ഒരുകാര്യം മനസ്സിലാകും ഇതിൽ ജനിതകമായ കാരണങ്ങൾ ഒഴികെയുള്ളവ നമുക്ക് വലിയൊരുപരിധിവരെ നിയന്ത്രിച്ചുനിർത്താവുന്നതേയുള്ളൂ.

ഹൃദയാരോഗ്യവും ഭക്ഷണവും

ചെറുപ്പംമുതൽതന്നെ ആരോഗ്യകരമായ ഭക്ഷണരീതി ശീലമാക്കണം. ഓരോരുത്തരുടെയും പ്രായം, ആരോഗ്യസ്ഥിതി, മറ്റ് രോഗാവസ്ഥകൾ എന്നിവ മനസ്സിലാക്കിയാണ് ഭക്ഷണരീതി തീരുമാനിക്കേണ്ടത്. ശരീരത്തിന് വിവിധതരത്തിലുള്ള ഭക്ഷണങ്ങൾ ആവശ്യമാണ്. എന്നാൽ, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് പ്രധാനമാണ്. ഒരേ ഭക്ഷണംതന്നെ വളരെക്കൂടുതൽ അളവ് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. മാത്രമല്ല, ആമാശയത്തിന്റെ 70 ശതമാനം നിറയുന്നതുവരെയേ ഭക്ഷണം കഴിക്കാവൂ.

ഭക്ഷണത്തിൽ എല്ലാ പോഷകങ്ങളും ഉണ്ടായിരിക്കണം. ബാലൻസ്ഡ് ഡയറ്റ് ആണ് വേണ്ടത്. ഇതിനായി, ഭക്ഷണം കഴിക്കാൻ എടുക്കുന്ന പ്ലേറ്റിനെ നാലുഭാഗങ്ങളായി ക്രമീകരിക്കാം. ഒരുഭാഗം കാർബോഹൈഡ്രറ്റ് അടങ്ങിയ ഭക്ഷണം, രണ്ടാമത്തെ ഭാഗം സാലഡുകളും പച്ചക്കറികളും, മൂന്നാമത്തെ ഭാഗം പഴങ്ങൾ, നാലാമത്തെ ഭാഗം നട്സ്, പയറുകൾ, മുട്ടയുടെ വെള്ള പോലുള്ള പ്രോട്ടീനുകൾ. അതായത്, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, നാരുകൾ, വിറ്റമിനുകൾ എന്നിവ ഉൾക്കൊള്ളുന്ന ഡയറ്റാണ് നല്ലത്.

പഴങ്ങളിലും പച്ചക്കറികളിലും ആന്റി ഓക്‌സിഡന്റുകളും വിറ്റമിനുകളും ധാരാളമുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്.

മുട്ടയുടെ വെള്ള, പയറുകൾ എന്നിവയിൽ പ്രോട്ടീൻ ധാരാളമുണ്ട്. പേശികൾക്ക് പ്രോട്ടീൻ ആവശ്യമാണ്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ രോഗം ഭേദമായശേഷം പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കണം. കൊറോണറി ആർട്ടറി ബൈപ്പാസ് സർജറി കഴിഞ്ഞ രോഗികളിൽ ആദ്യത്തെ ഒരുമാസം ശരീരഭാരം കുറയാനിടയുണ്ട്. എന്നാൽ, നിശ്ചിതകാലയളവിനുശേഷം, നഷ്ടപ്പെട്ട ഭാരം വീണ്ടെടുക്കാൻ പ്രോട്ടീൻ സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കാൻ നിർദേശിക്കും.

ബീഫ്, മട്ടൺ പോലുള്ള ചുവന്ന മാംസങ്ങൾ ഡയറ്റിൽനിന്ന് ഒഴിവാക്കണം. ഇവയിൽ കൊളസ്ട്രോളിന്റെയും കൊഴുപ്പിന്റെയും അളവ് കൂടുതലാണ്. പകരം, ചിക്കൻ, ചെറിയ മത്സ്യം പോലുള്ള വെളുത്ത മാംസങ്ങൾ ഉപയോഗിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ചിക്കനും മീനും കറിവെച്ച് കഴിക്കുന്നതാണ് ഉത്തമം. ഫ്രൈചെയ്തും വറുത്തും കഴിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കണം. മത്തിപോലെയുള്ള ചെറിയ മത്സ്യത്തിൽ ശരീരത്തിനാവശ്യമുള്ള പോളി അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്്. അത് ഹൃദയാരോഗ്യത്തിന് ആവശ്യമാണ്.

മത്സ്യമല്ലാത്ത കടൽവിഭവങ്ങൾ കഴിക്കുന്നതിൽ നിയന്ത്രണം ആവശ്യമാണ്. ഇവയിൽ ട്രൈഗ്ലിസറൈഡ് പോലെയുള്ള ചീത്ത കൊളസ്ട്രോൾ, യൂറിക് ആസിഡ് എന്നിവയുടെയെല്ലാം അളവ് കൂടുതലാണ്. കാലറിയും കൂടുതലാണ്.

പാചകത്തിൽ എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. വെജിറ്റബിൾ ഓയിൽ പോലെ ഹൃദയത്തിന് ബുദ്ധിമുട്ടില്ലാത്തതരം എണ്ണകളാണ് ഉപയോഗിക്കേണ്ടത്. സോയാ ഓയിൽ, സൺഫ്‌ളവർ ഓയിൽ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. ഒലിവ് ഓയിൽ ആണ് മികച്ചത്. സാച്ചുറേറ്റഡ് ഫാറ്റി ആസിഡിന്റെ അംശം കൂടുതലാണെന്നതിനാൽ വെളിച്ചെണ്ണയുടെ ഉപയോഗം അമിതമാവേണ്ട.

ഒഴിവാക്കേണ്ട മറ്റൊന്നാണ് ഫാസ്റ്റ് ഫുഡ്. അതിൽ കൊഴുപ്പിന്റെ അംശവും സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും കൂടുതലാണ്. രുചി വർധിപ്പിക്കാൻ സഹായിക്കുന്ന ചില അഡിറ്റീവുകളും ഫാസ്റ്റ് ഫുഡിൽ കൂടുതലുണ്ട്. അത് ശരീരത്തിൽ കൊഴുപ്പിന്റെ അംശം കൂടുന്നതിന് കാരണമാവുകയും ഹൃദയാരോഗ്യത്തിന് ഭീഷണിയാവുകയും ചെയ്യും.

എണ്ണയിൽ വറുത്തെടുക്കുന്ന ചിപ്‌സ് പോലെയുള്ളവയും പരമാവധി കുറയ്ക്കാൻ ശ്രമിക്കണം.

പഴങ്ങളിലടങ്ങിയിരിക്കുന്ന ഷുഗർ ഫ്രക്ടോസ് ആണ്. ഇത് ഹൃദയാരോഗ്യത്തിന് ദോഷകരമല്ല. എന്നാൽ, സുക്രോസ് അടങ്ങിയ ആഡഡ് ഷുഗർ ഒഴിവാക്കണം. ഇത് ഹൃദയാരോഗ്യത്തിന് ദോഷംചെയ്യും.

എത്ര കാലറി ഭക്ഷണത്തിലൂടെ ലഭിക്കണമെന്നത് ഓരോരുത്തരുടെയും ആവശ്യകതയനുസരിച്ച് മാറിവരും. ഇത് തിരഞ്ഞെടുക്കേണ്ടത് ആ വ്യക്തിയുടെ ആരോഗ്യം, മറ്റ് രോഗാവസ്ഥകൾ, ശാരീരികപ്രവൃത്തികൾ എന്നിവയ്ക്കനുസരിച്ചാണ്. അതിനാൽ ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവർ ഡയറ്റീഷ്യന്റെ നിർദേശങ്ങൾക്കനുസരിച്ച് ഭക്ഷണം ക്രമീകരിക്കുന്നതാണ് നല്ലത്.

പ്രമേഹമുള്ളവരിൽ ഭക്ഷണത്തിന്റെ അളവ് ആരോഗ്യകരമായി ക്രമീകരിക്കുമ്പോൾ പ്രമേഹരോഗികളിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പഴങ്ങളിൽ പേരയ്ക്ക, ഉറുമാമ്പഴം പോലെ മധുരം കുറഞ്ഞ പഴങ്ങളാണ് നല്ലത്. അതിൽ ആന്റി ഓക്‌സിഡന്റുകളുടെ അളവ് കൂടുതലാണ്. പുളിയുള്ള പഴങ്ങളും പച്ചക്കറികളും ഡയറ്റിന്റെ ഭാഗമാക്കണം. നാരുകളുടെ അംശം കൂടുതലടങ്ങിയ പഴങ്ങൾ നല്ലതാണ്. ചക്ക, മാങ്ങ പോലെയുള്ള മധുരമുള്ള പഴങ്ങൾ കഴിവതും ഒഴിവാക്കാം.

ഹൃദയ സൗഹൃദമാക്കാം വ്യായാമങ്ങൾ

ഹൃദയാരോഗ്യം നിലനിർത്താൻ വ്യായാമം ആവശ്യമാണ്. ആഴ്ചയിൽ 150 മിനിറ്റെങ്കിലും മിതമായ വ്യായാമം ചെയ്യുന്നത് ഹൃദയാരോഗ്യത്തിനു ഗുണകരമാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ പോലുള്ള സംഘടനകൾ അഭിപ്രായപ്പെടുന്നു. പ്രായം, ആരോഗ്യസ്ഥിതി, നിലവിലുള്ള അസുഖങ്ങൾ എന്നിവ കണക്കിലെടുത്ത് വ്യായാമത്തിന്റെ തീവ്രതയിൽ മാറ്റം വരുത്താം. ഹൈ ഇന്റൻസിറ്റി വ്യായാമങ്ങൾ അവർ നിർദേശിക്കുന്നില്ല.

വ്യായാമം പലതരത്തിലാണ് ഹൃദയത്തെ സഹായിക്കുന്നത്.ശരീരത്തെ സന്തുലിതാവസ്ഥയിൽ എത്തിക്കുക എന്നതിനപ്പുറം നമ്മുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കുന്നു. ശരീരത്തിലെ കൊളസ്ട്രോൾ നില കൃത്യമായ അളവിലേക്കെത്തിക്കാൻ വ്യായാമം ഉപകരിക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. കൃത്യമായി വ്യായാമം ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കാനും രക്തസമ്മർദം ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും. ഇതും ഹൃദയാരോഗ്യത്തിന് നല്ലതാണ്.

പൊതുവേ, വ്യായാമത്തിന്റെ തോത് കുറഞ്ഞുവരുന്നതാണ് ഇന്നത്തെക്കാലത്ത് കണ്ടുവരുന്നത്. കുട്ടികളിൽ കാണുന്ന പൊണ്ണത്തടി വ്യായാമക്കുറവിനെ സൂചിപ്പിക്കുന്നു. മൈതാനങ്ങളിൽ കളിച്ച് തിമർക്കുന്ന കുട്ടികളെ പണ്ട് ധാരാളം കണ്ടിരുന്നെങ്കിൽ ഇന്ന് ഭൂരിഭാഗം പേരും ടിവിയുടെയും മൊബൈൽഫോണുകളുടെയും ലോകത്താണ്. ഇത് ശാരീരിക വ്യായാമത്തിൽനിന്ന് അവരെ അകറ്റുന്നു. അങ്ങനെ കുട്ടികളിൽ അമിതവണ്ണവും പൊണ്ണത്തടിയും ഉണ്ടാകുന്നു. ഇത് ഭാവിതലമുറയുടെ ആരോഗ്യത്തെത്തന്നെ പ്രതികൂലമായി ബാധിക്കാൻ ഇടയാക്കുകയാണ്. വിവിധ കളികൾ, സൈക്ലിങ്, നീന്തൽ തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾ ചെറുപ്പംമുതൽ വളർത്താൻ ശ്രമിക്കണം. ഇത് അവരുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

കുട്ടികളെപ്പോലെ മുതിർന്നവർക്കും ഇക്കാര്യങ്ങൾ ബാധകമാണ്. മാത്രമല്ല, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയുള്ള വ്യക്തികളിൽ വ്യായാമം മികച്ച ഫലങ്ങൾ നൽകുന്നുണ്ട്. ലിഫ്റ്റിന് പകരം പടികൾകയറുന്നതുപോലെയുള്ള ചില നല്ല ശീലങ്ങൾ ആരോഗ്യപരിപാലനത്തിന് വളരെ നല്ലതാണ്.

ഹൃദ്രോഗമുള്ളവർ വ്യായാമം ചെയ്യുമ്പോൾ

ഐസോടോണിക്, ഐസോമെട്രിക് എന്നിങ്ങനെ വ്യായാമത്തെ രണ്ട് വിഭാഗങ്ങളായി തിരിക്കാം. ഐസോടോണിക് വ്യായാമങ്ങളാണ് ഹൃദയ സൗഹൃദ വ്യായാമങ്ങൾ. അതിനാൽ ഹൃദ്രോഗമുള്ളവർ പിന്തുടരേണ്ടത് ഐസോടോണിക് വ്യായാമങ്ങളാണ്. വ്യായാമം ചെയ്യുമ്പോൾ മസിലിന്റെ നീളം നിലനിർത്തുന്നതരം വ്യായാമങ്ങളാണ് ഐസോടോ ണിക് വ്യായാമങ്ങൾ. നീന്തൽ, സൈക്ലിങ്, ജോഗിങ്, നടത്തം എന്നിവയെല്ലാം ഐസോടോണിക് വ്യായാമങ്ങളാണ്. ഹൃദയത്തകരാർ ഉള്ളവർ കൂടുതലും ഐസോടോണിക് വ്യായാമങ്ങൾ അടങ്ങിയ വർക്ക്ഔട്ടുകളാണ് ചെയ്യേണ്ടത്. ശരീരത്തിലെ മുഴുവൻ പേശികൾക്കും മൊത്തമായി സ്ട്രെച്ചിങ്ങും മറ്റും ലഭിക്കുന്നതാണിത്.

മസിലിന്റെ കരുത്തിനെ വർധിപ്പിക്കുന്ന വ്യായാമങ്ങളെയാണ് ഐസോമെട്രിക്എക്‌സർസൈസ് എന്ന് പറയുന്നത്. ജിമ്മിലെ വെയ്റ്റ് ട്രെയ്നിങ് എക്‌സർസൈസുകൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.

ഐസോമെട്രിക് വ്യായാമങ്ങൾ അത്ര ഹൃദയ സൗഹൃദമല്ല. കൂടുതൽ ഭാരമെടുക്കുമ്പോൾ ശരീരത്തിനുണ്ടാകുന്ന സമ്മർദം കൂടുകയാണ് ചെയ്യുക. ഇത് ഹൃദയത്തിന് ബുദ്ധിമുട്ടുണ്ടാക്കും. ഹൃദയത്തിലേക്ക് പമ്പിങ് കുറവുള്ളവർ ഇത്തരം വ്യായാമം ചെയ്യുമ്പോൾ അവരുടെ ഹൃദയത്തിന് സമ്മർദം കൂടുന്ന അവസ്ഥയുണ്ടാകും. ഇത് ഹൃദയാരോഗ്യത്തിന് പ്രശ്‌നമാണ്. അതിനാൽ ഹൃദയത്തകരാറുള്ളവർ ഇത്തരം വ്യായാമങ്ങൾ ഒഴിവാക്കണം.

പല വ്യായാമങ്ങളിലും ഇതിന്റെ കോമ്പിനേഷനുകൾ ഉണ്ടാകും. ചിലതിൽ ഐസോമെട്രിക് കൂടുതൽ ഉൾപ്പെടുത്തുമ്പോൾ ചിലതിൽ ഐസോടോണിക് ആയിരിക്കും കൂടുതൽ.

വ്യായാമം ചെയ്യുന്നവരുടെ പ്രായം, ഹൃദയത്തിന്റെ ആരോഗ്യാവസ്ഥ എന്നിവയൊക്കെ പ്രധാന ഘടകമാണ്. 30 വയസ്സോ 40 വയസ്സോ ഉള്ള ആൾ ചെയ്യുന്ന വ്യായാമം ആയിരിക്കില്ല 60-70 വയസ്സുള്ളവർ ചെയ്യേണ്ടത്. പ്രായം കൂടുന്നതിനനുസരിച്ച് ശരീരത്തിലെ പ്രവർത്തനങ്ങളിൽ വ്യത്യാസം വരും. ശരീരത്തിന്റെ ശേഷി കുറയും, എല്ലുകൾക്ക് ബലക്കുറവ് വരും, മസിൽ ടോൺ കുറയും. 40 വയസ്സിനോ 50 വയസ്സിനോ മുകളിലുള്ളവർക്ക്് ഹൈ ഇന്റൻസിറ്റി വർക്ക്ഔട്ടുകൾ നിർദേശിക്കാറില്ല.

ഹൃദയാരോഗ്യത്തിന് തടസ്സം സൃഷ്ടിക്കുന്ന കാർഡിയോ മയോപ്പതി പോലെയുള്ള രോഗാവസ്ഥകൾ ഉള്ളവർക്ക് ഹൈ ഇന്റൻസിറ്റി വർക്ക്്ഔട്ടുകൾ ചെറുപ്പത്തിൽപ്പോലും നിർദേശിക്കാറില്ല. ഇത്തരം പ്രശ്‌നങ്ങളുള്ളവർ ഹൈ ഇന്റൻസിറ്റി വർക്ക്ഔട്ടുകൾ ചെയ്താൽ ഹൃദയത്തിന്റെ താളം തെറ്റി മിടിക്കാനും സാധ്യതയുണ്ട്. ഹൃദയത്തകരാർ ഇല്ലാത്തവർ ആണെങ്കിലും നേരിട്ട് ഹൈ ഇന്റൻസിറ്റി വർക്ക്ഔട്ടുകളിലേക്ക് കടക്കരുത്. അത് ഹൃദയത്തിന് സമ്മർദം ഉണ്ടാക്കും. കിതപ്പ് ഉണ്ടാകുന്നത് ഈ സമയത്താണ്. ലഘു വ്യായാമങ്ങൾ ചെയ്ത് ശരീരത്തെ സജ്ജമാക്കിയ ശേഷം പതുക്കെ മാത്രമേ വ്യായാമത്തിന്റെ തീവ്രത വർധിപ്പിക്കാവൂ.

ഹാർട്ട് അറ്റാക്ക് വന്നവരിൽ ഏത് രക്തക്കുഴലിനാണ് ബ്ലോക്ക് വന്നത് എന്നതിനെ ആശ്രയിച്ചിരിക്കും ഭാവിയിൽ ഹൃദയത്തിന്റെ പ്രവർത്തനം. ഇടത് ആന്റീരിയർ ഡിസെന്റിങ് ധമനിയിൽ ബ്ലോക്ക് വന്നിട്ടാണ് ഹാർട്ട് അറ്റാക്ക് വന്നതെങ്കിൽ ഹൃദയത്തിന്റെ പമ്പിങ്ങിനെ അത് ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. അങ്ങനെയുള്ളവർക്ക് സാവധാനത്തിലുള്ള വ്യായാമങ്ങളാണ് നിർദേശിക്കാറുള്ളത്. ഹാർട്ട് അറ്റാക്ക് ഉണ്ടായിട്ടുള്ള എല്ലാവരും സാവധാനത്തിലേ വ്യായാമം തുടങ്ങാവൂ. ഫിസിയോ തെറാപ്പിസ്റ്റിന്റെയോ വിദഗ്ധരായ ട്രെയ്നർമാരുടെയോ സാന്നിധ്യത്തിൽ വേണം വ്യായാമം ചെയ്യാൻ. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുവേണം ഫിസിക്കൽ ട്രെയ്നിങ് പദ്ധതി തയ്യാറാക്കാൻ. എന്നാൽ ഹൃദയാരോഗ്യം സാധാരണ നിലയിൽ അല്ലെങ്കിൽ നടത്തമോ ജോഗിങ്ങോ ഒക്കെ ആയി വ്യായാമം പരിമിതപ്പെടുത്തേണ്ടി വരും.

വ്യായാമമൊന്നും ചെയ്യാതെയിരിക്കുന്ന ആളുകൾ പെട്ടെന്നൊരുദിവസം വലിയതോതിൽ വ്യായാമം ചെയ്യുന്നത് അപകടം വരുത്തിവയ്ക്കും. ചെറിയ വ്യായാമങ്ങളിലൂടെ ശരീരത്തെ സജ്ജമാക്കിയശേഷമേ തീവ്രതകൂടിയ വ്യായാമങ്ങൾ ചെയ്യാവൂ. ഹാർട്ട് അറ്റാക്ക് ഉണ്ടായ ഒരു വ്യക്തി സ്വന്തം കാര്യങ്ങൾ ചെയ്യുക, സാധാരണരീതിയിൽ നടക്കുക എന്നിവ മാത്രം ആദ്യം ചെയ്താൽ മതി. പതുക്കെ സമയം കൂട്ടി കൂട്ടി വരാം. അതുപോലെ ആദ്യം, പടികൾ കയറുന്നത് ഒഴിവാക്കണം. തുടർന്ന് വളരെ പതുക്കെ പടികൾ കയറിത്തുടങ്ങാം. കിതപ്പുവന്നാൽ പടികയറുന്നത് നിർത്തണം. ഹാർട്ട് അറ്റാക്ക് ഭേദമായവർ 30-35 മിനിറ്റ് നടക്കുന്നതുതന്നെ മികച്ച വ്യായാമമാണ്.

ഹൃദയത്തെ ബാധിക്കുന്ന ലഹരികൾ

ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങളിൽ (മെറ്റബോളിസം) മാറ്റംവരുത്തുന്ന പുറത്തുനിന്നുള്ള ചില വസ്തുക്കളെയാണ് പൊതുവേ ഡ്രഗ്സ് എന്ന് പറയുന്നത്. ശരീരത്തിന് ദോഷംവരാത്ത തരത്തിലുള്ള ഡ്രഗ്സാണ് മരുന്നുകൾ. എന്നാലും ചിലരുടെ ശരീരത്തിന് ചില മരുന്നുകൾ യോജിക്കില്ല. ഇത് ചികിത്സിക്കുന്ന ഡോക്ടർമാർ തിരിച്ചറിഞ്ഞ് യോജിക്കുന്ന മരുന്നുകൾ നൽകും. എന്നാൽ ശരീരത്തിന് ഒട്ടും യോജിക്കാത്തതും ശാരീരിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഡ്രഗ്സാണ് ലഹരിമരുന്നുകൾ. ഒരു വ്യക്തിയെ ശാരീരികമായും മാനസികമായും അടിമയാക്കുന്ന വസ്തുവാണ് ലഹരി.

പുകവലി, മദ്യപാനം, സിന്തറ്റിക് ഡ്രഗ്സ് തുടങ്ങിയ ഏതൊരുതരത്തിലുള്ള ലഹരി ഉപയോഗവും ഹൃദയത്തിന് നല്ലതല്ല. പുകവലിക്കുമ്പോൾ ആ വ്യക്തിയുടെ ശരീരത്തിൽ കാർബൺ മോണോക്‌സൈഡ് അളവ് കൂടും. ഇത് കാൻസർ, ഹാർട്ട് അറ്റാക്ക്, പക്ഷാഘാതം തുടങ്ങിയവ ബാധിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് ശരീരത്തിലെ അവയവങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. ലഹരിഉപയോഗം ശരീരത്തിൽ ചീത്ത കൊളസ്ട്രോളിന്റെ അളവ് വർധിപ്പിക്കുകയും രക്തത്തിന്റെ കട്ടി കൂട്ടുകയും ചെയ്യുന്നു.

ഉറക്കമില്ലായ്മ, കാര്യക്ഷമത കുറയൽ എന്നിവയും ലഹരി ഉപയോഗത്തിന്റെ പ്രധാന ദൂഷ്യഫലങ്ങളാണ്.

മദ്യം ഉൾപ്പെടെ ഒരുതരത്തിലുള്ള ലഹരിയും ശരീരത്തിന് നല്ലതല്ല. അതുകൊണ്ടുതന്നെ ചെറിയ അളവിൽ ആണെങ്കിലും അത് ശരീരത്തിന് ദോഷംചെയ്യും. കരളാണ് ശരീരത്തിൽ മെറ്റബോളിസം നടത്തുന്നത്. ഒരു ഹൃദ്രോഗി കഴിക്കുന്ന മരുന്നുകളിൽ പലതും കരൾവഴിയാണ് ശരീരത്തിൽ സംസ്‌കരിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മദ്യംകൂടി കരളിലെത്തുന്നത് കരളിന്റെ പ്രവർത്തനങ്ങളെ തകരാറിലാക്കും. അമിതമായ മദ്യപാനം ശരീരത്തെ അടിമയാക്കുന്നതിനൊപ്പം സിറോസിസ് പോലെയുള്ള അസുഖങ്ങളിലേക്ക് നയിക്കാനും ഇടയാക്കുന്നു.

എംഡിഎംഎ പോലെയുള്ള സിന്തറ്റിക് ലഹരി വളരെ വ്യാപകമായി ഇന്ന് കണ്ടുവരുന്നു. ഇത് ശരീരത്തിന്റെ സന്തുലിതാവസ്ഥ താളം തെറ്റിക്കും. ആരോഗ്യം തിരിച്ചുകിട്ടാത്ത വിധത്തിൽ തകർക്കും. സിന്തറ്റിക് ഡ്രഗ്സ് ഉപയോഗം സാധാരണ ഉറക്കത്തിന്റെ ക്രമത്തെ ബാധിക്കും. രക്തസമ്മർദത്തിൽ വ്യതിയാനം വരുത്തും. ഇത്തരം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങൾക്കിടയാക്കും.
കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ.

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights: Explore cardiology insights on maintaining heart health through a healthy diet and cardio exercise, reducing risks of heart-related diseases effectively.